ആൻസിക്ക് ഒരു പാവക്കുട്ടിയെക്കിട്ടി. ഫോറിൻ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് ജോസഫ് വാങ്ങിക്കാടുത്തതാണതിനെ. അതിന്റെ കുഞ്ഞുടുപ്പും എടുത്തുമാറ്റാവുന്ന തൊപ്പിയും എത്ര നോക്കിയിരുന്നിട്ടും ആൻസിക്ക് മതിയായില്ല. വെണ്ണനിറമുള്ള അതിന്റെ മുഖത്ത് എത്രതവണ ഉമ്മ വച്ചു എന്ന് എണ്ണിപ്പറയാൻ ബുദ്ധിമുട്ടാണ്. അതിന്റെ കൈകാലുകൾ ഏതു പാകത്തിൽ വേണമെങ്കിലും ചായ്‌ച്ചും ചരിച്ചും മടക്കിയും വക്കാവുന്നതാണ്. വേറൊരു പ്രത്യേകതകൂടിയുണ്ട് കിടത്തുമ്പോൾ കണ്ണടച്ചുപിടിക്കുകയും നിർത്തുമ്പോൾ കണ്ണുതുറന്ന് പിടിക്കുകയും ചെയ്യും.
ബാത്‌റൂമിന്റെ ഫൈബർ വാതിൽ തുറന്ന് ജോസഫ് തല പുറത്തേക്കിട്ടു. അയാൾ കുളി കഴിഞ്ഞിരിക്കുന്നു. ലുങ്കി പാതിനനവോടെ വയറിനു മുകളിലേക്ക് കയറ്റിക്കുത്തിയിരിക്കുന്നു. വികലാംഗനായ അയാൾ വടി ഉപയോഗിച്ചാണ് നടത്തം. പക്ഷെ വീട്ടിൽ വടി ഉപയോഗിക്കുവാൻ ആൻസി സമ്മതിക്കില്ല. അവൾ പാവക്കുട്ടിയെ സോഫയിൽ കിടത്തി ജോസഫിനെ പിടിച്ച് പുറത്തേക്കിറക്കി. പുരികങ്ങളിൽ തടഞ്ഞിരുന്ന ജലത്തുള്ളികൾ തുടച്ചുകളഞ്ഞു.
ജോസഫിനെ കണ്ണാടിക്കു മുന്നിലിരുത്തി തല ചീകി പൗഡറിടുവിച്ച് ഇസ്തിരി ചെയ്ത് വച്ചിരുന്ന മുണ്ടും ഷേർട്ടും ധരിപ്പിച്ചു. അയാളുടെ വിടർന്ന് തള്ളിനിൽക്കുന്ന നെഞ്ചിൻകൂട് തെളിമയുള്ള വസ്ര്തങ്ങൾ കൊണ്ട് മറച്ചപ്പോൾ വല്ലാത്തൊരു വൈരൂപ്യമൊഴിവായി. ജോസഫിനെ ഡൈനിംഗ് ടേബിളിനടുത്തെത്തിക്കുന്നതുവരെ പാവക്കുട്ടി ഒറ്റക്കു സോഫയിൽ കിടന്നു. ചായയും പലഹാരങ്ങളും അയാൾക്ക് മുന്നിലേക്ക് നീക്കിവച്ചു കൊടുത്തിട്ട് ആൻസി ഓടിപ്പോയി പാവക്കുട്ടിയുടെ അടുത്തിരുന്നു. നൈറ്റിയുടെ തൊട്ടിൽവിതാനത്തിലേയ്‌ക്ക് അതിനെയെടുത്ത് വച്ച് ലാളിച്ചു.
ഇങ്ങു കൊണ്ടുവന്നേ…
ജോസഫ് പറഞ്ഞു. ഭക്ഷണം കവിളിൽ നിറഞ്ഞിരുന്നതിനാൽ വാക്കുകൾ വ്യക്തമായില്ല. ആൻസി പാവക്കുട്ടിയെയും കൊണ്ട് അയാൾക്കരികിൽ പോയിരുന്നു. ജോസഫ് മെല്ലെ അതിന്റെ കവിളിൽ തലോടി.
