ഓർമ്മയുടെ വാൽനക്ഷത്രം

യോശയ്‌ക്കെല്ലാം മനഃപാഠമായിരുന്നു. നീണ്ട കമ്പിവലകളാൽ മൂടപ്പെട്ടതും എത്രദൂരം നീണ്ടുകിടക്കുന്നുണ്ടെന്നുമറിയാനാകാത്ത ട്രിബ്ലിംക എന്ന കോൺസെൻട്രേഷൻ ക്യാമ്പ്‌. ഈ ക്യാമ്പിന്റെ വലതുവശത്തുളള ഏതോ ഒരു മുറിയിലേക്കാണ്‌ ജൂതസ്‌ത്രീകളെ ബലാത്‌ക്കാരമായി ഹെൻഡേഴ്‌സൺ എന്ന എസ്‌.എസ്‌.ഓഫീസർ പിടിച്ചുകൊണ്ടു പോയിരുന്നത്‌. അവരിൽ പലരുടേയും തലകൾ മുണ്ഡനം ചെയ്‌തിരുന്നു. പിന്നീട്‌ ഇടതുകാലിന്റെ ഉപ്പൂറ്റിയ്‌ക്കടുത്തായി പച്ച കുത്തി. നഖങ്ങൾക്കിടയിൽ പച്ചയും ചുവപ്പും കലർന്ന ഇളം ചൂടുളള ചായം പുരട്ടി. കൈവെളളകളിൽ നാട്‌സി ഭടൻമാർ അഗ്രം കൂർത്ത ബ്ലൈഡുകളാൽ പോറലേൽപ്പിച്ചു. ക്യാമ്പിലേയ്‌ക്ക്‌ ചില രാത്രികളിൽ ഒഴുകിയെത്തിയിരുന്ന നിലാവിന്റെ നിറം നീലയായിരുന്നു. ജൂതസ്‌ത്രീകൾക്ക്‌ നിലാവ്‌ അസഹ്യമായിരുന്നത്രെ. പൊട്ടിയ ചില്ലുകളുളള ഘടികാരത്തിലെ സമയം ഇന്നാണോ നാളെയാണോ നിന്റെ ദിനമെന്ന്‌ വിളിച്ചറിയിച്ചിരുന്നു. വിദ്യുത്‌പ്രഹരമേറ്റ്‌ മരിച്ചുപോയ ജൂതരുടെ ശരീരങ്ങൾ അട്ടിയട്ടിയായി അടുക്കിവച്ച്‌ കൊണ്ടുപോയിരുന്ന കറുത്ത വണ്ടിയുടെ വരവ്‌ പ്രഭാതത്തിൽ ഏഴുമണിയോടടുത്താണ്‌. ചിലപ്പോഴെല്ലാം സ്വസ്‌തിക്‌ ചിഹ്‌നം മുദ്രണം ചെയ്‌ത കുപ്പായങ്ങളിട്ട ചില നാട്‌സികളുടെ കലപില ശബ്‌ദം അതിരാവിലെ കേൾക്കാം. വാതിൽപഴുതിലൂടെ നോക്കുമ്പോൾ കാണാം അവരിൽ ചിലരെല്ലാം പിക്കാസുകളെടുത്ത്‌ രാത്രിയിലടിഞ്ഞു കൂടിയ ഹിമക്കട്ടകൾ നീക്കം ചെയ്യുന്നത്‌. അവരുടെ കുപ്പായങ്ങൾ നക്കിത്തുടച്ചുകൊണ്ട്‌ ചാരനിറമുളള മൂന്നോ നാലോ നായ്‌ക്കളെയും കാണാം. പ്രഭാതഭക്ഷണം ആരോ വലിച്ചെറിഞ്ഞ ഉച്ഛിഷ്‌ടം പോലെയാണ്‌ തോന്നിക്കാറ്‌. ചില സമയങ്ങളിൽ കിട്ടുന്ന റൊട്ടിയ്‌ക്കുളളിൽ നിന്നും ചെറിയ ആണികൾ ജൂതസ്‌ത്രീകൾക്ക്‌ കിട്ടാറുണ്ടായിരുന്നു. പാപികൾ ആണി തിന്ന്‌ മരിക്കട്ടെയെന്നായിരിക്കണം ചില നാട്‌സികളുടെ വിചാരം. വാതിൽ പഴുതിലൂടെ നീട്ടിപ്പിടിക്കുന്ന ഭക്‌ഷണം കൊണ്ടുവരുന്ന ട്രേകൾ വാങ്ങിക്കുവാനും സെല്ലുകൾക്കുളളിൽ സ്‌ത്രീകളുടെ ഒരു അണിതന്നെയുണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞ്‌ വിശ്രമം പതിവില്ല. ചിലപ്പോൾ മധ്യാഹ്‌നത്തോടടുത്ത്‌ ഒരു ഓഫീസർ മാത്രം സെല്ലിന്റെ വാതിൽ തുറന്നകത്തേക്ക്‌ വരും. ഒന്നോ രണ്ടോ ജൂതസ്‌ത്രീകളെ പിടിച്ചിറക്കി വാതിൽ പൂട്ടും. അവരിലാരെങ്കിലും എതിർക്കുവാനോ തടുക്കുവാനോ ശ്രമിച്ചാൽ, പൊക്കിളിലായിരിക്കും ചവിട്ട്‌. ഒരു തൊഴി മാത്രം മതി പലരുടെയും കഥ കഴിയുവാൻ. അങ്ങനെ എങ്ങോട്ടോ പിടിച്ചുകൊണ്ടുപോയ സ്‌ത്രീകളെക്കുറിച്ച്‌ പിന്നീട്‌ അറിവൊന്നുമില്ല. എങ്കിലും എല്ലാം ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുളളൂ. അടുത്തുളള സെല്ലുകളിൽ നിന്നും ഭ്രാന്തിന്റെയോ ഉൻമാദത്തിന്റെയോ എന്നറിയാത്ത ശബ്‌ദങ്ങൾ കേൾക്കുക പതിവായിരുന്നു. ഹെൻഡേഴ്‌സൺ എന്ന ഓഫീസറെക്കുറിച്ചും അയാളുടെ വെളുത്തു തടിച്ച ഭാര്യയെക്കുറിച്ചുമുളള കഥകൾ പലർക്കുമറിയാമായിരുന്നു. ട്രിബ്ലിംകയുടെ ഏതോ ഒരു ഭാഗത്തായി ഒരു മൈതാനമുണ്ടായിരുന്നു. ഗർഭിണികളായ ജൂതസ്‌ത്രീകളെയും ചില നവജാത ശിശുക്കളേയും അവരുടെ ക്ഷീണം മാറാത്ത അമ്മമാരെയും അങ്ങോട്ടാണ്‌ കൊണ്ടുപോയിരുന്നത്‌. ഗർഭിണികൾ നോക്കിയിരിക്കെ, ചില നാട്‌സികൾ നവജാതശിശുക്കളെ ആകാശങ്ങളിലേയ്‌ക്ക്‌ ചുഴറ്റിയെറിയും. കുട്ടികൾ നിലത്ത്‌ വീഴുന്നതിനും മുൻപ്‌ ഹെൻഡേഴ്‌സണും അയാളുടെ ഭാര്യയും അവയെ വെടിവെയ്‌ക്കും. ആരുടെ തോക്കിൽ നിന്നാണ്‌ ഏറ്റവുമധികം ഉണ്ടകൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ തറയ്‌ക്കുന്നതെന്നായിരുന്നു അവരുടെ വാതുവെയ്‌ക്കൽ. ചില കുഞ്ഞുങ്ങൾ വെടിയുണ്ടകളൊന്നുമേൽക്കാതെ നിലത്തുവീണ്‌ പിടഞ്ഞുമരിക്കും. ഈ രംഗം കാണുന്ന ഗർഭിണികളാരും കരയരുത്‌. ആരെങ്കിലും അഥവാ കരഞ്ഞുപോയാൽ, അവരുടെ വയറ്‌ കീറി കുട്ടിയെ പുറത്തെടുത്ത്‌ ബാക്കിയെല്ലാവരുടെയും മുൻപിൽ വെച്ച്‌ കൊല്ലുമെന്ന ഭീഷണിയുണ്ടായിരുന്നു. ചില ശരീരങ്ങൾ പീഡിതമാകുമ്പോൾ, മറ്റു ചിലത്‌ ഉൻമാദിതമാകുന്നു. പീഡനവും ഒരുൻമാദമാണ്‌. ഒരു കോവർ കഴുതയാൽ ഭോഗിക്കപ്പെട്ട തന്റെ അമ്മായിയുടെ ചരിത്രം അതാണ്‌ പറഞ്ഞു തരുന്നതെന്ന്‌ യോശയ്‌ക്ക്‌ മനസിലായി. പവിത്രമായ ആര്യരക്തത്തിന്‌ ചില വർഗങ്ങളുടെ മാംസത്തിലേക്കിറങ്ങാനാവില്ല. ക്യാമ്പിനകത്ത്‌ തന്റെ അമ്മായിയും കോവർകഴുതയും തമ്മിലുളള സംഭോഗം പ്രദർശനവസ്‌തുവാക്കിയതും ഇതേ കണ്ണുകളാണ്‌. അവസാനത്തെ കണ്ണിയായി ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട ഒരു ജൂതസ്‌ത്രീയായിരുന്നു അവർ. അവരനുഭവിച്ച പീഡനം യോശയുടെ ചരിത്ര പുസ്‌തകത്തിലെ ഉൻമാദമൂറുന്ന അടയാളങ്ങളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു.

