പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ഒരു സ്വീഡിഷ് യുവതിയെ മാനഭംഗപ്പെടുത്തിയത്രെ. സ്വീഡൻകാർ കേരളീയരെപ്പറ്റി എന്തുകരുതും എന്നാണ് കേരളത്തിലെ ഒരു പുരുഷൻ പ്രതികരിച്ചത്. കേരളീയരെ അടക്കിപ്പറയേണ്ട, കേരളത്തിലെ പുരുഷന്മാരെപ്പറ്റി എന്തുകരുതും എന്നു ചോദിച്ചാൽ മതി എന്ന് കേരളത്തിലെ സ്‌ത്രീയായ ഞാൻ പ്രതികരിയ്‌ക്കുന്നു ഞങ്ങൾ കേരളസ്‌ത്രീകൾ. കേരളപുരുഷന്മാരെ എങ്ങനെ കാണുന്നുവോ അതുപോലെ സ്വീഡൻക്കാരും കാണും. ഞങ്ങൾക്ക് കേരളത്തിലെ ആണുങ്ങളെ അവിശ്വാസവും ഭയവുമാണ്. അവർ ലൈംഗികപരാക്രമികളാണ് എന്നാണ് ഞങ്ങളുടെ പൊതുധാരണ. അങ്ങനെയുള്ള പുരുഷന്മാർ മദ്യപിയ്‌ക്കുകയും കൂടി ചെയ്‌താലോ? ‘മർക്കടസ്യ സുരാപാാനം’! അതായിരിക്കും ഫലം.
ഇത്രയും വായി്ക്കുമ്പോഴേയ്ക്കും പുരുഷന്മാർ ആക്രോശിയ്‌ക്കാൻ തുടങ്ങും. ആക്രോശം കൊണ്ട് പ്രയോജനമില്ല. മാത്രമല്ല ആക്രോശിയ്‌ക്കുന്നതുകൊണ്ട് ഞങ്ങൾ കൂടുതൽ ഭയചകിതരാവുകയും ചെയ്യും. ഏതുപോലെ എന്നു വെച്ചാൽ –
അറബിപ്പേരുകൾ വഹിയ്‌ക്കുന്ന സംഘടനകളുടെ നിർദ്ദേശമനുസരിച്ച് ഇസ്ലാമികനാമങ്ങളുള്ള വ്യക്തികൾ റെയിൽവേ സ്‌റ്റേഷനിലും ബസ്‌റ്റാന്റിലും ആശുപത്രിയിലും ബോംബ് പൊട്ടിയ്‌ക്കുകയും വെടിവെയ്‌പ്പ് നടത്തുകയും ചെയ്യുന്നതായി കാണുമ്പോൾ, അവരുമായി സാമ്യമുള്ള ആരെയും സാമാന്യജനം സംശയിയ്‌ക്കുകയും ഭയക്കുകയും ചെയ്യുന്നതുപോലെ.
രാമേശ്വരത്തേയോ സമീപപ്രദേശങ്ങളിലെയോ തമിഴൻമാരെ, ഇയാൾ എൽ.റ്റി.റ്റി.ഇ.യിലെ അംഗമായിരിയ്‌ക്കുമോ എന്ന് സാമാന്യജനം സംശയിക്കുന്നതുപോലെ. തമിഴ് നാടോടികൾ മോഷ്‌ടാക്കളും പിടിച്ചുപറിക്കാരും ആയിരിയ്‌ക്കും എന്ന് സംശയിയ്‌ക്കുന്നതുപോലെ, വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ നിവാസികളെ ഉൾഫയിൽ അംഗമായിരിയ്‌ക്കുമോ എന്ന് സംശയിയ്‌ക്കുന്നതുപോലെ. അങ്ങനെ സംശയിക്കപ്പെടുന്നതിൽ മനഃപ്രയാസമുള്ളവർക്ക് പരിഹാരമാർഗ്ഗം തേടാം. മനപ്രയാസമില്ലാത്തവർക്ക് ഇപ്പോഴുള്ളതു പോലെയൊക്കെത്തന്നെ തുടരാം.
ഓ, ഇവിടെ വിഷയം മിച്ചമൂല്യമാണ്.
‘മിച്ചമൂല്യം’ എന്നത് മാർക്‌സിന്റെയും ഏംഗൽസിന്റെയും, പ്രയോഗമാണല്ലൊ. ചെലവുകഴിച്ച് കൈയിൽ കാശുണ്ടാവുക എന്നോ വിൽപ്പനയിൽ ലാഭമുണ്ടാവുക എന്നോ പറയുന്നതിന്റെ ഒറ്റവാക്കാണ് ‘മിച്ചമൂല്യം’ എന്നത്. കൈയിൽ കാശുണ്ടാവുമ്പോൾ സിനിമക്കു പോവാൻ തോന്നും. ബിവറേജസ് കടയുടെ മുന്നിൽ ക്യൂ നിൽക്കാൻ തോന്നും. ഊക്കൻ തീറ്റ തിന്നാൻ തോന്നും. തീറ്റയും കുടിയും നൃത്തവും ഒക്കെയായി ലെവലുകെടുമ്പോൾ പെണ്ണുങ്ങളെ കയറിപ്പിടിയ്‌ക്കും, തമ്മിലടിയ്‌ക്കും, കൊലപാതകം പോലും നടക്കും. ഇതൊക്കെ തടയാൻ വേണ്ട നിയമവാഴ്‌ച നമ്മുടെ നാട്ടിൽ ഇല്ല. അപ്പോൾപ്പിന്നെ ഒരു വഴിയുള്ളത്, കൈയിൽ കാശില്ലാതെയിരിക്കുക എന്നതാണ്. കാശുണ്ടായാൽ വേണ്ടാത്തത് തോന്നും. വീടിനുപകരം കൊട്ടാരമുണ്ടാക്കാൻ തോന്നും. അതിനുവേണ്ടി കാടും നാടും വെട്ടിവെളുപ്പിയ്‌ക്കും. വിമാനം പോലത്തെ കാറുവാങ്ങി ഇല്ലാത്ത റോഡിൽ ഓടിച്ച് ട്രാഫിക് ജാമുണ്ടാക്കും. പെട്രോൾ കത്തിച്ചു തീർക്കും.
ദൈവമേ, കേരളത്തിൽ ദാരിദ്ര്യമുണ്ടാകേണമേ!
Generated from archived content: essay1_jan21_09.html Author: kr_indira
Click this button or press Ctrl+G to toggle between Malayalam and English