ചന്ദനമരങ്ങൾ കടന്ന്‌

“പച്ച പുതച്ച പാടങ്ങൾ, തെളിഞ്ഞ ആകാശം, മരങ്ങളും പൂക്കളും. പിന്നാലെ വന്ന ഇരുട്ടിന്‌ എന്റെ ഓർമ്മയിലെ എല്ലാമൊന്നും മായ്‌ക്കാനായില്ല” – ഹെലെൻ കെല്ലർ (ദി സ്‌റ്റോറി ഓഫ്‌ മൈ ലൈഫ്‌)

മാഘമാസത്തിലെ വെളുത്ത പക്ഷത്തിൽ മറയൂരിന്റെ പ്രകൃതി വല്ലാതെ മനോഹരമായിരുന്നു. നേർത്ത കുളിരിന്റെ വഴിയോരകാഴ്‌ചകൾ നിറയെ പൊന്നാര്യനുകൾ പൂത്തു കിടന്നു. കാട്ടുപൂക്കളുടെ മണം കൊണ്ട കാറ്റ്‌ മതിമറന്ന ലഹരിയിലും. പ്ലാശുകളുടെയോ, കാനനജ്വാലകളുടേയോ ചെം നിറങ്ങളും, പിന്നെ കാടിന്റെ നിബിഡതകളും കഴിഞ്ഞ്‌ അങ്ങു ദൂരെ പാറക്കൂട്ടങ്ങളിൽ പോക്കുവെയിലിന്റെ തങ്കപതക്കങ്ങൾ വീണുകിടന്നു. ചിനാറിൽ നിന്ന്‌ മറയൂരിലേക്കുള്ള വഴികളിൽ കാഴ്‌ചക്കാരായി കാടിന്റെ ഗന്ധങ്ങളിൽ മയിലുകൾ പതുങ്ങിനിന്നു. അമരാവതിയുടെ അകലങ്ങളിൽ പണികഴിഞ്ഞ്‌ മടങ്ങുന്ന കൃഷീവലൻമാരേയും പെണ്ണാളുകളേയും കാണാം. ചെറുകൂട്ടങ്ങളുടെ ആട്ടിൻപറ്റങ്ങൾ അവിടങ്ങളിൽ മേഞ്ഞു നടന്നു. ഒരു സായാഹ്‌നം നിർവചനങ്ങൾക്കപ്പുറം സ്വച്ഛന്ദമായിരുന്നു.

ജനുവരിയുടെ അവസാനം ആയതുകൊണ്ടാകാം തണുപ്പ്‌ കുറവായിരുന്നു. തെളിഞ്ഞ പ്രഭാതങ്ങളിൽ മലമടക്കുകളുടെ മട്ടുപ്പാവിൽ ശുഭ്രവസ്‌ത്രധാരികളെപ്പോലെ മേഘത്തുണ്ടുകൾ ആരെയോ കാത്തുനിന്നു. പച്ചിലച്ചാർത്തുകൾ ചാടിക്കടന്ന്‌, വൻമരങ്ങളിൽ മുകളിലേക്കും താഴേക്കും പാഞ്ഞ്‌ ക്യാമറാക്കണ്ണുകൾക്കു പോലും പിടിതരാതെ തിമർക്കുന്ന മലയണ്ണാൻമാർ. സമൃദ്ധമായ രോമരാജികൾ ചുഴറ്റി ഓടിമറഞ്ഞ്‌, പിന്നെ ചന്ദനമരങ്ങൾ കടന്ന്‌, കാടിന്റെ ഗഹനതകളിലേക്ക്‌ ഊളിയിട്ട്‌ – ആ സുന്ദരൻമാരുടെ കുറുമ്പിന്‌ കണക്കില്ല. 15 വർഷങ്ങൾക്ക്‌ മുമ്പു കണ്ട മറയൂരല്ലിന്ന്‌. ഗ്രാമ്യതകൾ വെടിഞ്ഞ്‌, നഗരത്തിന്റെ അധിനിവേശങ്ങളിൽ മറയൂരിന്‌ ഒത്തിരി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. കമ്പോളങ്ങൾ വലുതായി. ചന്ദനഫാക്ടറിയുടെ അടുത്തുള്ള ബസ്‌സ്‌റ്റാൻഡിൽ നല്ല തിരക്ക്‌. എല്ലായിടങ്ങളിലേക്കും ബസ്‌ സർവീസുകൾ. താമസിക്കാൻ ഹോട്ടലുകൾ. പാർട്ടി ഓഫീസുകൾ, സമ്മേളനങ്ങൾ, കൊടിത്തോരണങ്ങൾ! അങ്ങനെ ഒരു മിനി ടൗൺ ആയിരിക്കുന്നു മറയൂർ.

