ഓളങ്ങളിലൂടെ ഒരു നിമിഷം

കാലിന്റെ വേദന അനുനിമിഷം എറിവരുന്നു. അയാള്‍ ഡോക്റ്ററുടെ മുറിയുടെ മുന്‍പിലിരിയ്ക്കുന്ന ആളെ ദയനീയമായി നോക്കി. പക്ഷെ ആ കണ്ണുകളില്‍ സഹതാപത്തോടൊപ്പം നിസ്സഹായതയും നിഴല്‍ വിരിച്ചപ്പോള്‍ ഇനിയും അര മുക്കാല്‍ മണിക്കൂറുകൂടിയെങ്കിലും കാത്തിരിയ്ക്കുകയേ നിവൃത്തിയുള്ളെന്ന്‍ അയാള്‍ക്കു ബോദ്ധ്യമായി. എന്തെങ്കിലും ഒരാശ്വാസം തേടി അയാള്‍ ചുറ്റിനും കണ്ണോടിച്ചു. സെറ്റിയില്‍ കിടന്ന മാസിക അയാള്‍ കയ്യിലെടുത്ത് മറിച്ചു നോക്കി. പ്രശസ്തരായ പലരുടേയും കഥകളും കവിതകളും അതിലുണ്ടായിരുന്നു. പക്ഷെ ഒന്നിലും ശ്രദ്ധയുറപ്പിക്കാനാകാതെ അയാള്‍ പേജുകള്‍ മറിച്ചു കൊണ്ടിരുന്നു.

അതിനിടയില്‍ ഒരു കഥയുടെ പേര് അയാളെ ആകര്‍ഷിച്ചു. “നീലക്കൊടുവേലി തേടുന്നവര്‍” എഴുതിയത് കെ ആര്‍ ഹേമലത. പുതിയ എഴുത്തുകാരിയാവാം. പേരിനോടൊപ്പം ഇനീഷ്യല്‍ ചേര്‍ത്തിരിയ്ക്കുന്നത് ഒരു പ്രത്യേകതയായി തോന്നി. അയാള്‍ ആ കഥ വായിക്കാന്‍ തുടങ്ങി.

ഒരു സാധാരണ കഥ. പക്ഷെ എഴുതിയ രീതിയ്ക്ക് ഒരു പുതുമ തോന്നി. അതുകൊണ്ടു തന്നെ അത്യന്തം ഹൃദ്യമായിരുന്നു ആ കഥ.

കഥ മുഴുവനും വായിച്ചു തീര്‍ത്തപ്പോഴാണ് അയാള്‍ അതിശയത്തോടെ ഓര്‍ത്തത്. ഇത്രയും നേരം കാലിന്റെ വേദന തന്നെ മറന്നു പോയി! ആ അത്ഭുതം ആ കഥയെപ്പറ്റി തുടര്‍ന്നു ചിന്തിയ്ക്കാന്‍ അയാളെ പ്രേരിപ്പിച്ചു.

ഇത്രയേറെ ആകര്‍ഷിക്കത്തക്ക എന്തു പ്രത്യേകതയായിരുന്നു ആ കഥയില്‍ ? ഒരു സാധാരണ പ്രമേയം. ഇതേ പ്രമേയമുള്‍ക്കൊള്ളുന്ന എത്രയെത്ര കഥകള്‍ വായിച്ചിരിക്കുന്നു! പിന്നെ ഇതിനെന്താണൊരു പ്രത്യേകത?

മാസികയെടുത്ത് അയാള്‍ വീണ്ടും കഥ വായിക്കാന്‍ തുടങ്ങി. സംഭവവിവരണങ്ങള്‍ക്ക് എന്തോ ഒരു പുതുമ.

പെട്ടെന്ന് എങ്ങോ കേട്ടു മറന്ന ഒരറിവ് അയാളില്‍ പുനര്‍ജനിച്ചു. അതേ, അതു തന്നെയാണ് ഈ കഥയിലെ പുതുമ.

