ആമിയും കമലയും മാധവിയും സുരയ്യയും മരിച്ചുപോയി. പ്രായം ചെന്നു മരിയ്‌ക്കുമ്പോൾ പതിവായി സംഭവിയ്‌ക്കുന്ന ഒരു വിപര്യമുണ്ട്. മരണത്തിനു മുൻകാലത്ത് വ്യക്തി നിശ്ശബ്‌ദനായിപ്പോവും. പലരും ആ നിശ്ശബ്‌ദത കൊണ്ട് വിസ്‌മൃതരാവും. മരണാനന്തരം അവരെ ഉയിർപ്പിയ്‌ക്കുന്നത് മറ്റുള്ളവരാണ്. സംശയമുണ്ടോ ഈ കാര്യത്തിൽ? ഉണ്ടെങ്കിൽ വി.കെ.എൻ.ന്റെയും മാധവിക്കുട്ടിയുടെയും മരണങ്ങളെ ഒന്നു താരതമ്യം ചെയ്യുക. ‘കോമാളിക്കൾക്കിടയിലെ പുരുഷഗോപുരം’ എന്ന് ആരാധിയ്‌ക്കപ്പെട്ട വി.കെ.എൻ. ഒറ്റയ്‌ക്ക് മരിച്ചുകിടന്നു. സാഹിത്യലോകവും രാഷ്‌ട്രീയലോകവും സാംസ്‌കാരികലോകവും അദ്ദേഹത്തിന് ഒന്നും കൊടുത്തില്ല. അദ്ദേഹം ഒരിക്കലും ഒന്നിലും ഖേദിച്ചില്ല. ഒന്നിനെക്കുറിച്ചും പരാതി പറഞ്ഞില്ല.
മാധവിക്കുട്ടിയോ? അവർ എന്നും എങ്ങലടിച്ചു, ചിണുങ്ങി, പരാതി പറഞ്ഞു. കേരളത്തെ പൊറുക്കാൻ വയ്യാതെ അവർ പൂനയ്‌ക്കുപോയി. അവിടെക്കിടന്നു മരിച്ചപ്പോൾ സാംസ്‌കാരികമന്ത്രി ചെന്ന് അവരെ കൂട്ടിക്കൊണ്ടു വന്നു. തൃശ്ശിവപേരൂർ മുതൽ തിരുവനന്തപുരം വരെ അശ്രുപുജയുണ്ടായി, പുഷ്‌പവൃഷ്‌ടിയുണ്ടായി. സ്‌മാരകങ്ങളുയർന്നു തുടങ്ങി. അനുസ്‌മരണ സമ്മേളനങ്ങൾ, സ്‌മാരകസമിതികൾ, സ്‌മാരക പുരസ്‌ക്കാരങ്ങൾ എല്ലാമെല്ലാമായിത്തുടങ്ങി.
വി.കെ.എൻനും മാധവിക്കുട്ടിയും തമ്മിലുള്ള ഈ താരതമ്യം യഥാർത്ഥത്തിൽ അവരുടെ വൃക്തിത്വങ്ങളുടെ മാറ്റുരയ്‌ക്കാൻ വേണ്ടിയുള്ളതല്ല. മറിച്ച് കേരളീയരുടെ മനസ്സ് വായിയ്‌ക്കാനുള്ളതാണ്. ജീവിച്ചിരുന്ന വി.കെ. എന്നിനെ കേരളീയർ ഭയന്നു. മരിച്ചിട്ടും ഭയന്നുവോ? അറിയില്ല. പോലീസുകാർ ചുറ്റും നിന്ന് ആചാരവെടി മുഴക്കിയാൽ മരിച്ചുകിടന്ന വി.കെ.എൻ. ‘ഫഃ’ എന്ന് ആട്ടുമായിരുന്നു എന്ന് ഒരാൾ പറഞ്ഞു എന്തോ?
ആക്ഷേപഹാസ്യക്കാരുടെയൊക്കെ ഗതി ഇങ്ങനെയാണെന്നുണ്ടോ ആവോ? കുഞ്ചൻ നമ്പ്യാർ പേപ്പട്ടി കടിച്ചിട്ടാണത്രെ മരിച്ചത്. സഞ്ഞ്‌ജയൻ ക്ഷയരോഗം ബാധിച്ചും.
