എ.ഡി. 13-ാം നൂറ്റാണ്ടിൽ തിരുവനന്തപുരത്ത് ആറനൂരിൽ (പഴയ പേര് വിളാമ്പഴചേല) ജനിച്ച നാരായണദാസൻ എന്നൊരു പുലയ സിദ്ധൻ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അനന്തശയനം വിഗ്രഹത്തിൽ വലയം പ്രാപിച്ചതായി തിരുവിതാംകൂർ യൂണിവേഴ്‌സിറ്റി പ്രൊഫസർ എം. രാഘവയ്യങ്കാർ പ്രസിദ്ധീകരിച്ച (Some aspects of Kerala and Tamil Literature Vol.I P. 39-35) ഗ്രന്ഥത്തിലും അടൂർ രാമചന്ദ്രൻ നായർ മാതൃഭൂമി വാരിക (1990 മാർച്ച് 4)യിൽ ‘നാരായണദാസൻ’ എന്ന ലേഖനത്തിലും വിവരിക്കുന്നു. ഈ സംഭവത്തെപറ്റി യതീന്ദ്രപ്രവണപ്രഭാവത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകോവിലിൽ പൂജാരികളായ നമ്പിമാർ ആരാധാനാദികളിൽ മുഴുകിയിരിക്കെ ശ്രീകോവിലിലെ പത്മനാഭ വിഗ്രഹത്തിന്റെ പാദങ്ങൾക്കരികിൽ ഭക്താദര്യപൂർവ്വം നിൽക്കുന്ന നാരായണദാസനെ കണ്ടു. ഒരു പുലയൻ ശ്രീകോവിലിൽ പ്രവേശിച്ചതു കണ്ടു ഭയന്ന നമ്പിമാർ കതകുകൾ കൊട്ടിയടച്ച് പുറത്തുവന്നപ്പോൾ നാരായണദാസന്റെ ശിഷ്യൻമാർ ഭക്തിപൂർവ്വം ഗുരുവിനെ പ്രതീക്ഷിച്ചു നിൽക്കുന്നതാണ് കണ്ടത്. ശ്രീ പത്മനാഭനിൽ നാരായണദാസൻ വലയം പ്രാപിച്ചത് തങ്ങൾ കണ്ടുവെന്ന്് നമ്പിമാർ ശിഷ്യൻമാരെ ബോധ്യപ്പെടുത്തി. വിവരമറിഞ്ഞ ശൈലേശൻ പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി ശാസ്‌ത്രവിധിപ്രകാരമുള്ള മരണാനന്തരകർമ്മങ്ങൾ നടത്തിയതായും പറയപ്പെടുന്നു. ഇവിടെ രണ്ടുകാര്യങ്ങൾ ശ്രദ്ധേയമാണ്. പുലയസന്യാസി ശ്രീകോവിലിൽ പ്രവേശിച്ചതു കണ്ട് നമ്പിമാർ ഭയന്ന് കതകുകൾ കൊട്ടിയടച്ചു. പെരുമാട്ടുകാളിയുടെ ക്ഷേത്രത്തിൽ മറ്റൊരു പുലയസന്യാസി പ്രവേശിച്ചതു കണ്ട് നമ്പിമാർ ഭയന്ന് കതകടക്കാൻ കാരണം ബ്രാഹ്‌മണന്റെ ജാതിഭ്രഷ്‌ടിനെയാണ് പ്രകടമാക്കുന്നത്. അതുപോട്ടെ, ഉടലോടെ അനന്തശയനം വിഗ്രഹത്തിൽ ലയിച്ചുചേർന്ന പുലയസന്യാസവര്യന്റെ മരണാനന്തര കർമ്മങ്ങൾ നമ്പിമാർ നടത്തേണ്ട കാര്യമുണ്ടോ? നാരായണദാസൻ മരിക്കുകയോ ജഡം അവശേഷിക്കുകയോ ചെയ്യാതെ മരണാനന്തരക്രിയകൾ നമ്പിമാർ ചെയ്തത് കൊടിയപാപമല്ലാതെ മറ്റെന്താണ്.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ചരിത്രത്തിൽ പലതവണ തീപിടിച്ചു നശിച്ചിട്ടുണ്ട്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മണ്ണുകൊണ്ടുള്ള വിഗ്രഹം മാറ്റി ഇലിപ്പ് വൃക്ഷത്തടിയിൽ വിഗ്രഹം പണികഴിപ്പിച്ച് പുനഃപ്രതിഷ്‌ഠ നടത്തിയതായി രേഖകളിൽ കാണുന്നു. അന്നത്തെ ശ്രീകോവിലും ഓലകെട്ടി മേഞ്ഞതായിരുന്നു. കൊ.വ.500 (എ.ഡി. 