ഇന്നിന്റെ നഷ്‌ടങ്ങളും……… കോട്ടങ്ങളും………. നോവും നൊമ്പരവും……… ഒഴിച്ചു നിറുത്തി സംശുദ്ധമാക്കിയ മനസസിന്റെ ഇത്തിരിച്ചെപ്പ് തുറന്നാൽ…… എന്റെ ഗ്രാമത്തിലേയ്‌ക്കുള്ള വഴിയായി!
കാച്ചെണ്ണയുടെ മണമുള്ള……ഇളം വെയിലിന്റെ തെളിമയുള്ള……. തണുപ്പും, പച്ചപ്പും, നിഴലും, നിലാവും….. നിറഞ്ഞ വഴി! അവിടത്തെ പ്രധാനനിരത്തിനപ്പുറം വെള്ളം മൂടിക്കിടക്കുന്ന പാടവും തെറ്റടർന്ന കല്ലൊതുക്കുകളും കയറിച്ചെന്നാൽ….. എന്റെ വീടായി…….!
പ്രകൃതിയുടെ സാന്ത്വനവും പടിഞ്ഞാറൻ കാറ്റിന്റെ തലോടലുമേറ്റ് ഉള്ള് കുളിരുന്ന ആ മൺ വീട്ടിൽ അച്ഛനും…. അമ്മയും….. ഞാനും….., കുഞ്ഞേച്ചിയു മൊഴിച്ചാൽ അഞ്ചാമതൊരാൾ ഉണ്ടായിരുന്നില്ല. സ്വച്ഛവും, സുന്ദരവുമായ ഒരു നല്ല ബാല്യത്തിന്റെ കുഞ്ഞുപീലികൾ ഇവിടെ അനങ്ങിയുണരുകയാണ്.!
പ്രഭാതം – “ഉണ്ണീ………” അമ്മയുടെ വിളികേട്ടുണരുന്നതൊരു സുഖാണ്. പതിയെ തലവഴിമൂടിയ – പുതപ്പിൽ പിടിച്ച് മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന അമ്മയെ ഉറക്കച്ചടവുള്ള കണ്ണുകൾ കൂട്ടിത്തിരുമ്മി ഒന്നു നോക്കും അതാണ്…. ആ ദിവസത്തെ മംഗളപൂരിതമാക്കുന്ന കണി.!
പക്ഷെ….. അതിനൊക്കെയുമപ്പുറം മറ്റൊന്നുകൂടിയുണ്ട്. അത് സസ്‌പെൻസ്!! പിന്നെ ഗുരുവായൂരപ്പനെ മനസ്സിൽ ധ്യാനിച്ച് വലതുവശം ചെരിഞ്ഞെഴുന്നേറ്റ് വടക്കുപുറത്തേക്ക് വരുമ്പോൾ ഇല്ലിമുളങ്കാട്ടിലെ ചവറ്റലക്കിളികൾ കൂട്ടത്തോടെ ബഹളം വയ്‌ക്കുകയായി. ഒപ്പം വളോർമാവിൻ ചുവട്ടിലേക്ക് മാറ്റിക്കെട്ടിയ പൂവാലിപ്പശുവിന്റെ….‘ബ്ലേ’….ന്നുള്ള സ്‌നേഹവിളിയും… എല്ലാത്തിനും കണ്ണും…. കാതും കൊടുത്ത് തിരിച്ച് പഠനമുറിയിലെത്തിയാൽ….. പിന്നെ പാഠപുസ്‌തകങ്ങളോടുള്ളയുദ്ധമായിരിക്കും. ഹോംവർക്കും ഇംപോസിഷനും ടെസ്‌റ്റ് പേപ്പറും….ഹോ….! എല്ലാംകൂടി വലിയൊരു ഹെഡ്‌പെയിൻ തന്നെ!!
