കേരളത്തിലെ അടിസ്ഥാന വർഗ്ഗക്കാരും ക്ഷേത്രങ്ങളും

മുപ്പത്തിമുക്കോടി ദേവർകളേയും, അറുപത്താറായിരക്കോടി അസുരകളേയും സൃഷ്‌ടിച്ച്‌ അവയുടെ മുമ്പിൽ നെല്ലും ചക്രവും വച്ച്‌ മനുഷ്യക്കുരുതിയും ജന്തുക്കുരുതിയും നടത്തി ശംഖുകറക്കി-പറകൊട്ടി, തുടികൊട്ടി കഷ്‌ടതകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും രക്ഷയും മോചനവും പ്രതീക്ഷിച്ചു കഴിഞ്ഞവർ, പിതൃ പൂജയിലും സേവയിലും സാക്ഷാൽക്കാരം കണ്ടെത്തിയ ഒരു ജനതയുടെ ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും.

കേരളത്തിലെ അടിസ്ഥാന വർഗ്ഗങ്ങൾ-ആദിമനിവാസികൾ-അവരുടെ സംസ്‌ക്കരിച്ച പുതിയ പതിപ്പാണ്‌ കേരളത്തിലെ ദളിതർ. അവർ പണ്ട്‌ പ്രകൃതിശക്തികളായ സൂര്യൻ, ഇടിമിന്നൽ, മഴ എന്നിവയെ ഒക്കെയാണ്‌ ആരാധിച്ചു പോന്നിരുന്നത്‌. പിന്നീടത്‌ നാഗാരാധനയിലും വൃക്ഷാരാധനയിലും ചെന്നെത്തി. ഒടുവിൽ പിതൃക്കളെയും, ദുർദേവതകളെയും, ഭൂതപ്രേത പിശാചുക്കളേയും ആരാധിച്ചിരുന്നു. കാലമേറെ പുരോഗമിച്ചിട്ടും മാനവികതയുടെ സമ്മിശ്ര സംസ്‌ക്കരണത്തിന്‌ വിധേയരായിട്ടും ഇന്നും ഈ വർഗ്ഗങ്ങൾക്കിടയിൽ ഈ ആരാധനാ സമ്പ്രദായങ്ങൾ അന്യം നിന്നുപോയിട്ടില്ല.

പ്രാചീന ജനങ്ങളായ ദളിതർ പ്രാകൃതമായ ആചാരങ്ങളുടേയും നടപടിക്രമങ്ങളുടേയും സമ്മിശ്ര ചടങ്ങുകളല്ലാതെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ വക്താക്കളായിരുന്നില്ല.

ആര്യൻമാരുടെ വരവിനു ശേഷമായിരുന്നു ഇന്ത്യയിൽ വൈദിക മതമെന്ന്‌ ഉദ്‌ഘോഷിക്കുന്ന ഹൈന്ദവമതത്തിന്റെ ജനനം. അതിനുമുൻപും ഇന്ത്യയിൽ മതങ്ങൾ ഉദയംകൊണ്ടിരുന്നു. ഇന്ത്യയുടെ പ്രാചീനനാമം-സിന്ധു-എന്നായിരുന്നു. ഈ ശബ്‌ദത്തിൽനിന്നാണ്‌ ഹിന്ദു എന്ന പേരുത്ഭവിച്ചത്‌. ഭാരതീയ സംസ്‌ക്കാരം ദ്രാവിഡ-ആര്യസംസ്‌ക്കാരങ്ങളുടെ മാത്രം മിശ്രണമല്ല. ദ്രാവിഡർക്കും മുമ്പിവിടെ ഉണ്ടായിരുന്ന അടിസ്ഥാനവർഗ്ഗങ്ങളുടെ പങ്കും ഒഴിച്ചുകൂടാൻ പാടില്ലാത്തതാണ്‌. ആ അടിസ്ഥാന ജനങ്ങളിൽ നിന്നാണ്‌ ഭാരതീയ സംസ്‌ക്കാരം തന്നെ ഉരുത്തിരിഞ്ഞത്‌. പുനർജന്മവിശ്വാസം, പ്രേതാരാധന, വൃക്ഷപൂജ, സൂര്യാരാധന, നെറ്റിയിൽ കുങ്കുമമണിയുന്ന സമ്പ്രദായം മുതലായവ അടിസ്ഥാനവർഗ്ഗക്കാരായ ദളിതരുടെ സംഭാവനകളാണ്‌.

