ഒരു നൊമ്പരത്തിന്റെ നെടുവീർപ്പുപേറുന്ന
ഹൃദയങ്ങളായിരം മണ്ണിൽ
ഒരു വേനൽ സൃഷ്ടിച്ച തീമണൽക്കാടിതിൽ
അലയുവോരായിരം മുന്നിൽ
ഒരു ജ്വാല,യുളളിന്റെയുളളിൽ എരിയുന്ന
തീജ്വാല പേറിടും മർത്യർ
ഒരു സ്വർഗ്ഗഭൂമിയെ തേടിടുവോർ നവ-
സൂര്യനെ കാക്കും മർത്യർ
അവരിന്നു പാടുന്ന പടയണിപ്പാട്ടിന്റെ
താളത്തിലൊന്നിച്ചുപാടാം
അവരിന്നു കാണുന്ന മധുരക്കിനാവിന്റെ
പടവുകൾ ഒന്നിച്ചുകേറാം……
പിൻതുടർന്നെത്തുന്നു കുതിരക്കുളമ്പടി,
ചാട്ടവാറിൻ ഗർജ്ജനങ്ങൾ
വേട്ടയാടാനണഞ്ഞീടുന്ന വേടന്റെ
കാലടി ശബ്ദങ്ങൾ പിന്നിൽ
ഒരു തേങ്ങൽ ഹൃത്തടം പൊട്ടിത്തെറിക്കുന്ന
വേദനമുറ്റുന്ന ശബ്ദം
കാട്ടാറിരമ്പുന്നു കുടിലുകൾ കേഴുന്നു
കടലുകൾ വിറകൊണ്ടിടുന്നു
ഒന്നിച്ചുകൂടിടാം പ്രതിരോധവാഞ്ഞ്‌ഛയാല-
ട്ടഹാസങ്ങളുതിർക്കാം
ഓർമ്മയിലെന്നോ കുഴിച്ചിട്ട വേടന്റെ
അസ്ഥികളൂരിയെടുക്കാം
കുരുതിക്കളങ്ങളിൽ വിരിയാം നമുക്കിനി
ആയിരം നാമ്പുകളായി
മൗനം മരിക്കുന്നു, ദിക്കുകൾ ഭേദിച്ചു
ശബ്ദം മുഴങ്ങുന്നു വീണ്ടും
മന്വന്തരത്തിൻ വിമോചനപ്പാട്ടിന്റെ
ശബ്‌ദം മുഴങ്ങുന്നു വീണ്ടും
ചതികൊണ്ടുമാനസം ചകിതമാകാനല്ല
കുതികൊണ്ടിടാനാണു ജന്മം
ചതിതന്ന കൂട്ടർ തൻ ചപലതക്കാദ്യന്ത-
മറുതിവരുത്തുവിൻ നിങ്ങൾ
കരയാതിരിക്കുവിൻ പുത്തനാവേശത്തിൻ
കരവാളെടുക്കുവിൻ നിങ്ങൾ
തകരില്ല തകരില്ല കാലഭേദങ്ങളിൽ
കരിയില്ല നിങ്ങൾ തൻ സ്വപ്നം
Generated from archived content: kalageetam.html Author: kumar_kmudavoor