ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

കാലം 1967. ലുങ്ക്വട്വിംഗോയുടെ നെറുകയില്‍ ഉയര്‍ന്നു കാണുന്ന ഫ്ലാഗ് പോസ്റ്റ്. ചിറകൊതുക്കി ഇരിക്കുന്ന കൂറ്റന്‍ പക്ഷി കണക്കെ അങ്ങിങ്ങ് ക്യാമ്പ് ഷെഡുകള്‍. കൊടും തണുപ്പ്. നാഗാ ഒളിപ്പോരാളികളുടെ ഭീഷണികള്‍. നഗ്നരായ ജനത. വല്ലപ്പോഴും ഇരമ്പലോടെ പറന്നടുക്കുന്ന ഡ്രോപ്പിങ് വിമാനങ്ങള്‍ താഴേക്കിട്ടു പോകുന്ന റേഷനും മരുന്നുകളും. എല്ലാം ഓര്‍മ്മകളിലുണ്ട്, ഇന്നലെ കഴിഞ്ഞതു പോലെ. പ്രായം 80 കഴിയുന്നു. അവശതകളുണ്ട്. എങ്കിലും സാഹസികത നിറഞ്ഞ ആ ഓര്‍മ്മകളുടെ തിളക്കം കമാന്‍ഡന്റ് കെ. നാണുവിന്റെ മുഖത്തു കാണാം.

msp(മലബാര്‍ സ്പെഷ്യല്‍ പോലീസ്) രണ്ടാം ബറ്റാലിയനേയും കൂട്ടി നാഗാലാന്റിലേക്ക് ഡപ്യൂട്ടേഷനില്‍. ഇന്ത്യന്‍ ആര്‍മിയോട് ചേര്‍ന്ന് നാഗാകലാപകാരികള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍. ബര്‍മ്മയും ബ്രഹ്മപുത്രയും അതിരിടുന്ന നാഗാഭൂമി. ഏകദേശം4500അടി ഉയരത്തില്‍ അതിര്‍ത്തി ചേര്‍ന്നു കിടക്കുന്ന കൊടും വനപ്രദേശമടങ്ങിയതാണ് ലുങ്ക്വട്വിംഗോ. മോണ്‍ സബ്ഡിവിഷനിലെ കൊന്യാക്ക് ഗോത്രമേഖലയിലെ ദുര്‍ഘടം പിടിച്ച സെര്‍ച്ച് ഓപ്പറേഷനുകള്‍. ഏറ്റവും അപരിഷ്കൃതമായ ഗോത്ര വര്‍ഗ്ഗം ആയിരുന്നു കൊന്യാക്കിലേത് എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ടിബറ്റോ ബര്‍മ്മന്‍ ആസ്സാമി സങ്കരങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന വികലമായ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങള്‍. പലപ്പോഴും അവരുമായി അടുത്തിടപഴകാന്‍ ശ്രമിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ അവര്‍ സംശയാലുക്കളായിരുന്നു. ക്യാമറ കണ്ടാല്‍ അപ്പോള്‍ തന്നെ അവര്‍ ഓടി ഓളിക്കും. ഫോട്ടോ എടുത്താല്‍ മരിച്ചു പോകും എന്നതായിരുന്നു അവരുടെ വിശ്വാസം! അതെങ്ങനെ വേരു പിടിച്ചു എന്നറിയാന്‍ കഴിഞ്ഞില്ല. ഒരു പക്ഷേ ഫോട്ടോ എടുക്കാന്‍ നിന്നു കൊടുത്ത ആരെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചു പോയിട്ടുണ്ടാകാം.! ദ്വിഭാഷികളുടെ സഹായം എപ്പോഴും ഉണ്ടായിരുന്നു. അല്ലാതെ ആശയവിനിമയം അസാധ്യമായിരുന്നു. സര്‍ക്കാരിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ അവര്‍ കടും ചുവപ്പുനിറത്തിലുള്ള കോണകം ഉടുത്തിരുന്നു. പട്ടുകോണകം അവരുടെ ഔദ്യോഗിക ചിഹ്നമായിരുന്നു. അങ്ങേയറ്റം ശ്രേഷ്ഠമായാണ് അവര്‍ അതിനെ കണ്ടത്.

ലുങ്ക്വട്വിംഗോ അടങ്ങുന്ന പ്രവശ്യയുടെ രാജാവ് ആംങ് ആയിരുന്നു. അവരുടെ സഹായം ആവശ്യമായിരുന്നു മുന്നോട്ടുള്ള നീക്കങ്ങള്‍ക്ക്. ഒളിപ്പോരാളികള്‍ അക്കാലത്തു തന്നെ വിദഗ്ധ പരിശീലനം നേടിയവരായിരുന്നു. ചൈന അവരുടെ രഹസ്യ ക്യാമ്പുകളില്‍ നിഷ്കളങ്കരായ നാഗന്മാര്‍ക്ക് കലാപങ്ങള്‍ക്കുള്ള ഗൃഹപാഠം ഒരുക്കുന്നുണ്ടായിരുന്നു.

