വികസിതരാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ തർക്കമുണ്ടാവുന്നത് ഇതാദ്യമൊന്നുമല്ല. തർക്കമുണ്ടാവുമ്പോഴാണ് ഈ പദങ്ങൾ നാം കേൾക്കുന്നതുതന്നെ – വികസിതം * വികസ്വരം. തർക്കം തത്‌ക്കാലത്തേയ്‌ക്ക് തീരുമ്പോൾ നാം ഈ പദങ്ങൾ മറക്കുകയും ചെയ്യും. വീണ്ടും ഒരിക്കൽ തർക്കം ഉണ്ടാവുമ്പോൾ നാം വികസിതവും വികസ്വരവും വീണ്ടും ഓർക്കും.
അവർ തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന്റെ ഹേതുവെന്ത്“
‘ഭൂമി മലീമസമാക്കുന്നതിൽ ഞങ്ങൾക്ക് എത്ര പങ്കുവഹിയ്‌ക്കാം?
ഇതാണ് തർക്കഹേതു.
വികസിത രാജ്യങ്ങൾ പറയുന്നു ’ലോകം അങ്ങേയറ്റം മലീമസമായിക്കഴിഞ്ഞു. ഇനി ആരും അതിനെ കൂടുതൽ മലീമസമാക്കരുത്. അതുകൊണ്ട് വ്യവസായ വിപ്ലവവും ഖനനവിപ്ലവവും എല്ലാം ഉടനടി നിർത്തിവെയ്‌ക്കുക.‘ (ഈ പറയുന്ന വികസിത രാജ്യങ്ങൾ എണ്ണക്കിണറുകൾ പിടിച്ചടക്കുകയും എണ്ണ ഊറ്റിയെടുത്ത് ശേഖരിയ്‌ക്കുകയും നിരന്തരം എരിച്ചുകളയുകയും ചെയ്യും. അന്യരാജ്യങ്ങളിലേയ്‌ക്ക് കടന്നു ചെന്ന് അവരുടെ മണ്ണിൽ വെടിയുണ്ടയും ബോംബും വർഷിയ്‌ക്കും. സ്വന്തം മണ്ണിൽ ഒരു കെട്ടിടം കത്തിയാൽ അത് ഏറ്റവും വലിയ ദുരിതവും അന്യായവും ആയികാണുന്നവർ തന്നെയാണ് ആരാന്റെ മണ്ണിൽ കടന്നുചെന്ന് തീയിടുന്നത്).
വികസ്വര രാജ്യങ്ങൾ പറയുന്നു – ’നോക്കു, ഇതുവരെ ഭൂമി മലീമസമായത് നിങ്ങൾ വികസിത രാജ്യങ്ങളുടെ വ്യവസായവിപ്ലവവും ഖനനവിപ്ലവവും നിമിത്തമായിരുന്നു. നിങ്ങൾ അങ്ങനെ വളർന്നു കഴിഞ്ഞു. പക്ഷേ ഞങ്ങൾ പിൻതള്ളപ്പെട്ടു കിടക്കുകയാണ് ഞങ്ങൾക്കും വളരേണ്ടേ? വളർന്ന് നിങ്ങൾക്കൊപ്പം എത്തേണ്ടേ? ഞങ്ങളുടെ ഊഴം കൂടി കഴിഞ്ഞിട്ടാവാം ഭൂസംരക്ഷണം.
ഇന്ത്യാക്കാരനായ നിങ്ങൾക്ക് ഈ വികസ്വരരാജ്യത്തെ
പ്രതിനിധാനം ചെയ്‌തുകൊണ്ട് ഈ തർക്കത്തിൽ
അഭിപ്രായം രേഖപ്പെടുത്താനുള്ള ബാദ്ധ്യതയുണ്ട്.
Generated from archived content: essay1_dec30_09.html Author: kr_indira