ഒന്ന്‌

തിരുവിതാംകൂറിൽ രാജഭരണത്തിന്റെ സ്മാരകമെന്നോണം കാലസംക്രമണത്തിൽ മായ്‌ക്കാൻ കഴിയാത്തവിധം തല ഉയർത്തി നിലകൊള്ളുന്ന, ദക്ഷിണേന്ത്യയിലെ പുണ്യപുരാതന ക്ഷേത്ര സങ്കേതമാണ്‌ ശ്രീ പത്മനാഭ സ്വമിക്ഷേത്രം. ഈ ക്ഷേത്രാൽപ്പത്തിയുമായി പുലയർക്കുള്ള ബന്ധം ആർക്കും നിഷേധിക്കാനാവാത്ത സത്യമായി കെട്ടുപിണഞ്ഞിരിക്കുന്നു. ഒരർത്ഥത്തിൽ ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ അവകാശികൾ പുലയരാണ്‌.

കേരളത്തിന്റെ തിലകക്കുറിപോലെ നൂറ്റാണ്ടുകളുടെ ചരിത്രവും പേറി ഇന്നും പ്രശോഭിക്കുന്ന ഈ മഹാക്ഷേത്ര സമുച്ചയത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച്‌ നിറം പിടിപ്പിച്ച അനവധികഥകൾ കേൾക്കുന്നുണ്ട്‌. അവയിൽ തന്നെ ഐതിഹ്യങ്ങളും, ചരിത്രസംബന്ധിയായ ആഖ്യാനങ്ങളും നിലനിൽക്കുന്നു. ഈ ഐതിഹ്യങ്ങളും ചരിത്രങ്ങളും കൂട്ടിക്കുഴച്ച്‌ അതാതുകാലത്തെ സമ്പൂർണ്ണ വരേണ്യർ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. പിൽക്കാലത്ത്‌ ചരിത്രം ചമച്ചവരാകട്ടെ അവരുടെ വർഗ്ഗത്തിനും കുലത്തിനും അനുയോജ്യമായ വിധത്തിൽ വളച്ചൊടിച്ച്‌ വികൃതമാക്കി അവതരിപ്പിക്കാനും ശ്രമിച്ചു. അതുകൊണ്ടുതന്നെയാണ്‌ ക്ഷേത്രത്തിന്റെ നിർമ്മാണകാലത്തെക്കുറിച്ച്‌ വ്യക്തമാക്കാൻ കഴിയാതിരുന്നതും.

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ കാലപ്പഴക്കത്തെക്കുറിച്ചോ, ഉത്ഭവത്തെ സംബന്ധിച്ചോ വ്യക്തമായ രേഖകൾ ഒന്നും ഇന്നോളം കണ്ടെടുക്കപ്പെട്ടിട്ടില്ലെങ്കിലും, അനന്തശയനം പ്രതിഷ്‌ഠയ്‌ക്കു സമീപം കമഴ്‌ത്തിയിടപ്പെട്ടിട്ടുള്ള ഒരു കൃഷ്ണശിലയിൽ അത്‌ സംബന്ധിച്ച രേഖകൾ കൊത്തിയിട്ടുള്ളതായി പറയുന്നു. പിൽക്കാലത്ത്‌ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യം പുറത്തു വരാതിരിക്കാനാവും രേഖാംഗിതമായ ഈ കൃഷ്ണശില കമഴ്‌ത്തികളഞ്ഞതെന്ന്‌ കരുതുന്നു. അതിന്റെ നിജസ്ഥിതി കണ്ടെത്താൻ ബാദ്ധ്യസ്ഥരായ പുരാവസ്‌തു വകുപ്പുകളോ, മതിലകം കാര്യക്കാരോ അതിനു ശ്രമിച്ചു കാണുന്നില്ല. അതുമല്ലെങ്കിൽ ക്ഷേത്രഭരണം അതിന്റെ യഥാർത്ഥ അവകാശികളുടെ സമുദായത്തിന്‌ ലഭ്യമാകണം. ചില നിഗമനങ്ങളിൽ കിടന്ന്‌ നീന്തിത്തുടിക്കാനേ പഴയകാല ചരിത്രകാരന്മാർ ശ്രമിച്ചിട്ടുള്ളു. അതിങ്ങനെ ചതുർയുഗത്തിലെ അവസാനത്തേതായ കലിയുഗം ഒന്നാം ദിവസമാണെന്ന്‌ പറയുന്നുണ്ട്‌. അങ്ങിനെനോക്കുമ്പോൾ 5000 കൊല്ലത്തെയെങ്കിലും പഴക്കം ക്ഷേത്രത്തിനുണ്ടെന്ന്‌ കണക്കാക്കണം. കൃതായൂഗം, ത്രേതായുഗം, ദ്വാപരയൂഗം, കലിയുഗം എന്നിവചേർന്നതാണ്‌ മഹായുഗമെന്ന്‌ പറയുന്ന ചതുർയുഗം. ഇതിൽ കലിയുഗം ആരംഭിച്ചിട്ടുതന്നെ ഏകദേശം 5000 വർഷം കടന്നിരിക്കുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിന്‌ ഇത്രയേറെ കാലപ്പഴക്കം അസംഭവ്യമാണ്‌.

