മൂന്നാം ലോകം

വാടകവീട്ടിൽനിന്ന്‌ വാടകവീട്ടിലേക്കുളള നിരന്തരമായ പ്രയാണങ്ങളായിരുന്നു അബുദാബി ജീവിതത്തിന്റെ ശൈലികളിലൊന്ന്‌. വീട്ടുടമസ്ഥനായ അറബി മാസങ്ങളുടെയും വർഷങ്ങളുടെയും ഇടവേളകളിൽ കടന്നുവന്നു. എന്നിട്ട്‌ ഒരു ദാക്ഷിണ്യവുമില്ലാതെ വാടക ഉയർത്തി. പാർപ്പിടങ്ങൾ കുറവും വാടകക്കാർ കൂടുതലുമായിരുന്നുവല്ലോ. ഗത്യന്തരമില്ലാതെ കട്ടിലുകളും മരസാമാനങ്ങളും പാത്രങ്ങളുമായി ഞങ്ങൾ മറ്റൊരു വീട്ടിലേക്ക്‌ ശരണാർത്ഥികൾ ആയി. കൂലിക്കാരായ പഠാണികൾ ബലിഷ്‌ഠൻമാരും ധിക്കാരികളുമായിരുന്നു. അവർ ഞങ്ങളുടെ ചില്ലലമാരകൾ തകർക്കുകയും പിഞ്ഞാണങ്ങൾ ഉടക്കുകയും പറയാത്ത കൂലിക്കുവേണ്ടി തർക്കിക്കുകയും ചെയ്‌തു. അപ്പോഴൊക്കെ ക്ഷോഭം ഇരച്ചുകയറി ഞങ്ങളുടെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നു.

ബാച്ചിലർ ജീവിതത്തിന്റെ ഒരിടവേളയിലാണ്‌ ഞാൻ നഗരപ്രാന്തമായ മുറൂറിലേക്ക്‌ മാറിയത്‌. മുറൂർ എന്നാൽ ട്രാഫിക്‌ ആപ്പീസ്‌. ട്രാഫിക്‌ ആപ്പീസിന്റെ ആൾത്തിരക്കില്ലാത്ത പ്രാന്തപ്രദേശങ്ങളെല്ലാം മുറൂറായിത്തന്നെ അറിയപ്പെട്ടു. വിപ്ലവത്തെത്തുടർന്ന്‌ യമനിൽനിന്ന്‌ പലായനം ചെയ്‌ത കുറെ യമനി കുടുംബങ്ങളും, കെനിയ, സോമാലിയ, സെൻസിബാർ തുടങ്ങിയ കിഴക്കനാഫ്രിക്കൻ തീരങ്ങളിൽനിന്ന്‌ വന്നെത്തിയ നീഗ്രോവംശജരുമായിരുന്നു അവിടത്തെ പ്രധാന നിവാസികൾ. സനയിലേക്കും, തെയ്‌സിലേക്കും തിരിക്കുന്ന വിദേശ സാമാനങ്ങളും, സിഗരറ്റും കുത്തിനിറച്ച ട്രക്കുകളും ജീപ്പുകളും അവിടെ ഊഴവും കാത്ത്‌ കിടന്നിരുന്നു. തെക്കൻ അറേബിയയുടെയും കിഴക്കനാഫ്രിക്കയുടെയും തനിമയുളള സംഗീതവീചികൾ ആ അന്തരീക്ഷത്തിലുടനീളം തങ്ങിനിന്നിരുന്നു. തണുപ്പാർന്ന പുലർക്കാലങ്ങളിൽ അറബിയും സ്വാഹിലിയും സോമാലിയും ഇടകലർന്ന ശബ്‌ദങ്ങൾ എവിടെ നിന്നൊക്കെയോ ഒഴുകിവന്നു. അപ്പോഴൊക്കെ ഞാനൊരു ഭ്രമാത്മകലോകത്തിലേക്ക്‌ വഴുതിവീഴുകയും ഏതോ ആഫ്രിക്കൻ തീരങ്ങളിലാണ്‌ വന്നുപെട്ടിരിക്കുന്നതെന്ന്‌ വിശ്വസിക്കുകയും ചെയ്‌തു.