‘ലോകത്തില്‍ എല്ലാം തന്നെ രണ്ടു പ്രാവശ്യം സംഭവിക്കുന്നു. ആദ്യം മനസ്സില്‍. പിന്നെ പുറത്ത്.’

സാധാരണ കഥകളില്‍ പുറത്തെ സംഭവങ്ങളെ യോജിപ്പിക്കുന്ന കണ്ണിയായി മനസ്സു വര്‍ത്തിക്കുമ്പോള്‍ ഇവിടെ മനസ്സിലെ സംഭവങ്ങളെ യോജിപ്പിയ്ക്കുന്ന കണ്ണിയായി മാറുന്നു, പുറം ലോകം.

അതെ. അതുകൊണ്ടാണ് ആ കഥ തന്നെ ഇത്രയേറെ ആകര്‍ഷിച്ചത്.

അതിനുശേഷം അയാള്‍ കെ ആര്‍ ഹേമലതയുടെ കഥകളും നോവലുകളും തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങി. എല്ലാത്തിലും ഏറിയോ കുറഞ്ഞോ ആ പ്രത്യേകത തെളിഞ്ഞു കണ്ടു. അതോടെ ആ രചനകളില്‍ ഒരു വ്യത്യസ്തമായ താത്പര്യം അയാളില്‍ ജനിച്ചു. പണ്ടെങ്ങോ അകന്നു പോയ പ്രിയപ്പെട്ട സുഹൃത്തിന്റെ കത്തുകളോടെന്ന പോലെ.

പിന്നീടൊരു നാള്‍ വര്‍ത്തമാനപ്പത്രം നിവര്‍ത്തിയപ്പോള്‍ കണ്ണില്‍ ആദ്യം തടഞ്ഞ വാര്‍ത്ത –

‘പ്രസിദ്ധ സാഹിത്യകാരി കെ ആര്‍ ഹേമലത അന്തരിച്ചു.’

വാര്‍ത്ത വിശ്വസിക്കാന്‍ അയാള്‍ക്ക് വൈമുഖ്യം തോന്നി.

ഇതെങ്ങനെ? എന്തിന്?

തന്റെ മരണത്തിനു മുന്‍പു തന്നെ അവര്‍ അതേപ്പറ്റി മനസ്സിലാക്കിയിരിക്കും എന്ന്‍ അയാള്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു. മനസ്സിലെ സംഭവിക്കലുകള്‍ക്ക് പുറംലോകത്തേക്കാള്‍ പ്രാധാന്യം കൊടുത്തിരുന്ന ഒരാളിന് അങ്ങനെയല്ലേ സംഭവിക്കൂ. സംഭവിക്കാന്‍ പാടുള്ളു.

മരണം ഒരു യാഥാര്‍ഥ്യമായി മനസ്സില്‍ തെളിഞ്ഞപ്പോള്‍ അതോടൊപ്പം വന്ന ചിന്തകള്‍ എന്തൊക്കെയാകാം? ഭീതിയോ? അതോ ആ അതിഥിയെ അടുത്തറിയാനും ആഞ്ഞുപുല്‍കാനുമുള്ള അഭിനിവേശമോ? പക്ഷേ ആ മനസ്സിന് അതില്‍ പുതുമയൊന്നും ഉണ്ടായിരുന്നിരിക്കാനിടമില്ലല്ലോ? മുന്‍ ജന്മങ്ങളുടെ ചക്രവാളങ്ങളില്‍ മിന്നിത്തിളങ്ങിനിന്ന ഓര്‍മ്മകളെ പുതുമയോടെ സൂക്ഷിച്ച ആ മനസ്സിന് ഈ ശരീരത്തിന്റെ മരണത്തേയും അനുസ്യൂതതയുടെ പ്രവാഹത്തിലെ അപ്രധാനമായ ഒരു കണിക മാത്രമായിക്കാണാന്‍ കഴിഞ്ഞിരിക്കണമല്ലോ? വീണ്ടും തിരിച്ചു വരാന്‍ വേണ്ടിയുള്ള ഒരു മടക്കയാത്ര.

അയാള്‍ എന്തിനെന്നറിയാതെ കുറെനേരം ആ വാര്‍ത്തയില്‍ നോക്കിയിരുന്നു.

