സൗഹൃദത്തിന്റെ പ്രയാഗകൾ

പഴയ ടെഹ്‌റിയിലൂടെ ഗഢ്‌വാൾ ശ്രീനഗറിലേക്കു പോവുമ്പോൾ നമ്മൾ ഒരു ഡാംസൈറ്റിന്റെ അവശിഷ്‌ടങ്ങൾ മാത്രമല്ല കാണുക. ഒരു വലിയ ഭൂപ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്‌ത്രവും എല്ലാവിധ തകിടംമറിച്ചിലിനു വിധേയമായി എന്നതും അനുഭവിച്ചറിയുന്നു.

ഷിംലാസു, ഗദോലിയ, പൊകാൽ, മലേത്ത തുടങ്ങിയ കാലങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഗഢ്‌ വാളികൾ തങ്ങളുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതു കാണാം. ഒരു ചാറ്റുമഴ ഇപ്പോൾ ഇതുവഴി വന്നതേയുള്ളു. ജ്യോഷിമഠിലേക്കാണ്‌ ഞങ്ങൾക്കു പോകേണ്ടത്‌. വൃത്തുയുള്ള നല്ല സീറ്റുകളുള്ള ഒരു വണ്ടി കിട്ടിയപ്പോൾ സന്തോഷമായി. നേരം ഉച്ചതിരിഞ്ഞ്‌ രണ്ടുമണി. ഇനി എങ്ങനെ പോയാലും ബദരീനാഥിൽ ഇന്ന്‌ എത്തുകയില്ല. അതുകൊണ്ട്‌, ജ്യോഷീമഠിൽ താമസിക്കാമെന്നു തീരുമാനിച്ചതായിരുന്നു.

എന്തുകൊണ്ടെന്നറിയില്ല, മണ്ണിടിച്ചിൽകാരണം വഴി പലതവണ തടസ്സപ്പെട്ടു. ഒരിടത്ത്‌ അരമണിക്കൂറിലേറെ വണ്ടിനിർത്തി കാത്തിരിക്കേണ്ടിവന്നു. യാത്രക്കാരിൽ മിക്കവരും അക്ഷമരായി പുറത്തുകടന്നു. ദക്ഷിണേന്ത്യയിൽനിന്നാണോ നിങ്ങൾ എന്നു ചോദിച്ചുകൊണ്ട്‌ ഒരു സ്‌ത്രീ ഞങ്ങളെ കടന്നുപോയി. അതേ എന്നു മറുപടി പറഞ്ഞു.

കർണപ്രയാഗിലെത്തിയപ്പോൾ വണ്ടി ഓരം ചേർത്തു നിർത്തി. വണ്ടിക്ക്‌ സാരമായ തകരാറുള്ളതിനാൽ ഇനി മുകളിലേക്കില്ലെന്നു പറഞ്ഞ്‌ കണ്ടക്‌ടർ ബാക്കി പണം തന്നു. ബദരിയിലേക്കും ഹേംകുണ്‌ഡ്‌സാഹിബിലേക്കും മറ്റുമുള്ള യാത്രക്കാരാണ്‌ കൂടുതൽ. ജീപ്പിൽ യാത്ര തുടരുവാൻ അവർ നിർബന്ധിക്കപ്പെട്ടിരിക്കുന്നു. അപ്പോളാണ്‌, നേരത്തേ സൂചിപ്പിച്ച സ്‌ത്രീയുടെ ശബ്‌ദമുയർന്നത്‌. ഹതാശനായി ഞാൻ അവരെ നോക്കി . അവർ അഞ്ചുപേരുണ്ട്‌. ഒരമ്മയും രണ്ടുപെൺമക്കളും മകളും മരുമകനും. ഒരു ട്രാക്‌സിൽ പോകാമെന്നു പറഞ്ഞ്‌ അവർ ക്ഷണിച്ചപ്പോൾ അത്‌ നല്ല ആശയമായി തോന്നി. മഴച്ചാറ്റൽ തുടങ്ങി. പക്ഷേ, ആ വണ്ടി ചമോളിവരെ മാത്രമേ വന്നുളളു. ഒരു ചായ കുടിച്ചിട്ടു യാത്ര തുടരാമെന്നു കരുതി ഞങ്ങൾ അടുത്തുകണ്ട ഒരു ഭോജനാലയത്തിൽ കയറി. ഉപചാരങ്ങൾക്കപ്പുറത്തുള്ള ഒരു ബന്ധം അവിടെ ഉറഞ്ഞുകൂടിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ പേര്‌ രമ. കൂടെയുള്ളത്‌ ഭർത്താവ്‌ രൺവീർസിങ്ങ്‌, അമ്മ, അനിയത്തി, ആങ്ങള.