1325)ൽ ഓലമേഞ്ഞിരുന്ന ക്ഷേത്രം വിഗ്രഹത്തോടെ തീപിടിച്ചു. ഇതായിരുന്നു ചരിത്രം രേഖപ്പെടുത്തിയ ആദ്യത്തെ തീപിടുത്തം. എന്നാൽ എ.ഡി 1125 മുതൽ 1153 വരെ വേണാടുനാടുവാഴിയായ വീരകേരളവർമ്മ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുനർനിർമ്മാണം നടത്തിയിരുന്നതായി പറയുന്നുണ്ട്. കൊ.വ. 633 (എ.ഡി 1458)ൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം അഴിച്ചു പണികഴിപ്പിക്കുന്നതിനായി ബാലാലയത്തിലേക്കു മാറ്റി. അന്ന് വേണാട് മൂത്തരാജയുടെ നാടുനീങ്ങലിനെത്തുടർന്നു രാജാവായത് ശ്രീ വീരമാർത്താണ്ഡ വർമ്മയായിരുന്നു. നവീകരണാനന്തരം 635 (എ.ഡി 1460)ൽ വിഗ്രഹം പുനഃപ്രതിഷ്‌ഠ നടത്തി. ഈ കാലത്താണ് പ്രസിദ്ധമായ ഒറ്റക്കൽ മണ്ഡപത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ അസ്ഥിവാരമിട്ടത്. 741(എ.ഡി.1566)ൽ ഉദയമാർത്താണ്ഡവർമ്മ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് ഗോപുരം പണികഴിപ്പിക്കാൻ അസ്ഥിവാരമിട്ടുവെങ്കിലും പൂർത്തീകരിക്കാനായില്ല. 848 (എ.ഡി. 1673ാമുതൽ 852 (എ.ഡി.1677) വരെ 4 വർഷത്തോളം ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ഇല്ലാതെ അടച്ചിടേണ്ടി വന്നു. 861 (എ.ഡി. 1686)ൽ ക്ഷേത്രത്തിൽ വീണ്ടും അഗ്നിബാധയുണ്ടായി.
എ.ഡി. 1686 ഫെബ്രുവരിയിലെ ഭയങ്കര അഗ്നിബാധയിൽപ്പെട്ട് ചെമ്പും, വെള്ളിയും, സ്വർണ്ണവും, വെങ്കലവും, ഇരുമ്പും, മരവും, കല്ലും ഒന്നുപോലെ വെന്തുദഹിച്ചു പോയെത്രെ. വിഗ്രഹത്തിൽ തീ പടരുന്നത് കണ്ട് ക്ഷേത്രജീവനക്കാർ ഓടിയെത്തി വെള്ളം കോരി വീഴ്‌ത്തി തീ കെടുത്തിയെങ്കിലും ഇടത്തെപ്പുറത്തെ തൃക്കാലിൽ മൂന്നുവിരലും, ഇടത്തെ തൃക്കാലിൽ ഒരു വിരലും മുറിഞ്ഞുപോയിരുന്നു. മാർത്താണ്ഡവർമ്മയുടെ കാലത്തിനു മുൻപു നടന്ന ഒടുവിലത്തെ അഗ്നിബാധയാണ് ഇത്. അതിനു മുൻപും പലതവണ മതിലകം തീ പിടിച്ചതായും അല്പശി ഉത്സവ(ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തുലാമാസത്തിൽ നടത്തുന്ന ഉത്സവം)ത്തിന്റെ പേരിൽ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങി അടച്ചിടേണ്ടതായും വന്നുകൂടിയിരുന്നു.
1728-ൽ മാർത്താണ്ഡവർമ്മ സ്ഥാനാരോഹണത്തിനു തൊട്ടുമുൻപായി പത്മനാഭസ്വാമിക്ഷേത്രം വീണ്ടും തീപിടിച്ചു. 1729-ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് സ്ഥാനാരോഹണം നടത്തി. അന്നദ്ദേഹത്തിന് 23 വയസ്സായിരുന്നു പ്രായം. സ്ഥാനാരോഹണശേഷം മാർത്താണ്ഡവർമ്മയുടെ ചിരകാലഭിലാഷമായി മനസ്സിൽ കൊണ്ടുനടന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പുനരുദ്ധാരണമാണ് ആദ്യം നിർവഹിക്കുവാൻ സന്നദ്ധനായത്.