യോശയുടെ മുറിഞ്ഞ ഓർമ്മകൾക്കിടയിൽ നിന്നും ട്രിംബ്ലിക ഇപ്പോൾ മറഞ്ഞുകഴിഞ്ഞിരിക്കുന്നു. ചുവന്ന ചായം തേച്ച ചുവരിൽ പ്രാകൃതമെന്ന്‌ തോന്നിപ്പിക്കുന്ന ഒരാണിയിൽ കോർത്തിട്ടിരിക്കുന്ന ഫ്രെയിമിലേക്കാണ്‌ അവളുടെ കണ്ണുകളിപ്പോൾ കടന്നുചെല്ലുന്നത്‌. അമ്മായിയുടെ ഫ്രെയിം ചെയ്‌ത ഫോട്ടോയുടെ വലതുഭാഗത്ത്‌ ക്രിസ്‌ത്വബ്ദത്തിനും മുൻപുളള ഏതോ പുരാവസ്‌തു ഖനനം ചെയ്‌തെടുത്തിരിക്കുന്നതിൽ നിന്നും കിട്ടിയ ലോഹത്തകിടുകൾ അടുക്കിവെച്ചിരിക്കുന്ന ഒരു മേശയുണ്ട്‌. മട്ടാഞ്ചേരിയിലേയ്‌ക്ക്‌ ആദ്യമായി കടന്നെത്തിയ ജൂതകുടുംബത്തിന്റെ പഴമ വിളിച്ചറിയിക്കുന്ന ആകെയുളെളാരു സ്വത്തായിരിക്കണമത്‌. യോശ അവളുടെ മുത്തച്ഛൻ പറഞ്ഞതോർത്തു; ‘ആദ്യോണ്ടായത്‌ ആദാമിന്റെ തോട്ടത്തിനും മുൻപ്‌ നമ്മളാ. ആദ്യകാലങ്ങളീല്‌ നമ്മുടെ സംസ്‌കാരത്തിനായിരുന്നൂ ലോകത്തില്‌ മുൻതൂക്കം. പിന്നെ പതുക്കെ പതുക്കെ നമ്മെ പുറത്താക്കാൻ തൊടങ്ങി. ഈ കാണുന്ന ലോഹത്തകിടുകളില്‌ ഏതോ കാലത്തിന്റെ ആദിവചനങ്ങള്‌ണ്ട്‌. അവയെ തൊട്ടാല്‌, നമ്മളാരുമല്ലെങ്കി, അവര്‌ പൊളളി മരിക്കും’.

മുത്തച്ഛനെ വളരെ വിരളമായി മാത്രമേ യോശ കണ്ടിരുന്നുളളൂ. മട്ടാഞ്ചേരി സിനഗോഗിനടുത്തുളള ഏതോ ഒരു ചന്തയിൽ കച്ചവടമായിരുന്നു മുത്തച്ഛന്‌. മുത്തച്ഛനെന്ന ആ കൃശഗാത്രനായ തൊപ്പിക്കാരനെ യോശയ്‌ക്ക്‌ കാട്ടികൊടുത്തത്‌ ആദ്യമായി പാമ്പിൻ ജൂതനായിരുന്നു. ‘പാമ്പൻ’ എന്ന്‌ നാട്ടുകാർ വിളിച്ചിരുന്ന പാമ്പിൻ ജൂതൻ തന്നെയാണ്‌ യോശക്ക്‌ അവളൊരിക്കലും കണ്ടിട്ടില്ലാത്ത അവളുടെ അച്ഛന്റെ കഥകൾ പറഞ്ഞ്‌ കൊടുത്തിട്ടുളളത്‌. ആയിരത്തിതൊളളായിരത്തി…… ഇരുപതുകളോടൊ മുപ്പതുകളോടൊ അടുപ്പിച്ചായിരിക്കണം അവസാനമായി അച്ഛൻ അറബികളോടൊപ്പം പായകെട്ടിയ വളളങ്ങളിലൊന്നിൽ പടിഞ്ഞാറോട്ട്‌ പോയതെന്ന്‌……. പാമ്പിൻ ജൂതന്റെ കഥനമവസാനിക്കുന്നു.