മുമ്പ്‌, ഇതുപോലെ ഹിമാലയൻ യാത്രയിൽ വണ്ടി നഷ്‌ടപ്പെട്ടതും, രണ്ടു പഞ്ചാബിമിത്രങ്ങൾ കാരുണ്യപൂർവ്വം അവരുടെ വാഹനത്തിൽ ഋഷികേശ്‌വരെ എത്തുച്ചതുമൊക്കെ പറഞ്ഞപ്പോൾ രൺധീറിന്റെ കണ്ണുകൾ വിടർന്നു. യാത്രായിലുടനീളം സംഭവിച്ച താളക്കേടുകളെക്കുറിച്ചാണ്‌ അയാൾ സംസാരിച്ചത്‌. താൻ എല്ലാ അർത്ഥത്തിലും പരാജിതാനാണെന്ന്‌ അയാൾ പറഞ്ഞു. ജീവിതം അങ്ങനെയൊന്നും വഴിമുട്ടിപ്പോവുകയില്ലെന്നും, അവിചാരിതമായി പ്രത്യാശയുടെയും രക്ഷയുടെയും പിടിവള്ളി കിട്ടുമെന്നും ഞാൻ പറഞ്ഞപ്പോൾ അയാളുടെ പരിരിമുറുക്കം ഒന്നയഞ്ഞു. വാസ്‌തവത്തിൽ, ഈ യാത്രയുടെ അനിശ്ചിതത്വം ടെഹ്‌റി മുതൽ അനുഭവച്ച ഞങ്ങൾക്ക്‌ അപ്പറഞ്ഞതിൽ എത്രമാത്രം യാഥാർത്ഥ്യമുണ്ടെന്നും തോന്നിപ്പോയി. എങ്കിലും, ആശ്വാസവാക്കുകൾക്ക്‌ ചിലപ്പോഴൊക്കെ അസാധാരണമായ ഒരു ശമനസിദ്ധി കൈവരുമല്ലോ.

വിപ്ലവകരമായ ഒരുപാട്‌ മൂഹൂർത്തങ്ങൾ രമ-രൺധീർദമ്പതികളുടെ ജീവിതത്തിലുണ്ടായിരുന്നു. ഡൽഹിയിലെ ഒരു സമുന്നത ഹൈന്ദവകുടുംബത്തിലെ അംഗമായ രമ പഞ്ചാബിയായ രൺധീറിനെ പ്രണയിച്ചു വിവാഹകഴിക്കുന്നതോടെയാണ്‌ യഥാർത്ഥവിപ്ലവം ആരംഭിക്കുന്നത്‌. ഇവർക്ക്‌ ചില മലയാളസുഹൃത്തുക്കളുള്ളതിനാൽ തീർച്ചയായും മലയാളത്തോട്‌​‍്‌ അനുഭാവമുണ്ട്‌ എന്ന കാര്യമാണ്‌ ഞങ്ങളെ ആകർഷിച്ചത്‌.

