‘നാണ്യേ…’
‘ഓ…’
കൊട്ടേട്ടന്റെ കാതരമായ വിളി നാണ്യേടത്തി ഭവ്യതയോടെ കേട്ടു.
‘നിനക്ക് പേടീണ്ടോ?’
‘ചന്തൂന്റച്ഛന് പേടീണ്ടെങ്കീ എനിക്കുംണ്ട്. ഇല്ല്യേ ഇല്ല അത്രന്നെ.’
‘ങ്ങ്‌ഹും…’
കൊട്ടേട്ടൻ നിശ്വസിച്ചു. എന്നിട്ട് അലസതയോടെ ആകാശത്തേക്ക് നോക്കി. ആകാശത്ത് മഴക്കാറുകൾ തൂങ്ങിനില്‌ക്കുന്നുണ്ട്. സൂര്യൻ മറയ്‌ക്കപ്പുറത്താണ്. ഭൂമി കരിപിടിച്ച് കിടക്കുന്നു.
അറിയാതെ കൈകൊണ്ട് തട്ടിപ്പോയ പൊതി കൊട്ടേട്ടൻ തന്നോട് അടുപ്പിച്ച് വച്ചു. എന്നിട്ട് എന്തോ ഓർത്തിട്ടെന്നപോലെ ചോദിച്ചു.
‘സോമന്റെ ഭാര്യേം കുഞ്ഞും വീട്ടില് വന്നിട്ടുണ്ട്. നീ പോയിരുന്നോ?’
‘ങ്ങും….’
‘കുഞ്ഞി എങ്ങന്യുണ്ട്?’
‘ദാ…’
നാണ്യേടത്തി കയ്യിൽ അതുവരെ തിരുപ്പിടിച്ചുകൊണ്ടിരുന്ന ഓലയിൽനിന്നും ഒരു കഷ്‌ണം ഈർക്കിൽ മുറിച്ച് നിലത്ത് വച്ചു. എന്നിട്ട് തുടർന്നു.
‘അല്ല, തടിയെന്തിനാ അധികം? ദൈവം തമ്പുരാൻ ആയുസ്സ് കൊടുത്താ മതി. ആ വാസൂന്റെ കുഞ്ഞ് എത്ര തടീണ്ടായതാരുന്നു… ഇപ്പോ നാരോന്ത് പോലെയായില്ലേ? എന്താ ആ കുഞ്ഞിന് പറ്റ്യത്?’
കൊട്ടേട്ടൻ തന്റെ അനുജന്റെ മകന്റെ കുഞ്ഞിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. നാണിയേടത്തിക്ക് സന്ധിവാതത്തിന്റെ അസുഖമുളളതിനാൽ അധികം നടക്കാൻ വയ്യ. അതുകൊണ്ട് കൊട്ടേട്ടൻ അവരെ കൂട്ടാതെയാണ് ആശുപത്രിയിൽ പോയിരുന്നത്. എന്നാൽ താൻ കണ്ടതും അറിഞ്ഞതും എല്ലാം നാണിയും കാണുകയും അറിയുകയും വേണം കൊട്ടേട്ടന്. എന്നാലേ സമാധാനമാകൂ. പക്ഷേ, സമാധാനത്തിന്റെ കരയിൽ കാലുറക്കുന്നില്ല. കാലുകൾ എങ്ങോ താഴ്‌ന്നുപോകുന്നതുപോലെ….
കൊട്ടേട്ടൻ നാണിയേടത്തിയെ നോക്കി. അവർ തികച്ചും സാധാരണമായ ഒരു നിമിഷത്തിന്റെ ഊഞ്ഞാലിൽ ഇളകാതെ ഇരുന്നുകൊണ്ട് സ്വന്തം തലയിൽ പേൻ തപ്പുകയായിരുന്നു.
