തിരുവാതിരകളി കേരളത്തിന്റേതുമാത്രമായ ഒരു കലാരൂപമാണ്. ആധുനികകാലഘട്ടത്തിൽ തിരുവാതിരകളിക്ക് വേണ്ടത്ര പ്രചാരമോ, പ്രോത്സാഹനമോ ലഭിക്കുന്നില്ല. മത്സരവേദികളിൽ മാത്രം പ്രദർശിപ്പിയ്‌ക്കപ്പെടുന്ന ഒരിനമായിമാറിയിരിയ്‌ക്കുന്നു. ഈ കലയെ പ്രോത്സാഹിപ്പിക്കേണ്ടത് ഒരു ആവശ്യമായിതീർന്നിരിയ്‌ക്കുന്നു. മലയാളമങ്കമാരുടേതുമാത്രമായ തിരുവാതിരപാട്ടുകളും, കളികളും ഒരു പ്രധാന സാഹിത്യശാഖയായി പഴയ കാലങ്ങളിൽ സ്‌ഥാനമുറപ്പിച്ചിരുന്നു. പഴയ തറവാട്ടുമുറ്റങ്ങളിൽ തിരുവാതിര, ആർഭാടപൂർവ്വം ആഘോഷിച്ചിരുന്നു. ഈ ആഘോഷങ്ങളിൽ മുത്തശ്ശിമാർ മുതൽ ബാലികമാർവരെ, പ്രായഭേദമന്യേ ഏവരും പങ്കെടുക്കുകയും, ആഹ്ലാദിയ്‌ക്കുകയും ചെയ്‌തിരുന്നു.
രണ്ടുവിഭാഗങ്ങളായിട്ടാണ് തിരുവാതിരപ്പാട്ടുകൾ കാണപ്പെടുന്നത്. ആചാരാനുഷ്‌ഠാനങ്ങളോടെ പരമ്പരാഗതമായി പഴമക്കാർ പാടികളിച്ചിരുന്നവ ഒരു വിഭാഗത്തിൽ പെടുന്നു. ഈ പാട്ടുകൾ വാമൊഴിയായി തലമുറകൾ കൈമാറി വരമൊഴി ആയിതീരുകയാണുണ്ടായതെന്ന് കരുതപ്പെടുന്നു. കാലാന്തരത്തിൽ സംഗീതവും, സാഹിത്യവും, മേളക്കൊഴുപ്പും, ചടുലമായചുവടുകളും ഒത്തിണങ്ങി ആസ്വാദ്യതയേറിയ ഒന്നായി തിരുവാതിരകളി രൂപപ്പെടുകയും ചെയ്‌തു. ലാസ്യമാണ് തിരുവാതിരകളിയുടെ തന്മയീഭാവം. ആട്ടക്കഥയിലെ സംഗീതാത്മകങ്ങളായ പദങ്ങൾ രണ്ടാമത്തെ വിഭാഗത്തിലുൾപെടുന്നു. മാനസികവും ശാരീരികവും, ആത്മീയവുമായി സ്‌ത്രീകൾക്ക് വളരെ പ്രയോജനം ലഭിക്കുന്ന ഉത്തമകലയാണ് തിരുവാതിര.
