ഓർമയുണ്ടോ ആ കാളവണ്ടിക്കാലം. ഏകാന്തവും വിജനവുമായ നാട്ടുപാത. നിലാവ്. കാളകളുടെ കഴുത്തിൽ കെട്ടിയ കുടമണികളുടെ കിലുക്കം. വിദൂര ദേശങ്ങളിലെ ചന്തയിലേക്കുളള ചരക്കുകളാണ് വണ്ടിയിൽ. നീണ്ട രാത്രിയുടെ മടുപ്പ് തീർക്കാൻ വണ്ടിക്കാരന് ആകെയാശ്രയം പാട്ടുകൾ മാത്രം. ഇരുട്ടിൽ തെഴുത്ത് നിൽക്കുന്ന മരങ്ങളുടെ നിഴലുകളിലേക്ക് ബീഡിപ്പുകയോടൊപ്പം പറക്കുന്ന പഴയ കെസ്സ് പാട്ടുകൾ. മോയിൻകുട്ടി വൈദ്യരുടെ പ്രണയ കാവ്യമായ ബദറുൽ മുനീർ ഹുസുനുൽ ജമാൽ.
പൂമകളാണേ ഹുസുനുൽ ജമാൽ
പുന്നാരത്തോളം മികന്തെ ബീവി.
ഹേമങ്ങൾ മേത്തെ പണിച്ചിത്തിരം
ആഭരണക്കോവയണിന്തേ ബീവി.
വഴിയിലേക്ക് നീളുന്ന റാന്തൽ വിളക്കിന്റെ പ്രഭ. നിലാവിനെ കീറിമുറിച്ചുയരുന്ന ഈണങ്ങളിലേക്ക് കാതയച്ച് ഉറങ്ങാതിരിക്കുന്നു പാതയോര വീട്ടിലെ പെൺകൊടി. വണ്ടിക്കാരന്റെ നെഞ്ചകം നിറയെ പ്രണയത്തിന്റെ തീരാത്ത പാൽക്കടൽ. ഏതു ദൂരവും താണ്ടാൻ അവന് ശേഷി നൽകുന്നത് ഉളളിലെ പാട്ടുറവകളാണ്.
അകവും പുറവും പാട്ട് നിറഞ്ഞ ഒരു കാലത്തിന്റെ നരച്ച ഓർമയാണിത്. ഇപ്പോഴിതിന് ഗൃഹാതുരത്വം എന്ന പേര്. എന്നാൽ നമ്മുടെ മുൻ തലമുറക്കത് ജീവിതം തന്നെയാണ്. പാട്ടിൽ ജനിച്ച് പാട്ടിൽ വളർന്ന് പാട്ടിൽ മരിച്ച ഒരു കാലം നമുക്കുണ്ടായിരുന്നു എന്ന് ഇന്നോർമിക്കാൻ പ്രയാസമാണ്. മലബാറിലെ നാട്ടുമ്പുറങ്ങളിലെ പ്രായം ചെന്നവരോട് സംസാരിച്ചു നോക്കൂ. അപ്പോഴറിയാം ആ പാട്ടുകാലത്തിന്റെ തീച്ചൂട്.
മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ വി.എം. കുട്ടിയുടെ ഓർമയിൽ അങ്ങിനെയൊരു കാലമുണ്ട്. ‘അന്ന് പേറ്റുമുറിക്ക് ചുറ്റം അയലത്തെ പെണ്ണുങ്ങൾ കൂടി നിന്ന് പാട്ടുപാടിക്കൊണ്ടിരിക്കും. കെസ്സ് പാട്ടുകൾ. കെട്ടിപ്പാട്ടുകൾ. മാലപ്പാട്ടുകൾ. ഇടമുറിയാതെ പെയ്യുന്ന പാട്ടുകളിലേക്കാണ് കുഞ്ഞ് ജനിച്ചു വീഴുന്നത്. താരാട്ടുകളാണ് കുഞ്ഞിന്റെ പിന്നത്തെ ഓർമ. ബാല്യം നാട്ടുവഴികളിലെ പാട്ടുകൾക്കൊപ്പം. പാടങ്ങളിൽ നിന്ന് ഞാട്ടിപ്പാട്ട്. വിത്ത് വിതക്കുമ്പോഴും കൊയ്യുമ്പോഴും ഉയരുന്ന പാട്ടിന്റെ കൂട്ട്. പുഴയിലൂടെ തെരുപ്പത്തിൽ പോവുന്നവരുടെ കെസ്സ് പാട്ടുകൾ. രാത്രിയുടെ എല്ലാ വിലാപങ്ങളും ആവാഹിച്ച തോണിക്കാരന്റെ പാട്ട്. ഭാരം വലിക്കുന്നവരുടെ പാട്ട്. കാളവണ്ടിക്കാരന്റെ പാട്ട്.’ ‘വീടുകളിൽ പാട്ടുകൾ നിർബന്ധമാണ്. സന്ധ്യക്ക് ഖുർആൻ ഓതിയശേഷം പഴയ പാട്ടുകൾ പാടി ഏറെ നേരമിരിക്കും വീട്ടിലെ പെണ്ണുങ്ങൾ. ഓത്തും പാട്ടും അറിഞ്ഞവൾക്കേ വിവാഹാലോചന വരൂ. വിവാഹം ഇശലുകൾക്കിടയിലാണ് നടക്കുക. പന്തലിൽ ഗായക സംഘത്തിന് പ്രത്യേകം ഇരിപ്പിടമുണ്ടാവും. വരന്റെ സംഘത്തോടൊപ്പം പാട്ടുകാരുമുണ്ടാവും. നിക്കാഹ് കഴിഞ്ഞാൽ വരന്റെയും വധുവിന്റെയും പാട്ടുകാർ തമ്മിൽ മത്സരമാകും. അത് കഴിഞ്ഞാലേ ഭക്ഷണം പോലും വിളമ്പൂ. മലപ്പുറത്ത് പുളിക്കലിനടുത്ത് ഒരു ഗ്രാമത്തിൽ രാത്രി നടന്ന ഒരു കല്യാണത്തിന് ഇരു സംഘങ്ങളും പാട്ട് പാടി നേരം വെളുത്തു പോയത് ഓർമയുണ്ട്.’
