‘അപർണ’!

വിണ്ണിലൂറിക്കൂടി…. മണ്ണിലേക്ക്‌ നനഞ്ഞിറങ്ങിയ ഒരു പെരും മഴയുടെ നിലവിളിയിൽ നടുങ്ങിപ്പിടഞ്ഞുണർന്നപ്പോൾ നെഞ്ചിൽ ആദ്യം വിങ്ങിത്തുടിച്ച മുഖം അപർണയുടെതായിരുന്നു.!

ജീവിതത്തിലെ ഒത്തിരി നോവുകളിൽ നിന്ന്‌ കണ്ണീരോടെ കടമെടുത്ത്‌ എഴുതിയ കഥകളും….. കവിതകളും ചുണ്ടിൽ ആറ്റിക്കുറുക്കി – മിഴിയോരം …. ചേർത്ത്‌ ഒടുവിൽ മനസ്സിന്റെ കാണാക്കോണിൽ ഒളിപ്പിച്ച വെക്കുന്ന എന്റെ പ്രിയ കൂട്ടുകാരി.

അവളുടെ ഓരോ….. ഒച്ചയും….. അനക്കവും….. ചിന്തയും സങ്കടവും…. സന്തോഷവും…. എന്റേതുകൂടിയായിരുന്നല്ലോ…….!

കോളേജിൽ വെച്ചുള്ള പരിചയം വളർന്ന്‌ ആകാശം നിറയുന്ന സ്‌നേഹമായി മാറിയത്‌ എത്ര പെട്ടന്നായിരുന്നു. അതുപോലെത്തന്നെ മറ്റെന്തിനേക്കാളുപരിയായി എനിക്കവൾ ജീവനായി മാറിയതും മറ്റുള്ളവർക്കിടയിൽ ഒരു വലിയ ചർച്ചാവിഷയവും അത്‌ഭുതവുമായിരുന്നില്ലേ….?

ക്ലാസ്സിലെ അസൂയാലുക്കളായ ഒരു പറ്റം പാരകൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.

‘ഹോ….. ഈ ഹരിപ്രിയക്ക്‌ എന്തിന്റെ സൂക്കേടാ…. സദാസമയവും….. ആ വിഷാദരോഗീടെ പുറകെത്തന്നെ.

ഒന്നും കണ്ടില്ലെന്ന, കേട്ടില്ലെന്നും നടിച്ച്‌ അപർണയിലേക്ക്‌ മടങ്ങുമ്പോൾ അവളുടെ മൗനം നിറഞ്ഞ സ്‌നേഹം എന്തുമാത്രം വാചാലമായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മരിച്ചുപോയ അമ്മയുടെ രൂപം മനസ്സിൽ പതിയുന്ന നേരത്തെല്ലാം അപർണ ഒരു നിമിത്തം പോലെ മുന്നിൽ വരുമായിരുന്നു. പിന്നെയാ…. വാത്സല്യം നിറയുന്ന നോട്ടവും, ശാസനയും, മട്ടും മാതിരിയുമെല്ലാം ശരിക്കും തെക്കേ പുരയ്‌ക്കലെ കല്യാണിക്കുട്ടിയമ്മയുടേത്‌ തന്നെ….! ഒരു സംശയോമില്ല.!

വേറെ ചിലപ്പോഴൊ………..മയിൽപ്പീലിത്തുണ്ടിനും മഞ്ചാടിമണിക്കുമൊക്കെ വാശിപിടിച്ച്‌ കരഞ്ഞ്‌ പിണങ്ങിയിരിക്കുന്ന ഒരു അസൽ മൂന്നാം ക്ലാസ്സുകാരി! മറ്റുചിലപ്പോഴൊ….. ഗഹനമായ ചിന്തകൾക്കായി ഉഴിഞ്ഞു വെച്ച മനസ്സുമായിട്ടിരിക്കുന്ന ഒരു പടു വൃദ്ധയുടെ ഭാവം.!

“ഫാൻസി ഡ്രസ്സ്‌ കോംപറ്റീഷന്‌ നീ… ഒന്നാന്തരമാ…. അപർണേ…..” ഒരിക്കൽ ആ ഇരുപ്പ്‌ കണ്ട്‌ വലിയ ചിരിയോടെ തട്ടി വിട്ടപ്പോൾ അതൊരു തമാശയായി മുഖവിലക്കൊടുക്കാതെ അപർണ സീരിയസ്സായി.!

“ശരിയാണ്‌ ഹരിക്കുട്ടീ…….. നീ പറഞ്ഞത്‌ – അക്ഷരം – പ്രതി ശര്യാണ്‌. ’കോളേജ്‌ ഡേ‘വരട്ടെ. നമ്മുക്ക്‌ ആലോചിക്കാം.”