മേലിൽ തീപിടുത്തമുണ്ടായാൽ വിഗ്രഹത്തിന് ഒന്നും സംഭവിക്കാത്തവിധം നേപ്പാളിൽ ബനാറസിന് വടക്ക് ഗുണ്ടക്ക് എന്ന സ്ഥലത്തു നിന്നും പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങൾ (കൃഷ്ണശില) കൊണ്ടുവന്ന് കടുക്, ശർക്കര, അഷ്ടവർഗ്ഗങ്ങൾ, അഷ്ടധാന്യങ്ങൾ, അഷ്ടഗന്ധങ്ങൾ തുടങ്ങി നൂറ്റെട്ടു സാധനങ്ങൾ ദിവസങ്ങളോളം ഇടിച്ച് മെഴുകുപരുവത്തിൽ കൂട്ടുണ്ടാക്കി സാളഗ്രാമങ്ങൾ പൊതിഞ്ഞ് പത്മനാഭ വിഗ്രഹം ഇന്നുകാണുന്നവിധം പുനഃനിർമ്മാണം നടത്തിക്കുകയായിരുന്നു. അഞ്ചുതലയുള്ള നാഗശിൽപ്പത്തിൻമേൽ ശയിക്കുന്ന തരത്തിലാണ് വിഗ്രഹനിർമ്മാണം. അന്നുമുതൽ ഈ വിഗ്രഹം വെള്ളം തൊട്ട് അഭിഷേകം നടത്താറില്ല. പകരം മയിൽപ്പീലികൊണ്ടാണ് അഭിഷേകം നടത്തുന്നത്. വെള്ളം തൊട്ടാൽ സാളഗ്രാമങ്ങളെ യോജിപ്പിച്ചിരിക്കുന്ന കടുകു ശർക്കരയോഗം അലിഞ്ഞ് സാളഗ്രാമങ്ങൾ ഇളകിപോകും. അതുകൊണ്ട് മൂലവിഗ്രഹത്തിനു പകരം എ.ഡി. 1288-ൽ സംഗ്രമധീരനെന്ന രവിവർമ്മ ചക്രവർത്തി പണിയിച്ച് നൽകിയ രണ്ടര അടി പൊക്കമുള്ള കട്ടി സ്വർണ്ണം കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിലാണ് ഇന്നും പത്മനാഭന് അഭിഷേകം നടത്തുന്നത്. പെരുമാട്ടുകാളി ആദ്യനിവേദ്യം നടത്തിവന്നിരുന്ന കണ്ണൻചിരട്ടയ്‌ക്കു പകരം സ്വർണ്ണം കൊണ്ടുള്ള ചിരട്ടയും നിവേദ്യത്തിനായി ഉപയോഗിക്കുന്നു. അതുപോലെ ചാമിക്കല്ല് സ്ഥാപിച്ചതിനു സമീപത്തുണ്ടായിരുന്ന ഇലിപ്പവൃക്ഷത്തിന്റെ ഒരു ചെറിയ കഷ്‌ണം ശ്രീ പത്മനാഭസ്വമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപത്തിനു സമീപത്തിനു തൊട്ട് തെക്കുവശത്തെ ചെറിയ മണ്ഡപത്തിൽ ഒരു തൊട്ടിലിൽ വെങ്കലവിഗ്രഹങ്ങൾക്കൊപ്പം ഇപ്പോഴും സൂക്ഷിക്കുന്നു. 1733-ൽ മാർത്താണ്ഡവർമ്മ പത്മനാഭസ്വമി ക്ഷേത്രത്തിലെ വിഗ്രഹം പുനർനിർമ്മാണം നടത്തുമ്പോൾ പുലയനാർ കോട്ടയിൽ നിന്നും പത്മനാഭസ്വാമി വിഗ്രഹത്തിന് അടിയിൽ തുറന്നിരുന്ന ഗുഹാമുഖം ലിഖിതങ്ങളുള്ള കൽപലക കൊണ്ട് അടച്ചിട്ടാണ് അനന്തശയനം പുനഃപ്രതിഷ്‌ഠ നടത്തിയത്. അതേവർഷം തന്നെ 1460-ൽ വീരമാർത്താണ്ഡവർമ്മ അസ്ഥിവാരമിട്ട ഒറ്റക്കൽ മണ്ഡപത്തിന്റെ പണിയും പൂർത്തീകരിച്ചു. 