പ്രാദേശികതയുടെ സാംസ്‌കാരികവിപ്ലവ ശക്തി

ബ്രിട്ടന്റെയും അമേരിക്കയുടെയും കോളനിവാഴ്‌ചകൾക്ക്‌ ഒരു പൊതുവായ രാഷ്‌ട്രീയലക്ഷ്യമുണ്ടായിരുന്നു. അവിടങ്ങളിലെ ഭാഷയെയും സംസ്‌കാരത്തെയാകയും അവർ ഒരു പ്രത്യേക അർത്ഥത്തിൽ പിടിച്ചെടുക്കുകയും വിദ്യാഭ്യാസവ്യവസ്ഥയിൽ ആംഗലേയതയുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയും ചെയ്‌തു. മാത്രമല്ല, ലോകചരിത്രത്തെ അവർ അവരുടെ ചരിത്രമാക്കി മാറ്റി.

വേർഡ്‌സ്‌വർത്ത്‌, കോൾറിഡ്‌ജ്‌, മിൽട്ടൻ, കീറ്റ്‌സ്‌, ബ്രൗണിങ്ങ്‌, എലിയറ്റ്‌, വാൾട്ട്‌വിറ്റ്‌മാൻ, ഷെല്ലി തുടങ്ങിയവർ മാത്രമാണ്‌ കേമച്ചാർ എന്ന പ്രതീതിയാണ്‌ നമ്മുടെ സിലബസുകളും പ്രചരിപ്പിച്ചത്‌. ഇന്നും ഈ ദുഃസ്ഥിതിക്കു മാറ്റം വന്നിട്ടില്ല. പക്ഷേ, ഇവരെക്കാൾ എത്രയോ ഉന്നതരാണ്‌ തോമസ്‌മൻ, ജലാലുദ്ദീൻ റൂമി, ദസ്തയേവ്‌സ്‌കി, ഖലീൽ ജിബ്രാൻ, കസൻദ്‌സാക്കീസ്‌, മാർക്വേസ്‌, ഹെർമൻ ഹെസ്സേ, കവബാത്ത തുടങ്ങിയവർ എന്നു പറയുമ്പോൾ അത്‌ ഇംഗ്ലീഷുകാരെ വിസ്‌മരിക്കുക എന്നല്ല അർത്ഥമാക്കുന്നത്‌; മറിച്ച്‌ ഇതര ദേശങ്ങളിൽ അവിടുത്തെ ഭാഷകളുടെ സൗന്ദര്യം കടഞ്ഞെടുത്തുകൊണ്ട്‌ ഇവർ സൃഷ്‌ടിച്ച വിപുലമായ ലോകത്തെ ആദർപൂർവ്വം സ്‌മരിക്കുകയാണ്‌.

പില്‌ക്കാല ലോകത്തിന്റെ അഭിരുചികളെ നിർണ്ണയിക്കുന്നതിൽ ചില “പിന്നോക്കരാജ്യങ്ങൾ” വലിയ പങ്ക്‌ വഹിച്ചിട്ടുളള കാര്യം നമുക്കറിയാം. ആഫ്രിക്കൻ സംഗീതത്തിൽനിന്ന്‌ ക്യൂബിസവും ആഫ്രിക്കൻ മാസ്‌ക്കുകളിൽനിന്ന്‌ രൂപങ്ങളും സ്വാംശീകരിച്ചെടുത്ത പാബ്ലോ പിക്കാസോ ലോകകലാരംഗത്ത്‌ സവിശേഷ ശ്രദ്ധ നേടിയത്‌ ഇങ്ങനെയാണ്‌.