ഐതിഹ്യം
പഞ്ചാഗ്നി നടുവിൽ കഠിന തപസനുഷ്‌ഠിച്ച പാർവ്വതിദേവിയുടെ മുൻപിൽ ശിവൻ പ്രത്യക്ഷപ്പെട്ട് ദേവിയെ തന്റെ പത്നിയാക്കികൊള്ളാമെന്ന് വരം നൽകി, എന്നതാണ് തിരുവാതിരയുടെ ഒരു ഐതിഹ്യം. ലോകൈകനാഥനായ പരമേശ്വരന്റെ ജന്മനാളാണ് തിരുവാതിര. അന്നേ ദിവസം ദേവി, ഭഗവാന്റെ ആയുരാരോഗ്യത്തിനായി വ്രതമെടുത്ത് ഉറക്കമിളച്ച് പ്രാർത്ഥിച്ചുവത്രെ. പാർവ്വതീദേവിയുടെ ഉറ്റതോഴി രതിയുടെ ഭർത്താവായ കാമദേവൻ ശിവന്റെ കോപാഗ്നിയിൽ ദഹിച്ചുപോയി. ഭർത്തൃവിയോഗത്താൽ അതീവ ദുഃഖിതയായ രതിയ്‌ക്ക് ഭർത്തൃസമാഗമം ലഭിയ്‌ക്കട്ടെയെന്ന് പാർവ്വതീദേവി അനുഗ്രഹിച്ചു. അമ്പാടിയിലെ ഗോപസ്‌ത്രീകൾ ശ്രികൃഷ്‌ണനെ ഭർത്താവായി കിട്ടുന്നതിന്, രോഹിണിനാളിൽ കാളിന്ദീനദിക്കരയിൽ കാർത്ത്യായനീ പൂജനടത്തി. ഇവയെല്ലാമാണ് തിരുവാതിരയുടെ ഐതിഹ്യകഥകൾ കേൾക്കപ്പെടുന്നത്.
തിരുവാതിര ആഘോഷം
മലയാളമാസമായ ധനുമാസത്തിലാണ് തിരുവാതിര കൊണ്ടാടുന്നത്. തിരുവാതിരയ്‌ക്ക് 12 ദിവസം മുൻപ് തിരുവോണം നാൾ മുതൽ ചടങ്ങുകൾ ആരംഭിയ്‌ക്കുന്നു. അന്നേദിവസം സന്ധ്യകഴിഞ്ഞ് തിരുവാതിരകളി തുടങ്ങുകയായി. നിലവിളക്ക് കൊളുത്തിവച്ച്, വായ്‌ക്കുരവയിട്ട് സ്‌ത്രീകൾ വിളക്കിനുചുറ്റും വട്ടത്തിൽ നിന്ന് കളിയ്‌ക്കുന്നു. ഗണപതി, സരസ്വതി, ദേവതാസ്‌തുതികൾ മുതലായപാട്ടുകളാണ് പാടുന്നത്. കുമ്മി, കുറത്തി, വഞ്ചിപ്പാട്ട് ഇവയും പാടികളിയ്‌ക്കുന്നു. മംഗളംപാടി കുരവയിട്ട് കളിനിറുത്തുകയാണ് സാധാരണദിവസങ്ങളിൽ പതിവ്.
തിരുവാതിരയുടെ പ്രധാന ദിവസങ്ങളാണ് മകയിരവും, തിരുവാതിരയും. സുമംഗലികളായ സ്‌ത്രീകൾ ഭർത്താവിന്റെ ആയുരാരോഗ്യത്തിനും, കുടുംബശ്രേയസിനും വേണ്ടി നൊയമ്പ് നോറ്റ് പ്രാർത്ഥിയ്‌ക്കുന്നു. കന്യകമാർ നല്ല ഭർത്താക്കൻമാരെ ലഭിയ്‌ക്കുന്നതിനും, സൽസന്താനസൗഭാഗ്യത്തിനും വേണ്ടി വ്രതമെടുത്ത് പ്രാർത്ഥിയ്‌ക്കുന്നു. മകയിരം, തിരുവാതിരനാളിലാണ് വൃതാചരണം.