ഞങ്ങളുടെ വീടിന്റെ ഒരു ഫർലോങ്ങ്‌ പിൻവശത്തായി ആഴം കുറഞ്ഞ വെളളച്ചാലുകളുണ്ടായിരുന്നു. അബുദാബി ദ്വീപിനെ ചുറ്റിവരിഞ്ഞ ഉൾക്കടലിന്റെ ദുർബ്ബലമായ കൈവഴികളായിരുന്നു അവ. അവിടെ കണ്ടൽകാടുകള തഴച്ചുവളർന്ന്‌ നിന്നിരുന്നു. അവയുടെ ശീതളച്ഛായയിൽ മത്സ്യക്കൂട്ടങ്ങളും ഞണ്ടുകളും കിനാവ്‌ കണ്ടു. വെളളിയാഴ്‌ചകളിൽ ഞങ്ങൾ അവിടെ പോയി ചൂണ്ടയിടുകയും തൂവാലകൾ വിരിച്ച്‌ ഞണ്ടുകളെ വേട്ടയാടുകയും ചെയ്‌തു. പിന്നെ പൊരിച്ചമീനും ഞണ്ടുകറിയും തണുത്തബീറും മോന്തി അവധിദിനങ്ങളെ ധന്യമാക്കി.

ജോലിക്ക്‌ നഗരങ്ങളിലെത്തുവാനും, മടങ്ങുവാനും ഞങ്ങൾ ട്രാൻസ്‌പോർട്ട്‌ ബസ്സുകളെയാണ്‌ ആശ്രയിച്ചിരുന്നത്‌. അല്ലെങ്കിൽ അഞ്ചാളുകളെ കുത്തിനിറച്ചുകൊണ്ടുപോകുന്ന ലൈൻ ടാക്‌സികൾ കിട്ടും. അന്ന്‌ പതിവുപോലെ ജോലി കഴിഞ്ഞ്‌ മുനിസിപ്പാലിറ്റി ബസ്‌സ്‌റ്റാന്റിൽ നിർത്തിയിട്ട പാസഞ്ചർ ബസ്സിലിരുന്ന്‌ ഞാൻ ആ ദിവസത്തെ ഖലീജ്‌ ടൈംസ്‌ വായിച്ചുകൊണ്ടിരുന്നു.

ന്യൂ എയർപോർട്ട്‌ റോഡിലൂടെ ഗമിച്ചിരുന്ന ആ ബസ്സിലെ യാത്രക്കാരിൽ ഇന്ത്യക്കാർ നന്നേ കുറവായിരുന്നു. മറിച്ച്‌ സോമാലികളും, യമനികളും, ഈജിപ്‌തുകാരും, പലസ്‌തീൻകാരുമായിരുന്നു ഭൂരിഭാഗവും. അങ്ങനെയിരിക്കെ എനിക്കെതിരെയുളള സീറ്റിൽ ഒരു ഈജിപ്‌തുകാരൻ വന്നിരുന്നു. ഞാൻ വായനയിലായിരുന്നതിനാൽ അയാളെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അയാളെന്നെ കുറച്ചുനേരമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരിക്കണം. പെട്ടെന്ന്‌ ഒരു വിളി വന്നു.

“ഹലോ സുഹൃത്തേ, നിങ്ങൾ ഇന്ത്യക്കാരനാണോ?” ഞാൻ അതെ എന്ന്‌ തലയാട്ടി.

“എങ്കിൽ നിങ്ങളുടെ മഹത്തായ നാട്ടിൽ മുസ്ലീങ്ങളെ ഇങ്ങനെ നിർദ്ദയം കൊന്നൊടുക്കുന്നത്‌ എന്തുകൊണ്ടാണ്‌?”