പാട്ടുകൾ കെട്ടിയുണ്ടാക്കുന്നതാണ് അന്നാകെയുളള വിനോദം. ആകാശത്തിന് താഴേയും മുകളിലുമുളള എന്തും അതിന് വിഷയമാവാം. ദേഷ്യം വന്നാലും സങ്കടം വന്നാലും പാട്ടുകളിലൂടെയാണ് പ്രകടിപ്പിച്ചിരുന്നത്. കാളയെക്കുറിച്ചും തലപ്പന്തു കളിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും വാഴകൃഷിയെക്കുറിച്ചും അവർ പാട്ടുകൾ കെട്ടിയുണ്ടാക്കി. ഈ നിമിഷ കവികൾ സംവദിച്ചത് നാട്ടുഭാഷയിലും അറബി മലയാളത്തിലുമാണ്.
എം.എ. റഹ്‌മാൻ സംവിധാനം ചെയ്‌ത മൊഗ്രാൽഃ ഇശൽ ഗ്രാമം വിളിക്കുന്നു എന്ന ഡോക്യുമെന്ററിയിൽ ഫുട്‌ബോളിനെക്കുറിച്ചൊരു പാട്ടുണ്ട്.
പുകളൊത്ത മൊഗ്രാലിൻ
കളിത്തീടും ഫുട്‌ബോളറ്
മികവായിട്ടുളെളാരു ടീമാണേ
എന്നും പുതി പോൽ കാണികളെ
കണ്ണഞ്ചിപ്പിക്കുന്നോരാണേ
പുങ്കതിർ നാമം ഓതുന്നാനേ
മീനുകളെക്കുറിച്ചുളള പാട്ട് ഇങ്ങിനെയാണ്‌ഃ
കടലിൻ കടമീൻ പടമീൻ
നെടുമീൻ
കഠിനം നരിമീൻ മൊരിമീൻ
മരിമീൻ
കുടുംബം പഥ കരിമീൻ വാ മീനും
പൂമീൻ
ചെമ്മീൻ പാറാവൻ ചിന്നും
വമ്പുറ്റ കൊടിയാലേ തെറണ്ടിക്കൂട്ടം
ഇങ്ങനെ ജീവിതത്തെ ആകെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു അന്ന് പാട്ടുകൾ. നിത്യജീവിതത്തിലെ പലവഴി പെരുവഴികളിലാണ് ആ ജീവിതം പടർന്നു പന്തലിച്ചത്. എല്ലാ ഭാരവും ഇറക്കാവുന്ന ഒരത്താണി. എല്ലാ സങ്കടങ്ങളും മായ്‌ക്കുന്ന ഒരു കടൽ. അക്ഷരങ്ങളുടെ ചതുര വടിവിനപ്പുറം വാമൊഴിയുടെ മായാജാല സമാനമായ അന്തരീക്ഷത്തിലാണ് അവ മുളച്ചു പൊന്തിയത്.
സാമാന്യമായി മാപ്പിളപ്പാട്ടുകൾ എന്ന് വിളിക്കാവുന്ന സംഗീത താവഴിയെക്കുറിച്ചാണ് ഇത്രയും പറഞ്ഞത്. ഒരു മതത്തിന്റെ മുദ്ര പതിഞ്ഞതിനാൽ പൊതു സമൂഹത്തിന് അത്രക്കൊന്നും എത്തിപ്പെടാനാവാത്തതായിരുന്നു ഈ പാട്ടു കൈവഴി. അതിനാൽ തന്നെ കേരളീയ സംഗീത പാരമ്പര്യം പരാമർശിക്കപ്പെടുമ്പോൾ ഈ പാട്ടുകളോ അവക്ക് പിറകിലെ ജനസാമാന്യമോ പരിഗണിക്കപ്പെടാറില്ല.
ആദ്യകാലത്ത് തമിഴിലെ പുലവൻമാരുടെ കൃതികളിൽ നിന്ന് ഊർജം സംഭരിക്കുകയും പിന്നിട് അറബി മലയാളമെന്ന പ്രത്യേക കൈവഴിയിലൂടെ പന്തലിക്കുകയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വേലിയേറ്റ ഇറക്കങ്ങളിൽ നനഞ്ഞു തഴക്കുകയും ചെയ്‌ത മാപ്പിളപ്പാട്ടുകളുടെ അടിവേരുകള കേരളത്തിന്റെ നാടോടി പാരമ്പര്യത്തിൽ തന്നെയാണ്. എന്നാൽ മതത്തിന്റെ ഉത്തരീയമുളളതിനാൽ ഈ പാട്ടുവഴികൾ പൊതുവഴികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പിൽക്കാലത്ത് വിപണിയുടെ സ്‌പർശവും സിനിമാ പാട്ടുകളുടെ സ്വാധീനവും മാപ്പിളപ്പാട്ടുകളെ ഏറെ മാറ്റിത്തീർത്തിട്ടുണ്ട്. പുതിയ സിനിമകളിലെ മാപ്പിളപ്പാട്ടുകൾ ഏറെ ജനപ്രിയമായത് ഓർമിക്കുക.
Generated from archived content: essay1_mar22_06.html Author: kp_rasheed