സർപ്പിളാകൃതിയിലുളള ചീർപ്പെടുത്ത്‌ വലത്തോട്ട്‌ ലേശം ചെരിച്ച്‌ വെട്ടിയിരിക്കുന്ന തലമുടി കോതുന്നതിനിടയിൽ യോശയ്‌ക്ക്‌ പാമ്പിൻ ജൂതൻ ഏതോ ജൂതകുട്ടിയോട്‌ പറയുന്ന വർത്തമാനം ഉളളിൽ തികട്ടിവന്നു.

‘ഇന്നെന്താ ലാസറേ, നിന്റെ കയ്യില്‌ ഗോട്ടികൾ കൊറവാണല്ലോ’?

‘ജൂതച്ചായോ, അന്തോ മാപ്പിളേടേ കടേല്‌ ഇന്നാരും വന്നിര്‌ന്നില്ല. കടപ്പുറത്തെ ക്‌ടാങ്ങളിപ്പോ കടേലധികം വരാറില്ല. ആരൂപ്പം കളിക്കാനൂല്ല!

’അതെന്താദ്‌? രണ്ടാഴ്‌ച മുമ്പൂടെ ഞാൻ കണ്ടതാണല്ലോ. കൊച്ചീലെ ക്‌ടാങ്ങള്‌ വൈകുന്നേരം അന്തോന്റെ കടേടെ മുൻപില്‌ തടിച്ച്‌കൂടി നിക്കണത്‌. പിന്നെന്താപ്പം അവര്‌ പോകാത്തെ?

‘അതല്ലേ ജൂതച്ചായോ അദിന്റെ രസം. ആരോ പറഞ്ഞകേട്ട്‌, അന്തോ മാപ്പിള കടപൂട്ടി അടുത്താഴ്‌ച തിരിയ്‌ക്കാണ്‌ന്ന്‌. തൊപ്പിവെച്ച ജൂതചെക്കൻമ്മാരാരും ഇനി ഐലന്റിന്റെ പരിസരത്ത്‌ ഉണ്ടാകാൻ പോണില്ലാത്രെ. കായലിക്കോടെ ഒരു ബോട്ട്‌വരും. അവരെ കൊണ്ടോവാൻ. ആ പിളേളര്‌ പോയാല്‌, പിന്നാരാച്ചായോ, ഈ മൂലക്ക്‌ കടേട്ടിരിക്കാൻ പോണത്‌? അന്തോമാപ്പിളേടെ ആകേളള സമ്പാദ്യം രാശിക്കായേം അതിഷ്ടപ്പെടുന്ന ക്‌ടാങ്ങളുമല്ല്യോ’?

പാമ്പിൻ ജൂതന്റെ കവിൾത്തടത്തിൽ കറുപ്പ്‌ പടരുന്നത്‌ യോശയ്‌ക്ക്‌ മനസിലായി. അയാളുടെ മിഴികൾ വല്ലാതെ കൂമ്പിയിരുന്നു. കായലിന്റെ പടിഞ്ഞാറ്‌ കരഞ്ഞ്‌ മടങ്ങാറായ സൂര്യന്റെ സാമ്രാജ്യത്തിലേക്ക്‌ അയാളുടെ കണ്ണുകൾ മടങ്ങി. നാളുകളധികം താമസിക്കാതെ ജൂതകുടുംബങ്ങൾ ഒന്നൊന്നായി കൊച്ചി വിട്ട്‌ വാഗ്‌ദത്ത ഭൂമിയിലേക്ക്‌ യാത്ര തിരിച്ചേക്കും. പക്ഷെ താനോ? യോശ ആലോചിക്കാതിരുന്നില്ല.

കപ്പൽ യന്ത്രങ്ങൾ വലിയ ബോട്ടുകളിൽ തുറമുഖത്തേയ്‌ക്ക്‌ കൊണ്ടുവന്നിരുന്ന റോബർട്ടാണ്‌ പീറ്ററെ ഐലന്റിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌. അന്നത്തെ സന്ധ്യയുടെ നിറം യോശയുടെ മനസിൽ ഇപ്പോഴും മായാതെ നിൽക്കുന്നുണ്ട്‌. പീറ്ററും പാമ്പിൻ ജൂതനും മട്ടാഞ്ചേരി ചന്തയിൽ രാത്രിയിൽ ഏതോയാമം വരെ ചീട്ടുകളിച്ചുകഴിഞ്ഞാണ്‌ വീട്ടിലേയ്‌ക്ക്‌ കയറി വന്നത്‌. രണ്ടുപേരും മൂക്കറ്റം കുടിച്ചിട്ടുണ്ടായിരുന്നു. മഞ്ഞസൂര്യന്റെ പാറാവ്‌ കഴിഞ്ഞുളള യാത്രയ്‌ക്ക്‌ ശേഷമാണ്‌ യോശയുടെ ബോധം തെളിഞ്ഞത്‌. അവൾ നോക്കുമ്പോൾ സിംഹത്തിന്റെ ചിത്രം ആലേഖനം ചെയ്‌തിട്ടുളള നിലത്തെ വലിയ മടക്കുകളുളള തറിപ്പായ ചുരുണ്ടുകിടക്കുന്നുണ്ടായിരുന്നു. പായയുടെ ഒരറ്റത്ത്‌ പൗരാണികമെന്ന്‌ തോന്നിക്കുന്ന ചില ജൂതനാണയങ്ങൾ ചിതറികിടക്കുന്നുണ്ടായിരുന്നു. മറ്റൊരറ്റത്ത്‌ വാറ്റുചാരായത്തിന്റെ പാതി കാലിയായ ഒരു കുപ്പിയും. പ്രാതൽപോലും കഴിക്കാതെ കിടന്നുറങ്ങുന്ന പാമ്പിൻജൂതനെ ആ സ്ഥിതിയിൽ ആദ്യമായാണവൾ കാണുന്നത്‌. പീറ്ററിന്റെ ഷർട്ടിന്റെ മൂന്നു ബട്ടണുകൾ അഴിഞ്ഞ്‌ കിടന്നിരുന്നു. വെളളി നിറമുളള ക്രൂശിത ക്രിസ്‌തുവിന്റെ മാല അയാളുടെ നെഞ്ചിൻരോമങ്ങൾക്കിടയിൽ കണ്ടപ്പോഴാണ്‌ തലേന്നു രാത്രിയിലെ ആ ജൂതസഹചാരി ഒരു ക്രിസ്‌ത്യാനിയാണെന്നവൾ മനസിലാക്കിയത്‌. അവളുണ്ടാക്കിയ ഇടിയപ്പം എത്രനേരം കഴിഞ്ഞാണ്‌ അവരിരുവരും കഴിച്ചതെന്നവൾക്ക്‌ ഓർമ്മയില്ല.

‘നീയിപ്പോഴും നിന്റെ അമ്മായീടെ ആ ഫോട്ടോവിൽ നിന്നും കണ്ണെടുത്തിട്ടില്ലേ’ പീറ്ററുടെ ചോദ്യമാണവളെ കുഴഞ്ഞുമറിഞ്ഞ ഓർമ്മകളിൽ നിന്നും വീണ്ടുമുണർത്തിയത്‌.

