ഭാരതേന്തു ഹരിശ്ചന്ദ്ര എന്നത് വെറും ഒരു പേരല്ല. അത് ഭാരതത്തിന്റെ പ്രതീകമാണ് എന്നു തോന്നുന്നു. നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം ‘അന്ധേർ നഗരീ ചൗപട്ട് രാജാ’ എന്ന നാടകം എഴുതിയത്. കല്ലൂവിന്റെ ആട് മതിലുവീണ് ചത്തു എന്നയിടത്തു നിന്നാണ് നാടകം ചലിച്ചു തുടങ്ങുന്നത് (ജീവിതമേ നാടകം എന്നൊക്കെ പറയുന്നിടത്ത് അങ്ങനെ ‘നാടകം ചലിച്ചു തുടങ്ങുന്നു എന്നൊന്നും പറയേണ്ടതില്ല അല്ലേ!) മതിലിന്റെ ഉടമയാണ് ആടിന്റെ മരണത്തിനുത്തരവാദി എന്ന നിഗമനത്തിൽ രാജാവ് എത്തിച്ചേർന്നു. ’ആരവിടെ? മതിലിന്റെ ഉടമയെ പിടിച്ചു കെട്ടിക്കൊണ്ടു വരൂ. മതിലിന്റെ ഉടമ പറഞ്ഞു. ‘അങ്ങുന്നേ മതിലുപണിയാൻ വന്നവൻ കുമ്മായക്കൂട്ടിൽ കള്ളത്തരം കാട്ടിയതുകൊണ്ടാണ് മതില് തകർന്നു വീണത്.
’ആരവിടെ, കുമ്മായപ്പണിക്കാരനെ പിടിച്ചുകെട്ടിക്കൊണ്ടു വരൂ.‘
’അങ്ങുന്നേ……..‘
’ആരവിടെ‘?
’അങ്ങുന്നേ…..‘
അങ്ങനെ ആടുചത്തതിന് ഒടുവിൽ ഒരു ഉത്തരവാദിയെ നിശ്ചയിച്ചു.
’ഇവനെ മരിയ്‌ക്കുന്നതുവരെ തൂക്കിലിടുക‘.
’അങ്ങുന്നേ, ഇയാളുടെ തലയ്‌ക്ക് വലിപ്പം കൂടുതലാണ്. കുരുക്കിൽ തല കൊള്ളുന്നില്ല.‘
’ആരവിടെ? കുരുക്കിനു യോജിക്കുന്ന കഴുത്തും തലയും ഉള്ള ഒരാളെ പിടിച്ചുകെട്ടിക്കൊണ്ടുവരൂ.
അങ്ങനെ വഴിയെ പോയ ഒരുത്തനെ മരിയ്‌ക്കുന്നതുവരെ തൂക്കിക്കൊന്നുകൊണ്ട് കല്ലൂവിന്റെ ആടുചത്തതിന് ചൗപട്ട് രാജനീതി നടപ്പാക്കി.
തേക്കടിയിൽ ബോട്ടുദുരന്തമുണ്ടായാൽ എന്തുണ്ടാവും. ബോട്ട് വെള്ളത്തിലിറക്കിയതുകൊണ്ടാണ് അത് മറിഞ്ഞത്. കരയിൽ വെച്ചിരുന്നുവെങ്കിൽ അത് മറിയുമായിരുന്നോ? എന്ന് ആരും ചോദിച്ചു കേട്ടില്ല ഭാഗ്യം!
മറ്റെല്ലാം നമ്മൾ കേട്ടു കഴിഞ്ഞു.
ബോട്ടുണ്ടാക്കിയവൻ വരുത്തിയ പിഴവ് അംഗീകരിയ്‌ക്കപ്പെട്ട പ്ലാനിൽ നിന്ന് വ്യതിചലിച്ചത് കൂടുതൽ കസേരയിട്ടത്.
മേൽത്തട്ടിൽ കൂടുതൽ കസേരയിട്ടത്
കൂടുതൽ ആളെ കയറ്റിയത്.
ലൈഫ് ബെൽറ്റുകൾ ചാക്കിൽകെട്ടിവെച്ചത്
ആരാണ് ഇതിനെല്ലാം ആത്യന്തീകമായി ഉത്തരവാദിയാവുക? ടൂറിസം മന്ത്രിയാണോ? കെ.ടി.ഡി.സി. ചെയർമാനാണോ? ടിക്കറ്റ് വിറ്റയാളോ? ബോട്ടു ഡ്രൈവറോ? കൂലങ്കഷമായി വർഷങ്ങളോളം അന്വേഷിച്ചിട്ടു വേണം അത് തീരുമാനിയ്‌ക്കാൻ. അത്രയും കാലം പ്രബുദ്ധകേരളം ഇത് ഓർത്തുവെയ്‌ക്കാൻ പോകുന്നോ? ഒരിയ്‌ക്കലുമില്ല. എല്ലാവരും മറന്നു കഴിഞ്ഞാൽ അന്വേഷണ റിപ്പോർട്ടിന് എന്തു സംഭവിച്ചാലെന്ത്? അല്ലെങ്കിൽ കഴുത്തും തലയും പാകത്തിനൊത്ത ഒരു വഴിപോക്കനെ നമുക്ക് തൂക്കിലേറ്റിക്കളയാം.
ഭാരതേന്ദു ഹരിശ്ചന്ദ്ര എത്ര ക്രാന്തദർശിയായ കവി!
Generated from archived content: essay1_nov30_09.html Author: kr_indira