ഓസോൺ തുളകളുടെ നാട്ടുമര്യാദ

രാഷ്‌ട്രത്തിന്റെ മൂന്നിലൊന്ന്‌ വനമായിരിക്കുകയും ക്ലോറോ ഫ്ലൂറോ കാർബണുകൾ തോന്നിയ വണ്ണം പുറം തള്ളാതിരിക്കുകയും ചെയ്‌താൽ ആകാശത്തിന്‌ തുളവീഴാതിരിക്കും എന്ന്‌ ശാസ്‌ത്രം പറഞ്ഞിട്ടുണ്ട്‌. പക്ഷേ, ആകാശത്തിന്‌ തുളവീണു തുടങ്ങിയിരിക്കുന്നുവത്രെ. ആരൊക്കെയോ അത്യാചാരം ചെയ്യുന്നതുകൊണ്ട്‌ വരുന്ന വിനയാണ്‌ ഇത്‌ എന്ന്‌ പലരും പറയുന്നു. അമേരിക്കക്കാർ കാറോടിച്ചിട്ടും എ.സി.യും റെഫ്രിജറേറ്ററും പ്രവർത്തിച്ചിട്ടും തുള വീഴ്‌ത്തിയതാണ്‌ എന്ന്‌ ഇന്ത്യാക്കാർ പറയുന്നു. ഇന്ത്യയിലെ നൂറ്റിഅഞ്ചുകോടി ജനം ശ്വാസം വിട്ടും ഏമ്പക്കം വിട്ടും വിറകു കത്തിച്ചും ആണ്‌ തുളവീണത്‌ എന്ന്‌ അമേരിക്കക്കാരും പറയുന്നു. രണ്ടുകൂട്ടരും താന്താങ്ങളുടെ കർമ്മപരിപാടികളിൽ നിന്ന്‌ അണുവിട വ്യതിയാനം വരുത്താൻ തയ്യാറില്ലതാനും. ആകാശത്തെ തുളയുടെ വലിപ്പം കൂടി വരലാണ്‌ ഫലം.

ലോകം മുഴുവൻ തങ്ങളുടെ രാജ്യമായി പരിഗണിക്കുകയും കരഭൂമിയുടെ മൂന്നിലൊന്ന്‌ ഭാഗം വനമായിക്കേണ്ടതാണ്‌ എന്ന്‌ അംഗീകരിക്കുകയും ചെയ്യുന്നുണ്ട്‌, യു.എസ്‌.എ. വനവൽക്കരണത്തിനായി കാർബൺ ഫണ്ടിങ്ങ്‌ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. അലക്കിയുണക്കി ഇസ്‌തരിയിട്ട വസ്‌ത്രം പോലെയാണ്‌ യു.എസ്‌.എ. അല്ലെങ്കിൽ ഗ്രാനൈറ്റ്‌ തറയും നിറം പൂശിയ ചുമരുകളുമുള്ള വീടുപോലെ. ചതുര വടിവിൽ, മിനുമിനുത്ത്‌. മറ്റുരാജ്യങ്ങളിൽ ചിലത്‌ യു.എസ്‌.എ.യുടെ മുറ്റം പോലെയും വേറെ ചിലത്‌ തൊടി പോലെയും ഇനി ചിലത്‌ ശവപ്പറമ്പ്‌ പോലെയും ഇരിക്കട്ടെ എന്ന്‌ അവർ കരുതുന്നതിൽ തെറ്റില്ല. പക്ഷേ, നമ്മളും അങ്ങനെ കരുതണം എന്ന്‌ അവർ ശഠിക്കുന്നത്‌, ശരിയല്ല.

കാർബൺ ഫണ്ടിങ്ങ്‌ എന്നാൽ പണം തന്നെയാണ്‌. പണം നമുക്ക്‌ പ്രിയപ്പെട്ടതാണ്‌. നമ്മുടെ രാജ്യത്തിന്റെ മൂന്നിലൊന്ന്‌ ഭാഗം വനമാക്കി മാറ്റാൻ ആ പണം നമുക്ക്‌ ഉപയോഗിക്കുകയും ചെയ്യാം. ഈ മുന്നിലൊന്നു ഭാഗം ഏതായിരിക്കണം? ആളും തിരക്കുമൊഴിഞ്ഞ ഭൂപ്രദേശങ്ങളിൽ വനമുണ്ടാക്കുന്നതാണ്‌ നല്ലത്‌. രാജസ്‌ഥാനിലെ താർ മരുഭൂമി നന്നെ ആളൊഴിഞ്ഞ പ്രദേശമാണ്‌. അവിടെ വനമുണ്ടാക്കാൻ കഴിയുമെങ്കിൽ നന്നായിരുന്നു. എന്തുചെയ്യാം! അതിനുള്ള ടെക്‌നോളജി ഇന്ത്യയിൽ ഉണ്ടായിട്ടില്ലല്ലൊ. സ്വാഭാവികമായി വനം വളരാൻ വിടുകയാണെങ്കിൽ അത്‌ പശ്ചിമഘട്ടത്തിലും പൂർവ്വഘട്ടത്തിലും ഹിമാലയത്തിലും വളരും. കേരളം പശ്ചിമഘട്ടത്തിലാണല്ലൊ. കേരളത്തിലെ നിവാസികൾ സംസ്‌ഥാനത്തിനു പുറത്തേക്ക്‌ താമസം മാറ്റുകയും ഇവിടം രണ്ടുകൊല്ലക്കാലം വിജനമായി നിലനിർത്തുകയും ചെയ്‌താൽ കേരളം മുഴുവൻ കൊടുംകാടായിമാറും. അത്‌ നമുക്ക്‌ തീരെ സമ്മതമല്ല. ഇവിടെ വളരുന്ന ഓരോ മരത്തെയും വെട്ടിക്കളഞ്ഞ്‌ ടാറും കോൺക്രീറ്റും ഇഷ്‌ടികയും പാകി വെള്ളം വീണു നനഞ്ഞു നാശമാകാതെ നോക്കി നാം സംരക്ഷിച്ചുപോരുന്ന നമ്മുടെ കേരളമാണിത്‌. അത്‌ ഇന്ത്യയ്‌ക്ക്‌ വേണ്ടി വനമാക്കാനുള്ളതല്ല. അറബിക്കടലിൽ വനമുണ്ടാക്കിക്കൊള്ളട്ടെ വേണമെങ്കിൽ അവർ. കേരളം നമ്മുടെ കൈവശഭൂമിയാണ്‌. അവിടെ മരം നടുന്നതു പോകട്ടെ, ചങ്ങല പിടിച്ച്‌ അളക്കാൻ പോലും നമ്മൾ സമ്മതിക്കില്ല. ധൈര്യമുള്ളവർ ശ്രമിച്ചുനോക്കട്ടെ. അപ്പോഴറിയാം.

Generated from archived content: essay2_may16_09.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here