കൊട്ടേട്ടനോർത്തു. ഇവളിങ്ങനെയാണ്. തനിക്ക് വേവലാതി ഉണ്ടെങ്കിൽ ഇവൾക്കുണ്ട്. ഇല്ലെങ്കിലില്ല. താൻ ഇപ്പോൾ സ്വസ്ഥനാണെന്നാണ് ഇവൾ കരുതുന്നത്. അതുകൊണ്ട് ഇവൾ സ്വസ്ഥയാണ്. നിനക്കിങ്ങിനെ എത്രയോ നിമിഷങ്ങൾ ഞാൻ തന്നിട്ടുണ്ട്. നീ അറിയാതെ. ഞാൻ ഒരുപക്ഷേ നിനക്കായി തന്നത് അതുമാത്രം ആയിരിക്കും. നിനക്കും സാധാരണ സ്‌ത്രീകളെപ്പോലെ മാലയിലും ചേലയിലും ഒക്കെ മോഹം ഉണ്ടായിരുന്നിരിക്കില്ലേ? ഒന്നും നീ പുറത്തു കാട്ടിയില്ല. ഞെരുക്കം വരുമ്പോഴൊക്കെ കഴുത്തിൽനിന്നും കാതിൽനിന്നും ഊരിത്തന്നതല്ലാതെ ആ ശൂന്യതയിലേക്ക് ഒന്നും തിരികെ ചാർത്താൻ എനിക്കൊത്തില്ല. ഒന്നിനും നീ പരിഭവിച്ചതുമില്ല.
‘ചന്തൂന്റച്ഛനെന്താ ഓർക്കുന്നേ…?“
കൊട്ടേട്ടന്റെ ചിന്തയ്‌ക്ക് നാണിയേടത്തി കൊളുത്തിട്ടു. ഇനി ഒരു കളളം പറയുന്നതാവും നല്ലതെന്ന് കൊട്ടേട്ടന് തോന്നി.
’ഞാൻ നിന്നെ പെണ്ണ് കാണാൻ വന്ന നാളിലേക്ക് പോയി‘
ആ മൊഴിയേറ്റ് നാണിയേടത്തി നാണത്താൽ പൂത്തുലഞ്ഞു. നാണിയേടത്തിയുടെ മുഖത്ത് കാലം തെറ്റി വീണ ചുളിവുകൾ നുണക്കുഴിയെ അപഹരിക്കുന്നത് കൊട്ടേട്ടൻ സങ്കടത്തോടെ നോക്കി. നോക്കിനില്‌ക്കേ ചിത്രങ്ങളുടെ അടുക്കുകൾ വീണുകൊണ്ടിരുന്നു. അവയിലൊന്നിൽ പുറംതിരിഞ്ഞോടുന്ന നാണി എന്ന ഗ്രാമീണ പെൺകൊടി. കാർമേഘ ചീന്തുകൾപോലെ മുടി. അത് അഴിഞ്ഞുലഞ്ഞ് മുട്ടോളം അലകളിളക്കി നില്‌ക്കുന്നു. അതിന് താഴെ കണങ്കാലോളം നീല മണിപ്പൂക്കളുളള പാവാടയുടെ തിരയിളക്കം… ചന്ദന നിറമാർന്ന കണങ്കാൽ…
പെണ്ണ് കാണാൻ ചെന്നപ്പോൾ അടുത്ത വീട്ടിലേക്ക് ഓടി മറയുകയായിരുന്നു. അതുകൊണ്ട് പെണ്ണ് കാണൽ ആ കാഴ്‌ചയിൽ ഒതുങ്ങി.
’പൊറം കണ്ട് പെണ്ണ് കെട്ട്യേ ആളല്ലേ…‘
നാണിയേടത്തി പഴയ കളിവാക്ക് ആവർത്തിച്ചു.
’പൊറം കണ്ടാ ഉളള് കാണാനുളള കഴിവുണ്ടെന്ന് മനസ്സിലായില്ലേ ഇനിയും നിനക്ക്…?‘
’പിന്നെ പിന്നെ… ദിവ്യനല്ലേ…!‘
എത്രയോ തവണ ആവർത്തിക്കപ്പെട്ട കളിവാക്കുകൾ. അവ കൊരുത്ത രസച്ചരടിൽ തൊട്ട് കൊട്ടേട്ടനും നാണിയേടത്തിയും ഉരുമ്മി ഇരുന്നു. പരസ്‌പരം ചൂട് പടരുകയാണ്. ഈ ചൂടും ചുമടും എല്ലാം വലിച്ചെറിഞ്ഞിട്ട്…
കൊട്ടേട്ടന്റെ കണ്ണുകൾ ആർദ്രമായി. നാണിയേടത്തി അത് കണ്ടു. ആ ആർദ്രത പെട്ടെന്ന് അവരിലേക്കും പടർന്നു. അവർ കൊട്ടേട്ടന്റെ കൈ പിടിച്ചു.