പിന്നീടുള്ള ഒരുങ്ങലും, പ്രാതൽ കഴിക്കലും സ്‌കൂൾ യാത്രയും. അമ്മക്കാണെങ്കിൽ – തന്നെ എത്രയൊരുക്കിയാലും ഊട്ടിയാലും തീരില്ല. ഒടുവിൽ……‘ന്റ്ണ്ണി’ ഒന്നും കഴിച്ചില്ലെന്നു സങ്കടപ്പെടുന്ന അമ്മയുടെ മുഖവും, കല്ലൊതുക്കുകളും…., തെക്കരകയ്യിലെപാടവും…, മൂന്നും കൂടിയ മുക്കുട്ടയും വക്കീലിന്റെ വീടും…. മണ്ണാൻ പറമ്പും, നീർച്ചാലുകളുള്ള നടവഴികളും പിന്നീട് സ്‌കൂൾ കോമ്പൗണ്ടിനോടടുക്കുമ്പോൾ ഉപദ്രവിക്കാനായി വർദ്ധിച്ച ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒത്തിരി വികൃതികൂട്ടങ്ങളുണ്ടാവും. എല്ലാത്തിനെയും അതിജീവിച്ച് വീട്ടിലെത്തുമ്പോൾ അമ്മ ചായയും നാലുമണിപ്പലഹാരവും ഒരുക്കി വഴിവക്കിലെ – തൈതെങ്ങിന്റെ ചുവട്ടിൽ കാത്തു നിൽപ്പുണ്ടാവും…. പിന്നെ അന്തിയാവോളം കളി! കളി കഴിഞ്ഞാൽ വൈകിട്ടൊരു മേൽകഴുകലും നാമം ചൊല്ലലും നാമം ചൊല്ലലിൽ ശ്രീ ഗുരുവായൂരപ്പന്റെ ബാലഗീതങ്ങൾ ചൊല്ലണമെന്നത് നിർബന്ധമാണ്. അതു ചൊല്ലിക്കിടന്നാൽ പിള്ള മനസ്സിൽ അല്ലലുണ്ടാവില്ലെന്നാണ് പഴമൊഴി.! പിന്നീടൊരു പദ്യം നീട്ടിച്ചൊല്ലലും കൂട്ടിക്കഴിഞ്ഞാൽ അന്നത്തെ ദിവസത്തിന് തിരശ്‌ശീല വീഴുകയായി. പിന്നെ പണിമാറ്റി വരുന്ന അച്ഛന്റെ കയ്യിലെ പലഹാരപ്പൊതിക്കു വേണ്ടിയുള്ള കാത്തിരിപ്പാകും. രാവേറെ വൈകി വരുന്ന അച്ഛന്റെ വിയർപ്പിൽ കുളിച്ച മുഖവും….., കിതപ്പും…., വാത്സല്യവും…. പലഹാരപ്പൊതിയും കണ്ണിലൊളിപ്പിച്ച്…. ഉറക്കത്തിലേയ്‌ക്ക് വഴുതി വീഴുമ്പോൾ പിറ്റേന്നുള്ള വൈകിയുണർച്ചയിൽ അമ്മയുടെ മുഖക്കണിക്കപ്പുറം അച്‌ഛൻ കൊണ്ടുവന്ന പലഹാരപ്പൊതി തുറക്കാനാവും തിടുക്കം.!
വീണ്ടും…. രാവും…. പകലും അളന്നുവിളമ്പുമ്പോൾ- അവയ്‌ക്കിടയിലെ നിമിഷങ്ങൾ എത്രയെത്ര – വർണ്ണങ്ങൾ നിറഞ്ഞതായിരുന്നു. വാചാലമായിരുന്നു. എന്നിട്ടും മൗനം ചിറകേറിയ മനസ്സിന്റെ തീരത്ത് ഒരു നക്ഷത്രം പൊഴിയുന്നതും കാത്ത്……. എത്രനേരം? ഒടുവിൽ കളിക്കൂട്ടുകാരുടെ പിറകെ കറുകത്തൊടിയിലെ കൗതുകങ്ങളിൽ മനസ്സുടക്കി- പ്രകൃതിയിലേക്ക് തിരിയുമ്പോൾ അന്നത്തെ ബാലമനസ്സിൽ പാടയിറമ്പും.., നിഴൽച്ഛായയും…, പൂഴിച്ചോറും…., പൂക്കൾക്കറിയുമല്ലാതെ വേറെ – എന്താണ്.?