അപ്രതീക്ഷിതമായ ചോദ്യം കേട്ട്‌ ഞാൻ തെല്ലൊന്ന്‌ അമ്പരന്നു. അതും ഉറക്കെ, മറ്റുളള യാത്രക്കാരുടെ ശ്രദ്ധ പതിയുന്ന രീതിയിൽ. അടുത്തനിമിഷം ഞാനതിനെ ഖണ്‌ഡിച്ചുകൊണ്ട്‌ പറഞ്ഞുഃ “അങ്ങനെയൊരു കൂട്ടക്കൊല ഞങ്ങളുടെ നാട്ടിൽ നടക്കുന്നില്ലല്ലോ. ചിലപ്പോൾ വർഗ്ഗീയലഹളകൾ ഉണ്ടാകുന്നുണ്ട്‌. പക്ഷെ ഞങ്ങളുടെ ഭരണകൂടത്തിന്‌ മതനിരപേക്ഷമായ ഒരു നിലപാടാണുളളത്‌. ഏതൊരു മതവിശ്വാസിക്കും നിർഭയം ജീവിക്കാനുളള അന്തരീക്ഷമാണ്‌ ഞങ്ങളുടെ ഭരണഘടന വിളംബരം ചെയ്യുന്നത്‌.”

“പച്ചനുണ!” ഒരു ഹിസ്‌റ്റീരിയ ബാധിതനെപ്പോലെ അയാൾ ഉറക്കെ അട്ടഹസിക്കാൻ തുടങ്ങി. “നിങ്ങളുടെ നാട്ടിൽ എന്നും വർഗ്ഗീയലഹളകളാണ്‌. അതിൽ ഹോമിക്കപ്പെടുന്നതോ ഞങ്ങളുടെ മുസ്ലീമ സഹോദരങ്ങളും” എന്നിട്ടയാൾ ഇന്ത്യാരാജ്യത്തെ കർണ്ണകഠോരമായ ശൈലിയിൽ പരിഹസിക്കാനാരംഭിച്ചു.

“എന്തു രാജ്യമാണ്‌ ഹേ നിങ്ങളുടേത്‌? മഹാനഗരത്തിലെ ഏറ്റവും തിരക്കേറിയ തെരുവിൽ ഒരു പശു വന്നുനിന്ന്‌ മണിക്കൂറുകളോളം ഗതാഗത സ്‌തംഭനമുണ്ടാക്കുന്നത്‌ നിങ്ങളുടെ നാട്ടിലല്ലേ?”

അയാൾ അട്ടഹാസം പിന്നെയും തുടർന്നുകൊണ്ടിരുന്നു. അങ്ങനെയൊരു പൊതുസ്ഥലത്തുവച്ച്‌ വളരെ സെൻസിറ്റീവായ ഒരു വർഗ്ഗീയ ഭാഷണത്തിൽ പങ്കാളിയാകുന്നത്‌ ബുദ്ധിപൂർവ്വമായി എനിക്ക്‌ തോന്നിയില്ല. ആയതിനാൽ ഞാൻ ക്ഷമ പാലിച്ചുകൊണ്ട്‌ മിണ്ടാതിരുന്നു.

