എന്തൊരനുഭൂതിയാണെന്നിലുണരുന്ന-
തെന്നേട്ടന്റെ മുഖമെന്നിലുണരുന്ന നേരം.
എവിടെ നിന്നോ ഒരു ചെറുപുഞ്ചിരിയെന്റെ
അധരത്തിലെവിടെയോ വിരിയുന്നിതേ
എന്റെ അധരത്തിലെവിടെയൊ വിടരുന്നിതേ
മഞ്ചാടിമുത്തുകൾ കുന്നിക്കുരുമണിമാലകൾ
കുഞ്ഞേട്ടൻ കോർത്തുതന്നു
തൊടിയിലെ പുഴയിലെ നെയ്യാമ്പൽ പൂവുകൾ
പിഴുതെടുത്തോടിയെൻ ചാരെയെത്തും
പിഴുതെടുത്തോടിയെൻ ചാരെയെത്തും.
പാടത്തെ തുമ്പിയെ, കുഞ്ഞിളംകുരുവിയെ
കൊങ്ങിണിപൂവിനെക്കാളുമേറെ
ആടുന്നപാവയെ പുത്തനുടുപ്പിനെ
അമ്മയെ അച്‌ഛനെക്കാളുമേറെ
ഒത്തിരിയൊത്തിരിയൊത്തിരിയൊത്തിരി
പ്രിയമാണെനിക്കെന്റെ കുഞ്ഞേട്ടനെ
പ്രിയമാണെനിക്കെന്റെ കുഞ്ഞേട്ടനെ
ഏട്ടന്റെ കൈപിടിക്കുന്നൊരാ നേരമെ-
നിക്കെന്തൊരുല്ലാസമായിരുന്നു
ഓണക്കളത്തിനു പൂനുളളുവാനായി
ഏട്ടനും ഞാനുമേ പോയിരുന്നു
എന്റെ ചെറുവിരലേട്ടൻ പിടിച്ചിരുന്നു
എന്നെ മാറോടണച്ചു പിടിച്ചിരുന്നു.
അത്താഴമുണ്ണുന്ന നേരമെൻ വായിലേയ്-
ക്കൊരുപിടിച്ചോറു നിറച്ചുതരും
എന്തൊരു സ്വാദുനിറഞ്ഞതാണെന്നോയെൻ
ഏട്ടന്റെ കൈയ്യിലെ ചോറുരുള
എന്റെ ഏട്ടന്റെ കൈയ്യിലെ ചോറുരുള.
വിദ്യയെന്തെന്നു പറഞ്ഞുതന്നൂവേട്ടൻ
‘മാതാപിതാഗുരുദൈവ’മെന്ന്
ചൊല്ലിപ്പഠിപ്പിച്ചയോരോവരികളും
ഇടനെഞ്ചിലിന്നും തുടിക്കുന്നിതെ-
എന്റെ ഇടനെഞ്ചിലിന്നും തുടിക്കുന്നിതെ.
എന്നെയുറക്കുവാൻ മൂളുന്നവരികളെനിക്കെന്തു
പ്രിയമായിരുന്നുവെന്നോ?
കണ്ണടക്കുന്നയെൻ നിറുകയിൽ നല്ലുമ്മ
തന്നുതലോടുമെന്നേട്ടനെന്നും
ഉമ്മ തന്നു തലോടുമെൻ ഏട്ടനെന്നും.
എവിടെയോ എങ്ങോ മറഞ്ഞു പോയ് എങ്കിലും
ഇന്നുമെൻ ഉളളിലെ താളുകളിൽ
ഓർമ്മയായുണ്ട് നീ നന്മയായുണ്ട് നീ
മാനത്ത് താരമായ് മിന്നുന്നു നീ
ഇന്നു മാനത്ത് താരമായ് മിന്നുന്നുനീ.
ഇന്നുമെൻ ഏട്ടന്റെ നൽമുഖമോർക്കുമ്പോൾ
നൊമ്പരം തിരയടിച്ചുയരുന്നിതേ
എവിടെനിന്നോ ഒരു കണ്ണുനീർത്തുളളിയെൻ
ഇമകളിൽ നിന്നുമേ പൊഴിയുന്നിതേ
എന്റെ ഇമകളിൽ നിന്നുമേ പൊഴിയുന്നിതേ.
Generated from archived content: poem2_nov12_08.html Author: kukku_albert_pa