അടിസ്ഥാനവർഗ്ഗങ്ങൾ അഥവാ ഇന്നത്തെ സർക്കാർ നാമമായ പട്ടികജാതി-പട്ടികവർഗ്ഗക്കാർ പ്രത്യേകിച്ചും പുലയർ, പറയർ, കുറവർ പ്രകൃതിശക്തികളെ മാത്രമല്ല മരിച്ചുപോയ പിതൃക്കളെയും സർപ്പം തുടങ്ങിയ ഇഴജന്തുക്കളെയും ആരാധിച്ചിരുന്നു. വൃക്ഷങ്ങൾക്കു ചുവട്ടിൽ കല്ലുനാട്ടി (പ്രതിഷ്‌ഠിച്ച്‌) ആരാധന നടത്തിയിരുന്നതായി കാണാവുന്നതാണ്‌. പിൽക്കാലത്ത്‌ ശിവലിംഗപ്രതിഷ്‌ഠയുടെ ആദ്യരൂപമായിരുന്നിരിക്കണം ഈ കൽപ്രതിഷ്‌ഠകൾ എന്ന്‌ ന്യായമായും സംശയിക്കണം. ശിവൻ ആദിമനിവാസികളുടെ ആദിപിതാവായിട്ടാണ്‌ ഗണിക്കുന്നത്‌. പിന്നീട്‌ ദ്രാവിഡ ദേവനായും പൂജിക്കപ്പെടുന്നുണ്ട്‌. ദ്രാവിഡ സംസ്‌ക്കാരത്തിന്റെ അവശിഷ്‌ടങ്ങളായി മോഹൻജോദാരോയിലും, ഹാരപ്പായിലും നിന്നും ലഭിച്ചവയിൽ അമ്മ ദൈവവും ശിവലിംഗവും ഉൾപ്പെടുന്നുണ്ട്‌. യാദവകുലത്തിൽ ജനിച്ച ശ്രീകൃഷ്‌ണൻ അടിസ്ഥാനവർഗ്ഗദേവനാണ്‌. കാലപ്രവാഹത്തിൽ ഈ അടിസ്ഥാനവർഗ്ഗദേവന്മാരെ ബ്രാഹ്‌മണർ ആര്യവൽക്കരിക്കുകയാണുണ്ടായത്‌. ഇന്ന്‌ ദളിതരായ ദേവീദേവൻമാരെ ബ്രാഹ്‌മണീകരിച്ച്‌ സവർണ്ണദൈവങ്ങളാക്കിയിരിക്കുകയാണ്‌. അതുകൊണ്ടാണ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ ദളിത്‌ ദൈവത്തെ ദർശിക്കാൻ പട്ടികജാതിക്കാർക്ക്‌ അയിത്തം കൽപ്പിച്ചിരുന്നത്‌. അവിടെ ഒരു ദളിത്‌ ശാന്തിക്കാരനെ നിയമിക്കാൻ നടന്ന സംവാദം പ്രസിദ്ധമാണല്ലോ. യഥാർത്ഥത്തിൽ ഗുരുവായൂർക്ഷേത്രം ദളിതരുടേതാണ്‌.

