ഓൻ നമ്മുടെ ആളാ എന്ന് പറഞ്ഞ് പറഞ്ഞ് ജനപ്രിയനായ ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. ഇ.കെ.നായനാർ; ടിവി. ചാനലിൽ നായനാർ വരുന്നതുകാണാൻ ജനം കാത്തിരുന്നു. കോമഡി കാണുന്നതിനുള്ള കൗതുകമായിരുന്നു ജനത്തിന്. നായനാർ ജനപ്രിയനായകനായി. അദ്ദേഹം അന്തരിച്ചപ്പോൾ ജനം അന്ത്യോപചാരത്തിനിരമ്പി.
എല്ലാം നന്നായി
പക്ഷേ,
സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം എപ്രകാരമുള്ളതായിരിക്കും?. ഈ സംസ്‌ഥാനത്തെ മുന്നോട്ടു നയിക്കുന്നതിൽ നായനാർ പ്രകടിപ്പിച്ച പാടവം എത്രയ്‌ക്കുണ്ടായിരുന്നു? അദ്ദേഹത്തെ ചാരുകസേരയിൽ നസ്യം പറയാനിരുത്തി വേറെച്ചിലർ അങ്ങേപ്പുറത്ത് തറവാട് ഭരിച്ചു മുടിക്കുകയായിരുന്നു എന്ന സത്യം പിന്നീട് ചിലർ പറയുകയുണ്ടായി. എന്നിട്ടും തറവാട്ടിൽക്കാരണവരുടെ പിടിപ്പുകേടിനെക്കുറിച്ച് ആരും ഇതുവരെ പറഞ്ഞിട്ടില്ല.
ഇടതുജനാധിപത്യമുന്നണിയുടെ കഴിഞ്ഞ ഭരണകാലത്തെപ്പറ്റിയാണ് ഈപ്പറഞ്ഞത്. ഇനി ഇപ്പോഴത്തെ ഭരണത്തെപ്പറ്റി.
വി.എസ്. അച്ചുതാനന്ദൻ നായനാരെപ്പോലെ ഇരുന്നിരുന്നുവെങ്കിൽ, പിന്നാമ്പുറത്ത് വേറെച്ചിലർ ഭരിച്ചിരുന്നുവെങ്കിൽ അച്യുതാനന്ദൻ ഇക്കാണും വിധം അനഭിമതനാവുമായിരുന്നില്ല. പ്രസംഗം നീട്ടിയും കുറുക്കിയും അച്യുതാനന്ദൻ കോമാളിത്തം സൃഷ്‌ടിച്ചിരുന്നുവെങ്കിലും പരാജിതനാവുമ്പോൾ അദ്ദേഹം കാര്യാമാത്ര പ്രസക്തനാവുന്നു. ശ്രദ്ധിയ്‌ക്കുക, ഈ അടുത്തകാലത്ത് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നീട്ടലും കുറുക്കലും പാട്ടും ഉണ്ടോ എന്ന്. കിടമത്സരങ്ങളിൽ വിജയിയാവുമ്പോഴാണ് അദ്ദേഹം പാടിയിരുന്നത്. എന്തായാലും ഭരണകാര്യങ്ങളിൽ താൻപോരിമയും ധാർഷ്‌ട്യവും ഉള്ളയാളാണ് അച്യുതാനന്ദൻ. പ്രതിപക്ഷനേതാവിന്റെ കടമകൾ അദ്ദേഹം കൈമറന്ന് നിർവഹിച്ചിട്ടുണ്ട്. പാർട്ടിയിലെ ആധുനിക അധികാരകേന്ദ്രങ്ങൾക്ക് അദ്ദേഹം അനഭിമതനായത് വെറുതെയല്ല. നായനാർ ഇരുന്നിരുന്നതു പോലെ സ്വയം ഒരു ബഫൂണായി ഇരുന്നുകൊടുക്കണമായിരുന്നു അച്ച്യുതാനന്ദൻ. എങ്കിൽ പുഷ്‌പചക്രം വേണ്ടത്ര ലഭിയ്‌ക്കുമായിരുന്നു. ഇനിയും വെകിയിട്ടില്ല. ഒരു കൈ നോക്കാനുള്ള ബാല്യം ഇനിയും അദ്ദേഹത്തിനുണ്ട്.
Generated from archived content: essay1_july27_09.html Author: kr_indira
Click this button or press Ctrl+G to toggle between Malayalam and English