ഭാഗവതം ദശാസ്‌കന്ധം 79-​‍ാം അദ്ധ്യായത്തിൽ ബലരാമന്റെ തീർത്ഥയാത്രയിൽ അദ്ദേഹം ‘സ്യാനന്ദൂരപുരം’ സന്ദർശിച്ചതായി ഒരു ശ്ലോകമുണ്ട്‌. എന്നാൽ എല്ലാ ഭാഗവതഗ്രന്ഥങ്ങളിലും ഈ ഭാഗം കാണപെടുന്നില്ല. ബ്രഹ്‌മപുരാണത്തിലും, സ്യാനന്ദൂരപുരത്തെക്കുറിച്ച്‌ പരാമർശിക്കുന്നുണ്ട്‌. ഈ ശ്ലോകങ്ങളിലോ പരാമർശങ്ങളിലോ സ്യാനന്ദൂരപുരത്തെക്കുറിച്ച്‌ പറയുന്നതൊഴിച്ചാൽ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച്‌ പറയുന്നില്ല. അതേ സമയം സംഘകാല സാഹിത്യമായ ചിലപതികാരത്തിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച്‌ പരാമർശനമുണ്ട്‌. (കാതൈ 30ഃ46-52, പി. 669)

വളരെ പഴയ സംസ്‌കൃത സന്ദേശ കവിതയായ ശുക സന്ദേശത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു പഴയ തമിഴ്‌ പാട്ട്‌ 14-​‍ാം നൂറ്റാണ്ടിനിടയ്‌ക്ക്‌ ഉണ്ടായ ‘ലീലാതിലകം’ എന്ന പ്രാമാണിക ഗ്രന്ഥത്തിൽ ഉദ്ദരിച്ചിട്ടുണ്ട്‌. 14-​‍ാം നൂറ്റാണ്ടിലെ ഉണ്ണനീലി സന്ദേശം – ഈ സന്ദേശം പുറപ്പെട്ടത്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നാണെന്ന്‌ പ്രതിപാദിക്കുന്നു. മഹാപണ്ഡിതനും, വേണാട്‌ ഇളമുറ രാജാവുമായിരുന്ന ആദിത്യവർമ്മയായിരുന്നു അതിലെ സന്ദേശഹരൻ.