പിന്നീടൊത്തിരി വളർന്ന് മനസ്സുറച്ചപ്പോൾ ആദ്യത്തെ മഴ വീണു നെഞ്ചു തണുത്ത സുഖം ഭൂമിയറിഞ്ഞു! ഒപ്പം ഇറവെള്ളം കൈക്കുമ്പിളിൽ വാങ്ങിത്തുള്ളിയ ബാലമനസ്സും വീണ്ടും ചിരിയുടെ ചെപ്പ് കിലുക്കി എവിടെയെല്ലാം….? അമ്പലപ്പുരയിൽ…., ആറ്റിറമ്പിൽ…., പാമ്പിൻകാവിൽ…., പാടയിറമ്പിൽ…., കുറുകത്തൊടിയിൽ കൊട്ടാരം കുന്നിൽ…… ഗ്രാമം ഒരു വയൽപ്പൂവിൽ നിറയുന്ന തെളിമയിൽ ഉണരുമ്പോൾ….. കണ്ണിൽ അന്നൊക്കെ എന്തെല്ലാം കാഴ്‌ചകളുണ്ടായിരുന്നു. മുറ്റത്തെ ചെമ്പരത്തിയിൽ പൂവിടരുന്നതും…., പൂവരശിൻ ചില്ലയിലിരുന്ന – അണ്ണാൻകുഞ്ഞ് ചിലയ്‌ക്കുന്നതും….., സന്ധ്യയായാൽ – കൊട്ടാരം കുന്നിനു പുറകിൽ സൂര്യൻ മറയണതും….. രാത്രിയായാൽ ഓലത്തുമ്പിലൂടെ…. അമ്പിളിവെട്ടം ഊർന്നിറങ്ങുന്നതുമായ എന്തെല്ലാം കാഴ്‌ചകൾ!
അതിനുമൊക്കെയപ്പുറം കണ്ണിൽ കണ്ണീരുമൂടി ഉണർത്തുന്ന ഒരു കുഞ്ഞു മുഖമുണ്ടായിരുന്നു.! കുസൃതിയുടെ കുറുമൊഴികൾ ചൊല്ലികുപ്പിവളകളിൽ ചിലതെല്ലാം തല്ലിയുടച്ച് അകാലത്തിൽ പിണങ്ങിമറഞ്ഞ കളിക്കൂട്ടുകാരന്റെ മുഖം! ഞാനെന്ന എന്റെ അച്ഛനോടും, അമ്മയോടും…., കുഞ്ഞേച്ചിയോടും…., പാഠപുസ്‌തകങ്ങളോടും കളിക്കൂട്ടങ്ങളോടുമൊക്കെ മല്ലിട്ട് ചെന്ന് ആശ്വസിക്കുക അവന്റെ ഓർമ്മകളിലായിരിക്കും. മുയലൻ ചെവിയും ഉണ്ടക്കണ്ണുകളുമുള്ള മഴയും…., വെയിലും…. വകവെക്കാതെ…. പൂത്തുമ്പികളുടെ പിറകെ പായുന്ന വെളുത്തമെല്ലിച്ച ഏഴുവയസ്സുകാരൻ! ചുനിയൻമുളക് കണ്ണിലെഴുതി നോവിപ്പിച്ചും…, നീർച്ചാലിലെ വെള്ളം തട്ടിത്തെറിപ്പിച്ച് ഉടുപ്പ് നനയിച്ചും, ഊഞ്ഞാലിൽ തിന്ന് തള്ളിയിട്ടും വെറുതെ നുള്ളിക്കരയിച്ചും – എപ്പോഴും പുറകെ കൂടുമായിരുന്നു. പിന്നീടൊരു ജൂൺമഴപ്പെയ്‌ത്തിലേക്ക് പട്ടുകുട നിവർത്തി പോയതായിരുന്നു.!! പോകും മുൻപ് ഈ ഉണ്ണ്യോടൊരു വാക്ക് പോലും പറഞ്ഞില്ല്യാലോ…… നീയ്യ്…. എങ്ങോട്ട് പോകുമ്പോഴും…. നിനക്ക് കൂട്ടായി ഞാൻ മാത്രമായിരുന്നല്ലോ……. എപ്പോഴും എന്നിട്ടെന്താ നീ…?? കൊട്ടാരം കുന്നിനു താഴെയുള്ള ആറ്റിൽ ഒരു പൊങ്ങുതടിപോലെ ആടിയുലയുന്ന പട്ടുകുട – എല്ലാത്തിനും മൂകസാക്ഷിയായി.!!