’നിങ്ങൾക്ക് പേടീണ്ട് അല്ലേ….?”
‘പേട്യല്ല. കുറ്റബോധം.’
‘എന്തിന്?’
‘എന്റെ തീരുമാനത്തിലേക്ക് നിന്നെ…’
നാണിയേടത്തി കൊട്ടേട്ടന്റെ വായ തന്റെ കൈകൊണ്ട് പൊത്തി. ആ വർത്തമാനം മുഴുമിപ്പിക്കാൻ അനുവദിച്ചില്ല. അവർക്ക് മനസ്സ് മുറിയുന്നതുപോലെ തോന്നി.
‘എന്തിനീ ഒറ്റതിരിക്കൽ? വേണ്ട. ചന്തു ഇന്നലെ വന്നിരുന്നില്ലേ…? ഒന്ന് പറഞ്ഞൂടാരുന്നോ? ഓന് ചെലപ്പോ..’
‘അവന്റെ കഷ്‌ടപ്പാട് നിനക്കറിയൂല്ലേ? എന്താ ഏതാ ആവ്വാന്നുളള വേവലാതിയിലാ ഓനും. സർക്കാരുദ്യോഗെല്ലാം ഇപ്പോ കണക്കാ. ഇപ്പോത്തന്നെ അവർക്ക് ബത്ത്യോ മറ്റോ കിട്ടുന്നില്ലാത്രെ. അവനെങ്കിലും ഉന്തിത്തളളി പോന്നെങ്കില് പോട്ടെ.. ഒരു മോന്തി തൊഴഞ്ഞ് കേറാനുളള നമ്മളെന്തിനാ പകല് മുഴുവൻ തൊഴയാനുളേളാന്റെ ചുക്കാൻ വാങ്ങുന്നേ…?’
‘ശര്യാ. പിന്നെ ഈ ശങ്ക എന്തിനാ? ചന്തൂന്റച്ഛൻ തന്ന്യല്ലേ പറഞ്ഞേ ഇപ്പോ ഇത് പതിവാന്ന്. പതിവായാ പിന്നെ എന്ത് നാണക്കേട്…?’
‘ങ്ങും…’
ഇടയ്‌ക്ക് നീങ്ങിപ്പോയ പൊതി കൊട്ടെട്ടൻ വീണ്ടും അടുപ്പിച്ച് വച്ചു. നാണിയേടത്തി ആദ്യം ആ പൊതിയിലേക്കും പിന്നെ കൊട്ടേട്ടന്റെ മുഖത്തേക്കും നോക്കി. മനസ്സിലിരുന്ന ഒരു മോഹപ്പക്ഷിയെ അവർ തുറന്നുവിട്ടു.
‘എനിക്ക് ഒരു മോഹംണ്ടാരുന്നു..’
‘എന്താത്…?’
‘നമ്മളെ പറമ്പും കണ്ടോം എല്ലാം ഒന്ന് ചുറ്റി കാണാൻ.’
‘നിനക്ക് നടക്കാൻ പറ്റ്വോ നാണീ…?’
‘അങ്ങ് നടക്ക്വന്നേ. ഇനീപ്പോ എന്താത്രാ ചിന്തിക്കാൻ..?’
കൊട്ടേട്ടന്റെ മുഖം സന്തോഷത്താൽ തിളങ്ങി. പെട്ടെന്ന് തന്നെ ംലാനമാവുകയും ചെയ്‌തു.
‘സ്ഥലെല്ലാം മൊട്ടയായി കെടക്ക്വാ… നിനക്ക് സഹിക്ക്വോ?’
‘കണ്ടോണ്ടിരിക്ക്‌ണ നിങ്ങള് സഹിക്ക്‌ന്നില്ലേ… പിന്ന്യാണോ?’
‘എനിക്കുംണ്ടാരുന്നു നിന്നേംകൂട്ടി ഒന്ന് നടക്കണംന്ന്.. നിനക്ക് വയ്യാല്ലോന്നോർത്താ…’
‘എന്നാ നേരത്തേ പറയാര്‌ന്നില്ലേ ചന്തൂന്റച്ഛാ… ഇനീപ്പോ വീണ് ചത്താത്തന്നെന്താ.. ആശ തീർന്നിട്ട്..’
