കഥയുടെ ഭിന്നമുഖങ്ങൾ

സംഭവാഖ്യാനത്തിൽ ഉരുത്തിരിഞ്ഞുവരുന്ന ജീവിതചിത്രം മാത്രമല്ല ചെറുകഥ. അത്‌ പ്രക്ഷേപിക്കുന്ന വികാരശില്‌പത്തിനപ്പുറം ഒട്ടേറെ അടരുകളുണ്ട്‌. ആന്തരികജീവിതത്തിന്റെയും ലോകാവസ്ഥയുടെയും സാന്നിദ്ധ്യം അവയിൽ സന്നിഹിതമായിരിക്കും. സമകാലിക ചെറുകഥയിൽ വർത്തമാനലോകത്തിന്റെയും കാലത്തിന്റെയും അടയാളങ്ങൾ ഏറെ പ്രകടമാണ്‌. അതേക്കുറിച്ചുളള ഉൾക്കാഴ്‌ചകളും വിമർശനങ്ങളും പകരുന്ന സൂക്ഷ്‌മതകളും മൂർച്ചകളുമാണ്‌ പല ചെറുകഥകളെയും ശ്രദ്ധേയമാക്കുന്നത്‌. സമകാലിക മലയാള ചെറുകഥാരംഗത്തെ ഗണസമൃദ്ധിക്കിടയിൽ ഇത്തരം സവിശേഷതകളുടെ മുദ്രപതിഞ്ഞ കഥകൾകൊണ്ടാണ്‌ കെ.പി.രാമനുണ്ണി ശ്രദ്ധേയനായത്‌. ‘കുർക്‌സ്‌’ എന്ന സമാഹാരത്തിലെ ചെറുകഥകളും ആ പ്രത്യേകതകൾ പുലർത്തുന്നവയാണ്‌.

പതിനൊന്നു കഥകളാണ്‌ ഇതിലുളളത്‌. ആദ്യകഥയായ ‘കുർക്‌സ്‌’ ചെറുകഥയെക്കാൾ നോവലെറ്റിന്റെ സ്വഭാവം പുലർത്തുന്നതാണ്‌. ‘സ്ഥലം റഷ്യയിലെ റീഗാ നേവി പോർട്ട്‌, തീയതി ഓഗസ്‌റ്റ്‌ 11, 2000’ എന്നിങ്ങനെ ആരംഭിക്കുന്ന ഈ രചന സോവിയറ്റ്‌ യൂണിയന്റെ പതനാനന്തരമുളള റഷ്യയിലെ സാമ്പത്തികാപചയത്തിന്റെ പശ്ചാത്തലത്തിലുളളതാണ്‌. തകർന്നുതുടങ്ങിയ അന്തർവാഹിനിയിലെ നാവികനായ യുവാവ്‌, മുമ്പ്‌ അമേരിക്കയിൽ പുരുഷവേശ്യയായി കാലയാപനം നടത്തിയിരുന്നു. അന്നത്തെ അനുഭവങ്ങൾ ചങ്ങാതിമാരോടു പങ്കുവയ്‌ക്കുകയാണയാൾ. ജീവിതം, മരണം, ശരീരം, രാഷ്‌ട്രീയം ഇതെല്ലാം ഇടകലർന്നു വരുന്ന ഒരു സങ്കീർണ്ണശില്‌പമായ ഈ രചന ലോകാവസ്ഥയുടെ വർത്തമാന യാഥാർത്ഥ്യത്തെ നിശിതമായി ചിത്രപ്പെടുത്തുന്നു. ശരീരനിഷ്‌ഠമായ ഭൗതിക കാമനകളിൽ മാത്രം ജീവിതസാഫല്യം അറിയുന്ന പുതിയ കാലത്തിന്റെയും പുതിയ ലോകത്തിന്റെയും സ്‌പന്ദനങ്ങളെയാണ്‌ അത്‌ ആവിഷ്‌കരിക്കുന്നത്‌…

പ്രമേയത്തെ ഇതിവൃത്തമായും ഇതിവൃത്തത്തെ ആഖ്യാനമായും പരിവർത്തിപ്പിക്കുന്നതിനിടയിൽ, ഭാഷാനിർമ്മിതിയിലൂടെ തെളിഞ്ഞുവരുന്ന സങ്കീർണ്ണമായ അടരുകളാണ്‌ ഈ കഥാകൃത്തിന്റെ രചനകളെ വ്യതിരിക്തമാക്കുന്നത്‌. അതിനാൽ ആഖ്യാനരീതിയും അതിൽ മുനഞ്ഞുവരുന്ന വിമർശനവും ഇരുണ്ടഹാസ്യവും വിരുദ്ധോക്തിയും ഒക്കെക്കൂടി ഇടചേർന്നുവരുന്ന സവിശേഷഘടനയാണ്‌ ഇവയുടെ മുഖമുദ്ര.