നോവല്ലേ, ആൻസി പറഞ്ഞു.
പാവക്ക് നോവ്വോ. ജോസഫ് ചോദിച്ചു.
പാവയല്ല നമ്മുടെ പപ്പിക്കുട്ടി. ഇനീം പാവയെന്ന് പറയരുത്.
ഇല്ല. ജോസഫ് ഏറ്റു. ആൻസി കുറച്ച് പുട്ടിന്റെ തരിയെടുത്ത് പാവക്കുട്ടിയുടെ ചുണ്ടിൽ വച്ചു.
ജോസഫിന് പോകേണ്ട ഓട്ടോറിക്ഷ മുറ്റത്തു വന്നു നിന്നു. അവൾ അയാളെ പിടിച്ച് ഓട്ടോയിൽ കൊണ്ടിരുത്തി. പിന്നെ രണ്ടറ്റവും വെള്ളികെട്ടിയ വടിയെടുത്ത് കൊടുത്തു. ടൗണിൽ ഒരു ടെലിഫോൺബൂത്തും, ഫോട്ടോസ്‌റ്റാറ്റ്‌മെഷീനും ലേഡീസ് ഫാൻസി സാധനങ്ങൾ വിൽക്കുന്ന കടയും അയാൾക്ക് സ്വന്തമായുണ്ട്. സങ്കരവർഗ്ഗമെന്ന് തോന്നിക്കുന്ന രണ്ടു പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ടവിടെ. പണ്ട് ആൻസിയും അയാളുടെ സ്‌റ്റാഫായിരുന്നു.
ഡൈനിംഗ് ടേബിളിൽക്കിടന്ന പപ്പിക്കുട്ടിയെ എടുത്ത് ആൻസി മുഖം കഴുകിച്ചു. ബഡ്‌റൂമിൽക്കൊണ്ടുപോയിക്കിടത്തി. പിന്നെതോന്നി എപ്പോഴും ഇങ്ങനെ മലർന്നുകിടന്നാൽ ഒരു ഭംഗിയുമില്ല. അവൾ അതിനെ ചെരിച്ചുകിടത്തി. തല അല്പം താഴ്‌ത്തിവെച്ച് കുഞ്ഞുടുപ്പിനു മുകളിലേക്ക് കൈയെടുത്തുവച്ച് സ്വർണ്ണനിറമുള്ള തലമുടിയൊന്നൊതുക്കി ബെഡ്‌ഷീറ്റിന്റെ മൂലയെടുത്ത് പുതപ്പിച്ചു. ഒരു കുഞ്ഞു തലയിണ തുന്നണമെന്ന് തീരുമാനിച്ചു. ശേഷം വാക്വം ക്ലീനറെടുത്ത് മുറിയും ഹാളും വൃത്തിയാക്കുവാൻ തുടങ്ങി.
ഫോൺ റിങ്ങ് ചെയ്തു. ആൻസി ക്ലീനിംഗ് സ്‌റ്റിക്ക് നിലത്തിട്ട് ഫോണിനരുകിലേക്കോടി.
ആൻസിയല്ലേ?
അതെ…
ഒറ്റക്കിരുന്ന് മടുത്തോ. ഒന്ന് പുറത്തേക്കിറങ്ങി വാന്നേ… മാർക്കറ്റീ പോവാനോ മറ്റോ ആയിട്ട്… ആ ജോസഫ് ചേട്ടനെക്കൊണ്ടെന്തെങ്കിലും പറ്റ്വോ..
അവൾ ഫോൺവച്ചിട്ട് വീണ്ടും തറ വൃത്തിയാക്കാൻ തുടങ്ങി. അഴുക്ക് കാര്യമായിട്ടൊന്നുമില്ലെങ്കിലും അവൾ എന്നും തറ വൃത്തിയാക്കിക്കൊണ്ടേയിരിക്കും. വീണ്ടും ഫോൺ.
