കേരളീയ സമൂഹം കഴിഞ്ഞ നൂറ്റാണ്ടിൽ സാക്ഷാത്‌കരിച്ച നവോത്ഥാനമൂല്യങ്ങളുടെ ആൾരൂപമാണ് പൊൻകുന്നം വർക്കി. ചരിത്രത്തിന്റെ ക്ഷുഭിതചലനങ്ങളിലൂടെ ധീരമായി നടന്നുമുന്നേറുകയും അതിന്റെ വാച്യവും പ്രകടവുമായ ആഖ്യാനം ചെറുകഥകളിലൂടെ നിർവഹിക്കുകയും ചെയ്‌തു അദ്ദേഹം. ചരിത്രാവേഗങ്ങളുടെ സാക്ഷി മാത്രമായിരുന്നില്ല ചാലകനുമായിരുന്നു വർക്കി. അനുഭവത്തെ ചരിത്രവത്‌കരിക്കുന്നതിനെക്കാൾ ചരിത്രത്തിന്റെ അനുഭവതലത്തെ ആവിഷ്‌കരിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ചെറുകഥകൾ.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നും നാലും ദശകങ്ങളിൽ കേരളീയജീവിതത്തെ ത്വരിപ്പിച്ചുണർത്തിയ നവോത്ഥാനത്തിന്റെ ആശയങ്ങളും പ്രയോഗരൂപങ്ങളും നിറഞ്ഞ അന്തരീക്ഷമായിരുന്നു പൊൻകുന്നം വർക്കിയുടെ കഥകളുടെ ഊർജസ്രോതസ്സ്. തന്റെ പ്രമേയങ്ങളുടെ ആവിഷ്‌കാരത്തിനുളള ഉപാധിയെന്ന നിലയിൽ അദ്ദേഹം പ്രത്യക്ഷവത്‌കരിച്ച ജീവിതമേഖല മധ്യതിരുവിതാംകൂറിന്റെ കിഴക്കൻ പ്രദേശത്തെ കാർഷികസമൂഹമാണ്. നാമമാത്ര കർഷകർക്കും അടിയാളന്മാരായ കൃഷിപ്പണിക്കാർക്കും പ്രാമുഖ്യമുളള ജനതയായിരുന്നു അത്. കത്തോലിക്കാസഭയിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽപെട്ടവർ എന്നൊരു വർഗ്ഗീകരണം കൂടിയാകുമ്പോൾ അവരുടെ സാമൂഹികസ്വഭാവം കുറച്ചുകൂടി തെളിഞ്ഞുവരും. വർഗ്ഗപരവും പ്രാദേശികവും സാമുദായികവുമായ ഈ ആവരണത്തിനുളളിൽ പീഡിതമായ മനുഷ്യചേതനയെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
സഭയും പുരോഹിതരും ക്രിസ്‌തുവിന്റെ നാമത്തിൽ സംസാരിച്ചുകൊണ്ട് ദരിദ്രരോടും അധഃസ്ഥിതരോടും പുലർത്തുന്ന വിവേചനവും മനുഷ്യപ്പറ്റില്ലായ്‌മയും കപടസദാചാരവും ചെറുകഥകളിൽ പൊൻകുന്നം വർക്കി തുറന്നാവിഷ്‌കരിച്ചു. സ്വാഭാവികമായും അത് സമുദായത്തിൽ വലിയ വിസ്‌ഫോടനങ്ങൾ സൃഷ്‌ടിച്ചു. ക്രമേണ അദ്ദേഹത്തിന്റെ കഥകൾ കുറെക്കൂടി വിശാലമായ പ്രമേയമേഖലകളിലേക്കു കടന്ന് വിമർശനാത്മകതയ്‌ക്കും മൂർച്ചകൂട്ടി. സമൂഹത്തിന്റെ കപടമായ സദാചാരനാട്യവും നാടിന്റെ അസ്വതന്ത്രമായ രാഷ്‌ട്രീയാവസ്ഥയും പ്രമേയമായി. തിരുവിതാംകൂറിലെ ദിവാൻ സി.പി.രാമസ്വാമി അയ്യരുടെ സ്വേച്ഛാഭരണത്തെ അന്യാപദേശരചനകളിലൂടെ നിശിതപരിഹാസത്തിനും തീക്ഷ്‌ണ വിമർശനത്തിനും വിധേയമാക്കി. അത്തരം രചനകളുടെ പേരിൽ അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിയും വന്നു.