ചുമരിൽ ചാരിവച്ചിരുന്ന വടിയെടുത്ത് കൊട്ടേട്ടൻ നാണിയേടത്തിക്ക് കൊടുത്തു. നാണിയേടത്തി വടി ഊന്നി മെല്ലെ എഴുന്നേറ്റു. ഒരു കൈ കൊട്ടേട്ടൻ പിടിച്ചു. എന്നിട്ട് ഇരുവരും നടന്നു തുടങ്ങി.
കൊട്ടേട്ടൻ മറുകൈ കണ്ണിനുമേൽ മറച്ച് പിടിച്ച് ആകാശത്തേക്ക് നോക്കി. കരി പിടിച്ച പാത്രം വെണ്ണീറിട്ട് തുടച്ചതുപോലെ സൂര്യന്റെ രശ്‌മികൾ തെളിയാൻ തുടങ്ങി.
‘കാറ് ലേശം മാറീന്നാ തോന്ന്‌ണേ…സൂര്യൻ കളളച്ചിരി ചിരിക്കണ്‌ണ്ട്.’
‘മഴ പെയ്യ്വോ ചന്തൂന്റച്ഛാ…?’
‘തോന്ന്‌ണില്ല…’
അവർ നത്തിക്കൊത്തി നടത്തം തുടർന്നു. വിശാലമായ പറമ്പിൽ നിറയെ വാടി വീണ ഇലകളാണ്. മഴക്കാറേറ്റേറ്റ് പറങ്കിമാവിൻ പൂവുകൾ കരിഞ്ഞ് നില്‌പുണ്ട്. കൊട്ടേട്ടന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമായിത്തുടങ്ങി. ‘നാണിക്ക് വയ്യ്വാണ്ടായേപ്പിന്നെ പറമ്പില് മാച്ചി പാഞ്ഞിട്ടില്ല. പറമ്പിലാകെ ഇല മൂടി കെടക്ക്വാ…’ കൊട്ടേട്ടൻ ഓർത്തു.
‘ചന്തൂന്റച്‌ഛനെന്താ ഒന്നും മിണ്ടാത്തേ?’
‘ഞാൻ ഓരോന്ന് ഓർക്ക്വാരുന്നൂ…’
‘ഓർത്തതെല്ലാം എന്നോടും പറയ്. ഒക്കെ ഒരു രസല്ലേ. എനിക്ക് കേൾക്കാൻ കൊത്യാ. അതൊക്കെ നുളളിപ്പെറുക്കിത്തന്നാ ഓരോന്നും എടുത്ത് കൊറിക്കാലോന്ന് കരുത്യാ ഈ ഇറക്കം..’
അപ്പോഴേക്കും നാണിയേടത്തി കിതക്കാൻ തുടങ്ങിയിരുന്നു. കൊട്ടേട്ടൻ അവരെ പിടിച്ചു നിർത്തി.
‘കാല് നോവുന്നുണ്ടോ നാണ്യേ…?’
‘കൊറേശ്ശെ’
‘എന്നാ നമ്മൾക്ക് ദാ അവിടെ കൊറച്ച് നേരം ഇരിക്കാം’
പടർന്നു പന്തലിച്ചു നില്‌ക്കുന്ന പറങ്കിമാവിന്റെ ചോട്ടിലേക്ക് കൊട്ടേട്ടൻ നാണിയേടത്തിയെ കൂട്ടിക്കൊണ്ടുപോയി. മെല്ലെ അവിടെ ഇരുത്തി. എന്നിട്ട് കൊട്ടേട്ടനും ഇരുന്നു. ക്ഷീണം അല്‌പം കുറഞ്ഞപ്പോൾ കൊട്ടേട്ടന് പഴയ കുസൃതി ഓർമ്മ വന്നു.
‘ഈ പറങ്കിമാവിന്റെ ചോട്ടില് ഒരു മഴയത്ത് നിന്നത് ഓർമ്മണ്ടോ നാണ്യേ…?’
‘ഇല്ല പിന്നെ. എന്നിട്ടെന്താ പറ്റേം നനഞ്ഞില്ലേ?’
‘അതെങ്ങന്യാ…?നനയാണ്ടിരിക്കാൻ അല്ലല്ലോ നിന്നേ..’