എത്ര നേരമാ ഇങ്ങനെ ഒറ്റക്കിരിക്കുന്നത്. പുറത്തേക്കു വാ. ഞാനൊരു ജോലി ശരിയാക്കിത്തരാം. നല്ല ശമ്പളമുള്ള ജോലി. ആ ജോസഫിനെയിട്ട് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്തിനാ.
ആൻസി ഫോൺ ഉപേക്ഷിച്ചിട്ട് ആമയുടെ ആകൃതിയുള്ള വാക്വംക്ലീനർ തള്ളിനീക്കി. ഫോൺ പിന്നേം റിങ്ങ്‌ചെയ്തു.
ഇന്നലെ ജോസഫ്‌ചേട്ടൻ ഒരു പാവയെ വാങ്ങുന്നത് കണ്ടല്ലോ… ഞാൻ ജീവനുള്ള പാവയെത്തരാം. എപ്പഴാ വരണ്ടത്.
ആൻസി റിസീവർ വലിച്ചെറിഞ്ഞിട്ട് പോയി. ഇതൊരു പതിവായിരിക്കുന്നു. ഫോൺവിളിയും അസഭ്യചുവയുള്ള പ്രലോഭനങ്ങളും. ആദ്യമൊക്കെ ജോസഫിനോടവൾ പരാതി പറഞ്ഞു. നിസ്സഹായത മുറ്റിയ കണ്ണുകളോടെ അയാൾ ആൻസിയെ നോക്കി.
നിനക്ക് സഹിക്കാൻ വയ്യാണ്ടായി അല്ലേ… ഒന്നും വേണ്ടായിരുന്നു. ഞാനെത്ര പറഞ്ഞതാ…
ശരിയായിരുന്നു. പക്ഷെ അപ്പച്ചന്റെ മരണത്തോടെ തളർന്നുപോയ അമ്മച്ചി കട്ടിലിലെടുത്തുവച്ച ശില പോലെയായപ്പോഴും, തൊഴിൽരഹിതനായി അനിയന്റെ ആകുലതകളിലേക്ക് ജോസഫ്‌ചേട്ടന്റെ പണം പരിഹാരമായി കടന്നു ചെന്നപ്പോഴും ആൻസിക്ക് ജീവിതം കൊടുത്ത് കടം വീട്ടാതിരിക്കാൻ പറ്റിയില്ല.
ആൻസിയുടെ അവയവങ്ങൾക്ക് ഇരട്ടിജോലി ചെയ്യേണ്ടിവരുമ്പോഴും ജോസഫ്‌ചേട്ടനിൽ നിന്ന് ഒന്നേ ആൻസി ഭയക്കുന്നുണ്ടായിരുന്നുള്ളൂ. രാത്രി കാലുകളുടെ കൂടി കരുത്തുള്ള കൈവിരലുകൾ ശരീരത്തിലേക്കിഴഞ്ഞു വരും. ജലപാതത്തിൽ ചുള്ളിക്കമ്പുകൾ ഒലിച്ചുപോകുമ്പോലെ മേൽവസ്ര്തങ്ങൾ പൊട്ടിമാറിപ്പോകും. വേദനിപ്പിച്ചുകൊണ്ട് ശരീരത്തിലിഴയുന്ന വിരലുകളുടെ പെരുമ്പാമ്പുകളെ എത്രയോ തവണ വിരൽപൂട്ടിട്ട് തടഞ്ഞിരിക്കുന്നു. തുടർന്ന് ഒടിഞ്ഞ ചിറകുകൾ അനക്കുവാനാകാത്ത ജോസഫിന്റെ ദുഃഖം വലിയൊരു ദീർഘനിശ്വാസത്തിലലഞ്ഞുപോകും. അറിയാമായിരുന്നിട്ടും മനഃപൂർവ്വം പരാജയപ്പെടുവാൻ രാത്രികൾ ഉപയോഗിക്കാറുണ്ട്.
