കാട്ടുകോഴിയ്‌ക്കെന്തു സംക്രാന്തി ?

എന്ന പഴഞ്ചൊല്ലിൽ പതിരു ചേർക്കാതിരിയ്‌ക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തി ജീവിച്ചുപോന്ന ഒരു സത്യസന്ധയായിരുന്നു കുട്ടിക്കാലം മുതൽക്കേ ഞാൻ. അതുകൊണ്ട്‌ ഓണത്തിന്‌ പുത്തൻകുപ്പായമിടലും പൂക്കളമിടലും സദ്യയുണ്ണലും വിഷുവിന്‌ പൂക്കളമിടുന്നതിനു പകരം പൂത്തിരി കത്തിയ്‌ക്കലും മാത്രം ചെയ്‌തു പോന്നു. ദൈവികമായതൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. എങ്കിലും ദുർഗ്ഗാഷ്‌ഠമിയ്‌ക്ക്‌ സ്‌കൂൾ അടച്ചാൽ മറ്റെന്നത്തെക്കാളും വലിയ ആനന്ദം അവിടെയുണ്ടായിരുന്നു. പുസ്‌തകപൂജയായതുകൊണ്ട്‌ പാഠപുസ്‌തകം തൊടേണ്ട എന്നതായിരുന്നു ആനന്ദഹേതു. പുസ്‌തകം വീട്ടിൽ പുജയ്‌ക്കുവെയ്‌ക്കുകയോ അമ്പലത്തിൽ പുജയ്‌ക്കു കൊടുക്കുകയോ ഒന്നും ഉണ്ടായിട്ടില്ല.

മുപ്പതാം വയസ്സിൽ ഗുൽബർഗ ആകാശവാണിയിൽ വെച്ചാണ്‌ നവരാത്രിയുടെ പ്രതാപം ആദ്യമായി കണ്ടറിഞ്ഞത്‌. പ്രക്ഷേപണത്തിന്റെ ഹൃദയഭാഗമായ കൺട്രോൾ റൂമിൽ ഒരുക്കിയ നിറങ്ങളും വിളക്കുകളും ശിൽപ്പങ്ങളും സുഗന്ധദ്രവ്യങ്ങളും ധൂമവും എല്ലാം അമ്പരപ്പിച്ചു. വിസ്‌തരിച്ചുള്ള പൂജയും പ്രസാദവും കണ്ടപ്പോൾ കണ്ണുമിഴിച്ചു നിന്നുപോയി. ഓരോരോ ചുവട്‌ പിന്നാക്കം വെച്ച്‌ മുറിയിൽ നിന്ന്‌ പുറത്തുകടന്നപ്പോൾ ആശ്വാസം തോന്നി. ഞാൻ ഇതിലൊന്നും പങ്കുകാരിയല്ല എന്ന്‌ മനസ്സിലിരുന്ന്‌ ആരോ മൊഴികൊടുത്തു.

ബലിപെരുന്നാളിന്‌ ഓഫീസ്‌മുറ്റത്ത്‌ ആടിനെ അറുത്തു പങ്കുവെയ്‌ക്കുമോ എന്ന്‌ നോക്കണം എന്നു കരുതി, കാത്തിരുന്നു. അങ്ങനെയൊന്നും നടന്നു കണ്ടില്ല.

കോഴിക്കോട്‌ ആകാശവാണിയിലും തൃശ്ശൂർ ആകാശവാണിയിലും നവരാത്രിയ്‌ക്ക്‌ ചന്ദനക്കുറിയേ കണ്ടിട്ടുള്ളു. സ്‌റ്റുഡിയോയ്‌ക്കകത്തെ ഇരട്ടവാതിലുകളിൽ, സംഗീതോപകരണങ്ങളിൽ, റെക്കോഡിന്‌ യന്ത്രങ്ങളിൽ എല്ലാമെല്ലാം ചന്ദനക്കുറികൾ. പൂജയും മണിയടിയും ഒന്നും പതിവില്ല എന്നു തോന്നുന്നു. ഓണാഘോഷവും ക്രിസ്‌തുമസ്‌ ആഘോഷവും ആകാശവാണിയിൽ പതിവാണ്‌. ഒരൽപ്പം നിർമ്മമമായി, ന്യൂട്രലായി ആഘോഷങ്ങളുടെ ഓരത്ത്‌ നിൽക്കുമ്പോഴൊക്കെ ശങ്ക ബാക്കിയാവുന്നു. സർക്കാർ ഓഫീസുകളിൽ മതപരമായ ആഘോഷങ്ങൾ എത്രത്തോളമാവാം. പ്രക്ഷേപണത്തിൽ അത്‌ എത്രത്തോളമാവാം? പൊതുജനങ്ങളുടെ നികുതിപ്പണം മതപരമായ കാര്യങ്ങൾക്ക്‌ എത്രത്തോളം ഉപയോഗിയ്‌ക്കാം.?

അറിയില്ല.

Generated from archived content: essay1_sep26_09.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English