ഇനീം ഇവിടുത്തെ പൊറുതി ഒരുതരത്തിലും ശരിയാവുന്നമട്ടല്ല. മരുമകളുമായി വാക്കേറ്റമുണ്ടായതു മുറ്റത്തുവച്ച്. അവിടുന്നുതന്നെ പടിയിറങ്ങുക. ഉടുതുണിക്കുമറുതുണിപോലും എടുക്കുന്നില്ല.
ഗേറ്റിനടുത്തെത്തിയപ്പോൾ ബ്ലാക്കി കാൽചുവട്ടിൽ. അവളും ഒപ്പം പോരാൻ തീരുമാനിച്ചിരിക്കുന്നു.
ഗേറ്റുകടന്നപ്പോഴും തിരിഞ്ഞുനോക്കിയില്ല. നാല്പതിച്ചില്‌വാനം കൊല്ലം ഏറെ സന്തോഷിച്ചും വാസ്വേട്ടന്റെ വിയോഗം അകാലത്തിലാകയാലന്നുതൊട്ടിന്നുവരെ തീവ്രമായി ദുഃഖിച്ചും കഴിഞ്ഞുകൂടിയ വീട്. സ്‌നേഹമില്ലാത്തിടത്തു വൈകാരികതയ്‌ക്കെന്തു വില? തന്നെയുമല്ല അല്പം വാശിയും. വിജയഭാവത്തിൽ ഒളിഞ്ഞുനോക്കുന്ന ആറുകണ്ണുകൾ ജന്നൽകർട്ടനുപിന്നിൽ കാണും. വീടിനോടുകടുത്ത മമതയൊന്നുമില്ലെന്നവർക്കു തോന്നട്ടെ. അവരുടെ അമിതസന്തോഷത്തിനല്പം മങ്ങലെങ്കിലും ഏല്പിക്കാം.
മുന്നോട്ടു നടന്നപ്പോൾ ബ്ലാക്കിയും പിന്നാലെ. അവളും തിരിഞ്ഞു നോക്കുന്നില്ല. പതിനെട്ടു വർഷത്തോളം അവൾ കാത്തു സൂക്ഷിച്ചവീട്! പൂർണ്ണമനസ്സോടെതന്നെ അവളും വിടപറയുന്നു.
ഇടവഴിയിൽകൂടി മെയിൻറോഡിലെത്തി. കടന്നുവന്ന ആട്ടോയ്‌ക്ക് കൈകാണിച്ചു. വണ്ടിയിൽ കയറിയപ്പോൾ ബ്ലാക്കിയും കൂടെ.
“അമ്മച്ചീ, പട്ടി” ആട്ടോക്കാരനെതിർപ്പ്.
“സാരമില്ല. അവൾ ഒന്നുംചെയ്യില്ല.” മകളുടെ വീടിനുമുന്നിൽ വണ്ടി നിർത്തിച്ചു.
“സുജമോളേ, കൂലികൊട്”.
“അല്ല, അമ്മ എസ്‌ക്കോർട്ടുമായിട്ടോ?”
“അതെ, എസ്‌ക്കോർട്ടു വിശന്നതാ എന്തെങ്കിലും കൊട്.”
കൊടുക്കേണ്ടതെന്തെന്നു മോൾക്ക് അറിയാം. പാലും മുട്ടയും. അവൾ അത് ഒരു പാത്രത്തിലാക്കി കാർഷെഡ്‌ഡിന്റെ മൂലയിൽ വച്ചിട്ട് എടുത്തുകൊളളാൻ പറഞ്ഞു. നന്ദി സൂചകമായി ബ്ലാക്കി മകളെ നോക്കി മുരണ്ടു. പിന്നെ പാലും മുട്ടയും നക്കാൻ തുടങ്ങി.
“എന്താമ്മേ, ബ്ലാക്കിയേം കൂട്ടുപിടിച്ച്?”
“ഏയ്, കൂട്ടിയതല്ല. അവൾ കൂടിയതാ.”
“എന്തെങ്കിലും പ്രശ്‌നം?”
“അതൊക്കെപ്പിന്നെ. എന്തെങ്കിലും താ, അല്പം വിശപ്പുണ്ട്.”
