പങ്കാളിത്ത അഴിമതിശാസ്‌ത്രം

26-3-2011 ന്‌ രാവിലെ തൃശ്ശൂർ ആകാശവാണി പ്രക്ഷേപണം ചെയ്‌ത സമകാലികം പരിപാടിയിൽ വിഷയം ‘ഇന്റർനെറ്റിന്റെ വിപ്ലവശേഷി’ ആയിരുന്നു സാങ്കേതിക വിപ്ലവമല്ല, സാമൂഹിക വിപ്ലവമാണ്‌ അവർ ഉദ്ദേശിച്ചത്‌. ലിബിയയിൽ രാഷ്‌ട്രീയ വിപ്ലവത്തിന്‌ എസ്‌.എം.എസ്‌ഉം ഇന്റർനെറ്റും ഉപകരണമായി എന്നതാണ്‌ ചർച്ചയ്‌ക്കടിസ്‌ഥാനം. ചർച്ചയിൽ പങ്കെടുത്തവരെല്ലാം ‘മാറ്റത്തിന്റെ ഈ കാറ്റിനെ’ സ്വാഗതം ചെയ്‌തുകൊണ്ട്‌ സംസാരിച്ചു. സമ്പൂർണ്ണ സാക്ഷരതയിലേക്കു മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിലും ഇന്റർനെറ്റ്‌ വിപ്ലവം കൊണ്ടുവരാൻ പോകുന്നു എന്നു പ്രവചിച്ചുകൊണ്ട്‌ ‘സമകാലികം’ പരിപാടി സമാപിച്ചു.

ഇന്ത്യയിൽ, കേരളത്തിൽ അതിന്റെ സാദ്ധ്യതയെക്കുറിച്ച്‌ ആലോചിക്കാതെ വയ്യ എന്നായിരിക്കുന്നു.

ഭരണകൂടത്തിന്റെ അഴിമതിക്കെതിരെ പൗരന്മാർക്ക്‌ ബോധമുണ്ടാക്കാനും അവരെ അണിനിരത്താനും കഴിയുന്നു എന്നതാണല്ലൊ ലിബിയയിലെ വസ്‌തുത. ഇന്ത്യയിൽ അതു സംഭവിക്കുമോ?

ഇല്ല.

കാരണം,

ഇന്ത്യയിൽ അഴിമതി രാജാവിൽ & പ്രധാനമന്ത്രിയിൽ & പ്രസിഡണ്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ഉദ്യോഗസ്‌ഥരിലും രാഷ്‌ട്രീയക്കാരിലും മുഴുവൻ പടർന്ന്‌ രാജ്യമാസകലം വ്യാപിച്ചുകൊണ്ടിരുന്ന ഒന്നാണ്‌ അത്‌. അഴിമതിക്കാർ ഇന്ത്യയിൽ കോടിക്കണക്കിനുണ്ട്‌. അതിന്റെ ഗുണഭോക്താക്കളുടെ എണ്ണം അതിന്റെ അഞ്ചിരട്ടിയാണ്‌. ഒരു കുടുംബത്തിൽ ശരാശരി അഞ്ചുപേർ എന്ന കണക്കിനാണ്‌ അഞ്ചിരട്ടി എന്നു പറയുന്നത്‌. കേരളത്തിൽ സ്‌ഥിതി കൂടുതൽ ഗുരുതരമാണ്‌. ജനകീയാസൂത്രണവും ത്രിതല പഞ്ചായത്തുകളും നിലവിൽ വന്ന കാലത്ത്‌ എഴുത്തുകാരനായ നന്ദൻ പറഞ്ഞത്‌ അഴിമതിയുടെ വികേന്ദ്രീകൃതാസൂത്രമാണ്‌ ഇത്‌‘ എന്നാണ്‌. മറ്റു പലരുടെയും മനസ്സിൽ ഈ അഭിപ്രായമുണ്ടായിരുന്നു. അക്ഷരം പ്രതി സത്യമാണ്‌ ഈ അഭിപ്രായത്തിലുള്ളത്‌ എന്ന്‌ കേരള മുഖ്യമന്ത്രിപോലും സമ്മതിക്കും.

അങ്ങനെയുള്ള കേരളത്തിൽ എന്ത്‌ വിപ്ലമാണ്‌ ഉണ്ടാവുക? ഇന്ത്യയിൽ എന്തുണ്ടാവും?

ലാവ്‌ലിൻ, 2-ജി സ്‌പെക്‌ട്രം, കോമൺവെൽത്ത്‌ ഗെയിംസ്‌, ആകാശവാണിയിലെ വഴിവിട്ട നിയമനങ്ങൾ… ഒന്നും വിപ്ലവമുണ്ടാക്കാൻ പര്യാപ്‌തമല്ല. കൂടിയാൽ ഒരു സി.ബി.ഐ. കേസ്‌, തടവ്‌, രാജി, അത്രതന്നെ.

സമയമുള്ളവർക്ക്‌ ഇതേക്കുറിച്ചൊക്കെ എഴുതാം, നെറ്റിൽ പ്രസിദ്ധീകരിക്കാം. നെറ്റ്‌ ഗ്രൂപ്പുകൾ ഉണ്ടാക്കാം. അവരുടെ മീറ്റിങ്ങ്‌ സംഘടിപ്പിക്കാം. മീറ്റിങ്ങിലേയ്‌ക്ക്‌ പത്രക്കാരെ ആവാഹിച്ചു വരുത്തി വാർത്ത പ്രസിദ്ധീകരിക്കാം. സ്വന്തം പേരും ചിത്രവും പത്രത്തിൽ അച്ചടിച്ചുവരും അത്‌ വെട്ടിയെടുത്ത്‌ ഓഫീസിലെ നോട്ടീസ്‌ ബോർഡിൽ പതിക്കാം. അത്രതന്നെ.

Generated from archived content: essay1_april1_11.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here