ഞാൻ വല്ലാതായി. എന്തു പയണമെന്നറിയാതെ കുഴങ്ങി അങ്ങനെയുള്ള ജോക്കൊന്നും അപർണയോട്‌ വേണ്ടായിരുന്നു എന്നു തോന്നി. കുറ്റബോധംകൊണ്ട്‌ മനസ്സ്‌ നീറുമ്പോൾ അപർണ തന്നെ ആശ്വസിപ്പിക്കാനെത്തും.

“ന്റെ ഹരിക്കുട്ടീ….. ഞാനങ്ങനെ പറഞ്ഞത്‌ നിനക്ക്‌ – വിഷമമായോ…? എങ്കീ…… ഞാനതങ്ങ്‌ തിരിച്ചെടുത്തൂ….. എന്റെ കുട്ടാ…. ഞാനുമൊരു ജോക്ക്‌ കത്തിച്ചതല്ലേടാ…..” അപർണ ചിരിച്ചങ്ങനെ പറഞ്ഞൊഴിയുമ്പോൾ ഇനിയും അവളെ മനസ്സിലാക്കാൻ കഴിയണില്ലല്ലോ…യെന്ന സങ്കടം ഉള്ളിന്റെയുള്ളിൽ നിറഞ്ഞ്‌ – പരന്ന്‌ കൺകോണിലൂടെ നനഞ്ഞിറങ്ങും. അപ്പോ കൈവിരൽത്തുമ്പിൽ പിടിച്ച്‌ ക്യാംപസുകളിലെ ഒച്ചയനക്കങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോവുക അപർണയുടെ പതിവ്‌ സന്തോഷങ്ങളിൽ ഒന്നാണല്ലോ….! പിന്നീട്‌ എല്ലാം മറക്കുന്ന മനസ്സിന്റെ കുട്ടിത്വം പാടയിറമ്പിലെ പച്ചപ്പിൽ കളിച്ചു തിമിർക്കുമ്പോൾ ദൂരെ അലയാഴികൾക്കപ്പുറം മുഖം ചുവപ്പിച്ചെത്തിയ സന്ധ്യ വൈമനസ്യത്തോടെ വിട പറയുകയായിരിക്കും.

പിന്നെ രാത്രി – വെള്ളിനിലാവിന്റെ ചേലയണിഞ്ഞ്‌….., കുറുമൊഴിമുല്ലപ്പൂ ചൂടി – നിദ്രകളിൽ കനവുകളേറെത്തന്ന്‌, പടിയിറങ്ങുമ്പോൾ പുലർച്ചകളിൽ ശാന്തിയും, സമാധാനവും നിറഞ്ഞ ഒരു ഉണർച്ച ഉറപ്പായിരിക്കും.! ഓർക്കുമ്പോൾ അതൊക്കെ ഒരു രസം തന്നെയാണ്‌ എന്തൊക്കെയായാലും അതൊക്കെ കുറച്ചു നിമിഷങ്ങളിൽ മാത്രം തങ്ങി നിൽക്കുന്ന ആഹ്ലാദങ്ങളുടെ ചിന്തകൾ മാത്രം.!

വീണ്ടും പരാജയങ്ങൾ നിറഞ്ഞ ജീവിത മുഹൂർത്തങ്ങളിലേക്ക്‌ തിരിച്ചു വരുമ്പോൾ അവിടെ ടെൻഷനടിക്കാനായി ലാബും – കെമിസ്‌ട്രിയും; ടെസ്‌റ്റ്യൂബും…. റിസെർച്ചും മാത്രം!!

പക്ഷെ…. ’പിന്നീടെന്തേ…. അതൊന്നും കംപ്ലീറ്റ്‌ ചെയ്യാതെ….? ഒരിക്കൽ അപർണ തന്നെയാണ്‌ അത്‌ ചോദിച്ചത്‌.

അപ്പോ…. ആകാശത്തിനൊപ്പം മനസ്സിലും നിറമുള്ള കുങ്കുമസന്ധ്യകളായിരുന്നു.!

‘ഒന്നുമല്ലെന്ന്‌…..’ വെറുതെ തലയിളക്കി സംഭാഷണം മറ്റൊരു വഴിയിലേക്ക്‌ തിരിച്ചു വിടുമ്പോൾ അപർണ വേറെന്തോ…. പറയാനായി ….. ഓർക്കുന്നതുകണ്ടു. വീണ്ടും മൗനവും…. മിഴിയും ആകാശത്തെ കുങ്കുമസന്ധ്യകളെ നോക്കി നെടുവീർപ്പിടുമ്പോൾ അപർണ തിരിച്ചുപോകാൻ യാത്ര പറയുകയായിരുന്നു.