‘അന്ന് ആ നുണക്കുഴി കടിച്ചെടുക്കാൻ നിരീച്ചതാ. അപ്പോഴല്ലേ ആ രാഘവൻ ചേമ്പില കൊടയാക്കി പിടിച്ച് ഓടി വന്നേ…’
‘ഈ ചന്തൂന്റച്ഛൻ് ഇതെന്താ പറ്റ്യേ? നാണംല്ലല്ലോ?’
‘എന്തിനാ നാണം? കുട്ടിക്കാലത്തേക്ക് മുങ്ങാംങ്കുഴിയിട്ട് അങ്ങിനെ പോകാൻ എന്ത് രസാ… മുങ്ങാംകുഴീന്ന് പറഞ്ഞാ അറിയ്വോ നാണിക്ക്?’
‘പിന്നില്ലാതെ. മറ്റാർക്കും മുങ്ങാനും നീന്താനും അറിയൂലാന്നാ ഇവിടെ ഒരാൾടെ വിചാരം. ചീരേട്ടന്റെ കൊളത്തില് ഞാനും ഒരുപാട് മുങ്ങാംകുഴി ഇട്ടതാ.’
‘അതെ, ആ ശ്രീധരൻ നമ്പ്യാർക്ക് ഒരു കാഴ്‌ചയാക്കാൻ. ആ എമ്പോക്കി എപ്പളും കൊളക്കരേല് തന്ന്യാന്ന് നാട്ടില് പാട്ടാരുന്നു.’
‘പിന്നെ… ആട്യൊക്കെ കാഴ്‌ചയാക്കീട്ടല്ലേ എന്നെ ഇങ്ങോട്ട് കെട്ട്യെടുത്തേ… കിളുന്ത് പ്രായത്തില് പോയതാ. എന്നിട്ടാ ഇപ്പോ.. ഞാൻ തിരിച്ച് പോവ്വാ. ഈ ചന്തൂന്റച്‌ഛന് എന്താ പറ്റ്യേന്ന് ഒരു തിരുടോം ഇല്ല.’
കൊട്ടേട്ടൻ നാണയേടത്തിയുടെ പരിഭവം ഒരു നിമിഷം ആസ്വദിച്ചു. പെട്ടെന്ന്‌തന്നെ ഏതൊക്കെയോ സമ്മർദ്ദത്തിലകപ്പെടുകയും മനസ്സ് നൊമ്പരപ്പെടുകയും ചെയ്‌തു.
‘അതെ. തിരുടം ഇല്ലാണ്ടായീ നാണ്യേ..’
താൻ പറഞ്ഞത് കടുത്തുപോയോ എന്ന ആശങ്കയാൽ നാണിയേടത്തി കൊട്ടേട്ടനെ സമാധാനിപ്പിക്കാൻ നോക്കി.
‘അതിപ്പോ ചന്തൂന്റച്‌ഛന് മാത്രല്ലല്ലോ? എല്ലാർക്കും അല്ലേ?’
‘എല്ലാർക്കും അങ്ങന്യന്നെ… എന്താ ചെയ്വാ? കലികാലാ… എല്ലാം തീർവാന്നാ തോന്ന്‌ന്നേ..’
അവരിരുവരും സങ്കടത്തിന്റെ ചാലിലേക്ക് വീണു. അവിടെ നാണിയേടത്തിയെ തന്റെ ശരീരത്തോട് ചേർത്ത് നിർത്തി കൊട്ടേട്ടന്റെ മനസ്സ് ഒഴുകി തുടങ്ങി. ഒഴുകിയൊഴുകി കടത്തിന്റെ കരിങ്കടലിലാണ് പതിച്ചത്.
കണ്ണടച്ച് തുറക്കുന്ന വേഗത്തിലായിരുന്നു എല്ലാം എന്ന് കൊട്ടേട്ടൻ ഓർത്തു. ജീവിതത്തിന്റെ ആറ് പതിറ്റാണ്ട് കടമറിയാതെ തുഴഞ്ഞു കയറി. എഴുപതോടടുക്കുമ്പോൾ കുന്നിന് ഒരു കുഴിപോലെ… പകലിനൊരു രാത്രിപോലെ….
