മറപ്പുരക്കു പിന്നിലിരുന്നു മയങ്ങുന്ന
കുട്ടികളുടെ ഓർമ്മകളിൽ ഉറുഞ്ചിപ്പഴം-
പോലെ വഴുതിപ്പോയത് – അമ്മ!
രാത്രിയിൽ പാൻപരാഗ് നുണഞ്ഞ്-
ആടിയാടി കുഴഞ്ഞ ഭ്രാന്തൻ ജൽപ്പനങ്ങളുമായി-
അന്തിച്ചോറിലേക്ക് ഒഴുകുന്ന മദ്യകുപ്പി – അച്‌ഛൻ!
മഴ നനഞ്ഞ്, പാതി നഗ്‌നനായി-
കറുത്ത പുകത്തുപ്പി, നഗരമദ്ധ്യത്തിലെ
മയക്കം വിടാത്ത തുറിച്ച നോട്ടം- ഏട്ടൻ!
ദൂരെ, കറുത്ത തെരുവിൽ ചതഞ്ഞരഞ്ഞ
ആത്മാവുമായി, നനഞ്ഞു കയറിയ ഉടുപ്പിൽ
പിഴച്ചുപോയത് – ചേച്ചി!
അങ്ങകലെ ദുഷ്‌ടദൃഷ്‌ടികൾ എറിയുന്ന-
കപടനോട്ടങ്ങളും, കോളക്കുപ്പികളും
പതിവായ് കണ്ടുമടുത്ത നരച്ച കാഴ്‌ചകളും
ഉറുമ്പരിച്ച റൊട്ടിക്കഷണങ്ങളും
വഴിയിറമ്പിൽ ആരോ കഴിച്ചുപേക്ഷിച്ച-
ഒരില ഉച്ചിഷ്‌ടവും.
വിരൽത്തുമ്പാൽ മറച്ച് ‘അരികെ ഉറങ്ങാതെ-
ഞാനും അനിയത്തിയും പിന്നെ വിശപ്പും!
Generated from archived content: poem2_feb8_06.html Author: kukku_krishnan
Click this button or press Ctrl+G to toggle between Malayalam and English