പിന്നേയും അപർണ ഓരോരോ…. അവധിക്കാലങ്ങളിൽ ഓടിവരുമായിരുന്നു. കോളേജ്‌ വിശേഷങ്ങൾ….., നാട്ടുവിശേഷങ്ങൾ വീട്ടുവിശേഷങ്ങൾ എന്നുവേണ്ട എല്ലാം ഒറ്റശ്വാസത്തിൽ പറഞ്ഞ്‌ കിതക്കുമ്പോൾ – കൈവിട്ടുപോയ സ്വപ്‌നങ്ങളുടെ മായാനിഴലുകൾ, അപർണക്കൊപ്പം വന്ന്‌ തന്നെ തൊട്ടുണർത്തുന്നതായി തോന്നും. അപ്പോൾ മനസ്സ്‌ വീണ്ടും കെമിസ്‌ട്രിലാബിന്റെ ഇടുങ്ങിയ കോറിഡോറിലെ വെളിച്ചം കുറഞ്ഞ ഭാഗത്തായിരിക്കും. പലവിധ രാസപദാർത്ഥങ്ങളുടെ ഇടയിൽ നീറുന്ന ചിന്തയായി മറ്റൊരു കോംപ്ലക്‌സ്‌ നിറഞ്ഞ ഇൻവെൻഷൻ.! എല്ലാത്തിനും ഒടുവിൽ ആശ്വാസത്തിനായി തണുപ്പുള്ള ചിന്തകളുടെ പതുപതുപ്പിലേക്ക്‌ തളരുമ്പോൾ അവിടെ മനസ്സിന്‌ ഫുൾറിലാക്‌സ്‌. പിന്നീടെല്ലാം മറന്ന നാളുകൾ.!

ഒരിക്കൽ ഓർമ്മ പുതുക്കി അപർണയുടെ ലെറ്റർ വന്നു. “എന്തേ…..ഒരിക്കൽ പോലും എന്റെ വീട്ടിലേക്ക്‌ വരാഞ്ഞെ….?” ഈ വരുന്ന സൺഡേയിൽ പ്രതീക്ഷിക്കട്ടെ.! അന്നൊരു വിശേഷംകൂടിയുണ്ട്‌.. ലെറ്ററിൽ എഴുതുന്നില്ല. വരുമ്പോൾ ഒരു സർപ്രൈസ്സ്‌ ആയിക്കോട്ടെ.“

”അന്നെന്തോ….. പോകാൻ കഴിഞ്ഞില്ല. പിന്നീട്‌… എന്തേ….നീ വന്നില്ല.“ എന്നു ചോദിച്ച്‌….. അപർണയുടെ മറ്റൊരു കുറിമാനം വന്നതുമില്ല.

തിരക്കുള്ള ജീവിതത്തിനിടയിൽപ്പെട്ട്‌ അവളുടെ വിശേഷങ്ങൾ തിരക്കാൻ സമയം കിട്ടിയില്ല. എങ്കിലും മനസ്സിൽ അവളോടുള്ള സ്‌നേഹം ഒരു നിറകടലായ്‌ പരന്നു കിടന്നു. പിന്നേയും അവളുടെ പരിഭവത്തിൽ പൊതിഞ്ഞ കുറിമാനങ്ങളെ പ്രതീക്ഷിച്ചുകൊണ്ടിരുന്നു. കാണാഞ്ഞപ്പോൾ സ്വയം കുറ്റപ്പെടുത്തി. വെറുതെ ആശങ്കപ്പെട്ടു. ഒടുവിൽ തോൽവി സമ്മതിച്ച്‌ അപർണയ്‌ക്കെഴുതി. പക്ഷെ മറുപടി വന്നില്ല.! മനസ്സാകെ അസ്വസ്‌ഥമായി. ‘ന്റെ’ പ്പൂന്‌ ഇതെന്തുപറ്റീ…..?! ഒരു പക്ഷേ എന്നെ അറിയിക്കാതെ അവൾ വിവാഹിതയായിക്കാണുമോ…..?! ഞാൻ വെറുതെ സന്ദേഹിച്ചു.!