കണ്ണുവിരിയുന്നതിനുമുമ്പാണ് വാസ്വേട്ടൻ ബ്ലാക്കിയെ കൊണ്ടുവരുന്നത്. ഏട്ടൻ വലിയ പട്ടിപ്രേമിയൊന്നും ആയിട്ടല്ല. പറമ്പിൽ അല്ലറചില്ലറ മോഷണങ്ങൾ. നാളികേരം, പാക്ക്, വാഴക്കുല മുതലായവ. വളർന്നുവളർന്നതു വീട്ടിനകത്തേക്കും കടക്കാം. അമ്മപെരേൽ തേങ്ങാമുറി മോട്ടിക്കുന്നോനാ വളരുമ്പം ശ്രീഭണ്ഡാരം മുറിക്കുന്നെ.
പരിഹാരം നിർദ്ദേശിച്ചതു വർക്കിസാറ്. “വാസുദേവൻസാറേ, ഞാനൊരു പപ്പിയെ തരാം. മിക്‌സഡാ. എന്റെ ബ്ലാക്കീടെ. പെണ്ണാ. നല്ലതും അതാ. അവറ്റയ്‌ക്കാ ഓർമ്മയും ശ്രദ്ധയും കൂടുതൽ.”
“ഒത്തുപോയി! കൂത്തിയെ വളർത്തിയാൽ രാത്രികാലങ്ങളിൽ കൂത്തൻമാരുടെ ശല്യം ഉറക്കം കെടുത്തും. വെളുക്കാൻ തേച്ചതു പാണ്ഡാവും. പിന്നെ വർഷംതോറുമുളള പേറും. ഓരോ പേറിലും നാലുംഅഞ്ചും. കൂനിന്മേലെകുരു. പേറുമുറ്റിയവീട്ടുകാരിക്കുവേണ്ടാത്ത വേലയാകും പേറെടുപ്പ്. അവളൊട്ടും ഇഷ്‌ടപ്പെടില്ല.”
“സാറു തോക്കിക്കേറി വെടിവെക്കാതെ. പെറാതിരിക്കാൻ പണിയൊണ്ട്. യൂട്രസ്സങ്ങെടുപ്പിച്ചു കളഞ്ഞാമതി വെറ്റിനെക്കൊണ്ട്.”
ഒരു വർഷമായപ്പോഴേക്കും മുറ്റിയൊരു പട്ടി. പശുക്കുട്ടീടത്രേം വലിപ്പം. കറുകറാകറുത്തത്. അതുകൊണ്ട് ബ്ലാക്കി.
എന്നാലവളുടെ ഉളളു വെളുത്തത്. ഇന്നേദിവസംവരെ അവൾ ആരെയും കടിച്ചിട്ടില്ല. അവസരങ്ങൾ ഉണ്ടായിട്ടുപോലും. ഭയപ്പെടുത്തും കുരച്ച്. അത്രതന്നെ. അവൾ കുരയ്‌ക്കുന്നതോ? സാധാരണപട്ടികൾ കുരയ്‌ക്കുന്നതുപോലെയല്ല. മുഴങ്ങുന്ന കുര. എന്നാൽ ഒരുപാടൊട്ടു കുരയ്‌ക്കുകേമില്ല. ഒന്ന്, അല്ലെങ്കിൽ രണ്ട്.
വീട്ടിലുളളവർ സന്തോഷിക്കുന്നതും സന്തപിക്കുന്നതും അവൾക്കറിയാം. അതിലവൾ പൂർണ്ണമായും പങ്കുചേരുകയും ചെയ്യും. മരുമകനെയും മരുമകളെയും അവൾ തിരിച്ചറിഞ്ഞു. ചെറുമക്കളെ സ്‌നേഹിച്ചു.
വാസ്വേട്ടന് അറ്റാക്കുവന്നത് അവൾക്കു മനസ്സിലായി. താങ്ങിപ്പിടിച്ചു കാറിലിരുത്തിയപ്പോൾ വരാൻപോകുന്ന ആപത്തിന്റെ സൂചന അവൾക്കു കിട്ടി. അവൾ പുറപ്പെടുവിച്ച ശബ്‌ദം തേങ്ങൽപോലെ.
