ദുർഭൂതം

ഞാൻ ശഠിച്ചു പറയുന്നു.

എനിക്കെന്റെ ഭൂതകാലം

തിരിച്ചു കിട്ടണം.

കറവ വറ്റാത്ത മുലക്കാമ്പുകൾ വേണം.

പേറ്റുമണം മാറാത്ത സാരിത്തൊട്ടിൽ വേണം.

തല്ലിപ്പറയിക്കാനൊരു കളവു നടത്തണം.

കട്ടുവലിക്കാനൊരു കുറ്റിബീഡി വേണം.

കൂടെ പഠിക്കുന്ന പെണ്ണ്‌

സന്നിബാധിച്ചു ചാവണം.

പ്രണയം കുഴിച്ചിടാൻ

കൂപം കണക്കെ കുഴികൾ വേണം.

അച്ഛന്റെ വിരൽത്തുമ്പുകൾക്ക്‌

സിഗരറ്റ്‌ മണക്കണം

കീടനാശിനിയുടെ ശവഗന്ധച്ചിറകിൽ

അച്‌ഛൻപോയത്‌-

നക്ഷത്രക്കൂട്ടത്തിലേക്കാണെന്ന്‌

അമ്മ നുണപറയണം.

കടലാസുതോണികളിറക്കുന്ന

തെളിനീരുനുക്കി ഞാൻ

അമ്മയുടെ കണ്ണീർക്കുടങ്ങൾ നിറച്ചു വച്ചോളാം…

ഒറ്റ നക്ഷത്രം പോലുമില്ലാത്ത

ആകാശം സ്വന്തമായിട്ടു വേണം.

സ്വയംഭോഗം ചെയ്യാൻ

കുറെ സ്വകാര്യതയും

കാട്‌ കടല്‌ നാട്‌ നഗരം

വീട്‌ കൂട്‌ പൂവ്‌ കായ്‌

ഇവയൊക്കെയെന്റെ വർത്തമാനത്തിലുണ്ട്‌

മോഷണം പോയ വാക്കുപോലെ

ആരോ കവർന്നെടുത്ത ഭൂതകാലം വേണം

കൊമ്പല്ലിറക്കി

ചോരനുണയുന്ന

ദുർഭൂതമായാലും

വേണം.

Generated from archived content: poem1_june11_08.html Author: krishnakmar_marar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here