ബസ്സിന്റെ മറ്റൊരു സീറ്റിലിരുന്ന്‌ ഇതൊക്കെ കണ്ടുകൊണ്ടിരുന്ന ഒരു പലസ്‌തീൻകാരൻ പിറ്റേദിവസം എന്നെ കണ്ടപ്പോൾ, കൈപിടിച്ചമർത്തി സ്വയം പരിചയപ്പെടുത്തിഃ “സുഹൃത്തേ, ഞാൻ യൂസഫ്‌. ഇന്നലത്തെ നാടകം കൊളളാം. പക്ഷേ കാര്യങ്ങൾ ഈ ഈജിപ്‌തുകാരൻ വ്യാഖ്യാനിക്കുന്നത്‌ പോലെയൊന്നുമല്ല എന്നെനിക്കറിയാം. കാരണം ഞാൻ ന്യൂദൽഹിയിൽ ഒരു വർഷത്തോളം ഉണ്ടായിരുന്നു. പോരായ്‌മകളുണ്ടെങ്കിലും നിശ്ചയമായും നിങ്ങളുടേത്‌ ഒരു സെക്കുലർ രാജ്യമാണ്‌. ഞങ്ങൾ പലസ്‌തീൻകാർക്കും അങ്ങനെയൊരു സെക്കുലർ സ്വപ്‌നമുണ്ടായിരുന്നുവല്ലോ! മുസ്ലീങ്ങളും, ജൂതന്മാരും, ക്രിസ്‌ത്യാനികളും ഒത്തൊരുമിച്ച്‌ ജീവിക്കുന്ന രാജ്യം. പക്ഷെ സിയോണിസം ലോകമെമ്പാടുമുളള ജൂതൻമാരെ ഇറക്കുമതി ചെയ്യാനനുവദിച്ചപ്പോൾ ഞങ്ങളുടെ സ്വപ്‌നങ്ങൾക്ക്‌ മങ്ങലേറ്റു….”

യൂസഫ്‌ ന്യൂദൽഹിയിലെ പലസ്‌തീൻ മിഷനിലാണ്‌ പ്രവർത്തിച്ചിരുന്നത്‌. ഇന്ദിരാഗാന്ധിയെ സന്ദർശിച്ച ഒരു പലസ്‌തീൻ ഡെലിഗേഷനിൽ അയാളും അംഗമായിരുന്നുവത്രെ! യൂസഫ്‌ തുടർന്നു പറഞ്ഞുഃ “ഞങ്ങൾക്ക്‌ ഈജിപ്‌തുകാരെ വെറുപ്പും പുച്ഛവുമാണ്‌. ക്യാമ്പ്‌ ഡേവിഡ്‌ കരാറിലൂടെ അവർ അറബ്‌ ജനതയെ ആകമാനം വഞ്ചിച്ചു. മിഡിൽ ഈസ്‌റ്റിലെ അമേരിക്കൻ ദല്ലാളന്മാരാണവർ” പിന്നെ ഒന്നുനിർത്തി അയാൾ വീണ്ടും തുടർന്നു. “വളരെ വ്യക്തിഗതമായി പറഞ്ഞാൽ കൈറോയിൽ നിന്നുളള ഒരു ശരാശരി മിസ്രി പെരുമാറാൻ കൊളളാത്തവനാണ്‌. എന്നാൽ ഒരു അലക്‌സാണ്ട്രിയക്കാരനെ നിങ്ങൾക്ക്‌ കൂടുതൽ വിശ്വാസത്തിലെടുക്കാം.”

“ഈജിപ്‌ത്‌ മഹത്തായ ഒരു ജനതയുടെ അധിവാസകേന്ദ്രമാണെന്നാണ്‌ ഞങ്ങൾ പാഠപുസ്‌തകങ്ങളിൽ പഠിച്ചിട്ടുളളത്‌” ഞാൻ പറഞ്ഞു. “നൈൽനദിയുടെ പഴയ സാംസ്‌കാരിക തടങ്ങൾ, പുതിയ കാലഘട്ടത്തിൽ നെഹ്രുവും, ടിറ്റോയും, നാസറും ചേർന്നുണ്ടാക്കിയ ചേരിചേരാസഖ്യം. പക്ഷെ ഈ ഈജിപ്‌തുകാരൻ എന്നെ നിരാശപ്പെടുത്തിയിരിക്കുന്നു.”