മൂന്നാംപക്കം തിരിച്ചുകൊണ്ടുവന്ന ആംബുലൻസ് മെയിൽറോഡിൽനിന്നും ഇടവഴിയിലേക്കു തിരിഞ്ഞപ്പോഴേക്കും അവൾ അറിഞ്ഞു അവളുടെ യജമാനൻ മരിച്ചെന്ന്. അവൾ ഓലിയിടാൻ തുടങ്ങി. ആംബുലൻസ് മിറ്റത്തുവന്നതും ഒന്നുകൂടി ഉച്ചത്തിൽ ഓലി ഇട്ടുകൊണ്ട് അവൾ കൂടിന്റെ വാതലിൽ മാന്തുകയും മൂക്കുകൊണ്ടിടിക്കുകയുമായി. ശവം തിണ്ണയിൽ കിടത്തിയിട്ട് മകൻ ചെന്നു കൂടുതുറന്നു. വെപ്രാളപ്പെട്ടു കുതിച്ചുവരുന്ന പട്ടിയെക്കണ്ടു പലരും പരിഭ്രമിച്ചു. എന്നാൽ ആരെയും ഉപദ്രവിക്കാതെ തിരക്കിനിടയിൽ കിട്ടിയ വിടവുകളിൽകൂടി നുഴഞ്ഞുകയറി അവൾ അവളുടെ യജമാനന്റെ കാല്‌ക്കൽ എത്തി. രണ്ടുമൂന്നു പ്രാവശ്യം ആ കാലുകൾ മണപ്പിച്ചു. അതുകഴിഞ്ഞ് അല്‌പം അകന്ന് ആ കാല്‌ക്കൽതന്നെ അവൾ കുത്തിയിരുന്നു. അദ്ദേഹത്തിന്റെ മുഖത്തുതന്നെ കണ്ണെടുക്കാതെ നോക്കിക്കൊണ്ട്.
ആളുകൾ വരുന്നു. അന്ത്യോപചാരമർപ്പിക്കുന്നു. പോകുന്നു. ബ്ലാക്കി മാത്രം പോകുന്നില്ല അവിടെത്തന്നിരിക്കുന്നു.
കർമ്മങ്ങൾ നടത്തിക്കാൻ വന്ന പരികർമ്മിക്കു കലി. “എന്തായിത്? നായെ അടിച്ചിറക്കിൻ അശ്രീകരം!”
പരികർമ്മിയുടെ പരുക്കൻശബ്‌ദം നായെചൊടിപ്പിച്ചു. അവൾ അയാളെ തുറിച്ചുനോക്കിക്കൊണ്ടു മുരണ്ടു. അയാൾ അപമാനിതനായതുപോലെ.
“എന്നെക്കൊണ്ടാവില്ല. ശുദ്ധാശുദ്ധം നോക്കാതെ കർമ്മം ചെയ്യിക്കാൻ.” അയാൾ ഭീഷണിമുഴക്കി.
“ബ്ലാക്കി കൂട്ടിൽപോ.” മകൻ അവളുടെ ബെൽറ്റിൽ പിടിച്ചു.
“ഛെ, ഛെ, എന്തായിത്, കർമ്മം ചെയ്യാൻ കുളിച്ചുവന്നോൻ പട്ടിയെ പിടിക്യേ?”
“ഞാനൊന്നൂടെക്കുളിച്ചോളാം. പക്ഷെ പട്ടിയെ മാറ്റാൻ നോക്കണ്ട. അതു മാറില്ല. അതുപട്ടിയാ. മനുഷ്യനല്ല. അതിനെ ആരും തൊടണ്ട. അത്രതന്നെ.”