‘യോശ’ പീറ്ററുടെ ശബ്ദം വിളറിയിരിക്കുന്നു. തുന്നിക്കൊണ്ടിരുന്ന നൂൽക്കെട്ടിന്റെ തലപ്പ്‌ കസേരയിൽത്തന്നെ വെച്ചിട്ട്‌ അവളൊന്ന്‌ എഴുന്നേൽക്കാൻ ശ്രമിച്ചു. വയ്യ….. മദ്ധ്യവയസു പിന്നിട്ട അവളുടെ സിരകളിലെ രക്തസമ്മർദ്ദം അവളെ അവളുടെ പഴയ കാലങ്ങളിൽ നിന്നും മുമ്പോട്ട്‌ വലിച്ചെറിഞ്ഞിരിക്കുന്നു. വാതരോഗത്തിന്റെ ലാഞ്ഞ്‌ഛനകൾ അവളുടെ ശരീരമറിഞ്ഞ്‌ തുടങ്ങിയിരിക്കുന്നു. പീറ്ററാകട്ടെ, അറുപതുകൾ പിന്നിട്ട്‌ കഴിഞ്ഞിരിക്കുന്നു. ഏഴു കടലുകളും താണ്ടിയെത്തിയ കപ്പിത്താന്റെ ചുണ്ടിലെ പുകയിലയുടെ കറുപ്പുപോലെ അയാളുടെ ചുണ്ടുകൾ കറുത്ത്‌ തടിച്ചിരിക്കുന്നു.

‘യോശ….. നീയിപ്പോഴുമിങ്ങനെ ദുഃഖിക്കുന്നതെന്തേ? നമുക്ക്‌ തായ്‌വഴികളില്ലാതെ പോയത്‌ പടച്ചോന്റെ കൃപയെന്ന്‌ കരുത്യാ പോരെ? അഥവാ വല്ലോരുമുണ്ടായിരുന്നെങ്കില്‌, അവരും നമ്മെ വിട്ടിപ്പം പോവില്യായിരുന്നോ?’

യോശ ചോദ്യം കേട്ട ഭാവം നടിക്കാതെ അയാളെ നോക്കുക മാത്രം ചെയ്‌തു. നൂൽക്കൂമ്പാരത്തിനിടയിലെ സൂചിമുന അവളുടെയേതോ ചലനത്തിൽ ഇടതുകൈയ്യിലെ പെരുവിരലിൽക്കൊണ്ട്‌ രക്തം കിനിഞ്ഞു. ചെറുവേദനയോടെ അവളുടെ ശരീരം ഒന്നുകൂടി പുറകോട്ടാഞ്ഞപ്പോൾ രാത്രി ഒമ്പതിന്റെ സൈറൺ മുഴങ്ങി. അവൾ വിരലിൽ പൊടിഞ്ഞ രക്തത്തിലേയ്‌ക്ക്‌ നോക്കി. ആ നോട്ടത്തിൽ ലേശം വിരൽ വലിഞ്ഞപോലവൾക്ക്‌ തോന്നി. ആദിയുടെ തീരാപ്രവാഹമാണ്‌ ചോര. ജീവന്റെ ഒരേയൊരു തെളിവായ്‌ തലമുറകളിലേക്ക്‌ ഭക്ഷണത്തിലൂടെയും സ്‌നേഹത്തിലൂടെയും കൈമാറ്റം ചെയ്യപ്പെടുന്ന നദി. ഒരു വികൃതസ്വരം പുറപ്പെടുവിച്ചുകൊണ്ട്‌ കായലിന്‌ കുറുകെ ഒരു രാത്രിപക്ഷി പറന്നുപോയി.

‘കക്കയിറച്ചി തിന്നാണ്‌ പാമ്പിൻ ജൂതൻ ചത്തേന്ന്‌ നാട്ടാര്‌ പറഞ്ഞിണ്ടാക്കണതാ. മീനവെയിലില്‌ അങ്ങേര്‌ കായൽക്കരേലെ പിളേളരെ കളിപ്പിക്കണത്‌ കണ്ട്‌ നിന്ന ആൾക്കാരൊരു പാട്‌ണ്ട്‌.’

പാമ്പിൻ ജൂതന്റെ മരണത്തെക്കുറിച്ച്‌ പീറ്റർ വർഷങ്ങൾക്കു മുൻപ്‌ അവളോട്‌ മൊഴിഞ്ഞതാണിത്‌. ജൂതനാകട്ടെ അനൗപചാരികമായ ഒരു ചടങ്ങിൽ യോശയേയും പീറ്ററെയും പളളീലച്ചന്റെ കൈകളിലേൽപ്പിച്ചശേഷം മൊഴിഞ്ഞതിങ്ങനെയായിരുന്നുഃ ‘ന്റെ വളർത്തുമോളായ യോശയ്‌ക്കിനി ആരെങ്കിലുമുണ്ടെങ്കില്‌ പീറ്ററ്‌ മാത്രമേ ഉളെളന്റെച്ചോ. ഇവര്‌ടെ ജീവിതം അച്ചൻ മുഖാന്തിരം ശുഭമായിത്തീരട്ടേന്ന്‌ ഞാൻ പ്രാർത്ഥിയ്‌ക്കണ്‌. അധികം താമസിക്കാതെ ഞാനും ഈ ദ്വീപ്‌ വിട്ടെന്നിരിക്കും! സിനഗോഗിലെ വിളക്ക്‌ കത്തിക്കുവാൻ പിന്നീട്‌ പാമ്പിൻ ജൂതനെ കുറച്ച്‌ നാളുകൾ കൂടി മാത്രമേ മട്ടാഞ്ചേരിക്കാർ കണ്ടുളളൂ. വിസ്‌താരമില്ലാത്ത വാതിലുകളും നീണ്ട ഒരിടനാഴിയുമുളള പാമ്പിൻജൂതന്റെ ഉൾഭവനത്തിലേക്ക്‌ പീറ്ററും യോശയും താമസം മാറ്റിക്കഴിഞ്ഞിരുന്നു. വല്ലപ്പോഴും മാത്രം പാമ്പിൻ ജൂതന്റെ മൂളിപ്പാട്ട്‌ മാത്രം ആ പരിസരങ്ങളിൽ നാട്ടുകാർ കേട്ടിരുന്നു. ചാരായം കുടിച്ച്‌ രാത്രികളിൽ എവിടെയോ കറങ്ങിനടന്നിരുന്ന ഒരു കഥാപാത്രം മാത്രമായി അയാൾ ചുരുങ്ങുകയായിരുന്നു. വൈകുന്നേരം പീറ്റർ കപ്പലിലെ പണികഴിഞ്ഞെത്തും. വന്നപാടെ ഷർട്ടഴിച്ച്‌ വാതിലിന്റെ മടയിൽത്തൂക്കി ഇടനാഴിയിലൂടെ നടന്ന്‌ അയാൾ വീടിന്റെ പുറകുഭാഗത്തേക്ക്‌ ചെല്ലും. അവിടെ യോശ കോഴികൾക്ക്‌ തീറ്റ കൊടുക്കുന്നുണ്ടാവും. അവളുമായി ഏറിയാലരമണിക്കൂർ മാത്രമേ അയാൾ സംസാരിക്കാറുളളൂ. ചില രാത്രികളിൽ, കൂറ്റൻ തടിയിറക്കുന്ന പാളികൾ പോലെ യോശയുടെ ശരീരത്തിലേക്ക്‌ അയാളുടെ ശരീരം ആഴ്‌ന്നിറങ്ങാറുണ്ട്‌. ആ സമയങ്ങളിൽ അവളിൽ നിന്നും ചില വിതുമ്പലുകൾ അല്ലാതെ മറ്റൊന്നും പുറത്ത്‌ വരാറില്ല. ലോഹക്രയങ്ങൾ ഘടിപ്പിച്ച കപ്പലിന്റെ ഭീമാകാരങ്ങളായ കൊമ്പെല്ലുകൾ വലിയ പെട്ടികൾ പൊക്കിയെടുക്കുന്നതുപോലെയായിരുന്നു പീറ്ററിന്റെ ശക്തിപ്രകടനം.