ചമോളീടൗണിൽ നിന്ന്‌ മറ്റൊരു വണ്ടിയിൽ ജ്യോഷിമഠിലേക്കു പോകാൻ തയ്യാറെടുത്തു. പക്ഷേ, ടാക്‌സീവാലകളുടെ തരികിട കണ്ടപ്പോൾ രമ പെട്ടെന്ന്‌ ഉണർന്നു. അന്യായം പറയുന്നവരെ വെറുതേവിടുന്ന സ്വഭാവക്കാരിയല്ല രമ എന്നു മനസ്സിലായി. രമയുടെ ശൗര്യം കണ്ടപ്പോൾ ഡ്യൂട്ടിക്കുനിന്ന പോലീസുകാരൻപോലും ചിരിച്ചു. ടാക്‌സീക്കാരനു രക്ഷപ്പെടാനായില്ല. ഞങ്ങൾ സസന്തോഷം കാറിൽക്കയറി. മലകയറ്റങ്ങൾ പുരോഗമിക്കുന്തോറും മഴ കൂടിക്കൂടി വരുന്നു. ഇരുട്ടും വീണുതുടങ്ങി. ഏഴരമണിയായാപ്പോൾ പിപ്പൽക്കോട്ടിയിലെത്തി. അപ്പോഴേക്കും ജ്യോഷീമഠിലേക്കുള്ള റോഡ്‌ അടച്ചു. അസംഖ്യം മനുഷ്യർ ഗത്യന്തരമില്ലാതെ യാത്രയ്‌ക്ക്‌ അർദ്ധവിരാമമിട്ടുകൊണ്ട്‌ അടുത്തുകണ്ട ഹോട്ടലുകളിൽ അഭയംപ്രാപിക്കാൻ തുടങ്ങി. താൻ നേരത്തെ സൂചിപ്പിച്ച ദൗർഭാഗ്യത്തിന്‌ ഈ വഴിമുടക്കത്തിൽ കൂടുതൽ തെളിവുവേണോ എന്ന്‌ രൺധീർസിങ്ങ്‌ ചോദിച്ചപ്പോൾ ആരും മറുപടിയൊന്നും പറഞ്ഞില്ല. അയാളുടെ അളിയൻ അപ്പോഴേക്കും ഒരു ലോഡ്‌ജിൽ മുറി ബുക്ക്‌ചെയ്‌തു വന്നു. നാട്ടിലേക്ക്‌ ഫോൺ ചെയ്യാൻ വേണ്ടി തിരക്കേറിയ മൂന്നുനാല്‌ ബൂത്തുകൾ കയറിയിറങ്ങിയ ഞങ്ങൾ ഒടുവിൽ ഒരു ഹോട്ടലിലെത്തി. അവരെ പിറ്റേന്നു കാലത്തു കാണാമല്ലോ എന്നു കരുതി മുറിയിലേക്കു നടന്നു.

പിറ്റേന്ന്‌, മഴ തോർന്ന പുലരിയിൽ പിപ്പൽകോട്ടയിലെ മലകളിൽ മേഘങ്ങൾ പാറിനടക്കുന്നു. കുളികഴിഞ്ഞ്‌ ജങ്ങ്‌ഷനെത്തുമ്പോഴേക്കും വണ്ടികൾ സ്‌ഥലംവിട്ടിരുന്നു. ജ്യോഷിമഠിലേക്ക്‌ ഒരു ടാക്‌സി കിട്ടി. ശങ്കരാചാര്യരുടെ സ്‌മരണകൾ പാറുന്ന ജ്യോതിർമഠപ്രദേശം അതീവഭംഗിയാർന്നതാണ്‌. താഴെ പാതയിൽ, ഒരു നല്ല പണമുടക്കില്ലെന്നതുപോലെ കിലോമീറ്ററുകളെ അപഹരിച്ച്‌ വണ്ടികളുടെ നീണ്ട നിര. എല്ലാ വാഹനങ്ങളും ബദരീനാഥിനെ ലക്ഷ്യമാക്കുന്നതിനാൽ ഒന്നിലും ഒരു സീറ്റുപോലും കിട്ടുന്ന പ്രശ്‌നമേയില്ല! നിരത്തുകൾ കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല.

ബദരിയിലേക്കുള്ള വഴിയിൽ അനിശ്ചിതത്വം തുടരുന്നതായി അറിയാൻ കഴിഞ്ഞു. തലേന്ന്‌ അകാരണമായ ഒരു ഭയം ഈ വഴിക്കുള്ള യാത്രയിൽ ഞങ്ങളെ കാര്യമായി പിടികൂടിയ കാര്യം ഓർത്തു. ചില വഴികൾ, യാത്രാപഥങ്ങൾ നൽകുന്ന മുന്നറിയിപ്പായി അതിനെ കണക്കാക്കാം. അത്‌ അനുസരിക്കുകയേ നവൃത്തിയുള്ളു. ഹിമവാനു മുമ്പിൽ ധിക്കാരങ്ങൾക്കു സ്‌ഥാനമില്ല. അങ്ങനെ, ബദരീയാത്ര തടസ്സപ്പെട്ടെങ്കിലും തലേന്നു ലഭിച്ച സൗഹൃത്തിന്റെ നിറവിൽ ഞങ്ങൾ തിരിച്ചുനടന്നു. ഋഷികേശിലേക്കാണോ എന്നു ചോദിച്ച്‌ മറ്റൊരു വണ്ടി ഞങ്ങൾക്കു മുമ്പിൽ ബ്രേക്കുചവുട്ടിയപ്പോൾ മറ്റൊരു സ്വപ്‌നത്തിനുവേണ്ടി പ്രാർത്ഥിച്ച്‌ ആ വണ്ടിയിൽ കയറി. ജ്യോഷീമഠംവിദൂരമായിക്കഴിഞ്ഞിരുന്നു.

Generated from archived content: essay1_jan8_09.html Author: kp_ramesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English