ന്റെപ്പൂന്‌…. അതിന്‌ കഴിയുമോ…..? ഇല്ല ഒരിക്കലും കഴിയില്ല. അവൾ എന്റെ ബെസ്‌റ്റ്‌ ഫ്രണ്ടല്ലേ….? എന്നെ അറിയിക്കാതെ അവൾ കല്യാണം കഴിക്ക്യോ…..? പിന്നെ അവൾക്കെഴുതാൻ തുനിഞ്ഞില്ല. പോകാൻ തന്നെ തീരുമാനിച്ചു.

അനേകം കെട്ടുകഥകളും….., പഴമ്പാട്ടുകളുമുറങ്ങുന്ന ഗ്രാമത്തിന്റെ നടവഴികളിലൂടെ….. മഴച്ചാറ്റിലൂടെ…. അപർണയുടെ ഞാലിക്കൽ വീട്ടിലേക്ക്‌……

രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ അച്‌ഛൻ പ്രത്യേകം ഓർമ്മിപ്പിച്ചു.

”തിരിച്ചുവരാൻ വൈകരുത്‌. ആറ്‌ മണിക്ക്‌ മുൻപിങ്ങെത്തണം.“

”ശരിയച്ഛാ….“ ഇറങ്ങുമ്പോൾ നല്ല വെയിലായിരുന്നു. പക്ഷെ അപർണയുടെ ഗ്രാമപാതയിൽ വണ്ടിയിറങ്ങുമ്പോൾ നേരെ തിരിച്ചും.! ഗംഭീരമഴ.!

ബസ്‌റ്റോപ്പിൽ എത്രനേരം നിന്നൂന്നറിയില്ല. ഇങ്ങനെ നിന്നാൽ ശരിയാവില്ലെന്നു തോന്നി – മഴച്ചാറ്റിലേക്കിറങ്ങി. അധികം അന്വേഷിക്കേണ്ടി വന്നില്ല. ഒരു പാടം കഴിഞ്ഞുള്ള ഇടവഴി. കാക്കപ്പൂക്കളും, മയിലാഞ്ചിച്ചെടികളും വേലിക്കലങ്കാരമായ ആ ഇടവഴികൾ അവസാനിക്കുന്നിടത്തെ ഓടിട്ട ഒരു പഴയ വീട്‌ !!

മുറ്റം നിറയെ ചെത്തിയും…, ചെമ്പരത്തിയും…, പിന്നെ വറ്റാൻ മടിച്ചുനിൽക്കുന്ന ഒത്തിരി മഴ വെളളവും.!! മുകളിലെവിടെയോ…. ആയിരുന്ന അപർണ തന്നെയായിരുന്നു ആദ്യം കണ്ടതും…., ഓടിയെത്തിയതും. പിന്നെ പരാതികളുടേയും പരിഭവങ്ങളുടേയും, വിശേഷങ്ങൾ തിരക്കലിന്റെയും…. ഒരു പേമാരി തന്നെയായിരുന്നു. പിന്നീട്‌ എല്ലാത്തിനും ഒടുവിൽ തന്റെ വിശേഷങ്ങളിൽ പ്രധാനമായി അപർണക്ക്‌ അഭിമാനത്തോടെ പറയാനുള്ളത്‌. അതിർത്തിയിൽ യുദ്ധത്തിന്‌ പോയിരുന്ന ഏട്ടന്റെ വിശേഷങ്ങളെപ്പറ്റിയാണ്‌ ശത്രുരാജ്യക്കാരോട്‌ പടപൊരുതി സ്വന്തം നാടിന്റെ സുരക്ഷക്ക്‌വേണ്ടി കഠിനമായി പ്രയത്‌നിക്കുന്ന ഏട്ടനെപ്പറ്റി പറയാൻ അപർണക്ക്‌ നൂറ്‌ നാവാണ്‌. അതിനുശേഷമുള്ള നീണ്ട മൗനങ്ങൾക്കിടയിൽ എപ്പോഴൊ…. അപർണയുടെ അമ്മ കാപ്പിയും ബിസ്‌ക്കറ്റും കൊണ്ടുവന്നു വെച്ചു.

”ഇതൊന്നും വേണ്ടമ്മേ…. രാവിലെ ഞാൻ കാപ്പികഴിച്ചിട്ടല്ലേ വരണത്‌.“

അതൊന്നു സാരംല്യാ….. ന്റെ‘ മോള്‌ ഇവിടെ ആദ്യമായി വർവല്ലേ….. അതുപോരാഞ്ഞ്‌ ഒന്നൊന്നര മണിക്കൂർ ബസ്‌യാത്രയും കഴിഞ്ഞ്‌….. ക്ഷീണിച്ച്‌; മോൾ എതിരൊന്നും പറയേണ്ട. അപ്പൂനോട്‌ സംസാരിച്ചിരുന്നോളൂ…..”