ഇത്‌ അങ്കമുത്തു. വയസറിയില്ല. മറയൂരിലെ ആദിവാസി സമൂഹങ്ങളിൽ ഇന്ന്‌ ജീവിച്ചിരിക്കുന്നതിൽ പ്രായം കൂടിയ ഒരാൾ. ആരോഗ്യത്തിന്‌ വലിയ കുറവൊന്നുമില്ല. കാഴ്‌ചയ്‌ക്ക്‌ കണ്ണട വേണ്ട. ഏത്‌ മഞ്ഞിലും മഴയിലും പരപരാ വെളുക്കും മുമ്പ്‌ എഴുന്നേറ്റ്‌ മറയൂരിന്റെ മാറിലൂടെ നടന്നുപോകുന്നത്‌ കാണാം. മറയൂരിൽ എല്ലാവർക്കും അങ്കമുത്തുവിനെ അറിയാം. കാലങ്ങളെത്ര കടന്നു! പരിഷ്‌കൃത സമൂഹം ആവശ്യപ്പെടുന്ന ഒരു പരിരക്ഷയും കിട്ടാതിരുന്ന ജീവിതം. ഇന്നും. അതാണ്‌ അങ്കമുത്തു. മണ്ണിന്റെ മകൻ. വയസറിയാത്തതുകൊണ്ട്‌ അങ്കമുത്തുവിന്‌ വേവലാതികളുമില്ല.

യാത്രകളുടെ ആരംഭം പാലക്കാട്ടുനിന്ന്‌ മീറ്റർഗേജുവഴി പൊള്ളാച്ചിയിലേക്കും, ഉദുമലപ്പേട്ടയിലേക്കും അവിടെനിന്ന്‌ ചിനാർ കടന്ന്‌ മറയൂരിലേക്കുമായിരുന്നു. തമിഴ്‌നാടിന്റെ സമതലങ്ങളിലൂടെ കടന്നുപോകുമ്പോൾ കാറ്റാടിപ്പാടങ്ങൾ വേറിട്ടൊരു കാഴ്‌ചയായിരുന്നു. കാറ്റുമായി സദാ കൈകോർത്തു കളിക്കുന്ന യന്ത്ര സൗന്ദര്യങ്ങൾ. ഡോൺ ക്വിക്‌സോട്ടിലെ “Tilting at wind Mills” ഓർമ്മ വരും. കാറ്റാടികൾ രാക്ഷസന്മാർ ആണെന്ന്‌ തെറ്റിദ്ധരിച്ച്‌ കുന്തവുമായി പാഞ്ഞടുക്കുന്ന ഡോൺ ക്വിക്‌സോട്ടെന്ന അരക്കിറുക്കനായ മാടമ്പി. പക്ഷേ ആ പ്രാകൃതരൂപങ്ങൾ വെടിഞ്ഞ്‌ സാങ്കേതികത്തികവിന്റെ രൂപസൗകുമാര്യങ്ങളാണ്‌ ഇവിടുത്തെ കാറ്റാടികൾ. ഭ്രമണങ്ങളിൽ, കേളികളിൽ കാറ്റിന്റെ ഊർജ്ജത്തെ അവ ചുരത്തിയെടുത്തു കൊണ്ടിരുന്നു.