പിന്നീടുള്ള കൗമാരസ്വപ്‌നങ്ങളിൽ അവന്റെ വളർച്ച ഭാവനിയിൽ കണ്ട് എത്ര കണ്ണീരൊഴുക്കി. ഇപ്പോ….. അവനുണ്ടെങ്കിൽ എന്റൊപ്പം വരുമായിരുന്നു.!
പിന്നെയും സ്‌നേഹമിഴികൾ തുറന്ന് പാത തെളിയിച്ച ദിനരാത്രങ്ങളിൽ ഒരു തുടം കണ്ണീർ കനവായി വന്ന സംഭവങ്ങൾ. ആദ്യമായി അച്‌ഛന്റെ പാദചലനം നിലച്ചതോടെ ദുരിതങ്ങളുടെ വരവായി! അപ്പോഴൊക്കെ ഇരുണ്ട മൂടിയ ആകാശങ്ങളിലെ അനന്തതകളിലെവിടെയോ….. മിഴിനട്ട് – പണ്ടെന്നോ…. നഷ്‌ടപ്പെട്ട ഒരു കളിപ്പാട്ടത്തിന്റെ പിറകെ സഞ്ചരിക്കുമ്പോൾ…. കളികൂട്ടുകാരന്റെ ഓർമ്മ എത്ര ആശ്വാസമായിരുന്നു. പിന്നെയും പുഴയുടെ നിഴൽച്ഛായകളിൽ സന്ധ്യനിറകൂട്ടുകളണിയിച്ചു. കുങ്കുമച്ചെപ്പുകളിൽ കാലം വർണ്ണപ്പൊട്ടുകൾ നിറച്ചു.
അറിഞ്ഞത് പലതും പറഞ്ഞ് അറിയാത്തതിനെ അറിയാനാഗ്രഹിച്ചും കാലം മുന്നോട്ടൊഴുകുമ്പോൾ ഏകാന്തതയിൽ കല്ലിനോടും……, മണ്ണിനോടും – പയ്യാരം പറഞ്ഞ് അന്തിയാകുമ്പോൾ അവസാനിക്കാത്തതായി എന്തുണ്ട്……? വീണ്ടും നിറയുകയും ഒഴിയുകയും ചെയ്യുന്ന നിമിഷങ്ങളോ….? അമ്മയുടെ വർദ്ധിച്ച ഉത്‌കണ്‌ഠകൾക്കു പിന്നിൽ ദുര്യോഗത്തിന്റെ എന്തെങ്കിലുമൊരു ദുഃസൂചനയുണ്ടായിരിക്കും…..! അപരാഹ്‌നത്തിലെ മനസ്സിളക്കവും – വലതുകണ്ണിന്റെ തുള്ളലും വരാനിരിക്കുന്ന ആപത്തിനെ വിളിച്ചു വരുത്തുന്നതിന്റെ സൂചനയാണെന്ന് പണ്ടാരോ….. പറഞ്ഞത് എത്ര ശര്യായിരുന്നു. മണി ആറെ ആയുള്ളൂ…… അന്ന് വടക്കേതിലെ കൊല്ലപ്പണിക്കന്റെ മരണവാർത്തയല്ലേ…. കേട്ടത്. എല്ലാം ഓരോരോ… നിമിത്തങ്ങൾ. വീണ്ടും തുമ്പയും മുക്കൂറ്റിയും…., കോളമ്പിപ്പൂക്കളും നിറഞ്ഞ നാട്ടുവഴികളിലൂടെ….. ദൂരങ്ങൾ പിന്നിട്ട് മനസ്സൊഴുകുമ്പോൾ നന്തുണികൊട്ടിപ്പാടിയുണർത്തുന്ന പാണനാരും, നാവോറ് പാടിയുറക്കുന്ന പുള്ളുവത്തിയും വിഷുഫലം പറയാനെത്തുന്ന പണിക്കത്തിയും – മുഖലക്ഷണം പറയാനെത്തുന്ന കാക്കാലത്തിയും കാലത്തിന്റെ ഏതു മറയ്‌ക്കുള്ളിലാണ് മറഞ്ഞിരിക്കുന്നത്…..?