ക്രിസ്‌ത്വാബ്ദം ഒൻപതാം ശതകത്തിൽ ജീവിച്ചിരുന്ന നമ്മാൾവർ ശ്രീ പത്മനാഭനെ വാഴ്‌ത്തിയിട്ടുണ്ട്‌. മതിലകം ഗ്രന്ഥവരിയിലും അതിന്റെ പരാമർശങ്ങൾ കാണാവുന്നതാണ്‌. കലിയുഗം ആരംഭിച്ച്‌ മൂന്നു വർഷവും 230 ദിവസവും കഴിഞ്ഞപ്പോൾ ഒരു സന്യാസിശ്രേഷ്‌ഠൻ വിഗ്രഹ പ്രതിഷ്‌ഠ നടത്തിയെന്ന്‌ കാണുന്നു. എന്നാൽ ഈ പ്രതിഷ്‌ഠ ഏതു ക്ഷേത്രത്തിലെ ഏതു വിഗ്രഹമാണെന്ന കാര്യത്തിൽ സംശയം ബാക്കി നിൽക്കുന്നു. ക്ഷേത്രം വക ‘അനന്തശയനം മഹാത്മ്യം’ എന്ന ഗ്രന്ഥത്തിൽ ക്ഷേത്രോല്പത്തിയെക്കുറിച്ച്‌ പ്രതിപാദിക്കുന്ന രണ്ട്‌ ഐതിഹ്യങ്ങൾ കാണപ്പെടുന്നുണ്ട്‌. അതിലൊന്നിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കലിയുഗം ആരംഭിച്ച്‌ 950-​‍ാംമത്തെ ദിവസം തുളുനാട്ടിൽ നിന്നും വന്ന ദിവാകര മുനിയെന്ന ബ്രാഹ്‌മണശ്രേഷ്‌ഠൻ സ്ഥാപിച്ചതായി പറയുന്നു. എന്നാൽ ബ്രാഹ്‌മണർ കേരളത്തിൽ ഒരു സ്ഥലത്തും ക്ഷേത്രനിർമ്മാണം നടത്തിയതായി ഈ ലേഖകന്റെ അന്വേഷണത്തിൽ ഇല്ല. മേൽപറഞ്ഞ ഐതിഹ്യം ക്ഷേത്രോല്പത്തിയെ സവർണ്ണരീകരിക്കാൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാകാനാണ്‌ സാദ്ധ്യത. വിശ്വമംഗലത്ത്‌ സ്വാമിയെ സംബന്ധിച്ചും ഇതേപോലൊരു ഐതിഹ്യ കഥാബീജത്തിന്‌ കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യ മാലയിൽ (പേജ്‌ഃ 789 മുതൽ 792 വരെ) ശ്രമിച്ചുകാണുന്നുണ്ട്‌. ദിവാകരമുനിതന്നെയാണ്‌ വില്വമംഗലത്ത്‌ സ്വാമിയെന്ന്‌ പിൽക്കാലത്ത്‌ ചരിത്രഗവേഷകർ എത്തിചേർന്നു. കാരണം വില്വമംഗലം എന്നത്‌ ദിവാകരമുനിയുടെ ഇല്ല പേരാണ്‌. ഗോവിന്ദ ഭട്ടരുടെ പത്മനാഭശതകത്തിലും, മുത്തുകേശിന്റെ ‘ചിരിപയ്‌മനാവതാരം’ എന്ന തമിഴ്‌ കീർത്തനത്തിലും ഇത്തരത്തിലുള്ള ഐതിഹ്യങ്ങൾക്ക്‌ പഞ്ഞമില്ല. ഇവയിലെല്ലാം ബ്രാഹ്‌മണ മേധാവിത്വം അരക്കിട്ട്‌ ഉറപ്പിക്കുന്നതിനോ, ക്ഷേത്രം ബ്രാഹ്‌മണ സൃഷ്‌ടമെന്ന്‌ വരുത്തിതീർക്കുന്നതിനോ വേണ്ടി കെട്ടിചമയ്‌ക്കപ്പെട്ട കഥകളാണ്‌ ഉൾകൊണ്ടിരിക്കുന്നത്‌. അല്ലെങ്കിൽ ഉത്തരകാശിക്കാരനായ ദിവാകരമുനി അനന്തൻ കാട്ടിലെത്തി പ്രതിഷ്‌ഠ നടത്തേണ്ട കാര്യമുണ്ടായിരുന്നോ?