കാന്തല്ലൂരിലേക്കുള്ള ദൂരം 12 കി.മീ ഉള്ളൂവെങ്കിലും 5000 അടി ഉയരത്തിൽ മലനിരകൾ കയറണം. പ്രകൃതി പെട്ടെന്ന്‌ മാറിവന്നു. തണുപ്പിന്‌ കട്ടി കൂടി. ഓരോ ചുറ്റു കയറി വരുമ്പോഴേക്കും ദൂരകാഴ്‌ചകളിൽ പുകമഞ്ഞ്‌ കനത്തു. താഴ്‌വാരങ്ങൾ അതിന്റെ പുതപ്പിനുള്ളിൽ ഉറങ്ങി കിടന്നു. വാറ്റുപുല്ലിന്റെ ഗന്ധം കാന്തല്ലൂരിന്റെ വഴികളെ ചൂഴ്‌ന്നുനിന്നു. ശർക്കരപ്പുരകളുടെ അടുത്തെത്തുമ്പോൾ കരിമ്പ്‌ വാറ്റുന്ന മണവും. മുരിക്കിൻ പൂക്കളും, കാട്ടുചെമ്പരത്തികളും ഇടയ്‌ക്കെല്ലാം കാഴ്‌ചകളുടെ വിരസതകളെ ഒഴിവാക്കിയിരുന്നു. കിളികളുടെ സംഗീതവും. തീഷ്ണ നിറങ്ങളെ പച്ചപ്പുകൾക്കിടയിൽ അങ്ങനെ അണിയിച്ചു നിറുത്തിയിരിക്കുകയാണ്‌ പ്രകൃതി, സഞ്ചാരികൾക്കു വേണ്ടി. കോവിൽ കടവും, പയസ്സ്‌ നഗറും കടന്നുപോകുമ്പോൾ ചുറ്റിടങ്ങളിലെല്ലാം മുനിയറകൾ കാണാം. കൽപാളികൾ മറച്ചുണ്ടാക്കിയ ചതുരാകൃതിയിലുള്ള കുടീരങ്ങൾ. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്‌ ഇന്ന്‌ അവയെല്ലാം. ചരിത്രാതീതകാലത്തെ ജീവിത ക്രമങ്ങളിലേക്ക്‌ ഇറ്റു വെളിച്ചം വീശുന്നവയാണിവ. ശിലായുഗ മനുഷ്യൻ ശവം മറവുചെയ്യാൻ ഉപയോഗിച്ചതാണെന്ന്‌ കരുതപ്പെടുന്നു. അഞ്ചനാട്‌ വാലിയെക്കുറിച്ച്‌ കൂട്ടത്തിലുണ്ടായിരുന്ന സുഹൃത്ത്‌ ജിജോകുമാർ പറഞ്ഞു. മൺമറഞ്ഞുപോയ ഒരുആദിമ സംസ്‌കൃതി അവിടെ നിലനിന്നിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌. സിന്ധു നദീതടവും, ഹാരപ്പാ മോഹൻജോദാരൊ പോലെയും കേരളത്തിന്റെ മണ്ണിൽ നിലനിന്നിരുന്ന പുരാതന നാഗരികത. പിന്നീടത്‌ മൺമറഞ്ഞതിന്റെ കാരണങ്ങൾ തികച്ചും അജ്ഞാതം.