അപർണേടമ്മയുടെ സ്‌നേഹത്തിന്‌ മുന്നിൽ തോറ്റുകൊടുത്ത്‌ അവരുടെ സൽക്കാരം ഹൃദയപൂർവ്വം സ്വീകരിച്ചു.

ഉച്ചയൂണും കഴിഞ്ഞിറങ്ങുമ്പോൾ അപർണേടമ്മ ഇന്നു പോവേണ്ടെന്നു ശഠിച്ചു. അപർണക്കും ഒരേ നിർബന്ധം “ഹരിക്കുട്ടി ഇന്നിവിടെ നിന്നിട്ട്‌ നാളെവെളുപ്പിന്‌ പോയാൽ മതീന്ന്‌….”

പക്ഷെ വൈകിട്ട്‌ ആറ്‌ മണിക്ക്‌ മുൻപ്‌ വീട്ടിലെത്തണമെന്ന്‌ അച്‌ഛന്റെ ഓർമ്മപ്പെടുത്തൽ തിരിച്ചുപോരാൻ നിർബന്ധിതയാക്കി.

’ഇനി വരുമ്പോൾ രണ്ട്‌ ദിവസം ഇവിടെ തങ്ങിയിട്ടെ പോകൂന്ന്‌….‘ അപർണക്ക്‌ വാക്കു കൊടുത്തിട്ടാണ്‌ അവിടന്നിറങ്ങിയത്‌. ഇടവഴികൾക്കപ്പുറം പാടയിറമ്പ്‌ വരെ ഓരോന്നും പറഞ്ഞ്‌ അപർണ തന്നെ അനുഗമിച്ചു.

അന്നങ്ങനെ പിരിഞ്ഞതിനുശേഷം അവിചാരിതമായി – വീണ്ടും ഒരിക്കൽകൂടി അപർണയുടെ ഗ്രാമപാതയിൽ വണ്ടിയിറങ്ങി. പത്രത്തിൽ കണ്ട ഒരു സാഡ്‌ന്യൂസായിരുന്നു. അതിനു കാരണം അതിർത്തിയിൽ യുദ്ധത്തിന്‌ പോയ അപർണയുടെ ഏട്ടൻ അരുൺ പ്രകാശിന്റെ വീരമൃത്യു പത്രത്തിൽ ഫോട്ടോ സഹിതം കൊടുത്തിരിക്കുന്നു.!!!

ഈശ്വരാ …. ന്റെ ഗുരുവായൂരപ്പാ…. പത്രത്തിലേക്ക്‌ ഒന്നേ… നോക്കിയുള്ളൂ…. കണ്ണീർ മൂടി…. അവ്യക്തമായ അക്ഷരങ്ങൾക്കുമീതെ ഇരുട്ടു പടർന്നപ്പോൾ ഉള്ളിന്റെയുള്ളിൽ നിന്ന്‌ ശബ്‌ദമില്ലാത്തൊരു നിലവിളിയുയർന്നു. കൺമുന്നിൽ അപർണയുടെ കരഞ്ഞമുഖം തെളിഞ്ഞു. പിന്നിടൊന്നും ആലോചിച്ചില്ല. പുറത്തേക്കു പോയ അച്ഛന്റെ പെർമിഷനുപോലും കാത്തു നിൽക്കാതെ മുത്തശ്ശിയെ കാര്യങ്ങൾ ധരിപ്പിച്ച്‌ ഓടിവരികയായിരുന്നു. പക്ഷെ താൻ എത്തുമ്പോഴെക്കും ഞാലിക്കൽ വീടിന്റെ തെക്കേ തൊടിയിൽ പുഷ്‌പവൃഷ്‌ടി ചൊരിഞ്ഞ ഒരു മൺകൂന ഉയർന്നു കഴിഞ്ഞിരുന്നു!!!

തിരിച്ചുപോരുമ്പോൾ അപർണക്ക്‌ നല്ല പനിയുണ്ടായിരുന്നു. എങ്കിലും തന്നെയാത്രയാക്കാൻ – കിടന്നകിടപ്പിൽ നിന്ന്‌ പതുക്കെ മുഖമുയർത്തിയെന്നു മാത്രം. അന്ന്‌ വീട്ടിലെത്തുമ്പോൾ സന്ധ്യകഴിഞ്ഞിരുന്നു. അച്ഛനും.. മുത്തശ്ശിയും ഉമ്മറപ്പടിയിൽ തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞപ്പോൾ അവർക്കും സങ്കടമായി.

അതിനുശേഷം പലപ്പോഴും അപർണയെ കാണാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ദൈനംദിന ജീവിതത്തിലെ ഓരോ… തിരക്കുകളും………., പ്രശ്‌നങ്ങളും കാരണം പോകാൻ കഴിഞ്ഞില്ലെന്നുമാത്രം.

അങ്ങനെയിരിക്കെ ഒരിക്കൽ എല്ലാ തിരക്കുകളിൽ നിന്നും മനഃപ്പൂർവ്വം വിട്ടുനിന്ന്‌ – അപർണയെ കാണാൻ പുറപ്പെട്ടു. വീടിനോട്‌ അടുക്കുംതോറും മനസ്സു നിറയെ വേവലാതിയായിരുന്നു.

അച്‌ഛനേയും…അമ്മയേയും അപർണയേയുമൊക്കെ എങ്ങനെ ഫെയ്‌സ്‌ ചെയ്യണം, ആശ്വസിപ്പിക്കണം എന്നൊക്കെയുള്ള വേവലാതി ഞാലിക്കൽ വീടിന്റെ ഉമ്മറ വാതിൽക്കലെത്തിച്ചു.

അവിടെ താഴെ ചവിട്ടുപടിയിൽ തന്നെ അപർണയുണ്ടായിരുന്നു. മുറ്റത്തെ നീർമാതളച്ചെണ്ടിലേക്ക്‌ മിഴികളെറിഞ്ഞ്‌…., അസുഖകരമായ ചിന്തകളിൽ മുഴുകി പതിയെ ഒച്ചയുണ്ടാക്കാതെ…., പുറകിൽ ചെന്ന്‌ ആ ചുമലിൽ സ്‌പർശിച്ചപ്പോഴാണ്‌ അവൾ തന്റെ സാന്നിദ്ധ്യം അറിഞ്ഞതുതന്നെ. അതോടെ അവൾ പിടഞ്ഞുണർന്നു. പിന്നെ തന്നെ വട്ടം കെട്ടിപ്പിടിച്ച്‌ അമ്മയെ ആർത്ത്‌വിളിച്ച്‌ ഉള്ളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. പിന്നെ അവിടെ സന്തോഷത്തിന്റെ ഒരു പൊടിപൂരം തന്നെയായിരുന്നു!! തന്റെ സാമീപ്യം അപർണയെ സന്തോഷവതിയാക്കിയിരിക്കുന്നു.! അതുപോലെത്തന്നെ അച്‌ഛന്റെയും, അമ്മയുടെയും മുഖത്തെ ദുഃഖത്തിന്റെ കാർമേഘ പടലങ്ങളൊക്കെ പെയ്‌തൊഴിഞ്ഞിരിക്കുന്നു.! ഇപ്പോ…. എല്ലാ മുഖങ്ങളിലും സന്തോഷം മാത്രം.

“ഹരിക്കുട്ടിയെ……..കണ്ടപ്പോ…. അപ്പൂന്റെ ഒരുത്‌സാഹം നോക്ക്യേ ഇപ്പോ…. അവൾടെ…. സങ്കടോംമാറി…. പനീം… മാറി.

അപർണേടച്ഛൻ കളിയാക്കിപ്പറഞ്ഞപ്പോഴാണ്‌ അപർണ പനിപിടിച്ചിരിക്കുകയാണെന്നറിഞ്ഞത്‌. വേപഥുവോടെ അവളുടെ നെറ്റിയിലും, കഴുത്തിലുമൊക്കെ കൈവെള്ള അമർത്തിവെച്ച്‌ ചൂട്‌ പരിശോധിച്ചു.

”ഏയ്‌… ഇപ്പോ….. പനിയൊന്നുമില്ലല്ലോ…..“? അതൊക്കെ ന്റെ ഹരിക്കുട്ടിയെ കണ്ടാൽ മാറില്ലേ….. അച്ഛൻ പറഞ്ഞതാ…. ശരി. അല്ലേ…. അമ്മേ…. അപർണ ചിരിയോടെ പറഞ്ഞപ്പോൾ അതെയെന്ന്‌ അമ്മയും സമ്മതിച്ചു.

പിന്നീടെന്തെല്ലാം വിശേഷങ്ങൾ പറഞ്ഞിരുന്നു. ചെത്തിക്കാട്ടിലേക്ക്‌ ഇരുട്ടു വീണതും, അസ്‌ഥിത്തറയിലെ അന്തിത്തിരിയണഞ്ഞതും, തൊട്ടാവാടികൾ തളർന്നുറങ്ങിയതുമൊന്നും അറിഞ്ഞില്ല. അത്താഴം കഴിക്കാൻ അപർണേ’ടമ്മ വന്നു വിളിച്ചപ്പോഴാണ്‌….ഉമ്മറപ്പടിയിൽ നിന്നും എഴുന്നേറ്റത്‌.

