ദൈവങ്ങളേ, നിങ്ങൾ…

‘ഈശ്വരാ. ഇന്ന്‌ ക്ലാസ്‌ ടീച്ചർടെ കൈയിൽ നിന്ന്‌ അടി കിട്ടരുതേ’ എന്നു പ്രാർത്ഥിച്ചുകൊണ്ടാണ്‌ ഞാൻ എന്റെ വിശ്വാസപർവം തുടങ്ങിയത്‌. പിന്നെയങ്ങോട്ട്‌

പ്രാർത്ഥനാമയമായിരുന്നു. നാളുകൾ രണ്ടാം ക്ലാസിലെ മുതിർന്ന കുട്ടികൾ പ്രാർത്ഥിയ്‌ക്കുന്നതുപോലെയൊക്കെ ഞാനും പ്രാർത്ഥിച്ചു. ഉച്ചയ്‌ക്കുശേഷം ക്ലാസുകൂടാൻ

മണിമുട്ടുന്നതുവരെ കളിച്ചു തിമർത്ത്‌ ക്ലാസിലേയ്‌ക്കു കയറി ഉശിരോടെ പ്രാർത്ഥിയ്‌ക്കുന്ന അവരെ ഞാനും അനുകരിച്ചു. കണ്ണടച്ചു പിടിച്ച്‌ നെഞ്ചത്തു കൈചേർത്താ

പിടിച്ച്‌ ഒച്ചയിട്ടും പിറുപിറുത്തും അവർ പ്രാർത്ഥിച്ചു. അതുകഴിഞ്ഞ്‌ വലതുകൈവെള്ളയിൽ ആഞ്ഞുതുപ്പു ഇരുകൈവെള്ളകളും ചേർത്ത്‌ ശക്തിയായി ഉരസിയുരസി

ഒടുവിൽ പാവാടയിൽ അമർത്തിയമർത്തി ഉരസിത്തുടച്ച്‌ അവർ കണക്കുമാഷുടെ ചൂരൽവടിയ്‌ക്കായി കൈവള്ള നീട്ടിപ്പിടിച്ചു നിന്നു.

അവരുടെ കൂടെക്കൂടി ഞാൻ പ്രാർത്ഥിയ്‌ക്കാൻ പഠിച്ചു.

‘ഈശ്വരാ, കണക്കുമാഷുടെ കൈയിൽ നിന്ന്‌ അടികിട്ടരുതേ…’

‘ഈശ്വരാ, പരീക്ഷയ്‌ക്ക്‌ ജയിയ്‌ക്കണേ….’

‘ഈശ്വരാ. അച്ഛന്റടുത്ത്‌ നിന്ന്‌ അടി കിട്ടരുതേ……’

‘ഈശ്വരാ, അമ്മയ്‌ക്ക്‌ തലവേദനയുണ്ടാവരുതേ….’

പ്രാർത്ഥന എനിയ്‌ക്ക്‌ മനസ്സമാധാനം തന്നില്ല.

പ്രാർത്ഥന ശീലമാക്കിയ സഹപാഠികൾക്കെല്ലാം പൊതിരെ തല്ലുകിട്ടുന്നത്‌ കാണവേ എനിയ്‌ക്ക്‌ സംശയമായി തുടങ്ങി.

ഈശ്വരൻ ഒന്നും കേൾക്കുന്നില്ലായിരിയ്‌ക്കുമോ?

ക്ലാസിൽ ഫസ്‌റ്റാവണേ എന്ന്‌ ഒന്നാം സ്‌ഥാനക്കാരനും രണ്ടാം സ്‌ഥാനക്കാരിയും പ്രാർത്ഥിക്കാൻ ഈശ്വരൻ ആരെയാണ്‌ ഫസ്‌റ്റാക്കുക?

രണ്ടാൾക്കും കൂടി ഫസ്‌റ്റാവാൻ പറ്റുമോ?

എനിയ്‌ക്ക്‌ സംശയമായി തുടങ്ങി.

ദൈവത്തെ ഞാൻ സംശയിച്ചുതുടങ്ങി.

ഗുരുവായൂരമ്പലനടയിൽ വെച്ച്‌ പന്ത്രണ്ടാം വയസ്സിലാണ്‌ എനിയ്‌ക്ക്‌ ആത്യന്തികജ്ഞാനമുണ്ടായത്‌.

ശ്രീകോവിലിനു മുന്നിൽ തിങ്ങികൂടി നിൽക്കുന്നവരെല്ലാം പ്രാർത്ഥിയ്‌ക്കുന്നുണ്ട്‌. എല്ലാവരും സ്വന്തം കാര്യങ്ങൾ പറയുന്നുണ്ട്‌. ഇതെല്ലാം കൂടി നടത്തിക്കൊടുക്കാൻ

ഒരു ദൈവം വിചാരിച്ചാലും സാദ്ധ്യമല്ല.

അല്ലെങ്കിൽത്തന്നെ ചോദിയ്‌ക്കുന്നതെല്ലാം തരാനിരിയ്‌ക്കുന്നയാളാണോ ദൈവം?

നന്നായി വാഴ്‌ത്തിപ്പാടുന്നവർക്ക്‌ ചോദയ്‌ക്കുന്നതൊക്കൊ കൊടുക്കുന്നയാളാണോ ദൈവം?

കൊടുക്കലും അനുഗ്രഹിയ്‌ക്കലും മാത്രമേ ദൈവം ചെയ്യുള്ളുവോ? ‘മറ്റവനെ ശിക്ഷിക്കണേ ഈശ്വരാ’ എന്ന്‌ ഒരാൾ പ്രാർത്ഥിച്ചാൽ ഈശ്വരൻ അത്‌ ചെയ്യുമോ?

ന്യായാന്യായങ്ങൾ നോക്കിക്കണ്ട്‌ പരിപാലിയ്‌ക്കുന്ന ഒരാളാണ്‌ ഈശ്വരൻ എങ്കിൽ എന്താണ്‌ ഈ ലോകം ഇക്കാണുംവിധം അന്യായപൂരിതമായിരിയ്‌ക്കുന്നത്‌?

ഒന്നുകിൽ ഈശ്വരൻ ഉറങ്ങുകയാണ്‌.

അല്ലെങ്കിൽ ഈശ്വരൻ നിഷ്‌ക്രിയനാണ്‌.

ഇനി ഈശ്വരൻ തന്നെ ഇല്ല എന്നുണ്ടോ ദൈവമേ!…..

ഈശ്വരന്റെ അസ്‌തിത്വത്തെക്കുറിച്ച്‌ ഇപ്പോൾ ഞാൻ തർക്കിയ്‌ക്കാറില്ല. ഈശ്വരൻ ഉണ്ടായിക്കൊള്ളട്ടെ. പക്ഷേ, ഈശ്വരനെക്കാൾ ഭേദം ഞാൻ തന്നെയാണ്‌

ഞാൻ കർമ്മവ്യാപൃതയാണല്ലോ!

Generated from archived content: eassay1_nov12_08.html Author: kr_indira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here