രംഗച്ചാമി കാന്തല്ലൂർ വച്ച്‌ ഞങ്ങളുടെ സംഘത്തിലേക്ക്‌ കയറിപ്പറ്റിയ ഒരു സഹായി ആയിരുന്നു. കാന്തല്ലൂരിന്റെ സ്വപ്നസമാനമായ വന്യതകളിലേക്കും, ആപ്പിൾ തോട്ടങ്ങളുടെ ചരിവുകളിലേക്കും അയാൾ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. ഓറഞ്ചു മരങ്ങളുടെ ചില്ലകളിലേക്ക്‌ ഒരു മലയണ്ണാന്റെ ലാഘവത്തോടെ അയാൾ വലിഞ്ഞു കയറി. ചില്ലകളുതിർത്ത്‌ ഓറഞ്ചുകൾ പൊഴിച്ചിട്ടു. പീച്ചിൻ കായകൾ ഞങ്ങൾക്ക്‌ അടർത്തി തന്നു. മഞ്ഞുമൂടിയ താഴ്‌വാരങ്ങളെ കുറിച്ച്‌ അയാൾ വാചാലനായി. കാന്തല്ലൂരിന്റെ ശൃംഗത്തിലെ ഗുഹാക്ഷേത്രമായ രാമർ കോവിലിന്റെ മുന്നിൽ അയാൾ കുമ്പിട്ട്‌ തൊഴുതു. ഞങ്ങളേയും നിർബന്ധിച്ചു. അയാളുടെ വിശ്വാസങ്ങളുടെ കാതലായിരുന്നു രാമർ കോവിൽ. അതിനു മുന്നിലെ രാമർ മരവും. രംഗച്ചാമിയുടെ ഒരു സഹോദരിയെ കല്യാണം കഴിച്ചിരിക്കുന്നത്‌ സായ്‌വ്‌ ആണത്രെ! ദൂരെ മൂടൽ മഞ്ഞിൽ ഉറങ്ങി കിടക്കുന്ന കോളോണിയലിസത്തിന്റെ ബാക്കി പത്രത്തിലേക്ക്‌ അയാൾ വിരൽചൂണ്ടി. പ്രൗഢമായ ബംഗ്ലാവിനു മുന്നിൽ ഇപ്പോഴും കുതിരകൾ ചുരമാന്തി നിൽപ്പുണ്ടാവും. അധിനിവേശങ്ങൾ കഴിഞ്ഞിട്ടും സായ്‌വിന്‌ കാന്തല്ലൂർ വിട്ടുപോകാൻ തോന്നിയില്ല. കാന്തല്ലൂരിലെ തമിഴ്‌ പെൺകൊടിയെ അയാൾ വേട്ടു. കറുപ്പിന്റെ സൗന്ദര്യങ്ങളുടെ മേൽ സായ്‌വിന്റെ ജീവിതം തഴച്ചുകിടന്നു. രംഗച്ചാമി നടക്കുമ്പോഴെല്ലാം ഇടയ്‌ക്ക്‌ കാലുകളിടറി. രാവിലെ തന്നെ അയാൾ നല്ല ലഹരിയിലായിരുന്നു. മഞ്ഞിൽ പൂത്തുലയുന്ന ലഹരി. കാന്തല്ലൂർ തന്നെയും രംഗച്ചാമിയ്‌ക്ക്‌ ഒരു ലഹരിയായിരുന്നു.

വിശ്രമവേളകളിൽ കൂട്ടത്തിലുണ്ടായിരുന്ന റോബിൻ വക്കീൽ പാടി. പഴയകാല സിനിമാഗാനങ്ങളുടെ ഒരു ആരാധകനായിരുന്നു അയാൾ. കൂടെ കൊണ്ടുവന്നിരുന്ന ഓടക്കുഴലിൽ പി. ഭാസ്‌കരന്റെയും, വയലാറിന്റെയും പാട്ടുകൾ അദ്ദേഹം മനോഹരമായി വായിച്ചു. ഇടയ്‌ക്കേതോ മൗനങ്ങളിൽ കാലങ്ങളിലേക്ക്‌ അദ്ദേഹം ഊളിയിട്ടു. മറയൂർ ടൗണിൽ വച്ച്‌ രണ്ട്‌ തമിഴ്‌ യുവാക്കൾ അദ്ദേഹത്തെ കണ്ട്‌ പരിചയപ്പെടാനെത്തി. പഴയ ചില കേസുകളുമായുള്ള ബന്ധമാണ്‌. കാളിമുത്തു ഏത്‌ ജയിലിലാണെന്ന്‌ വക്കീൽ ചോദിക്കുന്നതു കേട്ടു. “വിയ്യൂർ സെൻട്രലിൽ”- കലങ്ങിയ കണ്ണുകളുള്ള യുവാവാണ്‌ ഉത്തരം നൽകിയത്‌. കൂലിക്ക്‌ ജാമ്യം നിൽക്കുന്ന സംഘങ്ങളുടെ വൈരങ്ങളുടെ കഥകൾ പിന്നീട്‌ വക്കീൽ പറഞ്ഞു. അങ്ങനെയുള്ള ഒരു കേസിലെ പ്രധാന സാക്ഷികളായിരുന്നു രണ്ടു യുവാക്കൾ.

