കൂട്ടുകാരൻ

കുഞ്ഞാറ്റകൾ ഇണകളോടൊപ്പം പാലമരത്തിൽ ചേക്കേറിയ ഒരു സന്ധ്യയിലാണ്‌ ആദ്യമായി പ്രണയത്തെക്കുറിച്ചറിഞ്ഞത്‌. കാവിലെ നാഗത്താന്‌ വിളക്കുവെച്ചു വന്ന മിനിക്കുട്ടിയുടെ മുടിയിലെ മുല്ലപ്പൂവിന്റെ മണമാണ്‌ ചുംബനത്തിന്റെ തീവ്രതയിലേക്ക്‌ വലിച്ചടുപ്പിച്ചത്‌.

അടിയേറ്റു തടിച്ച മുഖത്തു നോക്കി കാവിനുളളിൽ അപ്പോഴും ഒളിച്ചിരുന്ന കാറ്റ്‌ കളിയാക്കി. പിന്നാലെ വന്ന മഴ പൊട്ടിക്കരഞ്ഞു.

വിപ്ലവം കൊല്ലിച്ച അച്‌ഛന്റെ കുഴിമാടത്തിൽ നമസ്‌കരിക്കാതെ, അകാലത്തിൽ ഉരുകിത്തീർന്ന അമ്മയെ ഓർക്കാതെ, കാലവർഷം പകുത്തെടുത്ത കറുത്ത രാവിന്റെ നടുവിലൂടെ പടിയിറങ്ങി.

അകലെ സമുദ്രം മാടിവിളിക്കുന്നുണ്ടായിരുന്നെങ്കിലും മനസ്സു നിറയെ നീലാകാശങ്ങളുണ്ടായിരുന്നതിനാൽ വിളി അവഗണിച്ചു. നഗരങ്ങളുടെ കൃഷ്‌ണകാന്തങ്ങളായിരുന്നു ലക്ഷ്യം. ഉളളറിഞ്ഞ സഹപാഠി മാത്രം അവിടെയും സഹായത്തിനെത്തി.

ഗ്രാമത്തിന്റെ ദൗർബല്യങ്ങളിൽ നിന്നെല്ലാം എന്നെന്നേക്കുമായി യാത്ര പറഞ്ഞ്‌ അവനോടൊപ്പം നാഗരികത എന്ന ഭീകരസ്ഥാപനത്തിലേക്ക്‌. മായികലോകം. എങ്ങും വിസ്‌മയങ്ങൾ മാത്രം. ഫ്ലാറ്റിലെ ചെറുമുറിക്കുളളിൽ ശരീരത്തെ തടവിലാക്കി.

ടെക്‌നോളജിയുടെ വിശാലവാതായനങ്ങളിലൂടെ മദിച്ചും, ശപിച്ചും, ഉടമയെപ്പോലെ നടിച്ചും അവസരങ്ങളെ മുതലെടുത്തും അടിവേല ചെയ്‌ത്‌ ഇല്ലായ്‌മകളെ പടിയിറക്കി സമ്പന്നതയുടെ ഉൻമാനത്തിലേക്ക്‌.

ബാറിൽ മുങ്ങിപ്പോയ രാവുകളിൽ പലപ്പോഴും മിനിക്കുട്ടിയുടെ മുല്ലപ്പൂമണം അരികിലെത്തിയിരുന്നു. അപ്പോഴെല്ലാം മരിച്ചുപോയ അമ്മാവന്‌ വിസ്‌കി കൊണ്ട്‌ തർപ്പണം ചെയ്‌തു.

മനസ്സിൽനിന്നും പാലപ്പൂവിന്റെ ഗന്ധം എന്നെന്നേക്കുമായി അകന്നെങ്കിലും കോഡുകളും കണക്കുകളും ഉളളു പൊളളിച്ച പകലുകൾക്കിടയിലും, യൗവനം ആഘോഷമാക്കിയ നഗരരാവുകളിലും പ്രണയം പലകുറി പടികയറി വന്നു.

