ഓരോ താളും എഴുതി പഴകിയതാണ്
പുനരധിവാസമില്ലാത്ത ഗൃഹങ്ങൾപോൽ
പട്ടണങ്ങളും പഴയ അങ്ങാടികളും
പറയാത്ത കഥയിലെ
പഴഞ്ചൻ ഘടകങ്ങൾ.
***
ഓരോ കലാരൂപവും
കണ്ടു പഴകിയതാണ്.
നീതി സാരമില്ലാത്തവ, നിരുപദ്രവങ്ങളായവ.
ഒറ്റ തിരിയാത്ത സമൂഹത്തിനേ
ഇവയെ ഗ്രഹിക്കുവാൻ സാധിക്കുകയുളളൂ.
***
ഇന്ന് അസ്‌തമയം ചായം പുരണ്ടതായിരുന്നില്ല.
ആകാതിരുന്നതെന്തോ ഭൂഘടനാചലനം കൊണ്ടായിരുന്നു.
എണ്ണമില്ലാത്ത സൂര്യൻമാർ ഒരുപോലസ്‌തമിക്കുന്ന
മനസ്സാണ് രാത്രികളുടെ ജീവൻ.
***
കോടതി വളപ്പിൽ പുലഭ്യം പറയുന്ന
ചായക്കാരിയോട് തിന്നുവാൻ സമൂസയാവശ്യപ്പെട്ട്
ഇലപൊഴിയുന്ന മരത്തണലിൽ അൽപം
തലചായ്‌ച്ചിരുന്നപ്പോൾ,
ഒരു മാത്രയെങ്കിലുമാകാശം
വിശാലമായ കടലാസായ് ക്ഷണിച്ചു.
‘എന്നിലെഴുതുക, എന്നെയെഴുതുക’.
***
എഴുത്തിന്റെ നിറം വാടുമ്പോഴാണ്
ചുരമാന്തി പല ചിന്തകൾ മനസ്സിനെ
വരിയുന്നത്, എഴുത്തിന്റെ ലിപികൾ
വഴങ്ങാതാകുമ്പോൾ കവിതയുടെ തെളിനീരും വറ്റാതിരിക്കില്ല.
***
തൊഴിലിന്റെ അന്യഥാബോധമിന്ന്
അപ്രസക്‌തം
ചാട്ടവാറടിയേറ്റിട്ടും പണിയെടുക്കും
അടിമകൾ സുലഭം.
നാമാകുന്ന നിലങ്ങൾ പിന്നിട്ട്
നുകംപേറും മരുപ്രയാണത്തിൽ
ശരീരംപോലും പരസ്യവൽക്കരിക്കപ്പെട്ട
ആൾത്താരകളിൽ –
ചരിത്രം ‘നിർമ്മിക്കപ്പെടുന്നു.’
***
പുഴയുടെ ഒഴുക്ക് അറിയാതിരുന്നതല്ല.
അറിഞ്ഞിട്ടും മിണ്ടാതിരുന്നതാണ്.
ഈ വെളളത്തിലാണ് ആദ്യം പിഞ്ചുകാലുകൾ,
പിന്നെ ചോരതിളപ്പാർന്ന കാലുകൾ,
കഴുക്കോലുകൾ,
മുട്ടറ്റവും രോഗബാധിതമായ പുഴുക്കൾ,
നീർവീക്കങ്ങൾ, തർപ്പണം ചെയ്യാതിരുന്ന അർത്ഥശരീരങ്ങൾ,
തലയോടുകൾ, പൊതിഞ്ഞൊരു ചാക്ക്…
എന്നിങ്ങനെ സാരവും സർവ്വവും ലയിച്ചമരുന്നത്.
ഈ ഒഴുക്കിനെക്കുറിച്ച് മിണ്ടിയെന്നാൽ,
വരും പ്രണയിനിയുടെ ജഡം ഒഴുക്കിൽ,
ഞാൻ തിരിച്ചറിഞ്ഞെന്നിരിക്കില്ല.
Generated from archived content: kavitha_thiricharivu.html Author: krishnanunni_p
Click this button or press Ctrl+G to toggle between Malayalam and English