പുറമെ നോക്കുമ്പോൾ ലളിതം എന്ന പ്രതീതിയുളവാക്കുന്ന കഥകളാണ്‌ അഷ്‌ടമൂർത്തിയുടേത്‌. അങ്ങനെയിരിക്കുമ്പോൾതന്നെ അത്‌ വർത്തമാനജീവിതത്തോടുളള സാർത്ഥകപ്രതികരണങ്ങളായി മാറുന്നു. ‘മരണശിക്ഷ’ എന്ന പുതിയ സമാഹാരത്തിലെ ആദ്യത്തെ കഥയായ ‘കൊറ്റിക്കൽ കാപ്പ്‌’ ഇതിന്റെ നല്ല നിദർശനമാണ്‌. ഒരു ചെറിയ പുഴയിലെ ഒരു കടവിനെയും അതിന്റെ ഇരുകരകളിലുമുളള നാട്ടിൻപുറങ്ങളിലെ മനുഷ്യജീവിതത്തെയും ഭൂസ്ഥിതിയെയും കേന്ദ്രീകരിച്ചുളള രചനയാണിത്‌. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടയിൽ ആ പുഴയ്‌ക്കും കടവിനും നാട്ടിൻപുറത്തിനുമുണ്ടായ പാരിസ്ഥിതികവിനാശം അത്‌ രേഖപ്പെടുത്തുന്നു. ഒപ്പം മനുഷ്യബന്ധങ്ങളിലും ജീവിതത്തിന്റെ താളക്രമത്തിലും അതുണ്ടാക്കിയ മാറ്റങ്ങളും. ഈ കാലത്തിനിടയിൽ ഉണ്ടായ കേരളീയ ജീവിതപരിണാമത്തിന്റെ അവസ്ഥാവിപര്യത്തിന്റെ സ്വച്ഛന്ദമെങ്കിലും നിശിതമായ ഒരാഖ്യാനമായി അങ്ങനെ ‘കൊറ്റിക്കൽ കാപ്പ്‌’ മാറുന്നു. ചെറുകഥയെക്കുറിച്ചുളള സ്ഥിതധാരണകളിൽനിന്ന്‌ അകന്നുനില്‌ക്കുന്ന ഈ രചന, സ്വച്ഛന്ദോപന്യാസവുമായി ചെറുകഥയ്‌ക്കുളള ഗോത്രബന്ധത്തെ ഓർമ്മപ്പെടുത്തുന്നു.

വർത്തമാനകാല നാഗരികജീവിതത്തെ മുൻനിർത്തി ആഗോളവത്‌കൃതമായ പുതിയ വിപണിസംസ്‌കാരത്തിന്റെ മുഖം ആലേഖനം ചെയ്യുന്ന രചനയാണ്‌ ‘അയൽവീട്ടിൽനിന്നുളള വാർത്തകൾ’, ‘എന്റെ വീടിന്റെ മതിൽ’, ‘രാസലീല’ എന്നിവ പ്രമേയാന്തർഗതമായ ഊന്നലുകളിൽ ഈ അവസ്ഥയോട്‌ അടുത്തുനില്‌ക്കുന്നവയാണ്‌….

ആഖ്യാനത്തിന്റെ സൗമ്യവും സുതാര്യവുമായ ഘടനയ്‌ക്കുളളിലും വർത്തിക്കുന്ന സൂക്ഷ്‌മമായ ജീവിതനിരീക്ഷണത്തിന്റെയും ലോകബോധത്തിന്റെയും ഇഴകൾ കഥകളെ ശ്രദ്ധേയമാക്കുന്നു.