കർമ്മങ്ങളെല്ലാം കഴിഞ്ഞ് ശവംചിതയിലേക്കെടുത്തപ്പോൾ ബ്ലാക്കിയും കൂടെത്തിരിച്ചു. അവിടെയും അവൾ ജഡത്തിന്റെ കാല്‌ക്കൽതന്നെ കുത്തിയിരുന്നു. തീ ആളിക്കത്താൻ തുടങ്ങിയപ്പോൾ അവൾ ദയനീയമായി മോങ്ങാനും തുടങ്ങി. ചിതകെട്ടടങ്ങുന്നതുവരെ അവൾ ഇടവിട്ടിടവിട്ടു മോങ്ങിക്കൊണ്ടിരുന്നു. ചിതയിലെ തീ കനലായിട്ടും അവൾ അവിടെ നിന്നും എഴുന്നേറ്റില്ല.
രാത്രിയായപ്പോൾ അങ്ങേ വീട്ടിൽനിന്നും കൊണ്ടുവന്ന കഞ്ഞി ഞങ്ങളൊക്കെ കുടിച്ചെന്നും കുടിച്ചില്ലെന്നും വരുത്തി. അതിൽ കുറച്ചു ബ്ലാക്കിക്കും അവൾ ഇരുന്നിടത്തു കൊടുത്തു. അതുകണ്ടതായിപ്പോലും അവൾ ഭാവിച്ചില്ല.
പിറ്റേന്നു നേരംവെളുത്തപ്പോഴും അവൾ അവിടത്തന്നെ കുത്തിയിരിപ്പുണ്ട്. അവളുടെ മോന്തയ്‌ക്ക് രണ്ടു കണ്ണുനീർചാലുകൾ വ്യക്തമായി കാണാമായിരുന്നു.
അഞ്ചാംപക്കം അസ്‌ഥിക്കഷണങ്ങൾ കുടത്തിലാക്കി മുറ്റത്തുനില്‌ക്കുന്ന മാവിൻചുവട്ടിലേക്കു കൊണ്ടുവന്നപ്പോൾ അവളും കൂടെപ്പോന്നു. കുടം മാവിൻചുവട്ടിൽ എടുത്ത കുഴിയിൽ വച്ചപ്പോൾ അവൾ കൂട്ടിലേക്കുപോയി. അവിടിരുന്നാലും അവൾക്കു മാവിൻചുവടുകാണാം.
ഈ ദിവസങ്ങളിൽ ഞങ്ങളൊക്കെ അല്പസ്വല്പം എന്തെങ്കിലുമൊക്കെ തിന്നാതിരുന്നില്ല. ജീവൻ നിലനിർത്തണ്ടെ? അതിന്റെ പങ്കൊക്കെ ബ്ലാക്കിക്കും കൊടുത്തു. അവളതൊന്നും ഒന്നു മണപ്പിക്കുകപോലും ചെയ്‌തില്ല.
സഞ്ചയനം കഴിഞ്ഞുകൊടുത്ത ആഹാരം അവൾ അല്‌പം കഴിച്ചു.
ചേട്ടന്റെ മരണം അവളെ ഒന്നിലും താല്പര്യമില്ലാത്തവളാക്കി, തിന്നുന്നതിൽപോലും. ആർക്കാനും വേണ്ടി ഓക്കാനിക്കുന്നതുപോലെയായി അവളുടെ ജീവിതം. ഒന്നിനും ഒരുഷാറില്ല. അവൾ കുരയ്‌ക്കുന്നതും കേൾക്കാതായി. അവളുടെ പഴയ പ്രസരിപ്പ് തീർത്തും നഷ്‌ടപ്പെട്ടു.
രാവിലെ പേപ്പർ നോക്കിക്കൊണ്ടിരുന്നപ്പോൾ ബ്ലാക്കിയുടെ കുര. പതിവില്ലാത്തതാണല്ലോ? എന്തോ ഉണ്ട്. അവൾക്കു പിടിക്കാത്തതെന്തോ നടന്നിരിക്കുന്നു.
നോക്കിയപ്പോൾ ബെറ്റി ഒരു പട്ടിക്കുട്ടിയുമായി മുറ്റത്ത്. ഇടതുകയ്യിൽ വിലങ്ങനെ വയറോടു ചേർത്തുപിടിച്ചിരിക്കുന്നു. ഹാളിലേക്കു കടന്നു സെറ്റിയിലിരുന്നിട്ട് അവൾ പട്ടിയെ മടിയിൽ വച്ചു.