ശാന്തമായ രാത്രികളിൽ മറയൂർ ചന്ദനയുടെ മുറ്റത്തിരുന്ന്‌ കൊച്ചിക്കാരനായ റോബിൻ വക്കിൽ ഉറക്കെ പാടി – “നഗരം, നഗരം, മഹാസാഗരം…”- കൊച്ചിയുടെ ഭ്രാന്തമായ തിരക്കുകളെ ഓർത്താകണം റോബിൻ അങ്ങനെ പാടിയത്‌. ക്വട്ടേഷൻ സംഘങ്ങളുടെ കൊച്ചി! ആ വാക്ക്‌ ഉച്ചരിക്കാൻ നാം മലയാളികൾ ലജ്ജിക്കണം.

ചിനാറിന്റെ തെളിനീരൊഴുക്ക്‌ ശോഷിച്ചിരുന്നു. ഫോറസ്‌റ്റ്‌ സ്‌റ്റേഷന്റെ ഓഫീസിൽ നിന്ന്‌ കാട്ടിലേക്ക്‌ ഞങ്ങളെ വിട്ടത്‌ വിജയനെന്ന ഗാർഡിനൊപ്പമാണ്‌. ചിനാറിന്റെ ഞരമ്പോടിയ തടങ്ങളിൽ കലമാനിന്റെ കാൽപാടുകളെ വിജയൻ ഞങ്ങൾക്കു കാട്ടിതന്നു. ഹിൽ പുലയ സമുദായത്തിൽപ്പെട്ടവനാണ്‌ വിജയൻ. ചമ്പക്കാട്‌ കോളനിയിൽ താമസം. പട്ടാളം എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടന്നത്‌ ചമ്പക്കാട്ട്‌ വച്ചായിരുന്നു. ഷൂട്ടിംഗിന്റെ വിശേഷങ്ങളും, മമ്മൂട്ടി വീട്ടിൽ വന്നതും എല്ലാം അതിരറ്റ ആഹ്ലാദത്തോടെ വിജയൻ വിവരിച്ചു. അടിക്കാടുകൾ ഉണങ്ങാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ഫയർ ലൈനുകൾ തെളിച്ചിരുന്നു. പുല്ലും ചെടികളും വകഞ്ഞു മാറ്റി, ഒരരഞ്ഞാണം പോലെ അത്‌ ഉടനീളം കാണപ്പെട്ടു. വഴിയിലുപേക്ഷിക്കുന്ന ഒരു സിഗരറ്റ്‌ കുറ്റി മതി വേനൽകാലത്ത്‌ കത്തിപ്പടരാൻ. സഞ്ചാരികൾ പലപ്പോഴും കാടിനോടും ക്രൂരത കാട്ടും. കാട്ടുമൃഗങ്ങളോടും. ആനകളുടെ പകവീട്ടലുകളുടെ കഥകളും വിജയൻ പറഞ്ഞു. ദ്രോഹം സഹിക്കാൻ കഴിയാതെ വരുമ്പോഴാണ്‌ അവ വൈരികളാവുന്നത്‌. കാലിന്‌ തൂക്കിയെടുത്ത്‌ കൽഭിത്തികളിൽ അടിച്ചു കൊന്ന ചരിത്രം വരെയുണ്ട്‌. മനുഷ്യൻ അവന്റെ ഭൗതികസുഖങ്ങളുടെ അഹന്തകൾ എവിടെയും കാട്ടും. അതിന്റെ ദുരന്തങ്ങളും അവൻ ഏറ്റുവാങ്ങും. അത്‌ അങ്ങനെയാണ്‌. ചന്ദനക്കൊള്ളയും നിർവിഘ്‌നം നടന്നുപോകുന്നുണ്ട്‌.