ഉമ്മറക്കോണിൽ വിടർത്തിവെച്ച പാഠപുസ്‌തകത്തിലെ അക്ഷരങ്ങൾകൂട്ടി വായിക്കാനറിയാതെ പകയ്‌ക്കുന്ന കൊച്ചുകുട്ടിയുടെ ഭാവപ്പകർച്ച ഞാനിപ്പോ ആരുടെ മുഖത്താണ് കാണുന്നത്…? കഴിഞ്ഞ ദിവസം സ്വപ്‌നത്തിൽ മുഖം കാണിച്ച് പേരറിയാത്ത ഏതോ…. ഒരാളുടെ…. അതിനപ്പുറം ഒരു നല്ല പരിചയക്കാരന്റെ എന്നതല്ലേ….. വാസ്‌തവം! ആയിരിക്കാം….. പക്ഷെ….. വെറുതെ ഒരു നല്ല പ്രണയത്തിന്റെ ഈണം നെഞ്ചിലൊളിപ്പിച്ചതാരാണ്……? എന്ന ചോദ്യത്തിലാണ് ഇവിടെ ഇപ്പോൾ പ്രസക്തി.!
എനിക്കറിയാം….. പേരറിയാത്ത…, എന്നാൽ അറിയുന്ന എനിക്കേറെ ഇഷ്‌പ്പെട്ട ആരോ…. ഒരാൾ! ദീപ്‌തമായ സ്‌നേഹത്താൽ വീർപ്പുമുട്ടിക്കുന്ന നോവുകളിൽ വെറുതെ വിരലോടിച്ച് ‘മനസ്സ്’ കാണാപ്പുറങ്ങളിലേക്ക് വഴുതിപ്പോവുമ്പോൾ….. എന്തോ…. ഇഷ്‌ടപ്പെട്ടവനെ കൂടുതലറിയാൻ ആഗ്രഹ്രിച്ചില്ല. അരുതാത്തത് അറിയുമ്പോഴുള്ള വേദന തീരെ സഹിക്കാനാവാത്തതാണല്ലോ….. അത് ഓർമ്മയും മറവിയും, ഒന്നിച്ചു ചേരുന്നിടത്ത് തത്‌ക്കാലം സൂക്ഷിച്ചുകൊണ്ട് ചിന്ത വേറൊരു വഴിയിലേക്ക് തിരിച്ചുവിടുമ്പോൾ ആദ്യം ചുവടുവെച്ച് ‘മുന്നേറിയത് തെണ്ട്യാം പറമ്പിലെ വടക്കുപുറങ്ങളിലേക്കാണല്ലോ…… അവിടെ നല്ല രസമാണ്. കുളവും, കുളപ്പടവും, മൂത്തു പഴുത്ത കശുമാങ്ങയുടെ മണവുമായി വീശിയടയിക്കുന്ന കാറ്റും, കുളവാഴപ്പുക്കളും…… പിന്നെ….., പിന്നെ കളിക്കൂട്ടുകാരന്റെ കെറുവിച്ച മുഖവും…., നോട്ടവും…. എല്ലാം ഉള്ളിനെ കുത്തിനോവിപ്പിക്കുമ്പോൾ – വിണ്ണിറങ്ങി…, കുന്നിറങ്ങി… പുഴയിറങ്ങി….. വയലിറങ്ങി….. ഭൂമിയുടെ അറിയാതീരങ്ങളിലൂടെ…. ഓടിയോടി അവൻ തളരുന്നതറിയുന്നു!! വീണ്ടും ആകാശത്തേയ്‌ക്ക് മിഴി ചേർക്കുമ്പോൾ ദൂരെ ഒരു