“വിജിയേ, നോക്ക്, നിനക്കു ഞാനെന്താ കൊണ്ടുവന്നിരിക്കുന്നത്?”
“എനിക്കോ?” മരുമകൾ ഇറങ്ങിവന്നു.
“അതെ, ഒരു സർപ്രൈസായിക്കോട്ടെന്നു കരുതി. ഹസ്സും ഞാനുംകൂടി ഇന്നലെ ഡോഗ്‌ഷോയ്‌ക്കുപോയി. അതിയാനൊരേവൺ ഡോഗ് എക്‌സ്‌പേർട്ടാ. പോരാത്തതിനു കൂട്ടുകാരൻ ബെറ്റിനെയുംകൂട്ടി. ഫൈൻ സെലക്ഷൻ. വെരി ഫൈൻ. ഡാം ചീപ്പ് ടൂ. വെറും ഫൈവ് തൗസൻഡ്. ത്രോ എവേ പ്രൈസ്. രണ്ടെണ്ണത്തിനെ അങ്ങു കോളുചെയ്‌തു. നെനക്കൊന്ന്. എനിക്കൊന്ന്.”
“എന്റെ വിജീ, എന്തു പറയാനാ! ആ ഷോ ഒന്നു കാണേണ്ടതുതന്നെയാണേ! ഡോഗ്‌സ് വണ്ടർ ലാൻഡ്. പട്ടികളുടെ മായാലോകം. നീയും വരേണ്ടതായിരുന്നു. ബസ്‌റ്റ് ഓപ്പർടൂണിറ്റി ലോസ്‌റ്റ്. സുവർണ്ണാവസരം നഷ്‌ടപ്പെടുത്തി.”
“എന്തു ചെയ്യാനാ ബെറ്റി പിളേളരുരണ്ടുമിങ്ങു വന്നു. അവന്മാരേ?”
“ഒന്നും പറേണ്ട. ഐനൊവ്, ഐനൊവ്. ഒക്കെ അറിയാം. അവന്മാരെ കൊണ്ടുവരാനും പറ്റില്ല, ഇവിടെവിടാനും പറ്റില്ല. വീർ ഇൻ ഡിസെയും ബോട്ട്. നമ്മൾ ഒരുപോലെ. ഈ ഓൾഡ്‌ഹെയ്‌ഗ്‌സ്! ഹൊറിബിൾ! ഇൻകൊറിജിബിൾ!”
“അങ്ങനങ്ങു പൊങ്ങച്ചം പുഴുങ്ങിക്കുത്തണ്ട. ഒരിക്കലും നാന്നാവാത്ത കെഴട്ടുകെഴവികൾപോലും! പോറ്റാൻ പറ്റില്ലത്രേ!”
“ബെറ്റിയെ നെനക്കു വയസെത്രാ? ചോദിക്കരുതാത്തതാ. എന്നാലും.”
“അതിനെന്താ മമ്മീ, പറേണേന്. മുപ്പത്തൊൻപത്. തെർട്ടിനയൺ.”
“കൊച്ചേ, നിങ്ങളൊക്കെ ഈ ഭൂമി മലയാളത്തിലൊണ്ടാവുന്നേനെത്രയോ വർഷങ്ങൾക്കു മുമ്പുതന്നെ ബി.എം., എം.ഏം ഒക്കെ പാസ്സായിട്ടൊണ്ട് ഈ നാട്ടിലൊളെളാത്തിരീയൊത്തിരിപ്പേര്.”
ബെറ്റി നാണിച്ചു നാക്കുകൊണ്ടു കുബാള ഉടഞ്ഞപോലായി. പെടലി ഒടിഞ്ഞപോലെ തലകുനിച്ചു. മുറിയിംഗ്ലീഷു പറച്ചിലും നിർത്തി.
മരുമകളുടെ മോന്തയ്‌ക്കു മഞ്ഞൾവെളളം തളിച്ചതുപോലെ.
“ബെറ്റി വാ, നമ്മക്കകത്തിരുന്നു സംസാരിക്കാം.” അല്പത്തത്തിനേറ്റ അടിയുമായി അവർ അകത്തിരുന്നധികനേരം സംസാരിച്ചു. ഒക്കെ പട്ടി മാഹാത്മ്യവും കിഴട്ടുകിഴവികളുടെ കുനുഷ്‌ടുപണികളും ആയിരിക്കും.