കറുത്തവന്റെ സംഗീതത്തിന്‌ കനത്ത ബലമുണ്ടെന്ന്‌ ബോബ്‌മാർലേയും മൈക്കൽ ജാക്‌സനും മറ്റും തെളിയിച്ചു. ആഫ്രിക്കയിൽനിന്നും മോഷ്‌ടിച്ച സംസ്‌കാരമാണ്‌ അമേരിക്കയുടെ പൈതൃകമെന്നു വിമർശിച്ച്‌ ബോബ്‌മാർലേ പാടിയ “ബഫലോ സോൾജ്യർ” എന്ന ഗാനം ലോകത്തെമ്പാടും ഇരമ്പിക്കയറി. സമകാലികലോകം ആഫ്രോ-ലാറ്റിനമേരിക്കൻ സാഹിത്യത്തിലേക്കു വളർന്നതിനുപിന്നിൽ ഇത്തരം സഹനസമരങ്ങളുടെ താളങ്ങളുണ്ടായിരുന്നു.

എഴുപതുകൾക്കു ശേഷമുളള ലോകസാഹിത്യത്തെ കീഴടക്കിയത്‌ കൃത്യമായും ലാറ്റിനമേരിക്കൻ-ആഫ്രിക്കൻ രാജ്യങ്ങളാണല്ലോ. കേരളത്തിലെ ലിറ്റിൽ മാസികകളും സാംസ്‌കാരികവേദിയും ലോകത്തിന്റെ ഈ തുടിക്കുന്ന യൗവനത്തെ തീക്ഷ്‌ണമായി പരിചയപ്പെടുത്തി. പാബ്ലോ നെരൂദയും റിൽക്കേയും ബ്രഹ്‌തും ബോർഹെസും പോലുളള വലിയ നദികൾ മലയാളത്തിലേക്ക്‌ ശക്തമായി ഒഴുകിവന്നു. അത്‌ നമുക്ക്‌ പുതിയ കണ്ണുകൾ തന്നു, നമ്മുടെ വായനയിൽ ലോകം ചെറുതായി വന്നു, വായനാലോകം വിസ്‌തൃതമാവുകയും ചെയ്‌തു. മംഗലാട്ട്‌ രാഘവൻ, എൻ.കെ.ദാമോദരൻ, സെലിൻമാത്യു എന്നിവർ ഫ്രഞ്ചിൽനിന്നും റഷ്യനിൽ നിന്നും ജർമ്മനിൽനിന്നും നേരിട്ട്‌ കൃതികൾ പരിഭാഷപ്പെടുത്തിയതുവഴി രണ്ടു ഭാഷകളുടെയും വഴക്കങ്ങൾ ബോധ്യപ്പെടുത്തി. അത്‌ നമ്മുടെ സ്വന്തം അനുഭവമായിത്തീരാൻ അധികസമയം വേണ്ടിവന്നില്ല. മലയാളത്തിലെ മികച്ച രചനകൾ ജർമ്മനിലേക്ക്‌ തർജ്ജമ ചെയ്യുന്ന ജോസ്‌ പുന്നാംപറമ്പിലിന്റെ സേവനവും പ്രശംസനീയമാണ്‌. അങ്ങനെ, നമ്മൾ ഈ വിവർത്തകരോടു കടപ്പെട്ടിരിക്കുന്നു.

വലിയ എഴുത്തുകാരുടെ വലിയ അനുഭവങ്ങളെ പുരസ്‌കരിക്കുവാൻ നൊബേൽ പ്രൈസിനൊന്നും സാധ്യമല്ലെന്ന്‌ ഇന്ത്യൻ സാഹിത്യവും തെളിയിച്ചിട്ടുണ്ട്‌. രബീന്ദ്രനാഥ ടാഗോറിന്റെ കാര്യമെടുക്കാം. “ഗീതാഞ്ജലി”യുടെ ഇംഗ്ലീഷ്‌ തർജ്ജമ വന്നുകൊണ്ടുമാത്രമാണ്‌ അദ്ദേഹത്തിന്‌ ഈ സമ്മാനം കിട്ടിയത്‌.

