കാൺകയീ ശരീരങ്ങൾ-
നിറങ്ങളൂറും നിലാവെളിച്ചത്തിൽ
ചുട്ടികുത്തിയവ; പേശീബന്ധമയന്ന്
ഒന്നിനൊപ്പം നിവരാത്തവ.
പുറകിൽ നിന്നാരോ വിളിച്ചെന്ന് തോന്നുമ്പോൾ
അമരവള്ളത്തിന്റെ ജീവനായ് തീർന്നവ.
കിരാതമേതൊരു യാമത്തിൻ മടിയിലാ-
ണിന്നു നാമിരുന്നതെന്നോർക്കുവാൻ വയ്യ.
തുറന്നിട്ട നെഞ്ചിൻകൂട്ടിൽ കാണാം
വരണ്ട നദീമുഖം, അസ്ഥികൂടാരങ്ങൾ
അവയ്‌ക്കൊടുവിലിടം തേടുവാൻ മതി
കരണ്ടിയിലവശേഷിക്കും ജലകണങ്ങൾ
ഒതുക്കിത്തീർത്തൊരാ മരണതീർത്ഥം.
പകുതിയൊടിഞ്ഞ രൂപത്തിനെന്തേ
മുഴുമിക്കാത്തൊരു ശിൽപത്തിനെ ഭയം?
അവനല്ല, അവളല്ല
അവനിലൂടെയും
അവളിലൂടെയും
അവനെ, യാരോവാക്കും അവളിലൂടെയും
അവളെ,യാരോവാക്കും അവനിലൂടെയും
അവൻ&അവൾ, അവരിലൂടെയും
അവരെ,യാരാക്കും അപരിലൂടെയും
അപരരെയപരരാക്കും അറിവിലൂടെയും
അപരരെ അവരാക്കും അവരിലൂടെയും
അവരറിവാകും അപരിലൂടെയും
അപരമറിവാകും അവരിലൂടെയും
അറവിനെയറിവാക്കുമവരിലൂടെയും
വളരുകയായിന്നത്തെ ശരീരമനനങ്ങൾ.
ഇന്നലെ വേദനയായിരുന്നീ ശരീരത്തിന്റെ
മതമെങ്കിലിന്നേതവസ്ഥ?
അപര സംഭ്രമതാളം ശിരോവസ്‌ത്രമുരിഞ്ഞു
നടനം ചെയ്‌തിടും നഗരപാതാളത്തിൽ
തിരയുവാനാവില്ലെനിക്ക് നിന്നെ,
കണ്ടുമൃഗശാലയിൽ ഭോഗനിർവൃതി തേടുമൊരു
വൃദ്ധ ശാസ്‌ത്രമാണീ മ്യൂസിയത്തിൽ നിൻശരീരം.
പിരിയുന്ന കൂട്ടങ്ങൾപോൽ വഴിമാറിടും
രൂപങ്ങൾ സുലഭമീ മുറികൾക്കുളളിൽ
വെയിൽ തിന്ന തെങ്ങോല നാരുകൾപോൽ
ചുരുങ്ങുന്ന തളർവാതമേനിയും ചായം പുരണ്ടവ.
ഈയിടങ്ങളെ മാറ്റുവാനാണന്ത്യശാസന
മണി മുഴങ്ങുന്നത്; ഭയമരുത്, പേരില്ലാതെ
പേരുതേടും നമുക്കായ് നഗരത്തിലുണ്ട്
മഹാമർക്കട പ്രതിമകൾ.
ഒഴിയുകയായിന്നലെകളിലെ സ്വകാര്യ‘ഇടങ്ങൾ’
നാം പോലുമറിയാത്ത നമ്മിലെയിടങ്ങൾക്കായ്
കിരാതനടനവും ഗീതവും തേങ്ങലും
ചുക്കിച്ചുരുങ്ങും പുറന്തോടുപോലെ.
ഈയിടങ്ങളെ മാറ്റുവാൻ ശരീരങ്ങളെവിടെ?
എല്ലാമൊത്തുകൂടും നഗര പാന്ഥാവുകളെവിടെ?
ഓർമ്മപോലും തിരിച്ചൊഴിഞ്ഞു പോകുമ്പോൾ
ഓർത്തിടാനൊക്കുമോ ശരീരശാസ്‌ത്രങ്ങളെ..?
Generated from archived content: poem_sareerasastram.html Author: krishnanunni_p
Click this button or press Ctrl+G to toggle between Malayalam and English