പോയപ്പോൾ ബെറ്റി മുഖം തന്നില്ല. യാത്രയും ചോദിച്ചില്ല. നിലംനോക്കി ഒറ്റ നടത്തം.
മണി ഒൻപതായിട്ടും പിളേളർക്കും എനിക്കും അന്ന് ഒരുതുളളി ചായവെളളംപോലും കിട്ടിയില്ല. പിളേളർക്കൊന്നും വേണമെന്നു തോന്നിയില്ല. രണ്ടും ഹരത്തിൽ. പട്ടി ഹരത്തിൽ.
ബെറ്റി പോയ പിറകെ കുട്ടിപ്പട്ടിയെ എടുത്തുകൊണ്ടമ്മ, ഒട്ടിച്ചേർന്നു മക്കൾ. അമ്മയുടെ മുഖം തെളിഞ്ഞിരിക്കുന്നു. ബ്യൂട്ടിപാർലറിൽ നിന്നും ഇപ്പോൾ ഇറങ്ങിയപോലെ. വിജയഭാവത്തിൽ എന്നെ നോക്കി. ഏതോ മഹാകാര്യം തീരെ നിസ്സാരമായി നേടിയെടുത്ത മാതിരി.
ഇപ്പോൾ അമ്മയും മക്കളും കുട്ടിപ്പട്ടിയുമായി നേരെ ബ്ലാക്കീടടുത്തേക്ക്. നിധിപോലെ കിട്ടിയ ഈ പട്ടിക്കുട്ടിയാണവളുടെ അനന്തരാവകാശിയെന്നവളെ അറിയിക്കാനുളള പുറപ്പാട്.
പട്ടിക്കുട്ടിയെ കണ്ടനേരംതൊട്ട് ബ്ലാക്കി ജ്വലിച്ചാ നില്പ്. അവർകൂടിനടുത്തെത്തിയപ്പോൾ അവൾ സർവ്വശക്തിയുമെടുത്തു കുരച്ചു. അവളുടെ ആവുന്നകാലത്തെ മുഴങ്ങുന്ന കുര. രോഷത്തിന്റെ കുര. അതുകേട്ടരണ്ട പട്ടിക്കുട്ടി മരുമകളുടെ കയ്യിൽനിന്നും വഴുതിച്ചാടി വീട്ടിനുളളിൽ.
“ആങ്ങ്‌ഹാ, അത്രക്കായോ, യൂ ബ്ലഡി ഡർട്ടീ ബിച്ച്. പന്നപ്പട്ടീ, ഇത്രേം നാളും നീറ്റിപ്പോറ്റിയേന്റെ കൂലി! ഈ വീടെന്താടീ, നിന്റെ തന്ത നെനക്കു തീറെഴുതിത്തന്നതാണോ, മറ്റാരേം കേറ്റാതിരിക്കാൻ?”
“എടാ സോനൂ, ചെന്നു കൊണ്ടാടാ, നല്ലൊരുവടി.”
ചെക്കൻ വടി പരതി നടന്നു. ഒന്നും കിട്ടിയില്ല. വെറും കയ്യോടെ തിരിച്ചുചെന്നു.
“ഒന്നിനും കൊളളാത്ത കഴുത. ബിഗ് എയ്‌സ്.”
ഉറഞ്ഞുതുളളിക്കൊണ്ട് അടുക്കളയിലേക്ക്. അവിടുന്നു വെട്ടുകത്തിയുമെടുത്തു പറമ്പിൽ. ശീമക്കൊന്നയുടെ കനമുളള ഒരു കമ്പു മുറിച്ചവടിയുമായി കൂടിനുനേരെ.
“മോളേ, തഞ്ചപ്പെട്. പട്ടിയെ തല്ലാൻ നോക്കാതെ. അതിനെ ആരും ഇതുവരെ തല്ലിയിട്ടില്ല. ആദ്യമായി നോവുമ്പം അതെന്താ ചെയ്യാന്നാരറിഞ്ഞു?”