1566-ൽ ഉദയമാർത്താണ്ഡവർമ്മയുടെ കാലത്ത് തുടങ്ങിവച്ച കിഴക്കേ ഗോപുരനിർമ്മാണവും മാർത്താണ്ഡവർമ്മ മഹാരാജാവ് പുനഃരാരംഭിച്ചു. ഗോപുരവും, ബലിപ്പുരയും നിർമ്മിക്കുന്നതിന് 4000 കല്ലാശാരിമാരും, 6000 കൂലിപ്പണിക്കാരും, 100 ആനകളും 6വർഷവും വേണ്ടി വന്നുവെന്ന് രേഖകളിൽ കാണുന്നു. അതേപോലെ പത്മതീർത്ഥമെന്ന പഴയകുളം വികസിപ്പിക്കുകയും ഇന്നത്തെ രൂപത്തിൽ നാലുപുറവും കരിങ്കൽ കൊണ്ടുള്ള പടികെട്ടുകൾ ഉണ്ടാക്കുകയും ചെയ്‌തു. രാമനാമഠത്തിൽ പിള്ളയുടെ വീട് ഇടിച്ചുനിരത്തിയാണ് പത്മതീർത്ഥം മാർത്താണ്ഡവർമ്മ വികസിപ്പിച്ചതെന്നു പറയുന്നു. 1750 ജനുവരി 17-ന് മാർത്താണ്ഡവർമ്മ ഉടവാൾ ഒറ്റക്കൽ മണ്ഡപത്തിൽ ശ്രീ പത്മനാഭന് അടിയറവച്ച് തൃപ്പടിദാനം നിർവഹിച്ചുവെന്നാണ്് പറയുന്നതെങ്കിലും അത് ശരിയല്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. എ.ഡി. 441 മുതൽ 507 വരെ തിരുവിതാംകോട് ഭരിച്ച (ആദ്യ രാജാവാണെന്ന് സംശയിക്കുന്നു.) രവിവർമ്മയുടേതായി പറയുന്ന തിരുവനന്തപുരം വലിയശാല ശിവൻകോവിലിലെ ശിലാശസനത്തിൽ ‘സ്വസ്ഥി ശ്രീ ചന്ദ്രക്കല മംഗലപ്രദീപ……..ശ്രീ പത്മനാഭ പദ കമല പരമാരാധക…….’ എന്നുകാണുന്നതിൽ നിന്നും ശ്രീപത്മനാഭ ദാസൻ എന്ന ബഹുമതി മാർത്താണ്ഡവർമ്മയുടെ തൃപ്പടിദാനത്തിന് 1039 വർഷം മുൻപ് രവിവർമ്മ രാജാവ് സ്വീകരിച്ചിരുന്നതായി വ്യക്തമാണ്.
ചിത്തിര തിരുന്നാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് 1935 (1110 തുലാം 13-ാം തീയതി) ഒരർദ്ധരാത്രിയിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം 207 വർഷങ്ങൾക്കുശേഷം ഒരിക്കൽക്കൂടി അഗ്നിവിഴുങ്ങി. പക്ഷെ കാര്യമായ നാശനഷ്‌ടങ്ങളൊന്നും സംഭവിച്ചില്ല. ഇങ്ങനെ പലപ്രാവശ്യം അഗ്നിസാക്ഷിയായി പരിശുദ്ധി തെളിയിച്ച ഇന്ത്യയിലെ അതിപുരാതനവും, ബൃഹത്തുമായ ക്ഷേത്രമാണ് പെരുമാട്ടുകാളിയുടെ പരദൈവമായ ‘ചാമിക്കല്ലിൽ’ നിന്നും ഉയർത്തേണീറ്റതാണ് ശ്രീ പത്മനാഭസ്വമി ക്ഷേത്രം. പിൽക്കാലത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രോല്പത്തിക്കു കാരണക്കാരിയായ പെരുമാട്ടുകാളിക്ക് കരമൊഴിയായി ഇഷ്‌ടദാനം നൽകപ്പെട്ട കിള്ളിപ്പാലം വരെയുള്ള പുത്തരിക്കണ്ടത്തിനു വേണ്ടി അവരുടെ അനന്തരവകാശിയായ തമ്പാനൂർ വക്കീലയ്യൻ തിരുവിതാംകോട് ഹജൂർ കച്ചേരിയിൽ കേസുകൊടുത്തു. കോടതി പത്മനാഭസ്വാമി ക്ഷേത്രം വക രേഖകളും പ്രമാണങ്ങളും ആവശ്യപ്പെട്ടപ്പോൾ കൊട്ടാരം കാര്യക്കാരൻ നല്ലപെരുമാൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രമതിൽകെട്ടിലെ അറകൾ തുറന്നു