പത്തായത്തിന്റെ നിറഞ്ഞ വയർ കാലിയായിട്ടും മടിക്കുത്ത് നിറഞ്ഞില്ല. വില കുത്തനെ ഇടിയുകയായിരുന്നു. വിലയിടിവ് കാറ്റ് വീഴ്‌ചപോലെ പിന്നെ തേങ്ങയിലേക്ക്.. കുരുമുളകിലേക്ക്.. അങ്ങിനെയങ്ങിനെ..
ആ പ്രതിസന്ധി ഘട്ടത്തിൽ എല്ലാം ഉപേക്ഷിക്കാൻ എന്തേ തോന്നിയില്ല എന്ന ഒരു ചോദ്യം കൊട്ടേട്ടൻ സ്വന്തം മനസ്സിലേക്ക് എടുത്തെറിഞ്ഞു. മണ്ണിനെ സ്‌നേഹിച്ചുപോയ കുറ്റത്തിന് ഇങ്ങിനെ ഒരു ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് കൊട്ടേട്ടൻ ഓർത്തില്ല. കടം വാങ്ങി വിത്തിട്ടു. വളമിട്ടു. നെല്ലിലെ നഷ്‌ടം തേങ്ങയിൽ… തേങ്ങയിലെ നഷ്‌ടം കുരുമുളകിൽ… നീണ്ടുപോയ പ്രതീക്ഷകൾക്ക് തീ പിടിക്കുകയായിരുന്നു. നോട്ടീസ് വരുമ്പോൾ എന്തൊക്കെയോ വിറ്റുപെറുക്കി കൊണ്ടിട്ട പണം കടത്തിന്റെ കരിങ്കടലിൽ കായം കലക്കിയതുപോലെയായി. ഇനി ജീവന്റെ കരയാണ് ബാക്കി. അതും ഇതാ തരുന്നു. കൊട്ടേട്ടൻ കാല് നീട്ടി വച്ചു.
‘ചന്തൂന്റച്ഛൻ നെലത്ത് നോക്ക്‌ന്നുണ്ടോ? ദാ, ആടെ ഒരു കല്ലുണ്ട്. വീണാ രണ്ടാളും പ്‌ധോം നെലത്ത് കെടക്കും. പൊട്ടിപ്പൊളിഞ്ഞ് കെടന്ന് ചാവണോ അതോ…’
‘ഞാൻ കാണുന്നുണ്ട്. നീ പതുക്കെ എറങ്ങണം.’
അവർ മെല്ലെ കല്പടവിറങ്ങി കവുങ്ങിൻ തോട്ടത്തിലെത്തി. തോട്ടത്തിൽ തലങ്ങും വിലങ്ങും പട്ടയും പാളയും വീണു കിടക്കുന്നുണ്ട്. കവുങ്ങെല്ലാം ദാഹംകൊണ്ട് കരിഞ്ഞു തുടങ്ങിയിരുന്നു.
‘പണ്ടൊക്കെ എന്ത് തണുപ്പാരുന്നു ഈ പറമ്പിലെറങ്ങ്യാല്… ങ്ങ്‌ഹും..’
നാണിയേടത്തിയുടെ നിശ്വാസത്തിൽ കൊട്ടേട്ടനും പങ്കുചേർന്നു.
‘ശര്യാണ് ദെവസോം എത്ര്യാ വെളളം കവുങ്ങിനെ കുടിപ്പിച്ചേ? ഇപ്പോ നനയ്‌ക്കാത്ത കാലം എത്ര്യായി?’
കവുങ്ങിൻ തോട്ടം കടന്ന് ഇഞ്ചിപ്പാടത്തിറങ്ങവേ കൊട്ടേട്ടൻ ഓർത്തു.
പകൽ തളരാൻ തുടങ്ങിയിരുന്നു. സൂര്യൻ ഭൂമിയെ അണിയിച്ചിരുന്ന വെളളാട മങ്ങിത്തുടങ്ങി. വയൽ വരമ്പിൽ നിന്ന് കൊട്ടേട്ടൻ ചുറ്റിലും നോക്കി.