ചടങ്ങുകൾ
എട്ടങ്ങാടി – തിരുവാതിര ആഘോഷത്തിലെ സുപ്രധാനമായ ഒന്നാണ് എട്ടങ്ങാടി നിവേദ്യം – മകയിരംനാൾ സന്ധ്യയ്‌ക്കാണ് ഈ ചടങ്ങ്. എട്ടങ്ങാടി ഒരുക്കുന്നതിലേയ്‌ക്കായി എട്ടുതരം കിഴങ്ങുകൾ, നവധാന്യങ്ങൾ, തേങ്ങാപ്പൂളുകൾ, കരിമ്പ്, ചോളമലര്, ശർക്കര എന്നിവ അത്യാവശ്യമാണ്. കൂവപ്പൊടികൊണ്ട് വാർത്തെടുക്കുന്ന അപ്പങ്ങൾ, ദശപുഷ്‌പങ്ങൾ, അഷ്‌ടമംഗല്യം, വാൽക്കണ്ണാടി, കിണ്ടിവെള്ളം, കരിക്ക്, അടയ്‌ക്ക, വെറ്റില, ചുണ്ണാമ്പ് (മുറുക്കുവാൻ), കുങ്കുമം, കളഭം, ഭസ്‌മം എന്നിവ ഒരുക്കി വയ്‌ക്കുന്നു.
എട്ടങ്ങാടിയ്‌ക്കുവേണ്ട കിഴങ്ങുകൾ (ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, മുതലായവ) എല്ലാം നേരത്തേതന്നെ വ്രതശുദ്ധിയോടുകൂടി ഉമിത്തീകൂട്ടി അതിലിട്ട് ചുട്ടെടുക്കണം – എട്ടങ്ങാടി ചുടൽ എന്ന ചടങ്ങാണിത്. പിന്നീട് കിഴങ്ങുകൾ തൊലികളഞ്ഞ് അരിഞ്ഞ്, നവധാന്യങ്ങൾ വറുത്തത്, കരിമ്പ് കഷണങ്ങളാക്കിയത്, ചോളമലര് ഇവയെല്ലാം ശർക്കരയും, തേങ്ങാപ്പൂളുകളും ചേർത്ത് കൂട്ടിഇളക്കി വയ്‌ക്കുന്നു, ഇതാണ് എട്ടങ്ങാടി.
മകയിരം സന്ധ്യാസമയത്ത് മുറ്റം ചാണകം മെഴുകി വൃത്തിയാക്കുന്നു. ഈ സ്‌ഥലത്ത്, ഗണപതി, പാർവതീ പരമേശ്വരന്മാർ ഈ ദേവതകളെ സങ്കല്‌പിച്ച് വിളക്കുകൊളുത്തി നാക്കില കിഴക്കോട്ടു തിരിച്ചുവച്ച് അതിൽ ദശപുഷ്‌പങ്ങൾ വയ്‌ക്കുന്നു. പിന്നീട് അഷ്‌ടമലംഗല്യം, വാൽക്കണ്ണാടി, കിണ്ടിവെള്ളം, കരിക്ക്, നേദിക്കാൻ വെറ്റില എട്ടങ്ങാടി, അപ്പങ്ങൾ ഇവയും ഒരുക്കിവയ്‌ക്കുന്നു. സുമംഗലികൾ പലകയിട്ട് കിഴക്കോട്ട് തിരിഞ്ഞിരുന്ന്, കൈകാലുകളും മുഖവും കിണ്ടിയിൽനിന്നും വെള്ളമെടുത്ത് ശുദ്ധിവരുത്തിയശേഷം ദേവതമാരെ പൂജിയ്‌ക്കുന്നു. എട്ടങ്ങാടിയും കരിയ്‌ക്കും നേദിയ്‌ക്കുന്നു. കണ്ണെഴുതി കുറികൾ തൊട്ട് കരിക്കുസേവിയ്‌ക്കുന്നു. പിന്നീട് ദശപുഷ്‌പം മുടിയിൽ ചൂടുന്നു. പൂത്തിരുവാതിരക്കാരും, സുമംഗലികളും പിന്നെ മറ്റു സ്‌ത്രീകളും ചടങ്ങുകൾ നടത്തുന്നു. അതിനുശേഷം ഗണപതിയും, സരസ്വതിയും പാടി ചുവടുകൾവയ്‌ക്കുന്നു. എല്ലാ ചടങ്ങുകളും വായ്‌ക്കുരവയോടുകൂടിവേണം നടത്തുവാൻ. എട്ടങ്ങാടി നേദ്യം എല്ലാവരും കഴിച്ച് ചടങ്ങുകൾ അവസാനിപ്പിയ്‌ക്കുന്നു.