“നിങ്ങളൊന്നു ചുമ്മാതിരിക്കിൻ തളേള. ഒരു പെമ്പട്ടിയെ മെരുക്കാനാവില്ലേപ്പിന്നെന്തിനാ വീട്ടമ്മ ചമഞ്ഞുനടക്കുന്നെ?”
അവൾ കൂടുതുറന്നു. വടിയുമായി നില്‌ക്കുന്ന യജമാനത്തിയെ ബ്ലാക്കി ഗൗനിച്ചതേയില്ല. എന്നാൽ കൺകോൺകൊണ്ടു കൂടെക്കൂടെ നോക്കുന്നുണ്ട്, അടിവരുന്നുണ്ടോ, എന്ന്.
“ബ്ലാക്കീ, എറങ്ങടീ ഇങ്ങോട്ട്.” പട്ടി അതുകേട്ടതേയില്ല. മരുമകളുടെ രോഷം ഇരച്ചുകയറിക്കൊണ്ടിരുന്നു. പട്ടിപോലും അവളെ പുല്ലുപോലെ കണക്കാക്കുന്നുളളു. അപമാനവും അരിശവും. എങ്ങനെയും പട്ടിയെ അനുസരിപ്പിക്കണം.
കൂടിനു വെളിയിൽ നിന്നു പട്ടിയെ വടികൊണ്ടടിക്കാൻ നോക്കി. പട്ടി ഒഴിഞ്ഞുമാറിയിട്ടു വടിയേൽ കേറികടിച്ചു. വീണ്ടുമിതാ പട്ടി അടിയറവുപറയിച്ചിരിക്കുന്നു. വടിയേലെ കടിവിടുവിക്കണം. എന്നിട്ട് അടുത്ത അടവ്.
“ഇങ്ങോട്ടു വരിനെടാ പിളളാരേ! യൂസ്‌ലസ്‌ഫെലൗസ്.”
അടുത്തുനിന്ന പിളേളരെ ശകാരിച്ചു, പട്ടിയോടു അമർഷം തീർക്കാൻ.
അമ്മയും മക്കളും ചേർന്ന് വടിക്കുപിടിച്ചുവലിക്കാൻ തുടങ്ങി. പട്ടിയും വിട്ടുകൊടുത്തില്ല. കടിമുറുകി. ഒട്ടുനേരം പിടിച്ചുവലിച്ചപ്പോൾ കൈവഴുതി അമ്മയും ഒപ്പം മക്കളും മലന്നടിച്ചു മിറ്റത്ത്.
സാരമില്ല. മുറിവും, ചതവും വേദനേം ഉണ്ടാവില്ല. വീണതു മിറ്റത്തേ മണലിൽ. ഉരുണ്ടുപിരണ്ടെഴുന്നേറ്റ് അമ്മേം മക്കളും മേത്തു പറ്റിയ മണൽതട്ടിക്കുടഞ്ഞു. തിരിഞ്ഞുനോക്കിയതേയില്ല. ശത്രു പിന്നിൽ തന്നെയുണ്ടല്ലോ. എങ്ങനെ നോക്കും, പട്ടിയോടു പടപൊരുതി പരാജയപ്പെട്ട ഗർവ്വുമായി?
“മോളേ, പട്ടിയോടുമെക്കിട്ടുകേറാതെ. അതിനെ അതിന്റെ പാട്ടിനുവിട്. അതിത്രേം നാളും ഈ വീടതിന്റേതെന്നു കരുതി. അതിനെ പടികടത്താനതു സമ്മതിക്വോ? ഇതന്യായമാന്നാ പട്ടിക്കുപോലുമറിയാം. നിനക്കറിയില്ലെങ്കിലും.”
“ഡിസ് ഗ്രാനിസ് എ ഗുസ് വല്യകൊച്ചുമോൻ.”
“നൗ,നൗ, ഷിസ് എമൊൺ ഗുസ് കൊച്ചുകൊച്ചുമോൻ.”