ആംങിന്റെ ചെറുസൈന്യം സഹായഹസ്തവുമായി സദാ കൂടെ ഉണ്ടായിരുന്നു. ആര്‍മിയുടെ സഹായത്തോടെയായിരുന്നു മാപ്പ് റീഡിംഗ്. ദുര്‍ഘടമായ വനപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ മനസിലാക്കാനുള്ള പരിശീലനം കൂടിയായിരുന്നു അത്.

ആംങിന്റെകഴുത്തില്‍ തൂങ്ങുന്ന മണികളെക്കുറിച്ച് ഒരിക്കല്‍ ജിജ്ഞാസാപൂര്‍വ്വം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. അറുത്തുമാറ്റിയ തലകളുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത് എന്ന് രാജാവ് അഭിമാനപുരസ്സരം മൊഴിഞ്ഞു. തലവെട്ടല്‍ തുടങ്ങിയ പ്രാകൃതരീതികളെല്ലാം സര്‍ക്കാര്‍ 1959 തന്നെ നിയമം മൂലം നിരോധിച്ചെങ്കിലും ഗോത്രങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് പോയിട്ട് സര്‍ക്കാര്‍ തന്നെ അവര്‍ക്ക് അന്യം. ലുങ്ക്വട്വിംഗോയിലെ സന്നാഹങ്ങള്‍ പരിശോധിക്കാന്‍ ഇടക്കിടെ വന്നിറങ്ങുന്ന ബ്രിഗേഡിയര്‍ കരിയപ്പ,‍ സിആര്‍പിഎഫ് ഡിജിപി കനേത്കര്‍ തുടങ്ങിയവരെയെല്ലാം ഓര്‍മ്മ വരുന്നു. ഹെലികോപ്ടറുകള്‍ക്ക് വനാന്തരങ്ങളിലിറങ്ങാന്‍ തീകൂട്ടി പുക പടലങ്ങള്‍ കാട്ടിക്കൊടുക്കും. സ്ഥാനനിര്‍ണ്ണയത്തിനും കാറ്റിന്റെ ഗതിയറിയാനും വേണ്ടിയാണിത്. ധാരാളം സഹായങ്ങള്‍ ചെയ്തു തന്നിരുന്ന തലശേരിക്കാരനായ ഒരു വിങ് കമാന്‍ഡര്‍ ഉണ്ടായിരുന്നതും അദ്ദേഹം ഓര്‍മ്മിക്കുന്നു.

മൊറംഗ് വാ പിളര്‍ത്തിവച്ച ഭീമാകാരനായ ഒരു തിമിംഗലത്തിന്റെ ആകൃതിയിലുള്ള പുരയാണ്. അവിവാഹിതരായ യുവാക്കള്‍ സംഘമായി അവിടെയാണ് താമസിക്കുക. ചെത്തി മിനുക്കിയ മുളകളും, കൊത്തുപണി ചെയ്ത തടികളും കൊണ്ട് അതിന്റെ മുഖപ്പ് അലങ്കരിച്ചിരിക്കും. നാഗന്മാര്‍ക്ക് അവരുടെ പ്രായത്തെ പറ്റി സാധാരണ അറിവുണ്ടാകാറില്ല. വയസ് അവരുടെ ഒരു വേവലാതിയേ ആയിരുന്നില്ല. വലിയ പെരുമ്പറകള്‍ തൂക്കിയിട്ടിരിക്കുന്ന പുരകളും ഗ്രാമങ്ങളില്‍ കാണാം. പെരുമ്പറകളുടെ കാതടപ്പിക്കുന്ന ഒച്ച കേട്ട് പല രാത്രികളിലും ഞെട്ടി ഉണര്‍ന്നിട്ടുണ്ട്. മരണത്തിന്റെ വിളംബരമാണത്. അതിന്റെ മുഴക്കം പിന്നെ ഒരു മുരളലായി ഇരുട്ടിലേക്ക് താഴ്ന്ന് താഴ്ന്ന് പോകും. ഗ്രാമം മൊത്തം ഉണരുകയായി. മരിച്ചവന്റെ വീട്ടിലേക്ക് അരിയും, കായ്കനികളും, പഴങ്ങളുമായിട്ടാണ് വരിക. യുവാക്കള്‍‍ മുള കീറിയെടുത്ത് കൂട്ടിക്കെട്ടി ഉയരത്തിലുള്ള ചട്ടം നിര്‍മ്മിച്ച് നാട്ടും. യുവതികള്‍ പച്ചിലകള്‍കൊണ്ട് തൊപ്പിയും. ശവശരീരത്തെ അണിയിക്കാനാണത്. ഗ്രാമത്തിലെ മുതിര്‍ന്നവര്‍ വന്ന് മരക്കൊമ്പുകള്‍‍ കൊണ്ടുള്ള കിടക്കയില്‍ ശവം വഹിച്ച് ഘോഷയാത്രയായി ഗ്രാമത്തിലൂടെ കടന്നു പോകും. ഈ വിശേഷ അവസരങ്ങളിലെല്ലാം ആചാമനുസരിച്ച് പൂര്‍ണ്ണ നഗ്നരായിരിക്കണം.