പക്ഷേ, ഭാരതത്തിന്റെ ഇങ്ങേ അറ്റത്ത്‌ കുമാരനാശാൻ തന്റെ രചനാജീവിതംകൊണ്ട്‌ ടാഗോറിനെ അതിശയിച്ചു. ടാഗോറിനോളം ആഗോളപ്രശസ്തി ആശാന്‌ ഇല്ലായിരിക്കാം. എങ്കിലും, ആശാന്റെ തത്ത്വചിന്താമണ്ഡലത്തിന്റെ വിസ്‌തൃതികൾ ടാഗോറിന്‌ അപ്രാപ്യമാണെന്ന്‌ എളുപ്പം ബോധ്യപ്പെടും. ദർശനത്തിന്റെ കാന്തവലയത്തിലേക്ക്‌ ലോകത്തെമ്പാടുമുളള ഉത്സുകമനസ്സുകൾ അതിവേഗം എത്തുന്നുവെന്നതാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.

ഇംഗ്ലീഷിനെയപേക്ഷിച്ച്‌ എത്രയോ ചെറുതായ സ്പാനിഷ്‌ ഭാഷയിലാണ്‌ മാർക്വേസ്‌ കൃതികൾ രചിച്ചതെങ്കിലും അത്‌ ശ്രദ്ധേയമായി. കരീബിയൻ സംഗീതത്തിന്റെ മനോഹരമായ പദാവലികൊണ്ടു മെടഞ്ഞെടുത്തതാണ്‌ അദ്ദേഹത്തിന്റെ “ദ്‌ ഓട്ടം ഓഫ്‌ ദ്‌ പേട്രിയാർക്ക്‌”. കാളപ്പോരിന്റെയും കാർണിവലിന്റെയും ഊർജ്ജപ്രവാഹങ്ങൾ മാർക്വേസിന്റെ രചനകളിൽ കാണാം.

ലാറ്റിനമേരിക്കൻ ഫിക്‌ഷൻരംഗത്ത്‌ ഒരുപാട്‌ അതികായന്മാരുണ്ട്‌-ബോർഹസ്‌, ബാസ്‌തോസ്‌, ഷൊർഷീ അമാദൂ, യോസ തുടങ്ങിയവർ. രാഷ്‌ട്രീയത്തിന്റെ സ്വാസ്ഥ്യമല്ല രാഷ്‌ട്രത്തിന്റെ അസ്വാസ്ഥ്യമാണ്‌ ഇവരുടെ രചനകൾക്ക്‌ ജീവൻ കൊടുക്കുന്നത്‌.

യൊറൂബാ എന്ന ഭാഷയുടെ സംഗീതം കേൾപ്പിച്ച എഴുത്തുകാരനാണ്‌ നൈജീരിയയിലെ വോൾ സോയിങ്ക. കവിയായ ഗബ്രിയേൽ ഒക്കാര ഇന്നാട്ടുകാരനാണ്‌. അവിടെനിന്നുളള മറ്റൊരു നക്ഷത്രമാണ്‌ ബെൻഓക്രി. ഇദ്ദേഹത്തിന്റെ “ദ്‌ ഫാമിഷ്‌ഡ്‌ റോഡ്‌” വിഖ്യാതമാണല്ലോ.

ജപ്പാന്റെ സാംസ്‌കാരികചരിത്രം പരിശോധിച്ചാൽ അതിന്റെ മൂലരൂപങ്ങൾ ചൈനയിലും ഇന്ത്യയിലുമാണെന്നു കാണാൻ കഴിയും. ഫ്യൂഡൽ കാലയളവിലെ മനുഷ്യബന്ധങ്ങളുടെ ഹൃദ്യമായ ചിത്രീകരണമാണ്‌ യസുനാരീ കവബാത്തയുടെ രചനകൾ. അത്‌ യൂക്കിയോ മിഷിമയിലും മസൂജീ ഇബ്യൂസിയിലും എത്തുമ്പോൾ നമ്മുടെ സമകാലികതയെ വായിച്ചെടുക്കാൻ പാകത്തിലാവുന്നു. മാത്‌സുഓ ബാഷോയിൽനിന്ന്‌ ജൂൺതകാമിയിലേക്കുളള ദൂരം സൂചിപ്പിക്കുന്നത്‌, ജപ്പാൻകാർ നടന്നു തീർത്തിട്ടുളള കവിതാദൂരത്തെയാണ്‌.