സൂര്യാരാധന ദളിതരായ പുലയരുടെ ജീവിതവുമായി ഏറെ ഇഴുകിച്ചേർന്ന ഒരു ആചാരമാണ്‌. സൂര്യഭഗവാന്‌ പൊങ്കാലനിവേദ്യം അർപ്പിക്കുന്ന ചടങ്ങ്‌ വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും പുലയരുടെ ഇടയിലെ പ്രധാന ചടങ്ങാണ്‌. പൊങ്കാല നിവേദ്യത്തിന്റെ ഉപജ്ഞാതാക്കൾ പുലയരാണ്‌. സർവ്വശക്തനും, പ്രപഞ്ചസൃഷ്‌ടാവും, നിയന്ത്രാവും, എല്ലാറ്റിനും കാരണഭൂതനും, എല്ലാറ്റിന്റേയും അന്ത്യവുമായ ഈശ്വരനാണ്‌ സൂര്യൻ എന്ന സങ്കല്പത്തിൽ നിന്നാണ്‌ പുലയർ സൂര്യദേവനെ ആദരിക്കുന്നത്‌. വൃച്ഛികം, കുംഭം, മീനം മാസങ്ങളിൽ പുലയർ സൂര്യഭഗവാനെ പ്രത്യേകം ആരാധിക്കുന്നു. ഈ മാസങ്ങളിൽ പുത്തൻ കലങ്ങളിൽ ഉണങ്ങൽ അരികൊണ്ട്‌ പൊങ്കാലയിട്ട്‌ സൂര്യഭഗവാന്‌ നിവേദിക്കുന്നു. “കുഞ്ഞുങ്ങൾക്കുവേണ്ടി അടിയങ്ങൾ നടത്തുന്ന നേർച്ചയാണേ. ഇതു കൈക്കൊണ്ട്‌ ഞങ്ങളെ അനുഗ്രഹിക്കേണമേ” എന്ന്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ക്രിസ്‌തുവിനു 10-​‍ാം ശതകംവരെ മതത്തിനും ജാതിക്കും വലിയ പ്രാധാന്യമൊന്നും കേരളത്തിൽ ഉളളതായി കാണുന്നില്ല. അതിനുമുൻപുതന്നെ കേരളത്തിൽ ആരാധനാലയങ്ങൾ ഉണ്ടായിക്കഴിഞ്ഞിരുന്നു. പുലയരുടെ നാഗകാവുകൾ അത്തരത്തിൽപ്പെട്ട ആരാധനാലയങ്ങളാണ്‌. കേരളത്തിലെ നാഗാരാധന സമ്പ്രദായത്തിന്റെ ജനയിതാക്കൾ പുലയർ തുടങ്ങിയ ആദിമനിവാസികളായിരുന്നു. നാഗകാവുകൾ പുലത്തറവാടുകളിൽ അടുത്തകാലം വരെ നിലനിന്നിരുന്നു. കാടുകളിലും, മലനിരകളിലും ജീവിച്ചിരുന്ന പുലയർ തുടങ്ങിയ ജനങ്ങൾ സർപ്പങ്ങളെ കണ്ട്‌ ഭയന്നിട്ടാണ്‌ ഈ ആരാധന സമ്പ്രദായത്തിന്‌ തുടക്കം കുറിച്ചതെന്ന്‌ അനുമാനിക്കുന്നതിൽ അപാകതയൊട്ടുമില്ല.

ക്രിസ്‌തുവിനുമുമ്പ്‌ കേരളക്കരയിൽ പ്രത്യക്ഷപ്പെട്ട ജൈനമതവും, ബി.സി. മൂന്നാം ശതകത്തിൽ കടന്നുവന്ന ബുദ്ധമതവും ആദിമനിവാസികളുടെ ആരാധന ക്രമങ്ങളിൽ ചില സ്വാധീനങ്ങൾ ചെലുത്തിയിട്ടുണ്ട്‌. ജൈനന്മാരാണ്‌ കേരളത്തിൽ ക്ഷേത്രനിർമ്മാണം ആരംഭിച്ചത്‌. ഇന്ന്‌ കേരളക്കരയിൽ കാണുന്ന മിക്ക പ്രധാന ക്ഷേത്രങ്ങളും ജൈനക്ഷേത്രങ്ങളോ, ബുദ്ധമതക്ഷേത്രങ്ങളോ ആയിരുന്നു. കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിനു സമീപമുളള തിരുനന്തിക്കര ഗുഹാക്ഷേത്രം ഒൻപതാം നൂറ്റാണ്ടിൽ ജൈനന്മാർ നിർമ്മിച്ചതാണ്‌. ഈ ഗുഹാക്ഷേത്രത്തിന്റെ മുഖ്യ ശില്‌പി വീരനന്ദിയടികളാണെന്ന്‌ പുരാവസ്‌തു ഗവേഷകർ പറയുന്നു. ഒൻപതാം നൂറ്റാണ്ടിൽ ആയ്‌ രാജ്യം ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിൽ താമസിച്ചിരുന്നതായി ഒരു താമ്രശാസനത്തിൽ കാണുന്നു. തെങ്കനാട്ടു മൂപ്പന്റെ മകൾ മുരുകൻചേന്തിയെ വിവാഹം കഴിച്ചത്‌ ഇവിടെ വച്ചാണ്‌. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന തത്വസംഹിത ആദ്യമായി പ്രവൃത്തികൊണ്ട്‌ തെളിയിച്ച ആചാര്യൻ കൂടിയാണ്‌ വരഗുണൻ.

തെക്കൻ തിരുവിതാംകൂറിൽ കുഴിത്തുറയ്‌ക്ക്‌ സമീപം തിരുച്ചാണത്തു ഭഗവതിക്ഷേത്രം 14-​‍ാം നൂറ്റാണ്ടുവരെ ജൈനക്ഷേത്രമായിരുന്നു. പാലക്കാട്ടും, അവിടെ നിന്നും ആറുനാഴിക ദൂരെ മുണ്ടൂരിലും ജൈനക്ഷേത്രങ്ങൾ ഉളളതായി മലബാർ ഗസറ്റിയർ വ്യക്തമാക്കുന്നു. പെരുമ്പാവൂരിലെ കല്ലിൽ ഗുഹാക്ഷേത്രം, ഗണപതിവട്ടം ക്ഷേത്രം, ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം എന്നിവ ജൈനക്ഷേത്ര സങ്കേതങ്ങളായിരുന്നു. പിൽക്കാലത്ത്‌ ഇവയിൽ പലതും ഹിന്ദു ക്ഷേത്രങ്ങളായി തീർന്നു.

ബുദ്ധമത ക്ഷേത്രങ്ങളിൽ ഏറ്റവും പ്രബലമായ ഒന്നാണ്‌ ശബരിമല. ശാസ്‌താവ്‌-അയ്യപ്പൻ ബുദ്ധന്റെ ഹൈന്ദവ രൂപമാണ്‌. ശബരിമലയിലെ പൊന്നമ്പലമേട്ടിൽ ചിതറിക്കിടക്കുന്ന ഒരു വൻക്ഷേത്രത്തിന്റെ അവശിഷ്‌ടങ്ങൾ ബുദ്ധമതത്തിന്റേതാണെന്ന്‌ ചരിത്ര ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്‌. കേരളത്തിൽ നിന്ന്‌ ബുദ്ധമതക്കാരെ ഓടിച്ചപ്പോൾ അവർ കാടുകളിലും മലകളിലും അഭയം പ്രാപിച്ചു. അയ്യപ്പൻ കാട്ടുജാതിക്കാരുടെ മൂർത്തിയാണ്‌. മാടശ്ശേരി മാധവവാര്യർ വ്യക്തമാക്കുന്നതു നോക്കുക. “അയ്യപ്പന്‌ ഒരു വനദേവന്റെ ഗുണം മാത്രമല്ല ഉളളത്‌. പുലിയുടെ പുറത്തുകയറ്റിയതും, ക്രൂരത്വം നൽകിയതും, ഗുരുതി (കുരുതി) കൊടുത്തതും, പേട്ട (വേട്ട) തുളളിയതും, കോലം കെട്ടിയതും, ദുർദേവതയെ (മഹിഷിയെ) അമർച്ച ചെയ്‌തതും എല്ലാം കാട്ടാള സങ്കൽപ്പമാണ്‌. ആഴികൂട്ടി ചാടുന്നതും, എന്നാൽ ശരണംവിളി (ത്രി ശരണം) സംഘംചേരൽ, ബ്രഹ്‌മചര്യം, ഇവ ബുദ്ധമതത്തിൽ നിന്നും ലഭിച്ചതാണ്‌. പിൽക്കാലത്ത്‌ ശബരിമല യാത്ര ഒരു ഫാഷനാകുംമുമ്പ്‌ അവർണ്ണരായിരുന്നു (പുലയനും, പറയനും, കുറവനും) അധികവും മലകയറിയിരുന്നത്‌. പിരിഞ്ഞുപോയ ബന്ധുക്കളെ സന്ദർശിക്കാനുളള ആസക്തിയിൽ നിന്നാണ്‌ ഈ യാത്ര ഉണ്ടായതും.” മറ്റൊന്ന്‌ ശബരിയെന്ന (മാളികപ്പുറം) പട്ടികജാതി സ്‌ത്രീയുടെ മകനാണ്‌ അയ്യപ്പൻ, റ്റി.എ. ഭാസ്‌ക്കരൻ രചിച്ച ശബരിയെന്ന ചരിത്ര നോവൽ ഇക്കാര്യമാണ്‌ വ്യക്തമാക്കുന്നത്‌. പിൽക്കാലത്ത്‌ പന്തളം രാജകൊട്ടാരവും മറ്റുചില സമുദായക്കാരും ചില രേഖകൾ ചമച്ചുണ്ടാക്കി ആനുകൂല്യങ്ങൾ സമ്പാദിച്ചിട്ടുണ്ട്‌. ആദിമ നിവാസിയായ ഉളളാടൻമാരുടെ കുലപതിയായ കൊച്ചുവേലൻ ശബരിമല അയ്യപ്പന്റെ സഹചാരിയാണ്‌. കൊച്ചുവേലന്‌ എരുമേലിയിലും തലപ്പാറമലയിലും പല അവകാശങ്ങളും അനുവദിച്ചിട്ടുണ്ട്‌.

ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും സ്വാധീനം ഇവിടത്തെ ആദിമ നിവാസികളിൽ ചെലുത്തിയ മാറ്റം പ്രത്യേകം ശ്രദ്ധേയമാണ്‌. ഇവയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടായിരിക്കണം കോട്ടയത്തിനടുത്ത്‌ ആർപ്പൂക്കരയിൽ ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത്‌ ചാത്തനെന്ന ഒരു പുലയൻ ഗുഹാക്ഷേത്രം സ്ഥാപിച്ചത്‌. ചാത്തൻപാറയെന്ന പാറ തുരന്നാണ്‌ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്‌. തമിഴ്‌നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ ശുചീന്ദ്രം ക്ഷേത്രം നിർമ്മിച്ചത്‌ ഒരു പുലയ രാജാവായിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹത്തെ സവർണ്ണർ ചതിവിൽപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ്‌ കേൾക്കുന്നത്‌. ശുചീന്ദ്രം ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ പ്രതിഷ്‌ഠയും സ്ഥാപിച്ചിട്ടുണ്ട്‌.

മാവേലിക്കഥകളുടെയും ഓണാഘോഷത്തിന്റെയും ദുരൂഹതകൾ ഒളിഞ്ഞുകിടക്കുന്ന ചരിത്ര പ്രസിദ്ധമായ തൃക്കാക്കരക്ഷേത്രം പുലയ നാടുവാഴികളാൽ സ്ഥാപിച്ചതാണ്‌. ഒട്ടേറെ ശിലാരേഖകൾ ഈ ക്ഷേത്രത്തിൽനിന്നും ലഭിച്ചിട്ടുണ്ട്‌. ക്രി.പി. 250-ൽ തൃക്കാക്കര കാൽക്കാരെ നാടുവാണിരുന്നത്‌ പുലയ നാടുവാഴിയായ പുറൈയൻ ആയിരുന്നു. പുറൈയൻ നാടുവാണ സമയത്ത്‌ കാരിലത്തു കണ്ണൻകുമാരൻ തൃക്കാക്കര ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ വിളക്കിന്റെ വിവരമാണ്‌ ഈ ശാസനത്തിൽ കാണുന്നത്‌. കണ്ണൻകുമാരൻ, പോഴൻ, ചാത്തൻ, കുമ്മൻ, കന്റപ്പോഴൻ എന്നിവ പൂർവ്വകാലത്തെ പുലയരുടെ പേരുകളായിരുന്നു.

തൃക്കാക്കര ക്ഷേത്രത്തിലേയ്‌ക്ക്‌ ഭൂമിദാനം ചെയ്‌തവർ “ചിറുമറ്റപ്പുഴ കോതൈ നാരായണൻ, തേവൻവേന്തൻ, കോതൈ കേരളൻ, കോതൈ പൊറൈൻ” എന്നീ പുലയരായിരുന്നു. ക്രി.പി. 900 മുതൽ 1300 വരെയുളള ക്ഷേത്ര രേഖകളിൽ ദേവസ്വം വസ്‌തുക്കൾ മുഴുവൻ ദാനം ചെയ്‌തിരുന്നുവെന്നു കാണാം. ഒരർത്ഥത്തിൽ തൃക്കാക്കരക്ഷേത്രത്തിന്റെ ഉടമാവകാശം പുലയർക്കുളളതാണ്‌. ഇന്നത്‌ സവർണ്ണരുടെ കൈകളിലാണ്‌. വിഷ്‌ണു മുതൽ വാമനൻ വരെയുളള പ്രതിഷ്‌ഠകൾ നടത്തി അത്തച്ചമയവും ഓണാഘോഷവും കൊണ്ടാടുന്നു.

കേരളത്തിലെ ശിലാശാസനങ്ങളിൽ ക്ഷേത്ര വസ്‌തുക്കൾ ദാനം ചെയ്‌തത്‌ പട്ടികജാതിക്കാരായ കണ്ടനും, ചാത്തനും, ചടയനുമെല്ലാമാണെന്ന്‌ കാണാവുന്നതാണ്‌. ഈ ചരിത്രവസ്‌തുതകളെ നിഷേധിച്ചുകൊണ്ടാണ്‌ ഇന്ന്‌ ആ ക്ഷേത്രങ്ങളെല്ലാം ബ്രാഹ്‌മണാധിപത്യത്തിൽ കഴിയുന്നത്‌. നേരെ മറിച്ച്‌ ബ്രാഹ്‌മണർക്ക്‌ ആരും തന്നെ ഭൂമി ദാനം ചെയ്‌തതായ ഒരു രേഖയും കേരളക്കരയിൽ നിന്നും ഇന്നോളം കണ്ടെടുക്കപ്പെട്ടിട്ടില്ല. നൂറുകണക്കിന്‌ ശിലാരേഖകളും ചെമ്പുപട്ടയങ്ങളും നൽകുന്ന തെളിവുകൾ വച്ചു നോക്കുമ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളുടെ അവകാശികൾ പുലയർ തുടങ്ങിയ ദളിതരാണെന്നു കാണാം.

ദക്ഷിണ കേരളത്തിലെ പ്രമുഖക്ഷേത്രമായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം നിർമ്മിച്ചത്‌ ഒരു പുലയ സ്‌ത്രീയാണ്‌. പക്ഷെ ചരിത്രം കഥിക്കുന്നവർ വില്ല്വമംഗലത്തു സ്വാമിയാർക്കും, ദിവാകരമുനിക്കുമെല്ലാമാണ്‌ പ്രാധാന്യം നൽകിയിരിക്കുന്നത്‌. അതേസമയം പഴയ ചരിത്രകാരൻമാരായ മഹാദേവ ദേശായിയുടെ വേണാടിന്റെ വീരചരിതത്തിലും മാറ്റിയറുടെ ലാന്റ്‌ ഓഫ്‌ ചാരിറ്റിയിലും, നാഗമയ്യയുടെ ദ ട്രാവൻകൂർ സ്‌റ്റേറ്റ്‌ മാന്യൂലിലും ശ്രീ പത്മനാഭസ്വാമി ക്ഷേത്രോൽപ്പത്തിക്കു കാരണക്കാരി ഒരു പുലയ സ്‌ത്രീയാണെന്നു തന്നെ വ്യക്തമാക്കുന്നുണ്ട്‌. പെരുമാട്ടുകാളി എന്ന പുലയ സ്‌ത്രീയാണ്‌ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണത്തിനു കാരണം.

ആദിമ നിവാസികളായ പുലയരുടെ ആരാധനകളിൽ പ്രധാനം നാഗാരാധനയും ഉൾപ്പെടുന്നുണ്ടല്ലോ. അങ്ങനെ അവരുടെ നാഗാരാധനമൂർത്തിയാണ്‌ പിൽക്കാലത്ത്‌ അനന്തനായും അനന്തപുരിയായും തിരുവനന്തപുരമായും തീർന്നത്‌. പുലയരുടെ തലമൂത്ത കാരണവത്തിയായ പെരുമാട്ട്‌ കാളിയുടെ വീട്‌ ഇന്ന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലനിൽക്കുന്ന ഭാഗത്തായിരുന്നു. അവിടെ ഒരു ഇലിപ്പ വൃക്ഷത്തിന്റെ ചുവട്ടിൽ കാളി തന്റെ കുടുംബ ഭദ്രയായ നാഗത്തെ സങ്കല്പമാക്കി ഒരു ശില സ്ഥാപിച്ച്‌ പൂജാദികർമ്മങ്ങൾ നടത്തിക്കൊണ്ടിരുന്നു. നാഗപൂജയായതുകൊണ്ടാണ്‌ പാലും, കഞ്ഞിയും നിവേദിച്ചിരുന്നത്‌. ഇന്നും അതു തുടരുന്നുണ്ട്‌. ഈ ആരാധനയും അവിടത്തെ ശക്തിയും കേട്ടറിഞ്ഞ്‌ ഇ.ഡി. 784-ൽ ആയ്‌ രാജാവായ ജടിലവർമൻ (മാറൻ ചടയൻ) പെരുമാട്ടു കാളിയെ സന്ദർശിക്കുകയും പുത്തരിക്കണ്ടം മുതൽ കിഴക്ക്‌ കിളളിപ്പാലം വരെയുളള 75 ഏക്കർ നെൽപ്പാടങ്ങൾ കരമൊഴിവായി നൽകികൊണ്ട്‌ വിലയ്‌ക്കു വാങ്ങുകയും അവിടെ ക്ഷേത്രം പണിയുകയും ചെയ്‌തു. പിന്നീടാണ്‌ ആ ക്ഷേത്രം വേണാട്‌ രാജവംശത്തിന്റേതായി തീരുന്നത്‌. ഇ.ഡി. 530 മുതൽ 630 വരെ കേരളം ഭരിച്ചിരുന്ന മഹേന്ദ്രവർമൻ ഒന്നാമന്റെ കാലത്ത്‌ ക്ഷേത്രത്തിൽ നിവേദ്യത്തിന്‌ ഓരോ പിടി അരി നൽകിവന്ന 12 പുലയത്തറവാട്ടുകാർക്ക്‌ 5 ഏക്കർ നിലം വീതം നൽകിയതായും പത്മനാഭസ്വാമി ക്ഷേത്രം വക റിക്കാർഡുകളിൽ കാണുന്നു. മുൻപ്‌ ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിലെ കമ്മിറ്റിയിൽ ഒരു പുലയ പ്രതിനിധിയെക്കൂടി ഉൾക്കൊളളിച്ചിരുന്നതായി രേഖകൾ ഉണ്ട്‌. പിൽക്കാലത്ത്‌ ബ്രാഹ്‌മണമേധാവിത്വം പുലയർക്കുണ്ടായിരുന്ന പ്രാതിനിധ്യം നിർത്തലാക്കി. ചുരുക്കത്തിൽ വേണാട്‌ രാജാക്കന്മാരുടെ പരദൈവമല്ല ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കുടികൊളളുന്നത്‌. പുലയരുടെ പരദൈവമായ അനന്തനാണ്‌. ചെങ്ങന്നൂർ ഭഗവതി ക്ഷേത്രം, മണ്ണടി ഭഗവതി ക്ഷേത്രം, ചാത്തന്നൂർ, ചേർത്തല, ശാസ്‌തമംഗലം, മണ്ടയ്‌ക്കാട്‌ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളെല്ലാം ഉൽപ്പത്തി പുലയരുമായി ബന്ധപ്പെട്ടതാണ്‌. പുലയരാണ്‌ ആ ക്ഷേത്രങ്ങളുടെയെല്ലാം നിർമ്മാതാക്കളും അവകാശികളും.

ചാത്ത പുലയി എന്ന സ്‌ത്രീ ഒരു കൂരയില്ലാക്ഷേത്രം നിർമ്മിച്ചതിൽ നിന്നാണ്‌ ചാത്തമംഗലം എന്ന സ്ഥലനാമം ഉണ്ടായതും പിന്നീടത്‌ ശാസ്‌തമംഗലമായി പരിണമിച്ചതും. ശാസ്‌തമംഗലം ശിവക്ഷേത്രമാണിത്‌. ശിവൻ ആദിപിതാവും ആദിമ ജനതയുടെ ദേവനുമാണല്ലോ. കട്ടയടി എന്ന ഒരുതരം പന്തുകളി കൽക്കുളം, മണ്ടയ്‌ക്കാട്‌, കന്യാകുമാരി ഭാഗങ്ങളിലെ പുലയരിൽ നിലനിന്നിരുന്നു. ഏതാനും പുലയ ബാലൻമാർ പനംതേങ്ങ (നൊങ്ക്‌) കൊണ്ട്‌ കട്ടയടി (പന്ത്‌) കളിക്കുമ്പോൾ അടുത്തുളള ഒരു മൺപുറ്റിൽ പന്ത്‌ കൊളളുകയും രക്തപ്രവാഹം ഉണ്ടാവുകയും ചെയ്‌തു. ഇവിടെ പുലയർ നിർമ്മിച്ച ക്ഷേത്രമാണ്‌ മണ്ടയ്‌ക്കാട്‌ ഭഗവതി ക്ഷേത്രം.

Generated from archived content: essay_june4.html Author: kunnukuzhi_smani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here