പിന്നീടയാള്‍ അതു പേപ്പറില്‍ നിന്നും മുറിച്ചെടുത്തു. എന്നിട്ട് ഒരു ഷീറ്റ് പേപ്പറെടുത്ത് ഒരു മുഖത്തിന്റെ ചിത്രം വരയ്ക്കാനാരംഭിച്ചു. ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഒരു മുഖം.

ജീവിതത്തിലൊരിക്കലും ഒരു ചിത്രം പോലും വരച്ചിട്ടില്ലാത്ത അയാള്‍ക്ക് തന്റെ് വിരലുകള്‍ ഏതാനും വരകളിലൂടെ ഒരു മനസ്സിന്റെ ചിത്രമാണ് വരയ്ക്കുന്നതെന്നു തോന്നി. ആ മുഖഭാവത്തിന് ഇനിയും വ്യക്തത വേണമെന്ന് അയാള്‍ ആഗ്രഹിച്ചെങ്കിലും അക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് അയാള്‍ക്ക് തീര്‍ച്ചയായിരുന്നു.

വളരെ നേരത്തിനു ശേഷം അയാള്‍ എഴുന്നേറ്റു. ഏതോ അത്യാദ്ധ്വാനത്തിലേര്‍പ്പെട്ടിരുന്നതു പോലെ അയാളുടെ ശരീരമാകെ വിയര്‍ത്ത് കുളിച്ചിരുന്നു. കൈകള്‍ നേരിയ തോതില്‍ വിറക്കുന്നത് അയാളറിഞ്ഞു. ഒരു പ്രതീക്ഷയുടെ നിഴല്‍ സ്വന്തം മനസ്സില്‍ തങ്ങി നില്‍ക്കുന്നതും അയാളറിഞ്ഞു.

അയാള്‍ വീണ്ടും തന്റെ മുന്‍പിലുള്ള ഷീറ്റിലെ വരകളിലേക്കു നോക്കി. പെട്ടെന്ന് അതിന്റെ മദ്ധ്യത്തില്‍ ഒരു കണ്ണിന്റെ രൂപം തെളിഞ്ഞു. ഒരു തിരിച്ചറിവിന്റെ ഭാവം അയാള്‍ അതില്‍ ദര്‍ശിച്ചു. അപ്പോഴും അയാളുടെ കണ്ണീരും വിയര്‍പ്പും കൂടിക്കുഴഞ്ഞ് ചിത്രത്തിലേക്ക് വീണു കൊണ്ടിരുന്നു.

പിന്നീട് അയാള്‍ ആ വാര്‍ത്തയും ചിത്രവും കയ്യിലെടുത്തു. അവ രണ്ടും കൂടി ഒരു കവറിലാക്കി ഒട്ടിച്ചു. എന്നിട്ട് അതിന്റെം പുറത്ത് അയാളെഴുതി.

‘സുഷുപ്തിയ്ക്കപ്പുറം.’

എന്നിട്ട് അതു തന്റെ പുസ്തകങ്ങള്‍ക്കിടയില്‍ ഭദ്രമായി വച്ചു.

ഇത്രയും ആയപ്പോഴേക്കും അയാള്‍ ആകെ തളര്‍ന്നു പോയിരുന്നു. കിടക്കയിലേക്കു വീണ അയാളുടെ കണ്ണുകള്‍ അടഞ്ഞു.

പുറത്തെങ്ങോ ഒരു വലിയ ആള്‍ക്കൂട്ടം അയാള്‍ ദര്‍ശിച്ചു. അവരെല്ലാം വളരെ താഴ്ന്ന സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു. അവരുടെ നനഞ്ഞ മുഖങ്ങളില്‍ നിന്ന്‍ നിശ്ശബ്ദമായ തേങ്ങലുകള്‍ ഉയര്‍ന്നു. തന്റെ അമ്മയുടെ മുഖം അതിന്നിടയില്‍ മിന്നിയത് അയാള്‍ അറിഞ്ഞു. എങ്ങുനിന്നോ പുകപടലങ്ങളുയര്‍ന്നു. അതോടൊപ്പം കര്‍പ്പൂരദരഗന്ധവും മണിനാദവും. ആരൊക്കെയോ കൂടി അയാളുടെ അലമാര തുറന്നു. അവര്‍ അതിനുള്ളിലെ പുസ്തകങ്ങളെല്ലാം എടുത്തു വായിച്ചു തിരികെ വച്ചു.

പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു: “ഇതു നോക്കൂ.”

അവര്‍ ആ കവര്‍ പൊളിക്കുകയായിരുന്നു. അതില്‍ നിന്നും അവര്‍ രണ്ടു ചിത്രങ്ങള്‍ പുറത്തെടുത്തു. അതിലേക്കു തന്നെ നോക്കിയിരുന്നു.

എങ്ങുനിന്നോ ഒരു കൊടുങ്കാറ്റു വീശി. അവര്‍ പുകപടലത്തിലെങ്ങോ മറഞ്ഞു. കാറ്റ് ആ ചിത്രങ്ങള്‍ തട്ടിയെടുത്ത് അഗ്നിയ്ക്കു നേരെ നീട്ടി. ഒരു നിമിഷത്തേയ്ക്ക് പുകപടലങ്ങളൊഴിഞ്ഞു. അഗ്നിനാളങ്ങള്‍ അഞ്ചായിച്ചുരുങ്ങി. അവ ആ ചിത്രങ്ങള്‍ ഏറ്റു വാങ്ങി.

പിന്നെ ആകാശവും ഭൂമിയും നിറച്ചു കൊണ്ടൊരു പെരുമഴ പെയ്തു. അതോടൊപ്പം അതിഭയങ്കരമായ ഇടിയും മിന്നലും.

മിന്നല്പ്പിണര്‍ കണ്ണിലേക്കു തുളച്ചു കയറിയപ്പോള്‍ അയാള്‍ എഴുന്നേല്‍ക്കാനൊരുങ്ങി. തന്റെ ശരീരത്തിന് ഭാരം നഷ്ടപ്പെടുന്നതായും എഴുന്നേറ്റു നിന്നാല്‍ കാറ്റില്‍ പറന്നു പോകുമെന്നും തോന്നിയപ്പോള്‍ അയാള്‍ വീണ്ടും കിടന്നു. കണ്‍പോളകള്‍ ചലിക്കാന്‍ മടിച്ച് കണ്ണുകള്‍ക്കു മേല്‍ തപസ്സിരുന്നു.

പക്ഷെ അയാളുടെ ചിന്ത താന്‍ അലമാരിയില്‍ വച്ച കവറിനെപ്പറ്റിയായിരുന്നു.

ഇപ്പോള്‍ അതിനുള്ളിലെ വരകളില്‍ മഷിയും വിയര്‍പ്പും കണ്ണുനീരുമെല്ലാം കലര്‍ന്ന് കെ ആര്‍ ഹേമലതയുടെ മനോഹരമായ ഒരു ചിത്രമായിത്തീര്‍ന്നിട്ടുണ്ടെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. പക്ഷെ ആ കവര്‍ തുറക്കാന്‍ ഇനി തനിയ്ക്ക് അവകാശമില്ല. ഏതോ ഒരു നാട്ടില്‍, നൂറ്റാണ്ടിന്നപ്പുറം ആ കവര്‍ തുറക്കുന്ന കൈകള്‍ അയാള്‍ ദര്‍ശിച്ചു. ചിത്രം പുറത്തെടുക്കുന്ന നിമിഷവും പ്രതീക്ഷിച്ചു കൊണ്ട് ക്ഷമയോടെ അയാള്‍ കണ്ണുമടച്ച് കാത്തു കിടന്നു.

(അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ പി ആര്‍ ശ്യാമള എന്ന കഥാകാരിയുടെ ഓര്‍മ്മയ്ക്കു മുന്‍പില്‍ ഈ കഥ സമര്‍പ്പിയ്ക്കുന്നു.)

Generated from archived content: story2_may13_15.html Author: krishnankutty_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here