ഇന്ത്യയിൽ, ഹിന്ദി ഭാഷയിലെ രചനകളെക്കാളും മുന്നിട്ടുനില്‌ക്കുന്നത്‌ ഇതര ഭാഷകളിൽ വരുന്ന രചനകളാണ്‌. ഇന്ത്യൻ ലിറ്ററേച്ചൻ, ചന്ദ്രഭാഗേ, കഥ, ഇന്ത്യാ മാഗസിൻ, ലൈഫ്‌ പോസിറ്റീവ്‌, ജേർണൽ ഒഫ്‌ ലിറ്ററേച്ചർ ആന്റ്‌ ഏയ്‌സ്തറ്റിക്‌സ്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ഇത്തരമൊരു പരിപ്രേക്ഷ്യത്തെ സാക്ഷ്യപ്പെടുത്തുന്നു.

മഞ്ജിത്‌ തിവാനയും ഖുഷ്‌വന്ത്‌സിങ്ങും വളർന്ന മണ്ണിലാണ്‌ അജിത്‌കൗർ എഴുത്തിന്റെ വൻകരയൊരുക്കുന്നത്‌. ജ്വാലാമുഖിയും വരവരറാവുവും ചേരബന്തരാജുവും രാഷ്‌ട്രീയരംഗത്തു മാത്രമല്ല തെലുങ്കുഭാഷയിലും പ്രകമ്പനങ്ങളുണ്ടാക്കി. ഗോപാലകൃഷ്‌ണ അഡിഗയും ലങ്കേഷും മറ്റും ആധുനിക കാളയളവിൽ, മറ്റൊരു മാധ്യമത്തിൽ, എച്ച്‌.എസ്‌.ശിവപ്രകാശിൽ ശക്തമായിത്തീർന്നു. അലിസർദാർ ജാഫ്രിയുടെയും മുനീർനിയാസിയുടെയും ഉർദ്ദുപ്രപഞ്ചം വേറൊരു സംസ്‌കാരത്തിന്റെ വീണ്ടെടുപ്പാണ്‌. സുന്ദരരാമസ്വാമിയും ഞാനക്കൂത്തനും സുപ്രഭാരതീമണിയനും സൃഷ്‌ടിച്ച തമിഴ്‌ ഭാവുകത്വത്തെ നവീകരിച്ചവരാണ്‌ മനുഷ്യപുത്രനും ചാരുനിവേദിതയും. ടാഗോറിൽനിന്ന്‌ ഉത്ഭവിച്ച ബംഗാളിന്റെ നാട്ടുപുഴകളുടെ നീരൊഴുക്കുകൾ ആഷിസ്‌ സന്യാലും ദേബീറോയും തെരയുന്നു. ഒറീസയിലെ ശില്പങ്ങളിൽ ഊറിനില്‌ക്കുന്ന സംഗീതം പ്രതിഭാറേയുടെ കൃതികളിൽ ക്ലാസിക്കലായി ധ്വനിക്കുന്നതു കേൾക്കാം.

സ്വന്തം മണ്ണിലൂന്നി, ഏവർക്കും സ്വന്തമായ ആകാശത്തിലേക്ക്‌ തലയുയർത്തുന്ന വൃക്ഷത്തിനു സദൃശമാണ്‌ ഏതൊരു മികച്ച കലാസൃഷ്‌ടിയും. ഇതിനെ ഒന്നു തിരിച്ചുപിടിച്ചാൽ സാംസ്‌കാരിക വിപ്ലവമാകും! അതായത്‌, കൊളോണിയലിസത്തെ നേരിടാനുളള ഏറ്റവും നല്ല മാർഗ്ഗം പ്രാദേശികതയാണ്‌. വിശാലമായ അർത്ഥത്തിൽ, ഒരു ദേശത്തിരിക്കുമ്പോഴും അത്‌ എല്ലാ ദേശങ്ങളുടെയും ഒസ്യത്താകുന്നുണ്ടെങ്കിൽ സമതയുടെ അർത്ഥങ്ങൾ അത്‌ നമുക്ക്‌ പറഞ്ഞുതരും.

Generated from archived content: essay2_may6.html Author: kp_ramesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here