ദിവാകരമുനിയുടെയും വില്വമംഗലത്തു സ്വമിയുടെയും കഥകൾ ഐതിഹ്യമാണെങ്കിൽ, പത്മനാഭസ്വാമിക്ഷേത്രോത്ഭവത്തിന്‌ കാരണക്കാരിയായ പെരുമാട്ടുകാളിയുടെ കഥ യഥാർത്ഥത്തിൽ ചരിത്രസത്യമാണ്‌. ചരിത്രഗവേഷകൻമാർ എത്തിച്ചേരുന്നതും അതുവഴിക്കുതന്നെ. സ്‌റ്റേറ്റ്‌ മാനുവലിലും, കാസ്‌റ്റ്‌ ആന്റ്‌ ട്രൈബ്‌സിലും, തിരുവിതാംകൂർ സെൻസസ്‌ റിപ്പോർട്ടുകളിലും, കേരള ചരിത്രത്തിലും വളരെ വ്യക്തമായി പെരുമാട്ടുകാളിയെക്കുറിച്ച്‌ രേഖപ്പെടുത്തുന്നുണ്ട്‌. പെരുമാട്ടുകാളിയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്‌. അത്‌ നിഷേധിക്കാൻ ചരിത്രഗവേഷകർക്കുപോലും കഴിഞ്ഞിട്ടില്ല. നാഗമയ്യയുടെ ‘ദി ട്രാവൻകൂർ സ്‌റ്റേറ്റ്‌ മനുവൽ’ (പേജ്‌ ഃ 83-Chap. VIII) നോക്കുക. After several days rnning in this wise with out satisfying the craving of huge or thirst, the swamiyar heard the cry of a child in the wilderness. He repaired to the spot from whence it came and discovered a solitary Pulaya woman threatrning her weeping base with the words, “If you continue weeding like this, child, I will throw out into anantankad”.

എന്നാൽ ചില ഐതിഹ്യ-ചരിത്ര രചിതാക്കൾ പെരുമാട്ടു കാളിയെ തെറ്റായി ചിത്രീകരിച്ചു കാണുന്നുണ്ട്‌. കൊട്ടാരത്തിൽ ശങ്കുണ്ണിയും, സജാതിയ ചരിത്രകാരനായ ചെന്താരശ്ശേരിയും അവരിൽ ചിലർ മാത്രം. ചെന്താരശ്ശേരി ‘കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകൾ’ എന്ന ഗ്രന്ഥത്തിൽ (പേജ്‌ ഃ 71) പെരുമാട്ടുകാളിയെ വളളുവത്തിയെന്നും, അദ്ദേഹത്തിന്റെ തന്നെ ‘ചേരനാട്ടുചരിത്രശകലങ്ങളിൽ’ (പേജ്‌ഃ14 മുതൽ 24 വരെ) പെരുമാട്ടു നീലിയെന്നും തോന്നിയതുപോലെ എഴുതി ഭാവിതലമുറയിലെ ചരിത്രാന്വേഷകരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുണ്ട്‌. കൊട്ടാരത്തിൽ ശങ്കുണ്ണിയാകട്ടെ ‘ഐതിഹ്യമാലയിൽ’ (പേജ്‌ ഃ 700) വില്വമംഗലത്തു സ്വാമിയാരെ കുറിച്ചുപറയുന്നതിനിടയിൽ പെരുമ്പാട്ടു പറയ ദമ്പതികളെ കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്‌. അന്ന്‌ അനന്തൻ കാട്ടിൽ പുലയരല്ലാതെ പറയസമുദായക്കാർ ആരും തന്നെ താമസക്കാരായി ഉണ്ടായിരുന്നില്ല. അതെ സമയം പ്രശസ്‌ത ചരിത്രകാരനും, ഭാഷാഗവേഷകനുമായിരുന്ന ഡോ. ശൂരനാട്ടുകുഞ്ഞൻപ്പിള്ള ‘ചരിത്രങ്ങൾ നിറഞ്ഞ വഴിത്താരകൾ’ (മാതൃഭൂമി തിരു ഃ എഡിഷൻ ഉത്‌ഘാടന സപ്ലിമെന്റ്‌ – 1980) ലേഖനത്തിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠയ്‌ക്ക്‌ ആദ്യനിവേദ്യം ഒരു പുലയ സ്‌ത്രീ ചിരട്ടയിൽ കൊടുത്ത മാമ്പഴമായിരുന്നുവെന്ന്‌ പറയുന്നുണ്ട്‌. പക്ഷെ മാമ്പഴമല്ല പുത്തരിക്കണ്ടത്തിലെ നെല്ല്‌ കൈകുത്തിൽ വച്ച്‌ ഞെരടി പകുതി തൊലിച്ചതും പകുതി തൊലിക്കാത്തതുമായ നെല്ലരിയാണ്‌ കണ്ണൻ ചിരട്ടയിൽ വച്ച്‌ ആദ്യനിവേദ്യമായി പെരുമാട്ടുകാളി ശ്രീ പത്മനാഭന്‌ സമർപ്പിച്ചത്‌.