’പീറ്റർ, നിന്റെ ക്രൈസ്‌തവ രക്തത്തിന്റെയുപ്പിന്‌ ഈ ജൂതപ്പെണ്ണിനെ ഒരിക്കലുമറിയാനാവില്ല. നീ കൊറച്ചുകൂടെ മയത്തിലാക്‌! യോശ ഇപ്രകാരം മന്ത്രിച്ചിരുന്നു.

‘നിന്റെ ജൂതരക്തം പാപത്താൽ പങ്കിലമാണ്‌. നിന്റെ കൂലത്തിലൂടെ വന്നവരല്ലേ ഈ ലോകത്തെ തകിടം മറിച്ചിട്ടുളേളാര്‌! പീറ്ററിങ്ങനെ പറയുന്നതായി അവൾക്ക്‌ തോന്നിയിരിക്കണം.

’പീറ്റർ, നിനക്കൊരിക്കലും സമാധാനമുണ്ടാവില്ല. നീ എന്റെ ചോരയെ നിന്റെ പിതാവിന്റെ ചോരയുമായി, അല്ല….. സാക്ഷാൽ നിന്റെ വർഗത്തിന്റെ പിതാവിന്റെ രക്തവുമായിട്ടല്ലേ താരതമ്യം ചെയ്യുന്നത്‌‘?

’അതിൽ നിനക്കെന്താ പ്രശ്‌നം? ദൈവപുത്രന്റെ രക്തചീന്തലോടെയല്ലേ ആയിരങ്ങളുടെ ക്ഷോഭങ്ങൾ നിറഞ്ഞ നിന്റെ മതത്തിനും ലോകത്തിലൊരിടം കിട്ടിയത്‌? അതിൽ, ന്റെ മതത്തിന്റെ സ്നേഹം കൊണ്ടല്ലേ ഈ ദ്വീപില്‌ നിന്നെ കല്യാണം കഴിക്കാൻ ജൂതച്ചായന്റെ വാക്കുകൾ കേട്ട്‌ ഞാൻ തുനിഞ്ഞിറങ്ങീത്‌? ‘

’പീറ്റർ, എന്നെ കെട്ടീത്‌ കൊണ്ട്‌ നീയെന്ത്‌ നേടി?‘

’നിനക്കങ്ങനെ ഞാനൊരു ജൻമം തന്നു. ഈ പീറ്റർ ആരാണെന്നറിയാൻ ഒരു ജൂതപ്പെണ്ണിന്‌ സാധിച്ചു.‘

’ഇതിന്റെയൊക്കെയർത്ഥം നീയും മറ്റൊരു നാടകക്കളിക്കാരനാണെന്നല്ലേ? എന്നെ എന്തോണ്ട്‌ ന്റെ നാട്ടിലേയ്‌ക്ക്‌ നീ വിട്ടില്ല?‘

’നിന്റെ നാടോ? അങ്ങനെ വല്ലതും വല്ലോർക്കുമീ ദ്വീപിലുണ്ടോ?‘

’പീറ്റർ…..‘ യോശയുടെ വാക്കുകളുടെ ചരിവുകളിലെവിടെയോ പഴയ വചനത്തിലെ കിളികൾ കുടിയിരിപ്പുണ്ടായിരിക്കണം. അവളുടെ ഉമിനീരിന്റെ ഓരോ ചാലിലൂടെയും ബോധാവബോധങ്ങളുടെ കട്ടുറുമ്പുകൾ അരിച്ചു നീങ്ങി. വർഷങ്ങൾക്ക്‌ മുൻപ്‌ ഒരു ശൈത്യരാത്രിയിൽ, ഒരു നാട്‌സി ഭടന്റെ തുകൽ സൂട്‌സ്‌ അഴിച്ചുകൊടുക്കുവാനാവശ്യപ്പെട്ട്‌ പിന്നീട്‌ അയാളാൽ ഭോഗിക്കപ്പെട്ട ഒരു ജൂതസ്‌ത്രീയുടെ ചിത്രം അവളുടെ മനസിൽ നിറഞ്ഞു.

