ഓഷോ രചിച്ച ‘ദ മേൻ’ എന്ന കൃതിയുടെ മലയാള വിവർത്തനമാണ് പുരുഷൻ. പുരുഷൻ, സ്‌ത്രീ എന്നീ രണ്ടു ഭാവങ്ങൾ എല്ലാ വ്യക്തികളിലുമുണ്ടെന്ന് ഈ കൃതിയിലൂടെ ഓഷോ ഓർമ്മിപ്പിക്കുന്നു. സമൂഹം നമ്മെ പഠിപ്പിച്ചത് പുരുഷനും സ്‌ത്രീയും വെവ്വേറെ സ്വത്വങ്ങളാണെന്നാണ്. ഇതു തീർത്തും പ്രകൃതിവിരുദ്ധമാണെന്ന് ഓഷോ ചൂണ്ടിക്കാണിക്കുന്നു. ഭർത്താവ് ഭാര്യയും ഭാര്യ ഭർത്താവുമാകേണ്ടുന്ന സന്ദർഭങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് ജീവിതം സംഗീതമാകുന്നത്; പുരുഷൻ കൂടുതൽ വിശ്രാന്തനാകുന്നത്; സ്‌ത്രീ കൂടുതൽ സ്വാഭാവികത കൈവരിക്കുന്നത്. പക്ഷേ സമൂഹം നമ്മെ തെറ്റായ പാഠങ്ങൾ പഠിപ്പിക്കുന്നു. നമ്മെ വിദഗ്‌ദ്ധമായി കണ്ടീഷൻ ചെയ്യുന്നു. കാലങ്ങളായി നാം കണ്ടീഷൻ ചെയ്യപ്പെടുകയാണ്. ജീവിതം മുഴുവൻ നാം കണ്ടീഷനിംഗിന് വിധേയമാകുന്നു. പുരുഷൻ പുരുഷനാണെന്നും സ്‌ത്രീ സ്‌ത്രീയാണെന്നും എപ്പോഴും അങ്ങനെയായിരിക്കണമെന്നും വിശ്വസിപ്പിക്കുന്നു. കണ്ടീഷനിംഗ് ഇല്ലാതാകണം, അപ്പോഴാണ് പുരുഷവിമോചനം സാധ്യമാകുന്നത്; സ്‌ത്രീ സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നത്; ഇതുവരെ കൊണ്ടുനടന്ന അബദ്ധധാരണകളെ തിരിച്ചറിയുന്നത്. തിരിച്ചറിവിന്റെ ആ നിമിഷത്തിൽ, യാഥാർത്ഥ്യത്തിന്റെ ആ നിമിഷത്തിൽ നാം പുതിയ മനുഷ്യനാകുന്നു. പുതിയ മനുഷ്യനെക്കുറിച്ചുളള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാർത്ഥസ്വത്വവും യഥാർത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖംമൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്, അതിനു കഴിയുന്നതാണ് ഏറ്റവും വലിയ അനുഗ്രഹം. സത്യമുളള മനുഷ്യൻ, ആത്മാർത്ഥയുളള മനുഷ്യൻ, സ്‌നേഹവും സഹാനുഭൂതിയുമുളള മനുഷ്യൻ-ഓഷോയുടെ മനുഷ്യസങ്കല്പം അതാണ്. അത്തരം മനുഷ്യന്റെ സാന്നിധ്യത്തിൽ ഒരു കാന്തികശക്തി അനുഭവപ്പെടുമെന്ന് ഓഷോ സാക്ഷ്യപ്പെടുത്തുന്നു, ഈ കൃതിയിലൂടെ. മനുഷ്യമഹത്ത്വത്തിൽ താത്‌പര്യമുളള ഓരോ വ്യക്തിയും നെഞ്ചേറ്റിവയ്‌ക്കേണ്ടുന്ന മഹത്തായ ഗന്ഥം.
(മുഖക്കുറിയിൽനിന്ന്)
പുരുഷൻ (പഠനം)
ഓഷോ
ഗ്രീൻ ബുക്‌സ്, വില – 115&-
Generated from archived content: book1_mar28_08.html Author: krishnadas_green