ചെറുപ്പകാലത്ത് കണ്ണെത്താതെ പരന്നു കിടക്കുന്ന വയലായിരുന്നു. തന്റെ വയലുകൾക്കപ്പുറം രാമിക്കോറുടെ വയലുകൾ. പിന്നെ ചാമക്കണ്ണന്റെ… അതിനുമപ്പുറം കണ്ണീക്കോറുടെ…
വയലുകൾക്കപ്പുറം തൈപ്പറമ്പ്. പറമ്പുകൾക്കിടയിലെ ഇടവഴി. കറ്റകൾ തലപ്പുറത്ത് കൊണ്ടുപോകുമ്പോൾ ഇടവഴിയിലെ വേലിക്കമ്പുകളിൽ കൊണ്ട് കതിർമണികൾ കൊഴിഞ്ഞ് വീഴുമായിരുന്നു. അവ പെറുക്കിയെടുക്കാൻ ചന്തുവും കൂട്ടുകാരും മത്സരമായിരുന്നു. പെറുക്കുന്ന ഓരോ കതിർമണിയും മനസ്സിൽ ആനന്ദത്തിന്റെ ഒരു മത്താപ്പാകും. പിന്നെ തൊപ്പിപ്പാളയിൽനിന്നും എല്ലാവർക്കും രണ്ടണ വീതം കൊടുക്കും. രണ്ടണയ്‌ക്ക് അന്ന് രണ്ടു കിലോ മധുരക്കിഴങ്ങ്. പുഴുങ്ങിയ മധുരക്കിഴങ്ങിനൊപ്പം തേങ്ങാപ്പൂളും കൂട്ടി കുട്ടികൾ തിന്നുമ്പോൾ ഇടയ്‌ക്ക് ഓരോ കഷ്‌ണം തന്റെ വായിലേക്കും…. അപ്പോൾ കളത്തിൽ കറ്റയടിയുടെ താളാത്മക ശബ്‌ദം… നെന്മണി മഴയുടെ മധുരഗീതം… കാണെ കാണെ നെല്ലിന്റെ കൂമ്പാരം…
കൊട്ടേട്ടൻ കണ്ണ് തുടച്ചു. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വയലുകളെ നോക്കി നിശ്വസിച്ചു. വയലുകളിൽ നടത്തിയ ഓരോ പരീക്ഷണങ്ങളും മനസ്സിലേക്ക് ഓടിയെത്തിക്കൊണ്ടിരുന്നു. മണ്ണിനോടുളള ഒടുങ്ങാത്ത അഭിനിവേശം അയാളുടെ ഉളളിൽ വഴിഞ്ഞൊഴുകി. നാണിയേടത്തിയിലേക്ക് തന്റെ സന്തോഷം പകർന്നുകൊണ്ട് അയാൾ പറഞ്ഞു.
‘ഈ കണ്ടത്തിലൊക്കെ എന്തും ചാട്വേ വേണ്ടൂ..നൂറു മേന്യാ വെളയ്വാ. എന്തെല്ലാം മാറി മാറി കൃഷി ചെയ്‌തു. ഈ മണ്ണൊരിക്കലും ചതിച്ചില്ല.’
കൊട്ടേട്ടന്റെ വാക്കുകളിൽ അലിഞ്ഞുചേർന്ന നാണിയേടത്തി മൗനിയായിരുന്നു.
‘ഞാൻ പറഞ്ഞതൊന്നും നാണി കേട്ടില്ലേ? ഒന്നും ഉരുവാടുന്നത് കേൾക്കുന്നില്ല…’
‘ഞാൻ എല്ലാം കേട്ടു. ഒരിക്കൽ കഴമയ്‌ക്ക് പകരം ജീരകക്കണ്ണനിട്ടപ്പൊ വെളഞ്ഞ നെല്ലിന് കണക്കുണ്ടാരുന്നോ…? ഞാനും അന്ന് മൂരാനുണ്ടാര്‌ന്ന്. പിന്നെ ഒരു കൊല്ലം ബാലൻ കുഞ്ഞുനെല്ലാ വാള്യേ… നൂറ്റൊന്ന് മേന്യാരുന്നു വെള…’
‘അപ്പോ നിനക്കെല്ലാം ഓർമ്മേണ്ട്…’
‘പിന്നില്ലാതെ. ഒരിക്കല് കപ്പ നട്ടപ്പോ അടുത്തുളേളാർക്കൊക്കെ വാരിക്കോരി കൊടുത്തിറ്റ് ബാക്കി വന്ന എത്ര ചാക്ക് കപ്പയാ വിറ്റേ…?’