നമുക്ക് മാധവിക്കുട്ടിയിലേയ്‌ക്ക് തിരിച്ചുവരാം. അവർ മഹാറാണിയായി ജീവിച്ചു, മഹാറാണിയായിത്തന്നെ മരിച്ചു. മഹാറാണിയെപ്പോലെ അടക്കം ചെയ്യപ്പെടുകയും ചെയ്‌തു. അവർ വിമർശിക്കപ്പെട്ടത് രണ്ടേ രണ്ടു കാര്യങ്ങളെച്ചൊല്ലിയാണ്. ഒന്ന് ‘എന്റെ കഥ’ എന്ന പുസ്‌തകം, രണ്ട് അവരുടെ മതം മാറ്റം. ‘എന്റെ കഥ’ അവരുടെ കഥയാണ് എന്ന് വിശ്വസിച്ച് കേരളീയർ അവരുടെ ജീവിതത്തെ വിമർശിച്ചു. ആജീവനാന്തം വിമർശിച്ചു. അവരോ, ഒരു നാൾ ‘എന്റെ കഥ’ എന്റേതാണ് എന്നു പറഞ്ഞു. അടുത്ത നാൾ വെറുതെ പറഞ്ഞതാണ് എന്ന് അതിനെ തള്ളിപ്പറഞ്ഞു. കേരളീയർ വലഞ്ഞു. ഏത് വിശ്വസിയ്‌ക്കണം? ഏത് വിശ്വസിയ്‌ക്കാതിരിക്കണം? അവർ അടക്കം പറഞ്ഞു. കുശുകുശുത്തു. കമല മതംമാറി സുരയ്യയായപ്പോൾ കേരളീയർ വണ്ടും കുശുകുശുത്തു. അവർ എന്തിനാണ് മതം മാറിയത്? സമദാനി കല്യാണം കഴിയ്‌ക്കാം എന്ന് മോഹിപ്പിച്ച് മതം മാറ്റിയതാണോ? അതോ, ഇസ്ലാം മതത്തിന്റെ പോരിമ കണ്ടിട്ട് തട്ടമിട്ടതാണോ അവർ? തറവാട്ടിൽപ്പിറന്ന ഒരു നായര് സ്‌ത്രിയ്‌ക്ക് ചേർന്ന പണിയാണോ അവർ ചെയ്‌തത്? വേറെ ഒരു മതവും കണ്ടില്ലെ അവർക്ക് സ്വീകരിക്കാൻ?.
രണ്ടുസന്ദർഭങ്ങളിലും കേരളത്തിന്റെ പൊതുസ്വഭാവമനുസരിച്ചുള്ള പ്രതികരണങ്ങളേ ഉണ്ടായിട്ടുള്ളു. ഒട്ടധികവുമില്ല കുറവുമില്ല. അതിനെച്ചൊല്ലി വിലപിക്കേണ്ടതുണ്ടായിരുന്നില്ല. താരതമ്യേന സുരക്ഷിതവും സന്തുഷ്‌ടമവുമായ ജീവിതമായിരുന്നു കമലയുടേത് എന്നു തോന്നുന്നു. തനിക്കിഷ്‌ടമുള്ളതൊക്കെ അവർ എഴുതി. ആരും അവർക്ക് ഭ്രഷ്‌ട് കൽപ്പിച്ചില്ല. ഇഷ്‌ടമുള്ള പോലെയൊക്കെ ജീവിയ്‌ക്കാൻ കഴിഞ്ഞുവോ അവർക്ക് എന്നറിയില്ല. എങ്കിലും താരതമ്യേന വളരെ സ്വതന്ത്രമായിരുന്നു അവരുടെ ജീവിതം. ഭർത്താവും മക്കളും മറ്റും അവരുടെ ഇഷ്‌ടങ്ങളോട് ചേർന്നു നിന്നു. ഏതെങ്കിലും ബന്ധത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി അവർക്ക് പൊട്ടിച്ചെറിയേണ്ടി വന്നിട്ടില്ല. ദാരിദ്ര്യം, പട്ടിണി, അടിമത്തം തുടങ്ങിയവയൊന്നും അവർ അനുഭവിച്ചിട്ടില്ല. ആശയദാരിദ്ര്യം എന്നതു അവർക്കുണ്ടായിരുന്നില്ല.
സൗഭാഗ്യവതിയായിരുന്നു അവർ.
ജീവിയ്‌ക്കണമെങ്കിൽ അങ്ങനെ വേണം
അസൂയാർഹമായി ജീവിയ്‌ക്കണം.
ഇതുപോലെ.
Generated from archived content: essay1_jun18_09.html Author: kr_indira
Click this button or press Ctrl+G to toggle between Malayalam and English