ഈ മനുഷ്യരുടെയൊരു കാര്യം!

വർഷങ്ങളോളം മഴപെയ്യുന്ന സ്‌ഥലമാണ്‌ ഗുൽബർഗ. ശരാശരി താപനില 46 ഡിഗ്രി സെന്റിഗ്രേഡ്‌. കുടിവെള്ളം അകലെയേതോ ഡാമിൽ നിന്ന്‌ കുഴൽ മാർഗ്ഗം വിതരണം ചെയ്യുന്നയിടം. മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രം പൈപ്പിൽ വെള്ളം വരുന്നഇടം. വന്നാൽത്തന്നെ 100 ലിറ്റൽ വെള്ളം മാത്രം കിട്ടുന്ന ഇടം. ഇത്‌ 1972 ലെ സ്‌ഥിതിവിശേഷമാണ്‌. 2010-ൽ സ്‌ഥിതി മെച്ചപ്പെട്ടിരിയ്‌ക്കുകയാണോ മോശപ്പെട്ടിരിയ്‌ക്കുകയാണോ എന്നറിയില്ല.

അന്ന്‌ ഗുൽബർഗയിൽ ഒരേ ഒരാൾക്കേ കടയുണ്ടായിരുന്നുള്ളൂ. ആ ആൾ ഞാൻ തന്നെ. കൂടെപ്പാർക്കുന്ന പാർവതി കൃഷ്‌ണമൂർത്തി അതിന്റെ പേരിൽ എനിക്കൊരു ബഹുമതി തന്നു. ‘കുടയഴകി’ എന്ന്‌. ഞാനൊഴികെ മറ്റെല്ലാ ഗുൽബർഗാവാസികളും സൂര്യൻ കണ്ണിൽ കത്താതിരിയ്‌ക്കാൻ കണ്ണ്‌ ഇറുക്കിപ്പിടിച്ചു സഞ്ചരിച്ചു. കൺപോളകളും നെറ്റിയും ചുളിയുന്നതോടൊപ്പം അവരുടെ ചുണ്ടും ചിരിയും കവിളും ചുളിഞ്ഞു. ചുളിവുകൾ സ്‌ഥായിയായി.

അങ്ങനെയിരിക്കെ ഒരു നാൾ ഗുൽബർഗയിലെ മാനത്ത്‌ മഴക്കാറ്‌ കണ്ടു. ഞാൻ കൗതുകത്തോടെ മയിലാട്ടം തുടങ്ങി. പക്ഷേ ഗുൽബർഗ പട്ടണത്തിൽ ഹർത്താൽ പ്രഖ്യാപിച്ച അവസ്‌ഥയായിരുന്നു. സൈക്കിൾ റിക്ഷകൾ ഓട്ടം നിർത്തി. ആളുകൾ സ്വെറ്റർ എടുത്തിട്ട്‌ ചൂടുകടല കൊറിച്ചിരിയ്‌ക്കാൻ തുടങ്ങി. മഴക്കാറിനെ ശപിച്ചു അവർ. ശാപത്തിന്റെ ശക്തികൊണ്ടാവണം വന്ന മഴക്കാർ അഞ്ചാറുതുള്ളി മാത്രം വർഷിച്ച്‌ പേടിച്ചൊഴിഞ്ഞ്‌ സ്‌ഥലം വിട്ടു. ഗുൽബർഗയിലെ കരിമണ്ണ്‌ പാറിയ റോഡുകൾ ചളിയിൽ കുഴഞ്ഞു. എന്തൊരു വൃത്തികേട്‌? ആളുകൾ ഒന്നടങ്കം മഴയെ പ്രാകി.

ഈ കാഴ്‌ചയെല്ലാം ഖേദത്തോടെ കണ്ടിരുന്നപ്പോൾ, പത്താം വയസ്സിലെ വായനയിൽ നിന്ന്‌ ഒരു കാര്യം ഓർമ്മയിലേക്കോടിയെത്തി. ഷോളഖോവിന്റെ ഡോൺ സമുദ്രത്തിലേയ്‌ക്കുതന്നെ, ഒഴുകുന്നു, ഡോൺ ശാന്തമായി ഒഴുകുന്നു എന്നീ നോവലുകൾ വായിച്ചതിൽ നിന്നുള്ള ഒരു കാര്യം. ‘റഷ്യയിൽ വേനൽക്കാലമായി. കൊസ്സാക്കുകളുടെ ട്യംണിക്കുകൾ വിയർത്തൊട്ടി. സ്‌റ്റെപ്പികൾ പഴുത്തു’ എന്ന്‌ ഷോളഖോവ്‌ എഴുതിയിരിയ്‌ക്കുന്നു.

റഷ്യയിൽ ഏറ്റവും കൂടുതൽ ചൂടുണ്ടാകുന്നത്‌ സൂര്യൻ ഉത്തരായണരേഖയിലെത്തുമ്പോഴാണ്‌. അതായത്‌ ഭോപ്പാലിന്റെ നിറുകയിൽ ആയിരിക്കും അപ്പോൾ സൂര്യൻ. അവിടെനിന്ന്‌ റഷ്യയിലേയ്‌ക്ക്‌ എത്ര ആയിരം കിലോമീറ്റർ ഉണ്ട്‌ എന്ന്‌ മനക്കണക്കുകൂട്ടാം. അത്രയും അകലെ കൊസ്സാക്കുകളുടെ ട്യംണിക്കുകൾ വിയർത്തൊട്ടി എന്നു വായിച്ചപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചിരുന്നു. ആ ചിരി വിഡ്‌ഢിത്തമായിപ്പോയി എന്ന്‌ എനിക്ക്‌ ഗുൽബർഗയിൽ വെച്ച്‌ മനസ്സിലായി.

ലോകം വിചിത്രം തന്നെ.

Generated from archived content: essay1_may3_10.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here