ചിനാറിലെ വാച്ച്‌ ടവ്വറിന്റെ ഉയരത്തിൽ നിന്ന്‌ നോക്കിയപ്പോൾ ദൂരെ മാൻ കൂട്ടങ്ങളെ കണ്ടു. മറ്റൊരു കോണിൽ ംലാവുകളും, ചെന്നായ്‌ക്കൾ പലപ്പോഴും ംലാവുകളെ കൂട്ടത്തോടെ ആക്രമിക്കാറുണ്ട്‌. അവയെ കടിച്ചു കൊന്നിടും. വർഷങ്ങൾക്കു മുമ്പ്‌ പടർന്ന കുളമ്പുരോഗത്താൽ മൃഗങ്ങൾ ഏറെ ചത്തൊടുങ്ങിയ കാര്യം വിജയൻ സൂചിപ്പിച്ചു. ഒരു മഹാമാരി പോലെ കുളമ്പുരോഗം അന്ന്‌ പടർന്നുപിടിച്ചു. എറണാകുളത്തുകാരനായ ദിലീപ്‌ എന്ന സുഹൃത്ത്‌ കൊണ്ടുവന്ന ശക്തിയേറിയ ഒരു ബൈനോക്കുലറിലൂടെ ംലാവിൻ കൂട്ടങ്ങളെ അടുത്തു കണ്ടു. എത്ര കരുതലോടെയാണ്‌ അവ കുഞ്ഞുങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നത്‌! ഇടയിൽ നിറുത്തി, ചുറ്റും വീക്ഷിച്ച്‌ അപകടം ഒന്നും ഇല്ലെന്ന്‌ ഉറപ്പുവരുത്തി. ഇവർ അത്രകണ്ട്‌ ഭയപ്പെടുന്നത്‌ ഒരു പക്ഷേ മനുഷ്യനെയായിരിക്കണം. കഴുത്തിൽ തൂങ്ങികിടന്ന ബൈനോക്കുലറിൽ മാഞ്ഞു തുടങ്ങിയെങ്കിലും ആലേഖനം ചെയ്തിരിക്കുന്ന അരിവാൾ ചുറ്റിക നക്ഷത്രം കണ്ടു. മിലിട്ടറി ഡിസൈൻ ഓർമ്മിപ്പിക്കുന്ന അത്‌ പഴയ സോവിയറ്റ്‌ യൂണിയനിൽ നിന്നുള്ളതാണ്‌. ഒരു സുഹൃത്ത്‌ ദിലീപിന്‌ സമ്മാനമായി നൽകിയത്‌. അതിന്റെ കണ്ണുകൾ ചേർത്ത്‌ വെയ്‌ക്കുന്ന ഭാഗത്തെ ഗ്ലാസിന്‌ ചുവപ്പ്‌ നിറമായിരുന്നു!

സ്ലൈസറിൻകോ റോമ മരിച്ചു. മുപ്പത്തിയൊന്ന്‌ വയസ്‌. റഷ്യൻ ഫെഡറേഷനിലെ പ്രമോസ്‌കിരായിയിൽ പിറന്നവൻ. നമ്മുടെ ഭാഷയിൽ പൊടുന്നനെയുള്ള മരണമായിരുന്നു – സ്‌പോട്ട്‌ ഡെത്ത്‌.