പ്രതീക്ഷിച്ചതിനു വിപരീതമായി സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും മർദ്ദിതന്റെയും അധഃസ്ഥിതന്റെയും യാതനയ്‌ക്കും ദുഃഖത്തിനും കുറവുണ്ടായില്ല. ഈ വൈപരീത്യവും വർക്കിയുടെ കഥകൾക്കു വിഷയമായി. എങ്കിലും ക്രമേണ ആക്രമണോത്സുകമായ വാച്യസ്വഭാവം പുലർത്തിയ ആനുകാലിക യാഥാർത്ഥ്യസ്‌പർശിയായ ചെറുകഥകളെക്കാൾ ചിരന്തനമായ മാനുഷിക ഭാവങ്ങളാവിഷ്‌കരിക്കുന്ന രചനകളിലേക്ക് അദ്ദേഹം ചുവടുവെച്ചു. സ്‌നേഹമെന്ന ഉദാരമൂല്യമാണ്, അതിന്റെ പേരിലുണ്ടാകുന്ന ത്യാഗവും വേദനയുമാണ് ആ ഗണത്തിൽപ്പെട്ട കഥകളിലെ കേന്ദ്രഭാവം.
സമൂഹത്തിന്റെ താഴേത്തട്ടിലുളള മനുഷ്യരുടെ പ്രതിനിധികളാണ് പൊൻകുന്നം വർക്കിയുടെ കഥാപാത്രങ്ങൾ. എന്നാൽ ആ ജീവിതാവസ്ഥയിൽ കഴിയുന്നവരിൽ പൊതുവേ കണ്ടുവരാത്ത ആത്മബോധവും സ്വാതന്ത്ര്യവാഞ്ഞ്‌ഛയും പ്രതികരണക്ഷമതയും അവരിൽ കാണാം. തങ്ങളെ പീഡിപ്പിക്കുന്ന പൗരോഹിത്യത്തോടും ഭരണകൂടോപകരണങ്ങളോടും സദാചാരവ്യവസ്ഥയോടും ഏറ്റുമുട്ടാനുളള വീറ് അവരിലുണ്ട്. അത്തരം ഏറ്റുമുട്ടലുകൾ പരാജയമടയുന്നുവെങ്കിലും അതിലൂടെ ദുരന്തസ്‌പർശിയും ആദർശോന്മുഖവുമായ മനുഷ്യസങ്കല്പം അഭിവ്യക്തമാകുന്നു. അതിനെ പ്രചോദിപ്പിക്കുന്ന സവിശേഷമായ പ്രത്യയശാസ്‌ത്രനിലപാട് വർക്കിയുടെ കഥകളിൽ അടിയാധാരമായുണ്ട്.
പൊൻകുന്നം വർക്കിയുടെ ചെറുകഥകൾ ആ സാഹിത്യരൂപത്തെക്കുറിച്ചുളള കാല്‌പനികധാരണകളോട് ഇടറി നില്‌ക്കുന്നവയാണ്. ഒരു കാലഘട്ടത്തിന്റെ സാമുദായികവും രാഷ്‌ട്രീയവുമായ വിമർശനരേഖകൾ കൂടിയായ അവയിൽ വിശദമായ വിവരണങ്ങളും വസ്‌തുനിഷ്‌ഠമായ ചരിത്രാംശങ്ങളും ആഖ്യാനത്തിനിടയിലെ വ്യാഖ്യാനവും മറ്റുമായി ചെറുകഥയുടെ കാല്‌പനികവും ഏകാഗ്രവുമായ ശില്‌പഘടനയിൽ ശൈഥില്യമുണ്ടാക്കുന്ന ഘടകങ്ങൾ പലതും സന്നിഹിതമാണ്. ആ ചെറുകഥകൾ എഴുതപ്പെട്ട കാലത്ത് ഇവയൊക്കെ കലാത്മകതയ്‌ക്ക് വിഘാതമായി കരുതിയിരുന്നു. എന്നാൽ ഇന്ന് ആ കഥകളുടെ വ്യക്തിത്വത്തിന് നിദാനം ആ ഘടകങ്ങൾ തന്നെയായിരിക്കുന്നു. ആദ്യകാലത്തെ കഥകളിൽ തെളിയുന്ന, പ്രകൃതിയിലെ എല്ലാറ്റിന്റെയും അവകാശിയായ മനുഷ്യൻ എന്ന സങ്കല്പത്തിൽനിന്ന് മാറി ഇതരസൃഷ്‌ടികളുമായി സാഹോദര്യം പുലർത്തുന്ന മനുഷ്യൻ എന്ന സങ്കല്പത്തിലേക്ക് വർക്കിയുടെ പില്‌ക്കാല കഥകൾ എത്തുന്നു. ഇന്ന് ഇത്തരം ഘടകങ്ങളെല്ലാം പൊൻകുന്നം വർക്കിയുടെ ചെറുകഥയ്‌ക്ക് പുതിയ പാരായണസാധ്യതകൾ നല്‌കുന്നുണ്ട്.
(ഡിസി ബുക്‌സ് പുറത്തിറക്കിയ പൊൻകുന്നം വർക്കിയുടെ പ്രധാനകഥകളടങ്ങിയ പുസ്‌തകത്തിന്റെ ആമുഖത്തിൽ നിന്ന്)
Generated from archived content: essay1_july2.html Author: ks-ravikumar