നക്ഷത്രത്തിന്റെ പിറവി നെഞ്ചിൽ സാന്ത്വനം പകരുന്നു.! ഇപ്പോ….. ഓർക്കുന്നു….. മുൻപാരോ….. എവിടെയോ…. പറഞ്ഞവാക്കുകൾ…. ആരെയും…. കൂടുതൽ സ്‌നേഹിക്കാതിരിക്കുക. എന്നാൽ സ്‌നേഹിക്കാതിരിക്കയുമരുത്. രണ്ടും അപകടമാണ്. ഇത് കാലവും, അനുഭവവും നൽകുന്ന പാഠം ഒന്നോർത്താൽ അതെത്രശര്യാണ്. സ്‌നേഹം മാത്രം വെച്ചു വിളമ്പി താലോലിച്ചു വളർത്തിയ പ്രിയപ്പെട്ടവർ ഓരോരുത്തരായി ജീവിതത്തിന്റെ പാതി വഴിയിൽ തനിച്ചുവിട്ട്….. എന്നന്നേയ്‌ക്കുമായി അകന്നു പോയപ്പോൾ… തീർത്തും ഒറ്റപ്പെട്ടു പോയ അവസ്‌ഥ എത്രമാതം വേദനാജനകമാണ്. അവയൊക്കെ അതിജീവിച്ച മുന്നോട്ട് കുതിക്കുന്ന ആയുസ്സിന്റെ യാത്ര എവിടെയാണ് അവസാനിക്കുക? പോയകാലത്തിന്റെ ഏതു നൊമ്പരക്കൂട്ടിലാണ് സ്‌നേഹവാത്സല്യത്തിന്റെ വിത്തുപാകിമുളപ്പിച്ച് പ്രിയപ്പെട്ടവർ കാത്തിരിക്കുന്നത്….? സഹനത്തിന്റെ ഏതുപാതയിലാണ് ദൂരങ്ങൾ പിന്നിട്ട് അവർ എത്തിയിരിക്കുന്നത്….? കണ്ണീരും ശുഭചിന്തകളും നൻമയുടെ തെളിനിരും ഉള്ളിൽകൊണ്ടു നടക്കുന്ന അവരുടെയൊക്കെ ആത്‌മാവിന് എന്നെന്നും ശാന്തിമാത്രം നേർന്നുകൊണ്ട് എല്ലാം മറക്കാൻ ശ്രമിക്കുന്ന ഒരു ഉപാധിയാണല്ലോ…… ഇപ്പോ…. കണ്ടു മറന്നതും….. ഓർമ്മകളിൽ ഇടക്കൊക്കെ…. തെളിഞ്ഞ്…. പിന്നെ മറഞ്ഞു പോകുന്നതുമായ എത്രയോ….. സ്‌ഥലങ്ങൾ പിന്നിലാക്കി ബസ്സ്….. മുന്നോട്ടു കുതിക്കുകയാണ്.
പിന്നീടെപ്പോഴൊ…..ഗ്രാമപതയിൽ ബസ്സിറങ്ങുമ്പോൾ…. കണ്ണുകളിൽ നനവ് സ്‌പഷ്‌ടമായിരുന്നു. അറിയാവുന്ന വഴികളിലൂടെ നടന്ന് നീങ്ങുകയാണിപ്പോൾ. നടവഴികളിൽ പണ്ടത്തെപ്പോലെ തണലും നിഴലുമൊന്നുമില്ല വഴിയരികിലെ മരങ്ങളെല്ലാം മുറിച്ചു മാറ്റി പാതക്ക് വീതികൂട്ടിയിരിക്കുന്നു.!