പള്ളിയിൽ പോയി മടങ്ങുമ്പോൾ ടെലഫോണിൽ ശല്യം ചെയ്യാറുള്ളവർ ബൈക്കുകളിൽ വന്ന് ആൻസിയെ ഭയപ്പെടുത്താറുണ്ട്. ഫോൺ ചെയ്യാറുള്ളത് താനാണെന്ന് ഓരോരുത്തരും സൂചന തരാറുണ്ട്. ജോസഫ് പള്ളിയിൽ വരാറില്ല. അയാളെ വിളിച്ചപ്പോൾ പറഞ്ഞു. ആൻസീ ദൈവമെനിക്ക് സമ്മാനമായി നിന്നെത്തന്നുകഴിഞ്ഞു. അതിനുള്ള നന്ദി ഞാൻ ശബ്ദമില്ലാത്ത പ്രാർത്ഥനകളിലൂടെ അറിയിച്ചോളാം…
ആൻസിക്കെന്തോ പള്ളിയിൽ പോകാതിരിക്കാൻ കഴിയാറില്ല. കവാടത്തിലുള്ള ആർച്ചിന്മേൽ വെള്ളപ്രാവുകൾ കൂട് കൂട്ടിയിട്ടുണ്ട്. അവയുടെ കണ്ണുകളിൽ പണ്ടു പണ്ടൊരു കുരിശാകൃതിയിൽ തറഞ്ഞുപോയൊരു കനിവുണ്ട്.
പപ്പിക്കുട്ടിയേയും അടുത്തുകിടത്തി ഉച്ചമയക്കത്തിലേക്കാണ്ടുപോയപ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്. ഞാൻ വിനു ചെറിയാൻ.
റിസീവറിൽ നിന്നുകേട്ട ഏറ്റവും പരിചയമുള്ള പുരുഷശബ്ദം തിരിച്ചറിഞ്ഞതു മുതൽ ആൻസിയുടെ കൈ ചെറുതായൊന്നു വിറക്കാൻ തുടങ്ങി. മറുപടി പറയാൻ താമസിച്ചെങ്കിലും തുടർന്നൊരു വിറയലോ പരിഭ്രമമോ പാടില്ലെന്നു തീരുമാനിച്ചു.
വിനുവോ താനെന്നാ വന്നത്.
അതിനു മറുപടി പറയാതെ അയാൾ പറഞ്ഞു.
എനിക്ക് നിന്നെ കാണണം…
അതിനെന്താ നീ പോര്…
ആൻസി കൃത്യമായി വഴി പറഞ്ഞു കൊടുത്തു.
അവൾ ബെഡ്‌റൂമിൽ ചെന്ന് പപ്പിക്കുട്ടിയെ ഉണർത്തി. പപ്പിക്കുട്ടി, വിനുചെറിയാൻ വരുന്നു. മമ്മിയുടെ കാമുകൻ. അവനൊരുപാട് സങ്കടപ്പെട്ടാ വരുന്നത്. അവന്റെ സങ്കടം തീർക്കണം. അതുവരെ നീ പുറത്തുള്ള കാഴ്‌ചകൾ കണ്ടുനിൽക്ക്…
ആൻസി പാവക്കുട്ടിയെ ജനലഴികളിൽ പിടിച്ചുനിർത്തി. ചുളുങ്ങിയ കിടക്കവിരികൾ നേരെയിട്ടു.
താൻ ഒരു പൊണ്ണത്തടിയനായല്ലോ വിനൂ. ഗൾഫ് പണം നിന്റെ തടി വലുതാക്കിക്കളഞ്ഞല്ലോ വിനൂ.
ആൻസി വിനുചെറിയാനെ സ്വീകരിച്ചു. ഒട്ടും സന്തോഷമില്ലായിരുന്നു അയാളുടെ മുഖത്ത്. പാന്റ്‌സിന്റെ പോക്കറ്റിൽ ഒരു മൊബൈൽ ഫോൺ മുഴച്ചുനിന്നു.