‘എല്ലാറ്റിനും വെല കൊറഞ്ഞപ്പൊഴാ ഇഞ്ചി നട്ട് നോക്ക്യത്. മണ്ണ് ചതിച്ചില്ല. പക്ഷേ, വെളവെടുത്ത് കഴിഞ്ഞപ്പോ ഇഞ്ചീരെ വെല എറങ്ങ്യ വഴീല്ല. ഇനീപ്പോ ബാങ്ക്‌കാര് എപ്പാന്ന്‌ച്ചാ ജപ്‌തി ചെയ്‌തോട്ടെ… എല്ലാം ഇനി ഓർക്കുളളതാ..’
ആകെ മുങ്ങിയ കൊട്ടേട്ടന് തണുപ്പ് തോന്നിയില്ല. അയാൾ നിർവികാരനായി മാറി. അയാൾക്ക് ശ്രദ്ധിക്കാനുണ്ടായിരുന്നത് തന്റെ കരം പിടിച്ച് നടക്കുന്ന നാണിയേയും മടിയിൽ കരുതിയിരുന്ന പൊതിയും മാത്രമായിരുന്നു. തനിക്കനുഭവപ്പെടുന്ന നിർവികാരതയിലേക്ക് നാണിയേടത്തിയെ അടുപ്പിക്കാൻ കൊട്ടേട്ടൻ ശ്രമം തുടങ്ങി.
‘നാണ്യേ… നമ്മളെ രാമിക്കോറ് സ്വന്തം നെഞ്ചിലേക്കാ വെടി ഉതിർത്തേ… എന്നിട്ടും ചാവാഞ്ഞിട്ട് പറങ്കിമാവിന്റെ കൊമ്പ്‌മ്മല് തൂങ്ങി. ഓറെ സ്ഥലം ഒരറ്റത്തൂന്ന് നോക്ക്യാ മറ്റേ അറ്റം കാണൂല്ല. ഓർക്കെത്രാരുന്നു കടംന്നറിയ്യോ നിനക്ക്? നാല് ലക്ഷാ…!’
‘എനിക്ക് പേടീണ്ടെങ്കി തീരട്ടേന്ന് കരുതി എത്രോട്ടായി ചന്തൂന്റച്ഛൻ പറേന്ന്. ഇനി നാട്ടുകാരായ നാട്ടുകാർക്കൊക്കെ റേഷൻകാർഡ് ശര്യാക്കിത്തരാറുളള കോമന് പണീല്ലാണ്ടായപ്പോ ചൂടെളക്യതും.. റേഷൻ കട നടത്ത്യേ ഉല്ലാസന് കടംകേറി നാടുവിട്ടതും ഒക്കെ പറഞ്ഞ്… ചന്തൂന്റച്ഛൻ ഒരു കാര്യം ചെയ്യ്… ആ പൊതിയിൽ കരുത്യേ സാധനം പഴത്തിൽ ചേർത്ത് എനിക്ക് ആദ്യം താ… എന്നിട്ട് ചന്തൂന്റച്ഛൻ കയ്‌ച്ചാ മതി….’
വികാരത്താൽ വിറകൊണ്ട തന്റെ കരങ്ങൾകൊണ്ട് കൊട്ടേട്ടൻ നാണ്യേടത്തിയുടെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ചു. വടി നിലത്ത് വീണു. പിന്നെ മെല്ലെ നാണിയേടത്തിയെ വരമ്പിൽ ഇരുത്തി. കൊട്ടേട്ടൻ ഉരുമ്മി ഇരുന്നു. എവിടെയോ മയങ്ങിയിരുന്ന ചെറുകാറ്റ് മണ്ണിന്റെ മണവുമായി വന്ന് അവരെ തഴുകിക്കൊണ്ടിരുന്നു. കൊട്ടേട്ടന്റെ വിറയാർന്ന കൈ പൊതിയിലേക്ക് നീണ്ടു. അപ്പോൾ പശ്ചിമാകാശത്ത് ചിതറി വീണ തീക്കനലുകൾ മേഘച്ചാരത്തിനടിയിൽ അമർന്ന് കത്തുന്നുണ്ടായിരുന്നു.
1) മൂങ്ങാംകുഴിയിടുക – ഊളിയിടുക
2) മൂരുക – കൊയ്യുക
——–
Generated from archived content: story_jan22.html Author: krishnan_mp
Click this button or press Ctrl+G to toggle between Malayalam and English