പീറ്റർ രാവിലെ ചരക്കുകളുമായി കപ്പലിലേക്ക്‌ പോയിക്കഴിഞ്ഞാൽ അവളുടെ ഏക സമാധാനം കടലാണ്‌. പടിഞ്ഞാറേ വാതിൽ തുറന്നാൽ അൽപം ദൂരെയായി കായലിനേയും വീടുകളേയും വേർതിരിക്കുന്ന ഒരു അരമതിലുണ്ട്‌. ചിലപ്പോൾ അവിടെ ചെന്നുനിൽക്കുക അവളുടെ ഒരു പതിവായിരുന്നു. കായൽ അരിച്ചെടുത്ത്‌ കരയ്‌ക്കെത്തിക്കുന്ന ആഫ്രിക്കൻ പായലുകൾക്കിടയിലെ ചുവന്ന ഞണ്ടുകളെ കാണുമ്പോൾ കക്കയിറച്ചി തിന്നാണ്‌ പാമ്പിൻ ജൂതൻ മരിച്ചതെന്ന ഓർമ്മ അവളിൽ നിറയാറുണ്ട്‌. അങ്ങനെയൊരുദിവസം, ആസ്‌ത്രേലിയയിൽ നിന്നും യോശയുടെ അച്ഛന്റെ വിലാസത്തിലൊരു കത്തവൾക്ക്‌ കിട്ടി. ഹീബ്രു ഭാഷയിൽ എഴുതിയ അവളുടെ അമ്മായിയുടെ കത്തായിരുന്നുവത്‌. യുദ്ധാനന്തരം, ട്രിബ്ലിംകയിൽ നിന്നും രക്ഷപ്പെട്ട അമ്മായി പാരീസ്‌, സ്വിറ്റ്‌സർലാന്റ്‌ എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്‌തു. ഇന്ത്യയിലേക്കുളള അവരുടെ വരവിനെ ആരോ തടഞ്ഞിരുന്നൂവത്രെ. ഒരു റെയിൽവെ എഞ്ചിനീയറെ വിവാഹം ചെയ്‌തതിന്‌ ശേഷം അവസാനമായി കടന്നുചെന്നത്‌ ആസ്‌ത്രേലിയയിലേക്കായിരുന്നു. അധികം താമസിയാതെ അവളുടെ ഭർത്താവ്‌ മരിച്ചു. ഇപ്പോൾ(പ്രായമെത്രയെന്നറിയാതെ) അവരവിടെ ഒറ്റയ്‌ക്ക്‌ ജീവിക്കുന്നു. ജൂതസ്‌ത്രീകൾ ലോകത്തെല്ലായിടത്തും ഒരു പോലെ തന്നെ. കത്ത്‌ ലഭിച്ചയുടനെ അവരെ കൊച്ചിയിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ യോശ മറുപടി എഴുതിയെങ്കിലും അവരത്‌ സാരമായി കണക്കാക്കിയില്ല. യോശയുടെ അച്ഛൻ ചെയ്തിരുന്ന ജോലിയെന്തായിരുന്നുവെന്നും അവളുടെയമ്മ അച്ഛനെ വിട്ടുപിരിഞ്ഞ്‌ മറ്റാരുടെയോ ഒപ്പം പോയതാണെന്നുമുളള കഥകളെല്ലാം അമ്മായിയുടെ കത്തിലൂടെയാണവൾ പിന്നീടറിഞ്ഞത്‌. യോശ ചുവരിൽ ഫ്രെയിം ചെയ്തിരിക്കുന്ന അമ്മായിയുടെ ഫോട്ടോ അവർ തന്നെയാണവൾക്ക്‌ അയച്ചുകൊടുത്തത്‌. ഇടയ്‌ക്കിടയ്‌ക്ക്‌ പാമ്പിൻ ജൂതൻ ആ ഫോട്ടോ നോക്കി പിറുപിറുക്കുമായിരുന്നുഃ ’ന്റെ വല്ല്യപ്പന്റെ മോൾടെ നെറ്റിത്തടാ നിന്റെ അമ്മായിക്ക്‌. കണ്ടോ, വലതുഭാഗത്തായുളള ഒരു ചെറിയ വെട്ട്‌!‘ അതുകേട്ട്‌ യോശ സൂക്ഷ്‌മമായി ആ വെട്ടിലേയ്‌ക്ക്‌ നോക്കിയിരിക്കും. ആരോ പിച്ചാത്തികൊണ്ട്‌ പോറലേൽപ്പിച്ച പോലെയാണ്‌ ആ നെറ്റിത്തടത്തിലെ വെട്ടവൾക്ക്‌ തോന്നിച്ചത്‌.

വൈകുന്നേരങ്ങളിൽ, അസ്തമനം കഴിഞ്ഞ്‌ കറുത്ത വിരിപ്പ്‌ ഉളളിലോട്ട്‌ മടക്കുംപോലെ തോന്നിക്കുന്ന വിധത്തിൽ തിരകൾ കാണുമാറാകുമ്പോൾ, യോശ മുറത്തിലെ തവിടുകൾ മുകളിലോട്ടെറിഞ്ഞ്‌ കോഴികളെ വിളിക്കും. ഏതാണ്ടിതേ നേരത്തായിരിക്കും പീറ്റർ റേഡിയോ വെക്കുന്നത്‌. ചിലപ്പോൾ കേൾക്കുന്ന ഇസ്രായേൽ-പാലസ്തീൻ വാർത്തകൾ അവളെ ഞെട്ടിക്കാറുണ്ട്‌. പീറ്ററാകട്ടെ അതൊന്നും കേട്ടില്ലെന്ന ഭാവത്തിൽ ചൂരൽ കസേരയിൽ ഞെളിഞ്ഞിരിയ്‌ക്കും. ഒരിക്കലയാൾ പറയുന്നതവൾ കേട്ടുഃ ’ഹമാസിലെ ബോംബപകടത്തിൽ മരിച്ചവര്‌ടെയെണ്ണം കൂടിയേക്കണ്‌. അരാഫത്തിനെ തോൽപ്പിക്കാൻ അമേരിക്കയ്‌ക്ക്‌ സാധിക്ക്യോന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ!‘

യോശ അവളുടെ കസേരയിൽ നിന്ന്‌ ബുദ്ധിമുട്ടിയെണീറ്റ്‌ ഉയർന്ന കമാനമുളള ജനലിന്റെയരികിൽ വെച്ചിരുന്ന കുപ്പിയിൽ നിന്നും ഐ ഡ്രോപ്പ്‌സെടുത്ത്‌ കണ്ണിലിറ്റിച്ചു വീഴ്‌ത്തി. അവളുടെ കണ്ണുകൾ ചിമ്മിയടഞ്ഞപ്പോൾ ഇതുവരെ താൻ കാണാതിരുന്ന ഒരു പെൺകുട്ടി അവൾക്ക്‌ മുന്നിൽ പ്രത്യക്ഷയായി. മഞ്ഞ ആപ്രിക്കോട്ടിട്ട ആ പെൺകുട്ടി ഒരു വൃത്തത്തിനുളളിൽ നിന്ന്‌ കൂട്ടുകാരികളോട്‌ പറയുന്ന വാചകങ്ങൾ അവളുടെ മനസിൽ നിറഞ്ഞു.

’ന്ന്‌ കടൽക്കാക്കകളെ പിടിക്കാൻ പറ്റൂല്ല. നോക്ക്യേ…… ഞാനീ വൃത്തത്തീന്ന്‌ ചാടുമ്പൊ നിങ്ങളെന്നെത്തൊടണം!

