ചില വ്യക്തിത്വ സംഘർഷങ്ങൾ

കഴുത്തറുക്കാത്ത ഒരു പ്രൈവറ്റ്‌ ആശുപത്രി ഈയിടെ ഒരു സമ്മേളനം സംഘടിപ്പിയ്‌ക്കുകയുണ്ടായി. ജീവനക്കാരും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന സമൃദ്ധമായ സദസ്സിനുമുന്നിൽ വിദ്യാർത്ഥിനികളും ജീവനക്കാരും മക്കളും ചേർന്ന്‌ നൃത്തനൃത്യങ്ങളും അതരിപ്പിച്ചു. സ്‌റ്റേജിൽ യോഗ്യരായ ആളുകളെ ക്ഷണിച്ചിരുത്തിക്കൊണ്ടുള്ള സമ്മേളനവും ഉണ്ടായി. രാഷ്‌ട്രീയനേതാക്കളും സിനിമക്കാരും ഡോക്‌ടർമാരുമാണ്‌ അരങ്ങത്തിരുന്നത്‌. സാഹിത്യകാരന്മാർ ഇല്ല എന്നു തന്നെ പറയാം. ഡോക്‌ടർ ആയ ഖദീജാമുംതാസ്‌ സാഹിത്യകാരി കൂടിയാണ്‌ എന്നതുമാത്രമായിരുന്നു ഇതിന്നപവാദം. ലോഹിതദാസ്‌, ടി.ജി.രവി, അബി എന്നീ സിനിമക്കാരും. കെ. രാധാകൃഷ്‌ണൻ, തേറമ്പിൽ രാമകൃഷ്‌ണൻ തുടങ്ങിയ രാഷ്‌ട്രീയക്കാരും സ്‌റ്റേജിൽ നിരന്നു. പ്രസംഗകരെല്ലാവരും അലോപ്പതി ഡോക്‌ടർമാരുടെ ധനാർത്തിയെയും മനുഷ്യത്യരാഹിത്യത്തെയും വിമർശിച്ചു. ‘ദയ ആശുപത്രി’ അതിന്‌ അപവാദമാണ്‌ എന്ന്‌ സാന്ത്വനിപ്പിയ്‌ക്കുകയും ചെയ്‌തു. സാന്ത്വനചികിത്സ തന്നെ!

പ്രസംഗകനെ മാനിയ്‌ക്കാതെ കുറുകുറെ വർത്തമാനം പറഞ്ഞതിന്‌ ലോഹിതദാസ്‌ സദസ്സിനെ ശാസിച്ചു. അതേ ആൾ സ്‌റ്റേജിലിരുന്ന്‌ സഹസിനിമക്കാരോട്‌ (ടി.ജി.രവി, അബി) തമാശപറയുകയും ചിരിയ്‌ക്കുകയും ചെയ്‌തു! സിനിമാക്കാരെ ഡോക്‌ടർമാർ തിരിച്ചറിയുന്നില്ല എന്നും അവർക്ക്‌ പരാതിയുണ്ടാവും. കഠോരമായ ഭാഷയിൽ അത്‌ അവർ അവതരിപ്പിച്ചു. ലോഹിതദാസിനെ ലോഹിതാക്ഷൻ എന്ന്‌ ഒരു ഡോക്‌ടർ പറഞ്ഞു. അബിയുടെ പേര്‌ ക്ഷണപത്രത്തിൽ ഇല്ലായിരുന്നു. എന്നിങ്ങനെ പരാതികൾക്കും വിമർശനങ്ങൾക്കുമുള്ള കാരണങ്ങൾ നിരവധിയായിരുന്നു.

എന്നിട്ടോ? അബി ഡോ. ഖദീജാ മുംതാസിനെച്ചൂണ്ടിപറഞ്ഞു.; ഈ സിസ്‌റ്ററിനെ എനിയ്‌ക്കറിഞ്ഞുകൂടാ? തിരിച്ചും അതുതന്നെയാണ്‌ സംഭവിയ്‌ക്കുന്നത്‌ എന്നും അന്യോന്യം ദൂരങ്ങൾ തുല്യമാണ്‌ എന്നും അവർ ഓർക്കേണ്ടതാണ്‌. താൻ തിരിച്ചറിയപ്പെടുന്നില്ല എന്നതിലെ ഖേദം ലജ്ജാലേശമെന്യ ഓരൊരുത്തരും പ്രകടിപ്പിയ്‌ക്കുകയായിരുന്നു.

എപ്പോഴാണ്‌ വ്യക്തികൾ തിരിച്ചറിയപ്പെടാതാകുന്നത്‌? വ്യക്തി എന്ന അസുലഭതയ്‌ക്കു പകരം ആൾക്കൂട്ടം എന്ന സുലഭതയിൽ പെട്ടുപോവുമ്പോഴാണ്‌ തിരിച്ചറിയപ്പെടാതാകുന്നത്‌. തിരക്കിൽ മുങ്ങിപ്പോവുക തന്നെ. ഒരേയൊരു സത്യനും ഒരേയൊരു ഷീലയും ഒരേയൊരു നസീറും ഒരേയൊരു ശാരദയും തിരിച്ചറിയപ്പെട്ടതുപോലെ, അല്ലെങ്കിൽ മോഹൻലാലോ, മമ്മൂട്ടിയോ തിരിച്ചറിയപ്പെടുന്നതുപോലെ ആയിരക്കണക്കായ സീരിയൽ നടൻമാരും മിമിക്രി-ഹാസ്യനടന്മാരും തിരിച്ചറിയപ്പെടുകയില്ല. കാരണം അവരോരുത്തനും ആയിരത്തിൽ ഒരുവനാണ്‌. കവികൾക്കും ഇതരസാഹിത്യകാരന്മാർക്കും സംഭവിയ്‌ക്കുന്നത്‌ ഇതുതന്നെ. കേരളജനതയിൽ പകുതിയും എഴുത്തുകാരാണ്‌. തന്റെ രചനയല്ലാതെ മറ്റൊന്നും വായിയ്‌ക്കുകയില്ല എന്ന ശാഠ്യത്തിലേയ്‌ക്ക്‌ അവൻ എത്തുകയും ചെയ്യുന്നു. അവരും ആൾക്കൂട്ടത്തിൽ തിരിച്ചറിയപ്പെടാതെയാകുന്നു.

ഖേദിച്ചിട്ടെന്തുഫലം! അസുലഭതയാണ്‌ ആകർഷണത്തിന്നടിസ്‌ഥാനം.

Generated from archived content: essay1_april8_09.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here