ഇന്ത്യാവിരുദ്ധമായ ഒരു തരംഗം ഒരു ശരാശരി ഈജിപ്‌തുകാരനെ വലയം ചെയ്‌തിരുന്നു. ഗൾഫ്‌ നാടുകളിലെ ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നത്‌ ഒരു ഈജിപ്‌തുകാരന്‌ സഹിക്കാവുന്നതിലപ്പുറമായിരുന്നു. എന്തുകൊണ്ടോ ഇന്ത്യാക്കാരന്റെ വർത്തമാന കഥകളിലുടനീളം ഈജിപ്‌തുകാരൻ ഒരു വില്ലനായിഃ ഗവൺമെന്റ്‌ ആപ്പീസിലെത്തുന്ന ഇന്ത്യക്കാരനോട്‌ ഒരു കുടിപ്പകയിലെന്നപോലെ പെരുമാറുന്ന ഈജിപ്‌തുകാരൻ…. ഈജിപ്‌ഷ്യൻ ഡോക്‌ടറുടെ അവഗണനകൊണ്ട്‌ മരിക്കാറായ ഇന്ത്യൻ രോഗി…

യൂസഫ്‌ എന്ന പലസ്‌തീൻകാരൻ ഏതോ ഒരു പലസ്‌തീൻ ഒളിസംഘടനയുടെ വക്താവായിരുന്നുവത്രെ. അയാൾ ജോലിചെയ്യുന്നത്‌ വൈദ്യുതിവകുപ്പിലായിരുന്നുവെങ്കിലും അതൊരു താൽക്കാലിക താവളം മാത്രമായിരുന്നുവെന്ന്‌ അയാൾ പിന്നീടൊരുദിവസം എന്നോട്‌ സ്വകാര്യം പറഞ്ഞു. അരഫാത്തിനെ അയാൾ കലവറയില്ലാതെ വിമർശിച്ചുഃ “ഷേഖുമാരുടെ അരമനകളിൽ പോയി സദ്യയുണ്ണാൻ മാത്രമേ അയാൾക്കറിഞ്ഞുകൂടൂ…”

ഒരുദിനം യൂസഫ്‌ അപ്രത്യക്ഷനായി. പിന്നീട്‌ ഞാനയാളെ കണ്ടതേയില്ല. പലസ്‌തീൻ വിപ്ലവത്തെ ചുറ്റിപ്പറ്റിയുളള പിൽക്കാല പ്രകമ്പനങ്ങൾ അരങ്ങേറിയപ്പോഴൊക്കെ ഞാൻ യൂസഫിനെ ഓർത്തു. മ്യൂണിക്‌ ഒളിമ്പിക്‌സിൽ ഇസ്രായേലി അത്‌ലറ്റുകളെ ആക്രമിച്ചതും, ഹുസൈൻ രാജാവ്‌ ജോർദാനിൽ പലസ്‌തീൻകാർക്കെതിരെ സൈനികനടപടി കൈക്കൊണ്ടതും, ജോർദാൻ മരുഭൂമിയിൽ അവർ ഒരു യാത്രാ വിമാനം കത്തിച്ചതും, ലബനോണിലെ സംഘർഷനാടകങ്ങളും…

വേലിയേറ്റത്തിന്‌ ഉപ്പുവിളയുന്ന മുറൂറിലെ ഈർപ്പം നിറഞ്ഞ മണ്ണിലൂടെ വീട്ടിലേക്ക്‌ നടക്കവെ ഞാനാലോചിച്ചു. അല്ലെങ്കിൽ അയാൾ യൂസഫ്‌ തന്നെയായിരുന്നുവോ? അജ്‌ഞ്ഞാതനായ ഏതോ ഒരാൾ. അയാളുടെ രാജ്യം വെട്ടുകിളിയുടേയും, ദുരന്തത്തിന്റെയും പിടിയിലായിരുന്നുവല്ലോ!

(കൃഷ്‌ണദാസിന്റെ ദുബായ്‌പുഴ എന്ന പുസ്‌തകത്തിൽ നിന്ന്‌ എടുത്ത ലേഖനം)

പുസ്‌തകം വാങ്ങാൻ greenbooks.puzha.com സന്ദർശിക്കുക.

Generated from archived content: essay1_dec2_08.html Author: krishnadas_green

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here