മുഖം മറയ്‌ക്കേണ്ടവരോ?

ആരു നല്‌കുന്നീ മുക്കണ്ണൻ മുഖംമൂടികൾ

കാണാനോ ശ്വസിക്കാനോ മാത്രമല്ലതിൻ

ലക്ഷ്യം നിഗൂഢം, കാണരുതിവനെയാരു-

മത്രയ്‌ക്കു പൂജ്യരാണിവ്വിധം മുഖംമറപ്പവർ.

പിടിക്കപ്പെടുമ്പോഴേയവനു ലഭ്യം

കറുത്ത മുഖംമൂടി, യതിൻ മറയിൽ

കണാതെ പോകുന്നവനിലെ രൗദ്രഭാവം

അത്രമേലവർ കുലദ്രോഹികളെന്നാലും.

ചെയ്യാം അവനിനിയുമിവിടെ,യനസ്യൂതം

കൊലകൾ, കൊള്ളകളെന്നഹഃന്തയാൽ

നമ്മെനോക്കി കൊഞ്ഞണംകാട്ടി ഗൂഢമായ്‌

ചിരിക്കുമ്പോഴും, ഗോപ്യമായ്‌ പറഞ്ഞീടാം.

“ഞാനിന്നിവിടെ അചഞ്ചല, നപ്രാപ്യൻ

ആജ്ഞാനുവർത്തികൾ അരങ്ങുവാഴുമ്പോൾ

കിട്ടുന്നതിൻ വിഹിതമൊത്തുവീതിപ്പവർ

കരുതിവയ്‌ക്കുന്നെനിക്കവനീ കറുത്ത മുഖംമൂടി.”

ധാർഷ്യമൊഴിയാതവന്റെ കെഴുത്തവാക്കും

ക്രുദ്ധഭാവവും, രോഷാഗ്നിയൊളിപ്പിച്ച കണ്ണ്‌

കറുത്ത തുണിയിട്ടു വരിഞ്ഞുകെട്ടിയാലും

നമ്മെനോക്കി അവനുതിർക്കും ചോദ്യം

“എന്തിനായ്‌ നിന്റെയീ രോഷ പ്രഹർഷം

ഞങ്ങളൊന്നാണ്‌, ഇന്നല്ല,യെന്നെന്നും

ആരെത്രവട്ടമിവിടെ ചട്ടം പൊളിച്ചെഴുതിയാലും

മാറ്റമില്ലാതണിയും ഞാനീ കറുത്ത മുഖംമൂടി!”

സ്വസ്‌ഥവാസത്തിനു ഭംഗംവരുത്തീട്ട്‌

മാതൃഭൂമിയുടെ തിളങ്ങും മാനത്തിനു

വിലയിടാൻ പൈതൃകം വിറ്റുതുലയ്‌ക്കുന്ന

ഇരുകാലികൾക്കല്ലോ നല്‌കുന്നീ മുഖംമൂടികൾ.

തിന്മമാത്രം ചെയ്യുന്നോരീ മനുഷ്യമൃഗങ്ങളെ

കാക്കുവാനാവരുതിവിടെ നിയമവും, നിയമജ്ഞരും

നാളെ, തെരുവിലീ വേട്ടനായ്‌​‍്‌ക്കളെ

കണ്ടറിയേണ്ടവരല്ലോ നാം പൊതുജനങ്ങൾ.

നല്‌കരുതൊരിക്കലുമീ നരാധമന്മാർക്ക്‌

രക്ഷാകവചങ്ങളീവിധം മുഖംമറച്ചീടുവാൻ

തിരിച്ചറിഞ്ഞീടണം ഈ വിശ്വരൂപങ്ങളെ

നിയമവലമുറിച്ചിവർ നമുക്കിടയിലെത്തുമ്പോൾ.

Generated from archived content: poem2_juy3_10.html Author: krishnankutty_silknagar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here