പെട്ടെന്ന് മുന്നിൽ വന്നു നിന്ന ഒഴിഞ്ഞ ഓട്ടോയിൽ കയറി സ്‌ഥലം പറഞ്ഞു കൊടുക്കുമ്പോൾ മനസ്സിൽ എന്തായിരുന്നു? പ്രശസ്‌തയുവസാഹിത്യകാരി ’ഉണ്ണിമായ‘യുടെ നേട്ടങ്ങളുടെ സുവർണ്ണമുദ്രകളോ…. അതോ…. പിന്നിട്ട കാലങ്ങളിലെ നോവിപ്പിക്കുന്ന ചിന്തകളുടെ മുള്ളുള്ള വഴികളോ…. എന്തായാലും ഇപ്പോ….. ഉണ്ണിമായയുടെ ഉള്ള് ഒഴിഞ്ഞ പാത്രം പോലെ ശൂന്യമാണ്. തിരമാലകളൊതുങ്ങി… ശാന്തമായ കടൽ…. വീണ്ടും പ്രക്ഷുബ്‌ധമാകാതിരിക്കാൻ എന്തു ചെയ്യണമെന്ന വേവലാതി അവസാനം തെക്കരകയ്യിലെ പാടയിറമ്പിലെത്തിച്ചു.! അവിടെയിപ്പോ…. മണ്ണിട്ടുയർത്തി ഒത്തിരി വീതികൂട്ടിയ വരമ്പ് സൃഷ്‌ടിച്ചിരിക്കുന്നു. അതിനുമപ്പുറം കളികൂട്ടുകാരന്റെ വീടും, കറുകത്തൊടിയും പിന്നെ പിന്നെ….. പൂർവ്വികർ ഇഷ്‌ടദാനമായിത്തന്ന ആ മൺവീട് നിന്നിരുന്ന സ്‌ഥലവും…..ഇന്നിപ്പോൾ – എല്ലാത്തിനും മൂകസാക്ഷിയായി തേപ്പും പണിപൂർത്തിയും കഴിയാത്ത ആ ഒരു വാർപ്പ് കിണർ മാത്രം!! ഒരു നോക്കുകുത്തിപോലെ ആരെയോ….. പ്രതീക്ഷിച്ചിട്ടെന്നപ്പോലെ ഇപ്പോഴും ശോകമൂകമായി നിലകൊള്ളുന്നു. അറിയാതെ നിറഞ്ഞൊഴുകിയ സങ്കടവും….. തേങ്ങലും….. ഓട്ടോ- ഡ്രൈവറെ തിരിഞ്ഞു നോക്കാനുള്ള പ്രേരണ നൽകി.
“മാഡം എന്തുപറ്റീ…….”? വിനയം നിറഞ്ഞ അയാളുടെ ചോദ്യത്തിനുമുൻപിൽ ഒന്നും പതറി. പിന്നെ കണ്ണുകളൾ തുടച്ച് ’ഒന്നുമില്ലെന്ന്‘ തലയിളക്കി വെറുതെ ചിരിച്ചു. പക്ഷെ ഓട്ടോ ഡ്രൈവർക്ക് പിന്നേയും ആശങ്ക. അയാൾ വീണ്ടും തിരക്കി.
“മാഡത്തിന്റെ കണ്ണുകൾ നിറഞ്ഞല്ലോ…. എന്തുപറ്റീ………? മുൻപ് ഇവിടേക്ക് വന്നിട്ടുണ്ടോ”….?!
’ഇല്ലെന്ന് പറയാൻ ശ്രമിച്ചതാണ്. പക്ഷെ കഴിഞ്ഞില്ല. അറിയാതെ നിറഞ്ഞൊഴുകിയ മിഴികളും, മുന്നിലെ പാടത്തിനപ്പുറത്തേക്ക് ചൂണ്ടിക്കാട്ടിയ വിരലും…. തേങ്ങലും അതു പറയിപ്പിച്ചു.
‘ഇതെന്റെ ഗ്രാമമാണെന്നും, ജനിച്ചു വളർന്നതിവിടെയാണെന്നും’ മറ്റും.
“മാഡത്തിന് അവിടം പോയി കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ…… ഞാനും വരാം.” ഓട്ടോഡ്രൈവർ – താൽപര്യം കാണിച്ചു.
‘വേണ്ടെന്ന് പറഞ്ഞ് വണ്ടിതിരിച്ചു വിടാൻ പറയുമ്പോൾ മനസ്സിൽ എന്തായിരുന്നു…..? ഗൃഹാതുരതയുണർത്തുന്ന – തെളിവാർന്ന ഓർമ്മകളുടെ കുഞ്ഞുപീലിച്ചിന്തുകളും കുഞ്ഞുനാളിലെ ഗ്രാമത്തിന്റെ നിറഞ്ഞ സ്വച്ഛ്തയുമല്ലാതെ….. വേറെ…..എന്താണ്…..?!
Generated from archived content: story1_nov14_09.html Author: kukku_krishnan
Click this button or press Ctrl+G to toggle between Malayalam and English