പഴനെല്ലരിയുടെ കഞ്ഞിയും, പയറുതോരനും കഴിച്ച്‌ പിന്നേയും ഒരുപാട്‌ പറഞ്ഞിരുന്നു. കൂടുതലും അപർണയായിരുന്നു പറഞ്ഞിരുന്നത്‌. എല്ലാം മരിച്ചുപോയ ഏട്ടനെക്കുറിച്ചുള്ള വിശേഷങ്ങൾ! വർണ്ണനകൾ! പിന്നീടെപ്പോഴൊ ഉറങ്ങിയുണർന്നപ്പോഴെക്കും…. നേരം നന്നേ പുലർന്നിരുന്നു. രാവിലെ കുളിച്ച്‌ പ്രാതൽ കഴിച്ച്‌ അപർണയുടെ… ഒപ്പംതൊടിയിലേക്കിറങ്ങി. തൊടിയിലെ ചേമ്പിലക്കുമ്പിളിൽ വീണുരുണ്ടുകിടക്കുന്ന മഴത്തുള്ളിയെ തൊട്ട്‌, തൈതെങ്ങിന്റെ…. തണലിൽ ഇരുന്ന്‌ പൂഴിമണലിൽ വിരൽ താഴ്‌ത്തി… വെറുതെ നോവറിഞ്ഞ്‌… നാട്ടുമൈനകളുടെ പയ്യാരം കേട്ട്‌. എത്ര നേരം?!

പിന്നീട്‌ അപർണയുടെ അമ്മ ഉണ്ണാൻ വിളിച്ചപ്പോഴാണ്‌ ഉച്ചയായീന്നറിഞ്ഞതും, തൊടി വിട്ടതും.

നല്ല അവിയലും, തോരനും…. മോരും…., പപ്പടവും കൂട്ടിയുള്ള ഉച്ചയൂണ്‌. പിന്നേയും സന്തോഷം നിറഞ്ഞ സായാഹ്‌നം! വീണ്ടും പാടയിറമ്പിലെ പച്ചപ്പിലേക്ക്‌ നോക്കി അപർണ വാചാലയായി.!

പിന്നീടൊപ്പോഴൊ ഉള്ളിന്റെയുള്ളിൽ നിറഞ്ഞുപൊരുത്ത സങ്കടച്ചിന്തുകൾ അക്ഷരക്കൂട്ടങ്ങളായി കടലാസിലേക്ക്‌ പകർത്തിയ കഥകളും കവിതകളും മുന്നിൽ നിരത്തി! എല്ലാ രചനകളിലും ഒരേട്ടൻ നഷ്‌ടപ്പെട്ട അനിയത്തിയുടെ കണ്ണീരു പുരണ്ടിരുന്നു. അതുപോലെ കൂടപ്പിറപ്പിനെപ്പോലൊരു കൂട്ടുകാരിയുടെ സാന്ത്വനവും! പിറ്റേന്ന്‌ പോകാൻ യാത്രയാകുമ്പോൾ എല്ലാവർക്കും വല്യ സങ്കടായി. ഇനിയും വൈകാതെ വരാമെന്ന്‌ വാക്കുകൊടുത്ത്‌ നടന്നവഴികൾ പിന്നിടുമ്പോൾ ഒരു മേൽക്കാച്ചിൽ വന്ന്‌ അപർണയെ പൊതിഞ്ഞുവോ….? എന്തോ…. തീരെ സ്വൈര്യമില്ലാത്ത ഒരു യാത്രയായിരുന്നു. പിന്നീട്‌ ഒരു വിശേഷവും അറിഞ്ഞില്ല ആഴ്‌ചകൾ മാസങ്ങളിലേക്ക്‌ പ്രയാണമാരംഭിച്ചു.

ഒരിക്കൽ – വളരെ ആകസ്‌മികമായി ഓടിക്കിതച്ചെത്തിയ വാർത്ത. അപർണയുടെ മരണവാർത്തയായിരുന്നു!!! നടുങ്ങിപ്പോയി!!! അച്‌ഛനേയുംകൂട്ടി അപർണയുടെ ഗ്രാമപാതയിൽ വണ്ടിയിറങ്ങുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുകയായിരുന്നു. തെക്കിനിയിൽ തെളിയിച്ചു വെച്ച നിലവിളക്കിനും, ചന്ദനത്തിരികൾക്കും രണ്ടായിപകുത്തുവെച്ചു നാളികേരത്തിനും ചുവട്ടിലായി വിരിച്ച വെള്ളത്തുണിയിൽ ചേതനയറ്റു കിടക്കുന്ന തന്റെ അപ്പൂ….!!