രേഖകളും പ്രമാണങ്ങളും ഹജൂർ കച്ചേരി മുൻപാകെ ഹാജരാക്കിയതായി വക്കീലയ്യന്റെ ബന്ധുവായ ആർ. ഗോപാലാൻ മരിക്കുംമുൻപ് ഈ ലേഖകനോട് പറയുകയുണ്ടായി. ഒടുവിൽ പുത്തരിക്കണ്ടം പുലയർക്ക് വിട്ടുകൊടുക്കുവാൻ ഹജൂർകച്ചേരി 1841 ലോ, 1842 ലോ വിധിക്കുകയുണ്ടായി. ഇതിനിടെ നൂറ്റൻപത് പേരോളം കൈവശാവകാശത്തിന് കേസുകൊടുത്തതോടെ വിധി അസ്ഥിരപ്പെടുകയും മാനസികാഘാതത്തോടെ വക്കീലയ്യൻ മരണപ്പെടുകയും ചെയ്‌തു. വക്കീലയ്യന്റെ കൈവശമുണ്ടായിരുന്ന പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള രേഖകൾ പിന്നീട് അദ്ദേഹത്തിന്റെ അനന്തരവകാശിയായ വളക്കടവ് അനന്തനാശാന്റെ പക്കൽ എത്തിച്ചേർന്നു. പിന്നീടാരും കോടതിയെ സമീപിച്ചില്ല. അനന്തനാശാൻ പിന്നീട് നിര്യാതനാവുകയും ചെയ്‌തു. പുത്തരിക്കണ്ടത്തിന്റെ അവകാശികളായ പെരുമാട്ടുകാളിയുടെ സന്തതിപരമ്പരകൾക്ക് ഒരു തുണ്ട് ഭൂമിപോലും പുത്തരിക്കണ്ടത്തു നിന്നും ലഭിച്ചില്ല. ഒടുവിൽ കൈയ്യവകാശക്കാരും ശേഷിച്ചവക കെ. എസ്. ആർ. ടിയും, സിറ്റി കോർപ്പറേഷനും അനധികൃതമായി പെരുമാട്ടുകാളിയുടെ പുത്തരിക്കണ്ടം കൈയ്യടക്കി. അവിടെ സിറ്റികോർപ്പറേഷൻ നിർമ്മിച്ച പാർക്കിന് പെരുമാട്ടുകാളിയുടെ പേരിടണമെന്ന അപേക്ഷപോലും കോർപ്പറേഷൻ മേയർ പ്രൊഫ. ചന്ദ്രാ തള്ളികളയുകയാണ് ഉണ്ടായത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രോല്പത്തിയെക്കുറിച്ചും, പെരുമാട്ടുകാളിയെ സംബന്ധിച്ചുമുള്ള പല രേഖകളും പിൽക്കാലത്ത് ക്ഷേത്രഭരണം കൈയ്യാളിയായ സവർണ ലോബികൾ മതിലകം രേഖകളിൽ നിന്നും നശിപ്പിക്കുകയോ എടുത്തുമാറ്റുകയോ ചെയ്‌തിരുന്നു. ആദ്യഭരണകാലത്ത് ക്ഷേത്രഭരണസമിതിയിൽ പുലയർക്ക് പ്രാതിനിധ്യമുണ്ടായിരുന്നെന്നു മാത്രമല്ല അനന്തരവകാശികൾക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഉണ്ടായിരുന്ന പല അവകാശങ്ങളും തിരുവിതാംകൂർ രാജഭരണകൂടവും നിഷേധിച്ചു. പക്ഷെ അനന്തശയനത്തിൽ കുടികൊള്ളുന്ന പെരുമാട്ടുകാളിയുടെ പരദൈവമായ ‘ചാമിക്കല്ലും’ അനന്തനിൽ വലയം കൊണ്ടിരിക്കുന്ന പുലയമുനിശ്രേഷ്‌ഠൻ നാരായണദാസനും എന്നെങ്കിലും ഉണർത്തെണീക്കാതിരിക്കില്ല എന്ന് വിശ്വസിക്കാം.
(അവസാനിച്ചു)
Generated from archived content: padmanabha3.html Author: kunnukuzhi_smani
Click this button or press Ctrl+G to toggle between Malayalam and English