”മരിച്ചവരുടെ ഇടങ്ങളിലേക്ക് നീ കടന്നു ചെല്ലൂ, ധൈര്യത്തോടെ. എന്നിട്ടു പറയു, നീ ഇന്നയാളുടെ മകനാണെന്ന്”- എന്നിങ്ങനെയുള്ള വാചകങ്ങള്‍ ഇടക്കിടെ അവര്‍ ഉറക്കെ വിളിച്ചു പറയുന്നതു കേള്‍ക്കാം. മരണവീട്ടിലും ആ പ്രഖ്യാപനങ്ങളുണ്ടാകും. അവിടെ നിന്നു മടങ്ങുന്നവര്‍ മുളംകുറ്റിയില്‍ നിറച്ച വെള്ളത്തില്‍ കൈമുക്കി എല്ലാ ബാധകളേയും ഒഴിപ്പിച്ചാണ് നടന്നു പോകുക. ശവം നേരത്തെ നാട്ടീ നിറുത്തിയ ചട്ടത്തിലേക്ക് ചേര്‍ത്ത് കെട്ടിനിറുത്തും. ഗ്രാമത്തലവന്‍ അതിനെ ഒരു തലയോട്ടി അണിയിക്കും. പനയോലകള്‍ കൊണ്ട് ഭാഗികമായി മറയ്ക്കും. ചടങ്ങിന്റെ പൂര്‍ണ്ണതക്കായി കോഴിയെ ബലിയറക്കും. ചോര മരിച്ചവന് നേദിക്കും. ആഹാരസാധനങ്ങള്‍‍ ചട്ടത്തില്‍ കെട്ടിത്തൂക്കും. ശവത്തിന്റെ തല പിഴുതെടുക്കുന്നതു വരെ അതിനെ എല്ലാ ദിവസവും ഊട്ടും. അവിടെ നിന്ന് ആ ശരീരം ജീര്‍ണ്ണിക്കും. ആറാം ദിവസം ആ വീട്ടിലെ വയസ്സായ സ്ത്രീ തലയെടുത്ത് കഴുകി വൃത്തിയാക്കും. ശേഷിച്ചവയെല്ലാം മദിച്ചു നടക്കുന്ന കറുത്ത പന്നികള്‍ മൃഷ്ടാന്നം ഭുജിക്കും. തലയോട്ടി ഗ്രാമത്തിനു പുറത്ത് ഒരു പ്രത്യേകസ്ഥലത്ത് പ്രതിഷ്ഠിക്കും, എല്ലാ ദിവസവും ആഹാരവും മദ്യവും തലയോട്ടിക്ക് അര്‍‍പ്പിച്ചു കൊണ്ടിരിക്കും. മൂന്നു വര്‍ഷം വരെ.

അങ്ങനെ വിചിത്രങ്ങളായ ധാരാളം അനുഭവങ്ങള്‍. പറഞ്ഞുതീരാത്ത കഥകള്‍ 1948-56 കാലഘട്ടത്തില്‍ പോണ്ടിച്ചേരി അതിര്‍ത്തിയില്‍ പ്ലറ്റൂണ്‍ കമാന്‍ഡന്റായി സേവനം അനുഷ്ഠിക്കാനവസരം ലഭിച്ചിരുന്നു. അത് മേലുദ്യോഗസ്ഥരുടെയെല്ലാം പ്രശംസക്ക് പാത്രീഭൂതനായി. നാഗാലാന്‍ഡില്‍ നിന്ന് മടങ്ങിയ ശേഷം അസിസ്റ്റന്റ് കമാന്‍ഡ് പദവിയില്‍ ലക്ഷദ്വീപില്‍ കുറേക്കാലം. പലതവണ ഗുഡ് സര്‍വീസ് എന്‍ട്രികളും പാരിതോഷികങ്ങളും. 1977 ല്‍ ഡപ്യൂട്ടി കമാന്‍ഡറായിരിക്കെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍. ‍ അന്നത്തെ മുഖ്യമന്ത്രി എ. കെ ആന്‍റ്ണിയില്‍ നിന്ന് ഏറ്റുവാങ്ങി. 1985ല്‍ കെ എ പി മൂന്നാം ബറ്റാലിയന്റെ കമാന്‍ഡ്ന്‍റ് പദവിയിലിരിക്കെ സര്‍വീസില്‍ നിന്നും വിരമിച്ചു. എന്നാല്‍ ഓര്‍മ്മകള്‍ക്ക് വിരാമമില്ല. അതിന്റെ ധന്യതയില്‍ ശ്രീ. കെ നാണു കണ്ണൂര്, കക്കാട് ഗാന്ധിനഗര്‍ കോളനിയിലുള്ള സ്വവസതിയില്‍ വിശ്രമജീവിതം നയിക്കുന്നു.

Generated from archived content: essay1_sep16_11.html Author: kr_hari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here