വിടാതെ പിന്തുടരുന്ന രാഷ്‌ട്രീയസൂചനകൾ പി.സുരേന്ദ്രന്റെ രചനകളിലുണ്ട്‌. ‘ചൈനീസ്‌ മാർക്കറ്റ്‌’ എന്ന പുതിയ സമാഹാരത്തിലെ കഥകളിലും ഈ അംശം പ്രബലമാണ്‌. പാരിസ്ഥിതികവിവേകം അതിന്റെ മറ്റൊരു വിതാനമാകുന്നു. ആഗോളവത്‌കൃതമായ നമ്മുടെ പുതിയ ജീവിതപരിസരത്തിന്റെ മൂല്യവിപര്യയത്തെ ഐറണിയുടെ സാധ്യതകൾ ഉപയോഗിച്ച്‌ വിമർശനാത്മകമായി അവതരിപ്പിക്കുന്ന കഥയാണ്‌ ‘ചൈനീസ്‌ മാർക്കറ്റ്‌​‍്‌.’

ഒരിക്കൽ കടുത്ത ചൈനീസ്‌ പക്ഷപാതിയായിരുന്ന, ‘വിപ്ലവം തോക്കിൻകുഴലിലൂടെ’ എന്ന മാവോസൂക്തത്തിന്റെ വക്താവായിരുന്ന ഒരാളാണ്‌ ഈ കഥയിലെ മുഖ്യകഥാപാത്രം. ‘രവിയുടെ ഇതിഹാസാനന്തരജീവിതം’ എന്ന കഥയിലാകട്ടെ നമ്മുടെ സാഹിത്യരംഗത്ത്‌ ഇന്ന്‌ വ്യാപകമായിക്കൊണ്ടിരിക്കുന്ന വർഗ്ഗീയവത്‌കരണത്തെക്കുറിച്ചുളള വിമർശനമാണുളളത്‌.. സമാഹാരത്തിന്റെ രണ്ടാം ഭാഗത്ത്‌ ഏതാനും നുറുങ്ങുകഥകളും മൂന്നാംഭാഗത്ത്‌ രോഗാനുഭവത്തെക്കുറിച്ചുളള ആത്മനിഷ്‌ഠമായ രണ്ട്‌ ആഖ്യാനങ്ങളും ചേർത്തിരിക്കുന്നു.

യു.കെ.കുമാരന്റെ ‘ഒന്നിനും ഒരകലവുമില്ല’ എന്ന സമാഹാരത്തിലെ കഥകൾ വേറൊരു തലത്തിലുളളവയാണ്‌. ‘മങ്ങിയ ചില കാഴ്‌ചകൾക്കു പിന്നിൽ’ പോലെയുളള ചില കഥകളൊഴിച്ചാൽ ചരിത്രത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും അടയാളങ്ങളെക്കാൾ ജീവിതം, രോഗം, മരണം തുടങ്ങിയ സമസ്യകളെയാണ്‌ അവ പ്രമേയമാക്കുന്നത്‌. പല കഥകളിലും ആശുപത്രിയുടെ അന്തരീക്ഷത്തെ മുൻനിർത്തി ജീവിതമരണങ്ങളുടെ സംഘർഷാത്മകതയും ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു. അത്തരം സ്ഥിതിവിശേഷങ്ങൾ മനുഷ്യാവസ്ഥയിലും ജീവിതബന്ധങ്ങളിലുമുളവാക്കുന്ന വിപര്യയം ‘മനസ്സ്‌ എന്ന അവയവം’, ‘ജന്മാന്തരസ്‌പർശം’, ‘ഒന്നിനും ഒരകലവുമില്ല’ എന്നീ കഥകളിലൊക്കെ മുതിർന്നുനില്‌ക്കുന്നു. ‘ഉയിർത്തെഴുന്നേല്‌ക്കാൻവേണ്ടി അവൻ ജീവിച്ചു’ എന്ന കഥയിൽ നാടകസങ്കേതത്തിന്റെ സന്നിവേശമുണ്ട്‌. എങ്കിലും പൊതുവിൽ ആഖ്യാനത്തിന്റെ സാമാന്യതകളെ അതിവർത്തിക്കാത്തവയാണ്‌ ഈ കഥകൾ.

(കലാകൗമുദി, ജനുവരി 4, 2004)

കുർക്‌സ്‌

കെ.പി.രാമനുണ്ണി

ഡി സി ബുക്‌സ്‌

വില ഃ 55.00

Generated from archived content: book-mar24.html Author: ks-ravikumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English