പഴയ ചരിത്രകാരനായ മഹാദേവ ദേശായി ‘വേണാടിന്റെ വീരചരിതത്തിലും’ വിദേശ മെഷണറിയായ മാറ്റിയറുടെ ‘Land of Charity’ എന്നീ ഗ്രന്ഥങ്ങളിലും ശ്രീ പത്മനാഭസ്വാമി ക്ഷേത്രോൽപ്പത്തിക്ക്‌ കാരണക്കാരിയായ പെരുമാട്ടുകാളിയെക്കുറിച്ചുതന്നെ രേഖപ്പെടുത്തി കാണുന്നുണ്ട്‌. കെ. ദാമോദരൻ ബി. എയുടെ ‘പെരുമാട്ടുപുലയി’ എന്ന ലേഖനത്തിലും (കേരളകൗമുദി-1961) പെരുമാട്ടുകാളിയാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവത്തിന്‌ കാരണമെന്ന്‌ വ്യക്തമാക്കുന്നു. അതേസമയം അഡ്വ. കെ. ഹരിഹരകൃഷ്‌ണയ്യൻ ‘പന്തീരായിരം സാളഗ്രാമങ്ങളുള്ള ശ്രീ പത്മനാഭ വഗ്രഹം’ എന്ന ലേഖനത്തിൽ (കേരളകൗമുദി – 1985 ഏപ്രിൽ 4) ഇങ്ങനെ പറയുന്നു. ‘പുത്തരിക്കണ്ടം അന്ന്‌ ഒരു പാടശേഖരമായിരുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം മുഴുവൻ തന്നെ അന്ന്‌ പാമ്പുകളും, കുറുക്കനും, ചെറിയ ചെറിയ പുളളിപുലികളും നിറഞ്ഞ ഒരു തരം കുറ്റികാടായിരുന്നു. തെക്ക്‌ മണൽക്കാടും (മണക്കാട്‌) കിഴക്ക്‌ നെടുങ്കാടും, വടക്ക്‌ വഞ്ചിയൂർ കാടും, പടിഞ്ഞാറ്‌ അറബിക്കടലും ഇവയുടെ നടുക്ക്‌ പുത്തരികണ്ടവും ചേർന്ന അനന്തൻ കാടുമായിരുന്നു. പാലാഴിനാഥാന്വേഷകനായ യതിവര്യൻ തളർന്ന്‌ ഒരു മരചുവട്ടിൽ അല്പം ഇരുന്നു. പുത്തരിക്കണ്ടത്തിൽ അന്ന്‌ ഏതാനും പുലയകുടികൾ അങ്ങുമിങ്ങുമായിട്ടുണ്ടായിരുന്നതിൽ ഒരു കുടിലിൽ നി.ന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. തന്നെ അനന്തൻ കാട്ടിൽ വരാൻ പറഞ്ഞ കുഞ്ഞായിരുക്കുമോ? യതിവര്യൻ കുടിലിനടുത്തു ചെന്നപ്പോൾ ’ഇനി കരഞ്ഞാൽ അനന്തൻകാട്ടിൽ വലിച്ചെറിഞ്ഞു കളയുമെന്ന്‌‘ അതിലെ പുലയിത്തള്ള (പെരുമാട്ടുകാളി) കുഞ്ഞിനെ ശകാരിക്കുന്നത്‌ കേട്ടു. ഉൽകണ്‌ഠാകുലനായ സന്യാസി അടുത്തുചെന്ന്‌ അനന്തൻ കാടേതെന്ന്‌ അന്വേഷിച്ചപ്പോൾ ഇതെല്ലാം അനന്തൻ കാടുതാനയ്യാ, കൊഞ്ചം മോക്കേ പോങ്കോ, അങ്കെ ഒരു ചാമിക്കൽ അതുക്ക്‌ പിന്നണ്ടൈയിലെ നല്ല കാടു പാക്കലാ എന്നു മറുപടി പറയുകയും ചെയ്‌തു.