ഒന്നേ നോക്കിയുള്ളൂ….. അച്‌ഛന്റെ നെഞ്ചിലേക്ക്‌ മുഖമൊളിപ്പിച്ച്‌ പൊട്ടിക്കരഞ്ഞു. ഈശ്വരാ…. ന്റെ‘ അപ്പൂനിതെന്തുപറ്റീ…..”! പുറത്ത്‌ ആരൊക്കെയോ. അടക്കം പറഞ്ഞത്‌ കേട്ടപ്പോൾ തളർന്നുപോയി. പനിമുറിഞ്ഞ്‌ സമയത്തിന്‌ ശരിയായ ചികിത്‌സ ലഭിക്കാഞ്ഞിട്ടാണ്‌ മരണം സംഭവിച്ചതെന്ന്‌. ഇടയ്‌ക്കിടയ്‌ക്കുള്ള പനിയും നൊമ്പരവും മുഖത്ത്‌പ്രകടിപ്പിക്കാതെ പാവം നാൾ കഴിച്ചു. ഇപ്പോ…. ഏട്ടന്റെ കുഴിമാടത്തിനരികിലായി അനിയത്തിയും!

സന്ധ്യക്ക്‌ ഗുരുവായൂരപ്പന്‌ ദീപം വെച്ച്‌ പ്രാർത്ഥിക്കുമ്പോൾ വല്ലാതെ സങ്കടപ്പെട്ടു. രാത്രി ഒരു പോളകണ്ണടച്ചില്ല. ഒരു ചെറുപനിയുടെ വികൃതി ഇത്രയും വലിയ ഒരു ദുരന്തത്തെ സമ്മാനിക്കുമെന്ന്‌ ആരറിഞ്ഞു?!

രണ്ട്‌ വർഷം വേഗത്തിലോടിപ്പോയത്‌ അറിഞ്ഞില്ല! പിന്നീട്‌ ഒരിക്കൽപ്പോലും അപർണയില്ലാത്ത അവളുടെ ഞാലിക്കൽ വീട്ടിലേക്ക്‌ പോയില്ല! സത്യത്തിൽ എന്തിന്‌… പോണം? ആരെ കാണാൻ? മരിച്ചതിന്‌ തുല്യം ജീവിക്കുന്ന ആ പാവം അച്ഛനേയും അമ്മയേയും കൂടുതൽ സങ്കടപ്പെടുത്താനോ….? മനസ്സിൽ എപ്പോഴും വാചാലമാകുന്നൊരു മുഖം ചിരിയും….. ചെറുശബ്‌ദതരംഗങ്ങളുമുണ്ട്‌. മരിക്കാത്തതായി അതുമാത്രമല്ലേ…. അപർണയുടേതായുള്ളൂ……..

പക്ഷെ…. ഇന്നലെ അപ്രതീക്ഷിതമായി വന്ന ഒരു ലെറ്റർ!! തുറന്നു വായിച്ചപ്പോൾ കണ്ണുകൾക്കു മുന്നിൽ അപർണയുടെ മുഖം തെളിഞ്ഞു…. “ഈ കത്ത്‌കിട്ടിയാൽ ഹരിക്കുട്ടി ഉടനെ വരണം. ഞങ്ങൾക്ക്‌ ഇനി മോളേയുള്ളൂ………. ഒരു നോക്ക്‌ കാണാനും, പറയാനും വരില്ലേ…..” എന്ന്‌ അപർണേടച്ഛനും….. അമ്മയും.

കത്തുവായിച്ചു കഴിഞ്ഞപ്പോൾ അപർണേടെ ഗ്രാമത്തിലെത്താൻ തിടുക്കമായി അച്ഛനോട്‌ പെർമിഷൻ വാങ്ങി ഉടൻ പുറപ്പെട്ടു. അപർണയില്ലാത്ത ഗ്രാമപാതയിൽ വണ്ടിയിറങ്ങി ചുട്ടുപൊള്ളുന്ന വെയിലിനെ അതിജീവിക്കാനായി നിവർത്തിപ്പിടിച്ച കുടയുമായി ഏകയായി നടക്കുമ്പോൾ അപർണയുടെ മാതാപിതാക്കളെ ഫെയ്‌സ്‌ ചെയ്യേണ്ടത്‌ എങ്ങനെയാണെന്നചിന്തയിലായിരുന്നു ഞാൻ.

Generated from archived content: story1_jan25_10.html Author: kukku_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English