ഇനിയും ആരൊക്കെയോ മാർച്ചു ചെയ്‌തു വരുന്നുണ്ടത്രെ, കാസർകോട്ടു നിന്ന്. ഫെബ്രുവരിയിൽ നിറയെ മാർച്ച്. മാർച്ചിൽ എന്താണാവോ? ഏപ്രിൽഫൂളായിരിയ്‌ക്കും. പൊതുജനം മറ്റെന്താണ്? എല്ലാ മാർച്ചുകാരും ഒന്നിച്ച് അണിനിരന്നിരുന്നുവെങ്കിൽ കേരളം പ്രകമ്പനം കൊള്ളുമായിരുന്നു. എല്ലാ രഥങ്ങളും ഒന്നിച്ചു ചേർത്ത് മഹാരഥമാക്കാമായിരുന്നു. മഹാരഥന്മാരല്ലേ നമ്മുടെ രാഷ്‌ട്രീയ നേതാക്കൾ! അവർക്ക് ഒന്നിച്ച് ഒരു മഹാരഥമുണ്ടാക്കുന്നതിൽ എന്താണ് തെറ്റ്? അലങ്കാരം, കൊടി, തോരണങ്ങൾ എല്ലാം ഒന്നിച്ചു ചേരുമ്പോൾ എല്ലാ നിറങ്ങളും ചേർന്ന് മഴവില്ലുണ്ടാകും. തോരണങ്ങൾ മാനം നിറഞ്ഞ് പന്തൽ തീർക്കും. ആളുകൾക്ക് വെയിലുകൊള്ളാതെ വഴി നടക്കാം.
ടൂറിസം വകുപ്പിന്റെ അദ്ധ്യക്ഷ്യത്തിൽ ഗവൺമെന്റ് സ്‌പോൺസേർഡ് പരിപാടിയായി കുറഞ്ഞ ചെലവിൽ ഒരു കലാപരിപാടിയാക്കാം എല്ലാം. ഓണത്തല്ല്, ചവിട്ടുകളി, വടംവലി, തെറിപ്പാട്ട്, തുണിപൊക്കിക്കാണിക്കൽ തുടങ്ങിയ ഇനങ്ങൾ കലാപരിപാടിയിൽ നിശ്ചയമായും ഉൾപ്പെടുത്തും. സ്‌ത്രീകൾക്ക് ഈ ഇനങ്ങളിലെല്ലാം പ്രത്യേക മത്സരമുണ്ടായിരിക്കും. കാണികൾക്ക് പൊതുവെ ഗ്യാലറി. വിദേശികൾക്ക് പ്രത്യേക പവലിയനും. യഥാർത്ഥത്തിൽ കേരള സംസ്‌ഥാനത്തിന് കമ്മിബജറ്റ് നിമിത്തം ഏക്കവും വലിവും ഒന്നും ഉണ്ടാകേണ്ട കാര്യമൊന്നുമില്ല. ഈ കലാപരിപാടികളിലൂടെ ലഭിയ്‌ക്കുന്ന ടൂറിസം വരുമാനം മാത്രം മതി അടിച്ചുപൊളിയ്‌ക്കാൻ.
എല്ലാ ജാഥക്കാരും അങ്ങ് തിരുവനന്തപുരത്ത് എത്തിയിട്ടുവേണം തെരഞ്ഞെടുപ്പു നടത്താൻ. പൗരന്മാരെ മുഴുവൻ തെരഞ്ഞെടുപ്പു പരിപാടിയിൽ പങ്കെടുപ്പിക്കണം എന്നാണ് ഇലക്‌ഷൻ കമ്മീഷൻ പറഞ്ഞിരിക്കുന്നത്. അതിനുവേണ്ടി വോട്ടേഴ്‌സ് ലിസ്‌റ്റ് നടപടികൾ ലഘൂകരിക്കാനാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിയ്‌ക്കുന്നത്. അങ്ങനെ നമ്മളെല്ലാവരും ബൂത്തിൽ എത്തും എന്ന് ഉറപ്പാക്കിക്കഴിഞ്ഞു. അവിടെ നമ്മൾ ക്യൂ നിൽക്കും. സ്ലിപ്പ് നോക്കി നമ്മുടെ പേര് വിളിക്കും. വോട്ടേഴ്‌സ് ലിസ്‌റ്റിൽ വെട്ടും, ചൂണ്ടാണി വിരലിൽ ഗോപിക്കുറി തൊടുവിയ്‌ക്കും. എലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലേയ്‌ക്ക് നയിയ്‌ക്കപ്പെടും.
തന്നിരിയ്‌ക്കുന്ന സ്‌ഥാനാർത്ഥിപ്പട്ടികയിലെ ഒരു കോന്തനും എന്റെ വോട്ടിന് അർഹനല്ല എന്ന് തോന്നിയാൽ ഞാൻ എന്തുചെയ്യും മാഷേ? അത് രേഖപ്പെടുത്താനുള്ള കട്ട യന്ത്രത്തിൽ ഇല്ലത്രെ. ഇത്തവണത്തെ വോട്ടുപരിപാടിയ്‌ക്ക് പോയിട്ട് പ്രിസൈഡിങ്ങ് ഓഫീസറോടൊന്ന് ചോദിച്ചു നോക്കണം. കിട്ടുന്ന ഉത്തരം അന്നേരം പറഞ്ഞു തരാം.
Generated from archived content: essay1_feb26_09.html Author: kr_indira