കാപ്പി നിറമുളള തലപ്പാവ്‌ കെട്ടിയ ജൂതക്കുട്ടികളാണ്‌ അവളുടെയൊപ്പം കളിയ്‌ക്കുന്നതെന്നവൾക്ക്‌ മനസ്സിലായി. വൃത്തത്തിന്റെ അറിയാക്കേണുകളിലൂടെ അവൾ ചാടുമ്പോൾ ചെമ്മായം നിറഞ്ഞ കൊച്ചിയിലെ സന്ധ്യകളിൽനിന്നും കടൽക്കാക്കകൾ എങ്ങോട്ടോ പറന്നകന്നു. രാത്രിയുടെ വരവായി. മുടന്തി നീങ്ങുന്ന രാത്രിയുടെ ഓരോ യാമത്തിലും ചീവീടുകളുടെ ശബ്ദം കേൾക്കാം. രാത്രി മാഞ്ഞ്‌ പകൽ തെളിഞ്ഞപ്പോൾ, അവളുറങ്ങിയത്‌ തലേന്നുരാത്രി അവളിരുന്ന കസേരയിൽത്തന്നെയായിരുന്നൂവെന്ന്‌ യോശയ്‌ക്ക്‌ മനസ്സിലായി. ദക്ഷിണായനത്തിൽ നിന്നുമേതോ കപ്പലിന്റെ കാളം മുഴങ്ങി. അവൾ കസേരയിൽ നിന്നും മെല്ലെയെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ നടന്നു. വെളളം കയറിയ ചുവരിൽ ഘടിപ്പിച്ചിരുന്ന ലോഹത്തിന്റെ ഷെൽഫിൽ നിന്നും അവളൊരു ഗ്ലാസ്സെടുത്ത്‌ തുടച്ച്‌ വൃത്തിയാക്കി. പ്രവചിക്കാനാകാത്ത വേദപുസ്‌തകങ്ങളിലെ വെളിപാടുകൾപോലെ അകലങ്ങളിൽ സൂര്യപ്രകാശത്തിലും ഇപ്പോഴും കത്തുന്നുണ്ടെന്ന്‌ തോന്നിപ്പിക്കുന്ന ലൈറ്റ്‌ഹൗസുകളിലേക്ക്‌ അവളുടെ കണ്ണുകൾ കടന്നുപോയി.

‘പറയൂ പീറ്റർ, നീയെന്തിനാണെന്നെ ഒറ്റയ്‌ക്കാക്കി കടന്നുപോയത്‌?’

‘യോശ, നീയതിലെന്താണ്‌ ദുഃഖിക്കുന്നത്‌? നിന്റെ കണ്ണീരുപ്പ്‌ കലർന്നതല്ലേ ഈ കായലിലെ വെളളം. ന്റെ സമയമടുത്തൂന്ന്‌ വിചാരിച്ചാ മതി!

പീറ്റർ മരിച്ചിട്ടിപ്പോൾ വർഷങ്ങളേറെയായി. ഇപ്പോൾ യോശയെക്കാണുവാൻ ഇടയ്‌ക്കിടയ്‌ക്ക്‌ ഐലന്റിലെ സ്‌ത്രീകൾ മാത്രമെത്തും. ഒരേയൊരു തുരുത്തിൽ ഒറ്റയ്‌ക്ക്‌ താമസിക്കുന്ന ജൂതസ്‌ത്രീയെക്കുറിച്ച്‌ പഠനം നടത്തുവാൻ ഒരു ഗവേഷണ വിദ്യാർത്ഥി ഒരിക്കൽ വന്നിരുന്നു. സർക്കാരിൽ നിന്നും കിട്ടുന്ന ചുരുങ്ങിയ വേതനംകൊണ്ടു ജീവിക്കുന്ന യോശ ആ വിദ്യാർത്ഥിയോട്‌ ഒന്നും മിണ്ടിയില്ല. ഗവേഷണ വിദ്യാർത്ഥി വന്നപാടെ വെറുതെ മടങ്ങിപ്പോയി. പൊടിപിടിച്ച ജനലിന്റെ കർട്ടൺ മാറ്റിയപ്പോൾ മീൻകാരൻ അഹമ്മദ്‌ തന്റെ വീടിന്റെ മുമ്പിൽ സൈക്കിൾ നിറുത്തിയിട്ടിരിയ്‌ക്കുന്നതവൾ കണ്ടു. ’യോശമ്മായേ…… നല്ല കാളാഞ്ചീണ്ട്‌. വേണാ‘-? അവൾ വേണ്ടെന്ന്‌ പറഞ്ഞ്‌ ആംഗ്യം കാട്ടി. ’ഓ….. ഈ അമ്മായിക്കിപ്പം കാളാഞ്ചിയൊന്നും പറ്റൂല്ലാന്നേ……. വേറെ സ്വർണ്ണമീൻ മറുനാട്ടീന്നോ ആകാശത്തൂന്നോ ഇപ്പം വരും‘. അഹമ്മദിങ്ങനെ പറഞ്ഞ്‌ സൈക്കിൾ ബെല്ലടിച്ച്‌ ഇടവഴിയിലൂടപ്രത്യക്ഷനായി.

’നിനക്ക്‌ എപ്പോഴെങ്കിലും തോന്നണുണ്ടോ, നീയെഴുതണ നിന്റെ അമ്മായീടെ ചരിത്രം തീർവേന്ന്‌……?‘ സ്വർണ്ണക്കുതിരകളെ പൂട്ടിയ രഥത്തിലിരുന്ന്‌ പീറ്റർ അവളോട്‌ ചോദിക്കുന്നു.

അവളുടെ ചുക്കിച്ചൊളിഞ്ഞ തൊലിയുളള കൈകൾ മേശപ്പുറത്ത്‌ പരതി നടന്നു. തപ്പി തപ്പി അവളെഴുതിയിരുന്ന നാലഞ്ച്‌ പേജുകൾ കണ്ടെടുത്തു. തലേ ദിവസം രാത്രി അവളുടെ കണ്ണട നിലത്തുവീണു ചില്ലുകൾ പൊട്ടിപ്പോയിരുന്നു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവളെഴുതിയിരുന്ന പേജുകളോരോന്നായി അടുക്കിവെച്ചു. മോശയുടെ വരവിൽ നിന്നുമാണ്‌ അവളുടെ കഥനമാരംഭിക്കുന്നത്‌. മോശയിൽ നിന്നും റോമാ സാമ്രാജ്യത്തിലേക്കും പാരീസിലേക്കും ട്രിബ്ലിംകയിലേക്കും നീണ്ടുപോകുന്ന കഥനങ്ങൾ. മേശയുടെ ഒരുഭാഗത്ത്‌ വെച്ചിരുന്ന മാഗ്‌നിഫൈയിങ്ങ്‌ ഗ്ലാസ്സെടുത്ത്‌ അക്ഷരങ്ങളിലൂടെ അവൾ പരതി. ഏതോ നൂറ്റാണ്ടിന്റെ മരണത്തോടെ കൊച്ചിയിൽ കപ്പലിറങ്ങിയ തന്റെ മുത്തച്ഛന്റെ കനവാർന്ന ജീവിതം അവളതിൽ വായിച്ചെടുത്തു. അറബികളായൊത്തൊരുമിക്കുകയും പിന്നെ കലഹിച്ച്‌ പിരിയേണ്ടിയും വന്ന മട്ടാഞ്ചേരി ജൂതചരിത്രത്തിലെവിടെയോ അവളിന്നേവരെ കാണാത്ത പിതാവിന്റെ രൂപം തെളിയുന്നതുമവൾ കണ്ടു. മേശയ്‌ക്കഭിമുഖമായ പുളളിക്കുത്തുകൾ വീണ കണ്ണാടിയിലേക്ക്‌ നോക്കുമ്പോൾ അകലങ്ങളിലെവിടയോ മറ്റൊരു കപ്പലിന്റെ കാളം മുഴങ്ങി.