’വേണാടിന്റെ വീരചരിതം‘ (പേജ്‌ഃ 34) മഹാദേവദേശായി ഇങ്ങനെ കൂടി പരാമർശിക്കുന്നുണ്ട്‌. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രത്തിൽ ഒരു പുലയസ്‌ത്രീ അതിപ്രധാനമായി അവതരിക്കുന്നുണ്ടെങ്കിലും, അടുത്തകാലം വരേയ്‌ക്കും മനുഷ്യനെ മാത്രമല്ല ഈശ്വരനെ പോലും അവന്റെ നിഴലശുദ്ധപെടത്തക്കവണ്ണം അത്ര വളരെ അധഃപതിച്ച ഒരു മനുഷ്യനായിട്ടാണ്‌ പുലയരെ കരുതിയിരുന്നതെന്നുള്ളത്‌ വളരെ കൗതുകകരമായ ഒരു കാര്യമാണ്‌.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉത്ഭവത്തിന്‌ കാരണക്കാരിയെന്ന്‌ പ്രസിദ്ധിപെറ്റ പെരുമാട്ടുകാളിയെക്കുറിച്ച്‌ ഒട്ടേറെ പൊടിപ്പും തൊങ്ങലും വച്ചകഥകൾ നിലവിലുണ്ട്‌. ഇവയിൽ പലതിലും ചരിത്രാംശങ്ങളും ചോർന്നുകിടപ്പുണ്ട്‌. 1937-ൽ പ്രസിദ്ധീകരിച്ച ’വേണാടിന്റെ വീരചരിതം‘ (പേജ്‌ ഃ 83, 84) ശ്രദ്ധിക്കുക. ഈ ക്ഷേത്രത്തിന്റെ ഉത്ഭവം അഞ്ജാതമായിരിക്കുന്നു. എന്നാൽ പ്രധാന ഗവൺമെന്റ്‌ ക്ഷേത്രമായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കേന്ദ്ര ഭാഗം അതിലുള്ള ശിലാലിഖിതങ്ങളിൽ നിന്ന്‌ തീർച്ചയായും ഒരായിരം കൊല്ലത്തെയെങ്കിലും പഴക്കമുള്ളതാണെന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. അതിന്റെ ഉത്ഭവത്തെപ്പറ്റി ഇങ്ങനെ സംഗ്രഹിക്കുന്നു.

Generated from archived content: padmanabha1.html Author: kunnukuzhi_smani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English