ഞാൻ പോയത് അങ്ങേ ലോകത്തേക്കൊന്നുമായിരുന്നില്ലല്ലോ. പക്ഷേ നീ നിന്റെ ഇഷ്ടത്തിലേക്കു മാത്രം ഒതുങ്ങി അല്ലേ…
കളയെന്റെ വിനൂ… താൻ കൊച്ചുകുട്ടികളെപ്പോലെ കളഞ്ഞുപോയ കളിപ്പാട്ടത്തിനു വേണ്ടി ഇങ്ങനെ വാശിപിടിച്ചാലോ…
ആൻസീ നീയിങ്ങിനെയൊന്നുമായിരുന്നില്ല.
വിനു പറഞ്ഞു. അയാളുടെ നിരാശക്കുമേൽ അൽപം അത്ഭുതവും.
എന്താ നിന്റെ പ്രശ്നം.
ആൻസി ചോദിച്ചു.
നീ…..
അയാൾ അവളുടെ നേരെ കൈചൂണ്ടി.
ഞാൻ ഒരുപാട് വൈകിപ്പോയൊന്നുമില്ലല്ലോ. എന്നിട്ടും…
ഞാൻ എന്നെ നിന്റെ മനസ്സിൽനിന്നും മായ്‌ച്ചുതരാം പോരേ… ആൻസി ചോദിച്ചു.
എങ്ങനെ..
എങ്ങനെയെങ്കിലുമാവട്ടെ. വേണോന്ന് പറയ്…
അയാൾ നിശബ്ദനായി. പ്രണയനാളുകളിലെ ഉത്സവനടപ്പുകളിലൊന്നിൽ അയാളവളോട് ചോദിച്ചിരുന്നു.
ആൻസീ നിന്നെ ഞാനൊന്ന് ചുംബിക്കട്ടെ.
വേണ്ട ആൻസി അത് നിരസിച്ചു.
നീയത് ചെയ്യുമ്പോൾ ഒരു മഞ്ഞുതുള്ളി വേറൊന്നിനോട് ചേരുന്നതുപോലെ നമ്മുടെ ആത്മാവുകൾ ഇഴചേർന്നു പോകും. പീന്നീടതവിടെയിരുന്നലിഞ്ഞ് ഒന്നുമില്ലാതെയാകും… നാം തമ്മിലെന്തെങ്കിലും ബാക്കി കിടക്കട്ടെ. അവശേഷിപ്പിക്കുന്നത് അർത്ഥമില്ലാത്ത ശൂന്യതയാണെങ്കിൽ അതിനുമപ്പുറം വിശാലമായ ജീവിതം കേടുവന്ന കളിപ്പാട്ടത്തിന്റെ കൗതുകമല്ലേ ഉണ്ടാക്കുകയുള്ളൂ…
വിനു ഇരുന്ന് ഭൂതകാലത്തിന്റെ ശിഥിലമായ തുണ്ടുകളിലൂടെ സഞ്ചരിക്കുകയാണെന്ന് ആൻസിക്ക് മനസ്സിലായി. അവൾ പറഞ്ഞു.
ഞാനെന്തൊരാളാ. നിനക്കെന്താ കുടിക്കാൻ വേണ്ടതെന്നു കൂടി ചോദിക്കാൻ മറന്നു…
ഒന്നും വേണ്ട. വിനു പറഞ്ഞു.
കണ്ടതിൽ സന്തോഷം. മി. ജോസഫിനോടും പറയുക.
വിനുചെറിയാനു പിന്നിൽ ആൻസി കതകു ചേർത്തടച്ചു.
മതി കാഴ്‌ച കണ്ടത്. വാ ഇങ്ങ്….
ആൻസി പപ്പിക്കുട്ടിയെ ജനലഴികളിൽ നിന്നും പറിച്ചെടുത്തു. കൈവെള്ളയിൽവച്ച് മുഖത്തേക്കുറ്റു നോക്കി.
അവനെന്നെ തോൽപ്പിച്ചോ പപ്പിക്കുട്ടീ…
അവൾ ചോദിച്ചു.
പപ്പിക്കുട്ടി അപ്പോഴും കണ്ണുതുറന്ന് പിടിച്ച് അവളെ നോക്കി.
Generated from archived content: story1_dec1_07.html Author: krishnakmar_marar