അരണ്ട വെളിച്ചത്തിൽ പൊട്ടിയ ജാലകക്കീറിലൂടെ യോശ കായലും അതിനുമപ്പുറത്തെ കടലും നോക്കി. ഇരുട്ടാണ്‌. എല്ലാമവസാനിക്കുന്ന ഇരുട്ട്‌. ഇരുട്ടിനെക്കീറിമുറിച്ചുകൊണ്ടൊരു കാറ്റ്‌ ജാലകക്കീറിലൂടെ അവളുടെ മുഖത്തേക്കടിച്ചു. നരതിങ്ങി വളർന്ന അവളുടെ ചെവിയ്‌ക്കടുത്തുളള മുടികൾ മരുഭൂവിൽ പറക്കുന്ന ധൂളികളെപ്പോലെ പറന്നു. ഇരമ്പുന്ന അലകളുടെ ശബ്ദം അരമതിലിൽ തട്ടുമ്പോൾ സിനഗോഗിന്റെ ആകൃതിയുളള എന്തോവൊന്ന്‌ കായലിലൊഴുകുന്ന പോലെ അവൾക്ക്‌ തോന്നി. അവളുടെ അമ്മായിയുടെ ചരിത്രമെഴുതുന്ന പേജുകളിൽ കടൽച്ചൊരുക്ക്‌ നിറഞ്ഞു. പാപത്തിന്റെ വിഷദ്രവ്യം പോലൊഴുകുന്ന ചരിത്രപുസ്‌തകത്തിൽ നിലാവുദിക്കാറില്ല. അമാവാസികളുടെ അന്ധസ്വപ്നാടനങ്ങൾ. അറുതികളില്ലാത്ത വിതുമ്പലുകൾ. ആഗ്രഹങ്ങളോ ആശീർവാദങ്ങളോവില്ലാത്ത കനംതൂങ്ങുന്ന പ്രളയസാമ്രാജ്യങ്ങൾ. ആ ചരിത്രത്തിലെ പൂർത്തീകരിക്കാത്ത ഖണ്ഡിക ഇങ്ങനെ വായിക്കുകഃ ’ജൂതസ്‌ത്രീ ആട്ടിപ്പുറത്താക്കപ്പെട്ടവളല്ല. അറിഞ്ഞ്‌ അലയുന്നവളാണ്‌. അവളുടെ ഭാരം സ്‌ത്രീത്വമല്ല. നൂറ്റാണ്ടുകളുടെ തളരാത്ത ഓർമ്മകളാണ്‌. ഞാൻ യോശ. ട്രിബ്ലിംക കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്നും രക്ഷപ്പെട്ട ഒരു ജൂതസ്‌ത്രീയുടെ ബന്ധു. ആ ജീവിതം എന്റെ ജീവിതം തന്നെ. ആയതിനാൽ നിങ്ങൾ എന്നെക്കുറിച്ചൊന്നും അന്വേഷിക്കരുത്‌. പൂപ്പൽ പിടിച്ച ചുവരുകളും ദ്രവിച്ച വിജാഗരികളുമുളള ഈ സിനഗോഗിന്റെ അന്ത്യംപോലെ ഒരിക്കലെന്റെയും അന്ത്യം കുറിക്കപ്പെടും. കാരുണ്യമില്ലാത്ത ഈ കായലിന്റെയരികിൽ, ഒരിക്കൽ….. നിലാവിനും ഇരുളിനുമിടയ്‌ക്ക്‌…… ഓർമ്മയ്‌ക്കായ്‌…. ഒരു ജൂതസ്‌ത്രീ..

Generated from archived content: story1_oct24_07.html Author: krishnanunni_p

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവലംപിരിശംഖ്‌
Next articleഇൻക്വിലാബ്‌
ജനനം 16-05-1968ൽ. വിദ്യാഭ്യാസം എം.എ., എം.ഫിൽ-ഇംഗ്ലീഷ്‌ സാഹിത്യത്തിൽ. മുഖ്യമായും കവിത, ലേഖനങ്ങൾ, സാംസ്‌ക്കാരിക പഠനങ്ങൾ, സിനിമ-കല നിരൂപണങ്ങൾ (മലയാളത്തിലും ഇംഗ്ലീഷിലും) എന്നിവ എഴുതുന്നു. കലാകൗമുദി, മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, സമകാലിക മലയാളംവാരിക, മാധ്യമം വാരിക, ഇന്ത്യൻ ലിറ്ററേച്ചർ (ഇംഗ്ലീഷ്‌), ന്യൂ പോയട്രി ജേർണൽ (ഇംഗ്ലീഷ്‌), പോയട്രി ടുഡെ (ഇംഗ്ലീഷ്‌)കൂടാതെ മറ്റ്‌ അക്കാദമിക്‌ പ്രസിദ്ധീകരണങ്ങളിലും മിനി മാഗസീനുകളിലും സൃഷ്‌ടികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഗബ്രിയൽ ഗാർസിയ മാർക്കേസിന്റെ ‘മുൻകൂട്ടിപ്പറഞ്ഞ മരണഗാഥ’ എന്ന നോവൽ ക്രിട്ടിക്കൽ കംപാനിയനായി എഡിറ്റ്‌ ചെയ്‌തത്‌. 2001-ൽ പ്രസിദ്ധീകരണം. വേൾഡ്‌ വ്യൂ പബ്ലിക്കേഷനാണ്‌ പ്രസാധകർ. ഒരു കവിതാസമാഹാരം ഡി.സി.ബുക്‌സ്‌ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്‌. 1990ൽ മഹാത്മാഗാന്ധി സർവകലാശാലയിലെ ‘കലാപ്രതിഭ’യായി തിരഞ്ഞെടുത്തു. ‘ലോകായത നിയമം’ എന്ന കവിതയ്‌ക്ക്‌ തിരുവനന്തപുരം സംസ്‌ക്കാരയുടെ ‘സാരഥി’ അവാർഡ്‌ നൽകപ്പെട്ടു, 1990-ഒക്‌ടോബറിൽ. വിലാസംഃ കൃഷ്‌ണനുണ്ണി പി. ഇംഗ്ലീഷ്‌ ലക്‌ചറർ, ദേശ്‌ബണ്ഡു കോളജ്‌, കൽക്കജി, ഡൽഹി യൂണിവേഴ്‌സിറ്റി, ന്യൂ ഡൽഹി - 110 019. 242-സി, പോക്കറ്റ്‌-എഫ്‌, എൽ.ഐ.ജി. ഫ്ലാറ്റ്‌സ്‌, ദിൽഷത്‌ ഗാർഡൻ, ഡൽഹി - 95.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English