സ്ലൈസറിൻകോ സഞ്ചാരിയായിരുന്നു. ഗോവയിൽ നിന്ന്‌ ദൈവത്തിന്റെ നാടുകാണാൻ തിരിച്ചവൻ. കാസർഗോഡ്‌ ജില്ലയിലെ കുമ്പളയിൽ വച്ച്‌ മാർച്ച്‌ രണ്ടിന്‌ (തട്ടേക്കാട്‌ ദുരന്തം നടന്ന്‌ ഒരാഴ്‌ച കഴിയുന്നു) സ്ലൈസറിൻകോയുടെ ആ സ്വപ്നം പൊലിഞ്ഞു. സ്ലൈസറിൻകോ റോമയുടെ ബുള്ളറ്റിലേക്ക്‌ നമ്മുടെ ബസ്സ്‌ പാഞ്ഞുകയറി. നമ്മുടെ ബസ്സുകൾ അങ്ങനെയാണ്‌. നമ്മുടെ ട്രാഫിക്‌ നിയമങ്ങളും. അത്‌ സ്ലൈസറിൻകോ റോമയ്‌ക്ക്‌ അറിയില്ലായിരുന്നു. ഒരു വലിയ വാർത്തയായിരുന്നില്ല ഇത്‌. യാതൊരു കോലാഹലങ്ങളും ഇത്‌ ഉണ്ടാക്കിയില്ല. സ്ലൈസറിൻകോ റോമയുടെ മൃതശരീരം പരിയാരം മെഡിക്കൽ കോളേജിലേക്ക്‌ മാറ്റപ്പെട്ടു. ഇങ്ങനെയുള്ള വാർത്തകളുമായി നാം പൊരുത്തപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു. നമ്മുടെ ബസുകൾ ദൈനംദിനം ഇങ്ങനെ എത്രയോ പേരെ ഇടിച്ചു തെറിപ്പിക്കുന്നു. എത്ര ജീവിതങ്ങളെ ഛിന്നഭിന്നമാക്കുന്നു! ഇതൊന്നും നമ്മുടെ ഇടയിൽ വാർത്ത അല്ലാതെയായിരിക്കുന്നു. ഈ ലേഖനത്തിന്റെ ആദ്യഭാഗം എഴുതുന്നതിനിടയിലാണ്‌ സ്ലൈസറിൻകോ റോമ വിട പറഞ്ഞത്‌.

സ്ലൈസറിൻകോ – നിന്റെ നാട്ടുകാരി കാണുന്ന ഒരു സ്വപ്നത്തെക്കുറിച്ച്‌ ഞാൻ വായിക്കുകയുണ്ടായി. അവരും ഒരു സഞ്ചാരിയാണ്‌. നിനക്കറിയാം ആ പേര്‌. നിനക്ക്‌ മാത്രമല്ല, ഞങ്ങൾക്ക്‌ എല്ലാവർക്കും. സ്‌കൂൾ കാലം തൊട്ടേ ഞങ്ങളുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന പേര്‌ – വാലന്റിന ടെരഷ്‌കോവ. സോവിയറ്റ്‌ യൂണിയന്റെ ശീത യുദ്ധകാലത്തെ വൻ വിജയങ്ങളിലൊന്ന്‌. സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷം നിശബ്ദതയിലേക്ക്‌ മടങ്ങിയ അവർ ഇന്നും സ്വപ്നം കാണുന്നു. കൊംസോമോസ്‌കയ പ്രവ്‌ദ ദിനപത്രത്തിനോട്‌ അവർ പറഞ്ഞു. “എന്റെ കൈയ്യിൽ പണമുണ്ടായിരുന്നെങ്കിൽ ഞാൻ ചൊവ്വയിലേക്ക്‌ പറന്നേനെ. ശേഷിക്കുന്ന ജീവിതത്തിനിടയ്‌ക്കെങ്കിലും അതിന്‌ കഴിഞ്ഞിരുന്നെങ്കിൽ. ഒരു വൺവേ ടിക്കറ്റ്‌ മാത്രം മതി. തിരിച്ചു വരണമെന്ന്‌ എനിക്കാഗ്രഹമില്ല” – അവരുടെ ആഗ്രഹം സഫലമാകട്ടെ.

മന്നവൻ ചോലയിലേക്ക്‌ പോകണമെന്ന്‌ ഞങ്ങൾക്ക്‌ ആഗ്രഹമുണ്ടായിരുന്നു. ചിനാർ അഭയാരണ്യകത്തിന്റെ തെക്കു കിഴക്കൻ പ്രദേശമാണിതെന്ന്‌ കേട്ടിട്ടുണ്ട്‌. കാന്തല്ലൂരിൽ നിന്നും പോകാം. കാട്ടു ചെമ്പരത്തികളും, ചോലക്കുയിലുകളും ചോലപ്രാവുകളും, മലയണ്ണാൻമാരും നിറഞ്ഞതാണ്‌ ഈ സുന്ദരഭൂവ്‌. പക്ഷെ ദിവസങ്ങൾ സമ്മതിക്കുന്നില്ല. മടങ്ങണം. ഇനി മറ്റൊരിക്കലാകാം. ചിനാറിലൂടെ നടക്കുമ്പോൾ കാട്ടുതുളസിയുടെ കാലിൽ കുരുങ്ങി കിടക്കുന്ന ലെയ്‌സ്‌ കവറുകൾ കണ്ടു. അന്തകനെ നാം കാടിന്റെ ജൈവതയിലും നിക്ഷേപിച്ചിരിക്കുന്നു! എന്നിട്ടും ചിനാറിലെ കാടുകൾ മറ്റൊരു വസന്തം കാത്തു കിടന്നു.