രണ്ടുപേരും പൊട്ടിച്ചിരിച്ചു. എന്നിട്ടും തളള വീർത്തുകെട്ടിത്തന്നെ നിന്നു. കൊച്ചുമക്കൾ അമ്മൂമ്മയെ നെറികെട്ട രീതിയിൽ പരിഹസിച്ചിട്ടും അവളുടെ മുഖം തെളിഞ്ഞില്ല.
“കൊച്ചു കഴുവേറികളേ, ഗ്രാനിക്കാവാത്തേം കീരിം ഒന്നും അറിയത്തില്ലെന്നാ? നിങ്ങടെയൊക്കെ പ്രായത്തിൽ നിങ്ങട തന്തേ ഇംഗ്ലീഷു പഠിപ്പിക്കുമായിരുന്നു ഈ ഗ്രാനി.”
പിളേളർ മിഴിച്ചുനിന്നു. തളള മുഖം തിരിച്ചില്ല.
“കാലത്തിന്റെ പോക്കേ! ഇങ്ങനേം തലതിരിക്കാമോ പിളളാരടെ? അവന്മാരു റെസിഡൻഷലിൽ. അവളോ കോൺവെന്റുകാരീം. പോരേ പൂരം! അമ്മൂമ്മ മലയാളം പറേം. അമ്മൂമ്മയോടടുത്തു പെരുമാറിയാൽ അവരും പറഞ്ഞുപോം മലയാളം. അവരടിംഗ്ലീഷ് കുട്ടിച്ചോറാവും. പിന്നെ ജീവിച്ചിരുന്നിട്ടെന്താ കാര്യം? ശിവ, ശിവ!”
അങ്ങാടിയിൽ തോറ്റതിനമ്മയോടെന്നാ. ഇവിടെ നായോടു തോറ്റതിനമ്മായിയമ്മയോട്.
“നിങ്ങളൊരുത്തിയാ ഈ നായേ നശിപ്പിച്ചത്. ആക്കിയോരുതന്നെ അഴിക്കണം. ഇതിനെ ഈ നിമിഷം ഇവിടുന്നിറക്കിത്തരണം.”
“അതേയ്, ഈ വീടും പറമ്പും അതിനെ ഇവിടെ കൊണ്ടുവന്ന ആളിന്റയാ. അതിനെ തീറ്റിപ്പോറ്റാൻ വക അങ്ങേരു സമ്പാദിച്ചിട്ടൊണ്ട്. പോരെങ്കിൽ കുടുംബപെൻഷനും.”
“അല്ലെങ്കിലുമങ്ങനാ. സ്വത്തും പെൻഷനുമൊളള മൊശട്ടു കെഴവന്മാർക്കും കെഴവികൾക്കും നെലത്തുനിക്കാത്ത നെഗളിപ്പാ. തളേള, ഒട്ടും പൊങ്ങണ്ട, നാലുദിവസം കെടപ്പായാലെ സ്വത്തുവന്നു തനിയേ വായിക്കേറുകില്ല, പെൻഷനും. അന്നേരമാരെങ്കിലും അണ്ണാക്കിക്കോരിയൊഴിച്ചുതരണം. പിന്നെ മൂത്രമെടുക്കണം, തീട്ടോം കോരണം. അതുകൊണ്ടേ, വല്യകൊമ്പത്തെ വമ്പത്തമെടുക്കാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാട്ടെ.”
മകളുടെ വീട്ടിൽ വന്നു രണ്ടാഴ്‌ച കഴിഞ്ഞപ്പോഴേക്കും ബ്ലാക്കിയുടെ മട്ടുമാറി. നല്ല ഉഷാറ്. ഓട്ടോം ചാട്ടോം കളീം കൊച്ചുമക്കൾക്കൊപ്പം രാത്രിയിൽ സർക്കീട്ടും തുടങ്ങീട്ടൊണ്ട്. വീട്ടിലേക്കായിരിക്കും. കുട്ടിപ്പട്ടിയെ ചാടിക്കാൻ തക്കം നോക്വാണോ, എന്തോ?
മാസം ഒന്നുകഴിഞ്ഞിട്ടും മരുമകൾ ഇങ്ങോട്ടു വിളിച്ചില്ല. അങ്ങോട്ടൊട്ടു വിളിക്കാനും പോയില്ല. മകൻ വിവരം അറിