നിയമവും ഷണ്ഡത്വവും

ഇക്കഴിഞ്ഞ ജനുവരി 13ാം തീയതിയിലെ സണ്‍ഡെ ടൈംസ് (ടൈംസ് ഓഫ് ഇന്ത്യ) പത്രത്തിലെ ഒന്നാം പേജില്‍ നമ്മുടെ നിയമമന്ത്രി ഞെട്ടിപ്പിക്കുന്ന ഒരു സത്യം വിളിച്ചു പറഞ്ഞതായി കണ്ടു: ഗുരുതരമായ നീതിനിഷേധം മൂലം, നിയമത്തെ (കുറ്റവാളികള്‍) ഷണ്ഡനായി കണക്കാക്കുകയാണെന്നും, ഇത് നിയമവ്യവസ്ഥയിലുള്ള വിശ്വാസം പാടെ തകര്‍ക്കുകയാണെന്നും ഈ സ്ഥിതി വിശേഷം ഒരിക്കലും സ്വീകാര്യമല്ലെന്നും.

നിയമവിദഗ്ധരും നീതിന്യായ വിദഗ്ധരും നിയമനിര്‍മാതാക്കളും ഇത് ഗൗരവതരമായ ഒരു സംഗതിയായി കണക്കിലെടുത്തേ പറ്റൂ. എന്നാലേ സമാധാനപരമായ ഒരു ജീവിതാന്തരീക്ഷം ഉണ്ടാക്കാന്‍ സാധിക്കൂ. ഇതിനെന്താണ് പരിഹാരം? എന്റെ എളിയ ചില അഭിപ്രായങ്ങള്‍ പ്രതികരിക്കാന്‍ തയാറുള്ളവരുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുന്നു.

ഒന്ന്: നിയമവും(law) നീതിയും (justice) അതില്‍ അഭേദ്യബന്ധമുണ്ടെങ്കിലും രണ്ടും രണ്ടാണ്. ക്രോഡീകൃത നീതിയാണ് നിയമം. ഇന്നത്തെ നീതിന്യായവ്യവസ്ഥ നിയമത്തിനു മാത്രമാണ് നീതിയേക്കാള്‍ പ്രാധാന്യം കൊടുത്തുകാണുന്നത്. നിയമത്തിന്റെ വാക്യങ്ങളും വാക്കുകളും തലനാരിഴ കീറി വാദിക്കുന്നതിനിടയില്‍ നീതി പാര്‍ശ്വവത്കരിക്കുപ്പെടുന്ന അവസ്ഥയുണ്ടാകുന്നു. നീതിക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുവേണ്ടേ നിയമം നടപ്പിലാക്കാന്‍? എന്തോ എനിക്കങ്ങനെ തോന്നുന്നു. ഉദാ: ഡല്‍ഹി ബലാത്സംഗക്കേസിലെ പതിനേഴു വയസുള്ള പയ്യന്റെ ക്രൂരതകള്‍ കേട്ടാല്‍ മനഃസാക്ഷിയുള്ള ഏതൊരുവനും ഞെട്ടാതെ വയ്യ. കൂട്ടബലാത്സംഗത്തിന് വിധേയായി തളര്‍ന്നു കിടക്കുന്ന പെണ്‍കുട്ടിയെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചു എല്ലുകള്‍ പൊട്ടിക്കുക, ജനനേന്ദ്രിയത്തില്‍ കമ്പി കയറ്റുക എന്നീ പൈശാചിക അക്രമങ്ങള്‍ കാട്ടിയ അവനെ, ഇനിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ഒറ്റക്കാരണത്താല്‍ ശിക്ഷയില്‍ നിന്ന് (ഏറെക്കുറെ പൂര്‍ണമായും) രക്ഷപ്പെടുത്തുന്നത് അതേ പോലുള്ള മറ്റുപയ്യന്‍മാര്‍ക്ക് നിയമത്തെ നിസാരവത്കരിക്കാന്‍ ഇടയാക്കില്ലേ? ഇത് നീതിനിഷേധമല്ലേ..? കുറ്റം കാണിക്കാന്‍ മാത്രം പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍, ശിക്ഷ ഏല്‍ക്കാനും അവന് പ്രായപൂര്‍ത്തിയായിട്ടില്ലേ..? നിയമനിര്‍മാതാക്കളും നിയമജ്ഞരും നിയമപാലകരും നീതിന്യായ വ്യവസ്ഥയും കണ്ണുതുറക്കേണ്ട സമയമായിരിക്കുന്നു.

രണ്ട്: വിചാരണ ചെയ്യുമ്പോഴും ശിക്ഷ വിധിക്കുമ്പോഴും പ്രതിയുടെ മാനുഷിക ്അവകാശങ്ങളേക്കാള്‍ ആ കുറ്റത്തിന് വിധേയനായ ഇരയുടെയും സമൂഹത്തിന്റെയും (ശാന്തിക്കും സമാധാനത്തിനുമുള്ള) അവകാശങ്ങളെയും അവരുടെ ജീവനോ മാനത്തിനോ സ്വത്തിനോ പറ്റിയ നഷ്ടത്തെയും പറ്റി നീതിന്യായ വ്യവസ്ഥ കൂടുതല്‍ ബോധവാനാകേണ്ടതല്ലേ..? ഇന്നത്തെ രീതിക്ക്, ബലാത്സംഗക്കേസിലെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെടുന്നത് നിസ്സഹായയായ ഇരയാണ് എന്നതല്ലേ സത്യം?

മൂന്ന്: ശിക്ഷ എന്തിനാണ്? അത് പലരും കരുതുന്നതു പോലെ കുറ്റവാളിയോടുള്ള പ്രതികാരം തീര്‍ക്കലോ ദേഷ്യം തീര്‍ക്കലോ അല്ല. പ്രത്യുത, കുറ്റവാസനയുള്ളവര്‍ക്ക് ഒരു താക്കീതാകണം ശിക്ഷ. ‘ നീ ഇത്തരം കുറ്റം ചെയ്താല്‍ നിനക്ക് എന്തു സംഭവിക്കും’ എന്ന ബാക്കിയുള്ളവര്‍ക്കുള്ള സോദോഹരണ പ്രദര്‍ശനമാകണം അത്. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന പഴയ കാടന്‍ ശിക്ഷാ സമ്പ്രദായത്തില്‍ ശിക്ഷാ ഭയം ഒരു പ്രാധാന പ്രയോജനം തന്നെയായിരുന്നു എന്നോര്‍ക്കണം. കുറ്റവാസന വര്‍ധിക്കാനുള്ള പ്രധാന കാരണം ശിക്ഷാ ഭയത്തിന്റെ പരിമിതി തന്നെയാണ്..

നാല്: നിയമശാസ്ത്രം അനുശാസിക്കുന്നത് ‘ നീതി ന്യായം വൈകുന്നത് ന്യായം നിരസിക്കുന്നതിനു തുല്യമാണ് ( justice delayed is justice denied) എന്നാണ്. ഭാരതത്തില്‍ മിക്ക കേസുകളിലും അന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും കേസുകളുടെ വിധി കല്‍പ്പിക്കുന്നതിലും വിധി നടപ്പാക്കുന്നതിലും എടുക്കുന്ന വര്‍ഷങ്ങളോളം നീണ്ട കാലതാമസം അക്ഷരാര്‍ഥത്തില്‍ നീതി നിഷേധവും നീതിന്യായവ്യവസ്ഥയുടെ ബലഹീനതയുമാണ് പ്രതിഫലിക്കുന്നത്. ഭരണപരമായ ശ്രദ്ധയും പരിഷ്‌കാരങ്ങളും കൊണ്ടു മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ സാധിക്കൂ. ആവശ്യനുസരണം അതിവേഗ കോടതികളും അപ്പീല്‍ കോടതികളും സ്ഥാപിക്കുകയാണ് ഇതിനുള്ള പോംവഴി.

അഞ്ച്: കേസന്വേഷണത്തിലെ അക്ഷന്തവ്യമായ അമാന്തവും ഒരു നീതിനിഷേധമാണ്. ആവശ്യത്തിന് പൊലീസുകാരില്ല എന്നതാവാം ഒരു കാരണം. തൊഴിലില്ലായ്മയുടെ പ്രശ്‌നം അതിരൂക്ഷമായ ഈ നാട്ടില്‍ ആവശ്യത്തിനു പൊലീസുകാരില്ലെ എന്നത് കഷ്ടമാണ്. അതു കൂടാതെ, നിയമവും സമാധാനവും നിലനിര്‍ത്തുന്നതിലും കേസന്വേഷണത്തിലും വ്യാപൃതരാവേണ്ട പൊലീസുകാരെ, വെറും കെട്ടുകാഴ്ചയ്ക്കു വേണ്ടി വി ഐപി സെക്യൂരിറ്റി എന്ന പേരില്‍ ആവശ്യത്തിലധികം ദുര്‍വിനിയോഗം ചെയ്യുന്നതും സാധാരണക്കാരായ പൊതുജനങ്ങളോട് ചെയ്യുന്ന നീതി നിഷേധത്തിന്റെ ഭാഗമാണ്. പൊലീസുകാരുടെ ജോലി സമയവും ജോലി വ്യവസ്ഥകളും കുറെക്കൂടി മാനുഷികമാവേണ്ടത് അവരുടെ കഴിവുകള്‍ പോഷിപ്പിക്കാന്‍ അത്യാവശ്യമാണ്.

ആറ്: അധികാരികളും ഭരണകര്‍ത്താക്കളും പൊലീസുകാരെ അടിമകളെപ്പോലെ കാണുന്ന രീതിക്കു മാറ്റം വരണം. തന്റെ അനുയായി ആയതുകൊണ്ടു മാത്രം കുറ്റവാളികളെ പൊതുപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ പോയി ബലമായി പിടിച്ചിറക്കികൊണ്ടു വരുന്ന രീതിയിലുള്ള പ്രവണതകള്‍ക്കു തടയിടാഞ്ഞാല്‍ സാധാരണക്കാര്‍ക്ക് നീതി ലഭിക്കുകയില്ല. ജനപ്രതിനിധി നിയമം അനുസരിച്ച് നിയമസഭാംഗങ്ങള്‍ക്കു കിട്ടുന്ന പ്രത്യേക പരിഗണന പോലും, കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കഷ്ടമാണ്. വിചാരണക്കോടതി കുറ്റക്കാരനെന്നു കണ്ടാല്‍, ആരായാലും അപ്പീലില്‍ മറിച്ചൊരു തീരുമാനം വരും വരെയെങ്കിലും ജനപ്രാതിനിധ്യത്തില്‍ നിന്ന് ഒഴിവാക്കുന്നതല്ലേ ഉത്തമം. നിയമം എല്ലാവര്‍ക്കും ഒരേ പോലെയാകണം. അല്ലത്തിടത്ത് നിയമവ്യവസ്ഥ നേരെചൊവ്വെ വാഴില്ല, തീര്‍ച്ച.

ഏഴ്: നിരപരാധികളെ രക്ഷിക്കുന്നു എന്ന ശ്രേഷ്ഠ കര്‍മം ചെയ്യേണ്ടവരാണ് പ്രതിഭാഗം വക്കീലന്മാര്‍. അവരെ സമൂഹത്തിന് തീര്‍ച്ചയായും വേണം. കാരണം അന്വേഷണത്തിലെ അപാകത കൊണ്ടോ, അരുതായ്ക കൊണ്ടോ നിയമത്തിന്റെ വികൃതിക്കുരുക്കുകള്‍ മൂലമോ പ്രതിഭാഗത്തെത്തുന്ന നിരപരാധികള്‍ക്ക് , അവര്‍ക്ക് ഒരിക്കലും കിട്ടാന്‍ പാടില്ലാത്ത ശിക്ഷയില്‍ നിന്ന് സംരക്ഷണം നേടിക്കൊടുക്കുന്നത് അവരാണ്. ആ സേവനത്തിന് സമൂഹം അവരോട് എന്നും കടപ്പെട്ടിരിക്കുകയും ചെയ്യും. പക്ഷെ, ഏതാനും വെള്ളിത്തുട്ടുകള്‍ക്കു വേണ്ടി ചെന്നായയെ ചെമ്മരിയാടാക്കുന്ന നിയമപ്രതിഭകള്‍ ചെയ്യുന്നത് നികൃഷ്ടമായ പണിയല്ലേ.? ‘ ഞങ്ങള്‍ക്ക് തരാന്‍ പണമുണ്ടെങ്കില്‍ കൊലക്കുറ്റമോ , ബലാത്സംഗമോ എന്തു കുറ്റം വേണമെങ്കിലും ചെയ്തു കൊള്ളൂ’ എന്ന് അഹങ്കാരപൂര്‍വം വിളിച്ചു പറയുന്ന വക്കീലന്മാര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്നാണ് എന്റെ പക്ഷം. പ്രതികള്‍ക്കു വേണ്ടി വാദിക്കാനാണ് താന്‍ ‘സന്നത്ത്’ എടുത്തതെന്നും പ്രതി ശിക്ഷാര്‍ഹനാനോ നിരപരാധിയാണോ എന്നു നിശ്ചയിക്കേണ്ടത് കോടതിയാണെന്നും തങ്ങളുടെ മുന്നില്‍ എല്ലാവരും നിരപരാധികളാണെന്നും ആയിരിക്കും അതിനു പറയുന്ന ഒഴികഴിവ്. പക്ഷെ, മുന്നില്‍ നില്‍ക്കുന്ന പ്രതി കുറ്റവാളിയാണെന്ന് സ്വയം ബോധ്യപ്പെട്ട ശേഷം അയാളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നതിലെ ധാര്‍മികത ഒരിക്കലും മനസിലാകുന്നില്ല. കൊല ചെയ്യപ്പെട്ട അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തി തന്റെ മകനോ മകളോ ഭാര്യയോ സഹോദരിയോ ആണെങ്കില്‍ അതേ വക്കീലന്മാര്‍ അതേ വാശിയോടെ വീറോടെ കേസ് വാദിക്കുമോ? ചുരുക്കത്തില്‍, ജീവനോ മാനത്തിനോ സ്വത്തിനോ നഷ്ടം സംഭവിച്ച ഇരകളെപ്പറ്റി, ഇരകളുടെ വേണ്ടപ്പെട്ടവരെപ്പറ്റി ഒരു നിമിഷമെങ്കിലും ഓര്‍ക്കാന്‍ എല്ലാ വക്കീലന്മാരും ശ്രമിച്ചാല്‍, ഒരു പക്ഷെ സമൂഹത്തിലെ കുറ്റവാളികളുടെ എണ്ണം വളരെ കുറഞ്ഞേനെ. ഒരു ഉദാഹരണം പറയാം. ഒരു ചെറിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു. മിടുക്കനായ വക്കീല്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് അവനെ ഹൈക്കോടതിയില്‍ നിന്നു കുറ്റവിമുക്തനാക്കി പുറത്തിറക്കി. പിറ്റേന്നാള്‍ അവന്‍ മറ്റൊരു കൊച്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്നു. ഇതിന് ആരെ പറയണം.

എട്ട്: ശിക്ഷിതരോ അല്ലാത്തവരോ ആയ കുറ്റവാളികളുടെ ക്ഷേമാന്വേഷണത്തില്‍ അതീവ തത്പരരായ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ , ആ കുറ്റത്തിന് ഇരകളായ നിസ്സഹായരായ നിരപരാധികളുടെ കാര്യത്തിലും നഷ്ടത്തിലും അവരുടെ പുനരധിവാസത്തിലും കൂടി ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ ശ്രദ്ധിക്കുകയാണെങ്കില്‍ സമൂഹത്തിനു കൂടുതല്‍ നീതി ലഭ്യമാകും.

ഒമ്പത്: അക്രമവാസനയുള്ള കുറ്റവാളികളാണെന്നു തെളിഞ്ഞവരെ സമൂഹം ഒറ്റപ്പെടുത്തേണ്ടതാണ്. അവര്‍ക്കു നിയമപരമായ അവകാശങ്ങളും സ്ഥാന മാനങ്ങളും നിഷേധിച്ചാല്‍, സ്ഥാനമോഹികളായി നേതൃസ്ഥാനത്തു നില്‍ക്കുന്നവര്‍, കുറ്റം ചെയ്യും മുമ്പേ രണ്ടുവട്ടം ആലോചിക്കും. എത്രയോ കൊലക്കുറ്റത്തിനും ബലാത്സംഗ കേസുകളിലും പ്രതികളായവര്‍ (കീഴ്‌ക്കോടതി ശിക്ഷാര്‍ഹരെന്നു വിധിച്ചിട്ടും അപ്പീലിന്റെ മറവില്‍) നിയമസഭാ സാമാജികരായി ഇന്നാട്ടില്‍ വാഴുന്നുണ്ടെന്നോ? ജയിലിലിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുമുണ്ട്. ഇതെല്ലാം മാതൃകാപരമായ നിര്‍ത്തലാക്കേണ്ടതാണ്. നേതാക്കള്‍ കുറ്റവാളികളാണെങ്കില്‍ അവരെ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്.

പത്ത്: അന്യായം കണ്ടാല്‍ സമൂഹം പ്രതികരിക്കുക തന്നെ വേണം. എത്രയോ കൊലയും ബലാത്സംഗവും നടന്നിട്ടും ഇളകാത്ത സര്‍ക്കാരും നീതിന്യായ വ്യവസ്ഥയും ഡല്‍ഹി ബലാത്സംഗ കേസില്‍ പൊതുജനം പ്രതികരിച്ചപ്പോള്‍ ഞെട്ടിയുണര്‍ന്നത് നാം കണ്ടതാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

പതിനൊന്ന്: നിയമം എല്ലാവര്‍ക്കും ഒന്നാവേണ്ടതാണ്. സമൂഹത്തിന്റെ ശാന്തി സംബന്ധിച്ച നിയമങ്ങളില്‍ വി ഐപിയും വിവി ഐപിയും പ്രിവിലെജ്ഡ് മാന്യമാരും സാധാരണക്കാരെപ്പോലെ തന്നെ ഉത്തരവാദികളാകണം. ഒരു നാട്ടില്‍ രണ്ടു നിയമം ഉണ്ടാകരുത്. അതാണ് സമൂഹ്യ നീതി.

പന്തണ്ട്: രാജ്യം അഴിമതിയില്‍ നിന്നു മുക്തമാകാതെ ഇരിക്കുന്നിടത്തോളം എന്തു നിയമം വന്നാലും അതിന് ഒരു വിലയും ഉണ്ടാകില്ല. ന്യായം വിലക്കു വാങ്ങാം എന്നു വന്നാല്‍ പിന്നെന്തിനാണ് നിയമം. അഴിമതിക്ക് അരാജകത്വം തന്നെ ഫലം. (‘അഴി മതി’ എന്നു കരുതുന്നവരാണ് അഴിമതിക്കാരന്‍ എന്നു ദ്വയാര്‍ഥ ഫലിതം)

പ്രതികരണശേഷി പൂര്‍ണമായും നഷ്ടപ്പെടാത്ത വായനക്കാര്‍ പ്രതികരിക്കണം. ഇത്തരം ചര്‍ച്ചയില്‍ ഉരിത്തിരിയുന്ന സമൂഹമനഃസാക്ഷി നിയമനിര്‍മാതാക്കള്‍ക്കും നിയമപാലകര്‍ക്കും വഴികാട്ടിയായിത്തീരട്ടേ. നീതിന്യായങ്ങള്‍ പൂര്‍ണാധികാരത്തില്‍ പൂര്‍ണ വിശ്വാസത്തില്‍ നിന്ന് ഇളകാതിരിക്കട്ടേ..

Generated from archived content: essay1_may24_13.html Author: kunnam_vishnu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English