പിന്നെ തിരുവാതിരനൊയമ്പാണ്. പുഴുക്ക്, കൂവകുറുക്കിയത്, ചെറുപഴം, കാവറുത്തത്, പപ്പടം കാച്ചിയത് ഇവയാണ് നൊയമ്പുകാരുടെ ഭക്ഷണം. തിരുവാതിര രാത്രിയിൽ ഉറക്കമിളയ്‌ക്കലാണ് പ്രധാനം. അന്നേ ദിവസം, സുമംഗലികളായവർ 108 വെറ്റില മുറുക്കണം എന്നാണ് പറയുന്നത്. അന്ന് രാത്രി മുഴുവനും പാട്ടുകളിയുമായി കഴിയുന്നു. വിളക്കുവച്ച് ഗണപതി, സരസ്വതി എന്നീ സ്‌തുതികൾ പാടികളിച്ചശേഷം സ്വയംവരം, സന്താനഗോപാലം തുടങ്ങിയ പാട്ടുകൾ പാടി തിരുവാതിരകളിയ്‌ക്കുന്നു. പാതിരാത്രിയ്‌ക്കുശേഷം പാതിരാപ്പൂ പറിയ്‌ക്കാൻ പോകണം. എല്ലാവരും ചേർന്ന് ആർപ്പും കുരവയും ആയി പൂപ്പാട്ടുകളും പാടി കുറെ ദൂരം പോയി പൂവും കൊണ്ട് വഞ്ചിപ്പാട്ടുകളും പാടി തിരിച്ചുപോരുന്നു. പാതിരാപ്പൂക്കളാണ് അടയ്‌ക്കാമണിയനും കൊടുവേലിപ്പൂവും എന്നാണ് സങ്കല്‌പം. ഈ പൂക്കളും പേറിവരുന്ന പൂത്തിരുവാതിരക്കാരെ എതിരേറ്റ്‌കൊണ്ടുവരുന്നു. കളിസ്‌ഥലത്ത് വിളക്കും അഷ്‌ടമംഗല്യവും ഒരുക്കിവച്ച്, ദേവതമാരെസങ്കല്‌പിച്ച് പാതിരാപൂചൂടൽ ചടങ്ങ് നടത്തുന്നു. സുമംഗലികൾ പൂതിരുവാതിരക്കാർ എന്നക്രമത്തിൽ എല്ലാവരും പൂജിച്ച് പൂചൂടുന്നു. പിന്നീട് മംഗലയാതിരപാടികളിയ്‌ക്കുന്നു. മംഗളം പാടി കുരവയിട്ട് കളിനിറുത്തുന്നു.
പിന്നീട് വെള്ളത്തിലിറങ്ങി തുടിച്ചുകുളിയ്‌ക്കുന്നു. തുടിച്ചുകുളിയ്‌ക്കുന്നതിന് ഗംഗയുണർത്തൽ പാട്ടുകളും, ഭഗവൽസ്‌തുതികളും പാടുന്നു. കുളികഴിഞ്ഞ് കണ്ണെഴുത്തും, വരക്കുറികളും അണിഞ്ഞ് പുതുവസ്‌ത്രങ്ങളും ധരിച്ച് ക്ഷേത്രദർശനം നടത്തുന്നു. പിന്നീട് തിരുവാതിരപുഴുക്കും, ചെറുപഴവും, കരിക്കും മറ്റും കഴിയ്‌ക്കാവുന്നതാണ്.
Generated from archived content: essay1_april14_11.html Author: ks_leelama
Click this button or press Ctrl+G to toggle between Malayalam and English