ചാറ്റുറൂമുകളിലും, വെബ്‌ ഗ്രൂപ്പുകളിലും ഓർക്കൂട്ടിലും ഇരതേടുന്നവരുടെയിടയിലൊക്കെ പ്രണയത്തിന്റെ തീനാളങ്ങൾ തേടി അലയാൻ തുടങ്ങിയ നാളുകൾക്കിടയിലെപ്പോഴൊക്കെയോ..

ജീൻസും ടോപ്പും ധരിച്ച പെൺകുട്ടിയെ പ്രണയിച്ചു. തന്നെ പുണരുമ്പോൾ അവളുടെ ഹൃദയം മറ്റൊരാളെ ചുറ്റിവരിഞ്ഞിരുന്നു.

ചുരിദാർ മാത്രമിടുന്ന പെൺകുട്ടിയെ പ്രേമിച്ചു. അവൾ അരികിലെത്താതെ കരിമേഘം പോലെ പെയ്യാതെ ഒഴിഞ്ഞകന്നു.

ദാവണിയുടുത്തവൾ, പ്രണയിക്കുന്നതിനുമുന്നേ ആർക്കോ വേണ്ടി ഉഴിഞ്ഞുവെച്ചവളായിരുന്നു.

ഇമയോടിമ ചേരാത, ഹൃദയത്തിൽ നിഴൽ വീഴ്‌ത്താതെ, കാലം പാഴിലപോലെ കൊഴിഞ്ഞടർന്നു.

ഒരു പുതുവർഷാഘോഷം. കലണ്ടറിലെ അവസാന ഇലയും പൊഴിഞ്ഞുവീണ ആ ദിവസം.

പടക്കങ്ങൾ പുഞ്ചിരിയോടെ പൊട്ടിവിടർന്ന രാത്രിയിൽ, ഫ്ലാറ്റിലെ പാർട്ടിലഹരിക്കിടയിലെപ്പോഴോ, നെഞ്ചിന്റെ നെരിപ്പോടിൽ മിന്നലുണ്ടാക്കി, കണ്ണുകളിൽ കണ്ണുചേർത്തുകൊണ്ട്‌, ഇറുകെപ്പുണർന്നുകൊണ്ട്‌ പ്രണയത്തിന്റെ ദിവ്യസ്‌പർശം.

രക്തം രാഗനദിപോലെ ഒഴുകിയ രാത്രി. ഒരു വർഷത്തിന്റെയും തന്റെ കപട അസ്തിത്വത്തിന്റെയും ശവദാഹം നടന്ന രാത്രി.

ഇന്നോളമറിയാതിരുന്ന മൃദുവായ സ്‌നേഹത്തിന്റെ നനവിൽ ഞാൻ മാറിപ്പോവുകയായിരുന്നു. കണ്ണുകൾക്കിടയിൽ പരസ്‌പരം നഷ്‌ടപ്പെടുകയായിരുന്നു.

ഞാൻ എന്റെ സഹപാഠിയുടേതാവുകയായിരുന്നു.

നെഞ്ചിടിപ്പിന്റെ താളങ്ങൾ സംഗീതത്തിന്റെ നിശ്വാസങ്ങളായ നിമിഷങ്ങൾ, മിനിക്കുട്ടിയുടെ മുല്ലപ്പൂമണം മടങ്ങിവരാത്തവിധം ബോധാന്തരങ്ങളിലേക്കു ആണ്ടുപോയി.

പുതിയ വർഷത്തെ പുതിയ പുലരിയിൽ താഴത്തെ പുൽത്തട്ടിൽ മഞ്ഞുകണികകൾ വിടർന്നു നിൽക്കുന്ന സമയത്തും പ്രണയത്തിന്റെ ഒരു കൈ എന്നെ ചുറ്റിവരിഞ്ഞിരുന്നു.

ബാല്യകാലങ്ങളിലെ ദൂരസാഗരങ്ങളിലേക്ക്‌ അവനോടൊപ്പം തിരികെ നടന്നു.

അവനേയും കൂട്ടി പ്രണയം പൂത്ത അഴിമുഖങ്ങളിലെ ആഴങ്ങളിലേക്ക്‌ ഒന്നിച്ച്‌ അസ്തമിച്ചിറങ്ങി.

ഇനി ഒരു ഉദയം ആഗ്രഹിക്കാതെ.

Generated from archived content: story1_nov17_08.html Author: krishnaraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English