മാർച്ച്‌ 6, സ്ലൈസറിൻകോ റോമയെ തേടി ബന്ധുക്കൾ ആരും വന്നില്ല. ചെന്നൈയിൽ നിന്ന്‌ റഷ്യൻ എംബസിയുടെ സൗത്ത്‌ ഇൻഡ്യൻ കൗൺസിൽ ജനറൽ വ്ലാഡിസ്‌ലവ്‌ വി. ആന്റോണിയുക്ക്‌ ഒഴികെ. അദ്ദേഹം മൃതദേഹം ഏറ്റുവാങ്ങി കണ്ണൂരിലെ കടൽത്തീര ശ്മശാനമായ പയ്യാമ്പലത്തേക്ക്‌ കൊണ്ടുവന്നു. വ്ലാഡിസ്‌ലവ്‌ തന്നെയാണ്‌ ചിതയ്‌ക്ക്‌ തീ കൊളുത്തിയത്‌. സ്ലൈസറിൻകോ റോമ ജീവിതത്തിൽ ഒരിക്കലും നിനച്ചിട്ടില്ലാത്ത അന്ത്യകർമ്മം! ഒരു പക്ഷെ സോവിയറ്റ്‌ യൂണിയൻ ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങളുടെ പര്യവസാനം ഇങ്ങനെയാകുമോ? അറിയില്ല. എന്തായാലും പയ്യാമ്പലത്തെ തീനാളങ്ങളിൽ സ്ലൈസറിൻകോ റോമ എരിഞ്ഞടങ്ങി.

ഈ വിവരണം വായിക്കുന്ന ആരെങ്കിലുമൊരാൾ സ്ലൈസറിൻകോ റോമയുടെ ആത്മാവിനുവേണ്ടി ക്രാസ്‌നയ അക്ത്യാർ ബസ്‌കയിൽ ഒരു ശാന്തിഗീതം വായിക്കുമെന്ന്‌ ഞാൻ പ്രത്യാശിക്കുന്നു. തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിലുള്ള വിശേഷപ്പെട്ട പിയാനോ ആണ്‌ “ക്രാസ്‌നയ അക്ത്യാർ ബസ്‌കയ”. ഒക്ടോബർ വിപ്ലവത്തിന്റെ ഓർമ്മയ്‌ക്കായാണ്‌ ആ പേര്‌ നൽകിയിരിക്കുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെ തുടർന്ന്‌ 1991 മുതൽ 2000വരെ ക്രാസ്‌നയ അക്ത്യാർ ബസ്‌കയ നിശബ്ദമായിരുന്നു. ഇപ്പോൾ ധാരാളംപേർ അതിൽ സംഗീതം അഭ്യസിക്കുന്നുണ്ടെന്ന്‌ അറിഞ്ഞു. എനിക്കറിയാം, ആരെങ്കിലുമൊരാൾ സ്ലൈസറിൻകോ റോമയ്‌ക്കുവേണ്ടി പാടും. ഉറപ്പ്‌.

സ്ലൈസറിൻകോ – നീ ഉറങ്ങിക്കൊള്ളൂ, ശാന്തമായി. ഇത്‌ ദൈവത്തിന്റെ നാടാണ്‌. ദൈവത്തിന്റെ സ്വന്തം നാട്‌.

Generated from archived content: essay1_apr10_07.html Author: kr_hari

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English