നിലാവിനോട് ഒത്തിരി ചോദ്യങ്ങള്‍!

കുറുമൊഴിക്കാറ്റിന്റെ കാതില്‍ കവിള്‍ ചേര്‍ത്തു-
കളിവാക്കുചൊല്ലിത്തിമിര്‍ത്ത’ലാവേ….
നിന്നോടെനിക്കിന്നു ചൊല്ലുവാനുണ്ടേറേ.
കേള്‍ക്കുവാനുണ്ടോ.. നിനക്കു നേരം?
ഉണ്ടെന്ന വിശ്വാസം നെഞ്ചില്‍ നിറച്ചു ഞാന്‍
ഒന്നൊന്നായ് ചൊല്ലിത്തിരക്കിടട്ടെ
മടിയാതെ ..പറയുക… പൗര്‍ണ്ണമിത്തിങ്കളേ…
ചൂളിച്ചുരുങ്ങി നീ… നിന്നിടാതെ..
ആദ്യത്തെ ചോദ്യമായ് ആഞ്ഞിലിക്കൊമ്പിലെ
വെള്ളരിപ്രാവ് കരഞ്ഞതെന്തേ….?

‘ പ്രിയതമനെത്താഞ്ഞോ? കുഞ്ഞിന് വയ്യാഞ്ഞോ
അത്താഴമുണ്ണാനരിയില്ലാഞ്ഞോ’…?
നന്മ നറും പാലായ് .. നാവേറ് പാടിയ
പുള്ളുവത്തിപ്പെണ്ണ് ചൊന്നതെന്തേ..?
‘ കോലോത്തെ കുട്ടിക്ക് കല്യാണമായെന്നോ’?
പുള്ളുവന്‍ നാഗത്താന്‍ പാട്ടിന്ന് പോയെന്നോ?
പച്ചിലത്തോപ്പിലെ പച്ചപ്പനന്തത്ത
പയ്യാരം ചൊല്ലിപ്പറന്നതെന്തേ..?
‘ മണവാളനെത്തീന്നോ.. മകരക്കൊയ്ത്തായീന്നോ..
മഞ്ചാടിക്കുന്നേലെ .. മയിലാട്ടമുണ്ടെന്നോ’…!
‘ നല്ല മുഖലക്ഷണം’ ചൊല്ലിപ്പടിയിറങ്ങിപ്പോയ
കുട്ടിക്കുറത്തി ചിരിച്ചതെന്തേ…?
നാഴിയരിക്കൊപ്പം നാണയക്കൂട്ടവും ..മുണ്ടും –
തുണിയും ലഭിച്ചതോണ്ടോ… അതോ..
ചൊല്ലിയ ലക്ഷണം ലക്ഷണമൊത്തതില്‍
സന്തോഷം നെഞ്ചിനെ തുള്ളിച്ചതോ…?
കനിവേകുമിളനീര്‍… പോല്‍-
കുളിര്‍രാവണഞ്ഞപ്പോള്‍-
തെളിവാര്‍ന്ന ചോലകള്‍ ചൊന്നതെന്തേ…?
‘ നല്ല പീലികള്‍ വിരിയിച്ച് മലയാളനാടിന്റെ-
പാദം തഴുകിയൊഴുകുന്നവര്‍ ഞങ്ങള്‍
പച്ചിളം കൂട്ടിലെ കൊച്ചിളം കാറ്റിനോടൊച്ച
വെക്കാതെ ചിരിക്കുന്നവര്‍ ഞങ്ങള്‍’
മന്ദാരക്കുന്നിലെ മഞ്ഞണിപ്പാലകള്‍
പുഞ്ചിരിതൂകി പ്പറഞ്ഞതെന്തേ…?
‘മായല്ലേ .. മറയല്ലേ.. ആതിരനിലാവേ… നീ
കളിവാക്കല്ലാത്തൊരു കാര്യം ചൊല്ലാം
പാതിരാ നേരത്ത് എന്നരികിലെത്താമോ..
പാലപ്പൂവൊരു പിടി തന്നീടാം ഞാന്‍…’
ഈ വിധം ചോദ്യങ്ങള്‍ ചോദിച്ചു തീരവേ
ചന്ദ്രികേ .. നീ.. പോയ് മറഞ്ഞതെന്തേ..?
മഴമേഘം മൂടിയോ? മഞ്ഞുരുകിമാഞ്ഞുവോ?
പെരുമീനുദിച്ചപ്പോ … മങ്ങിപ്പോയോ..?

Generated from archived content: poem2_july10_12.html Author: kukku_krishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here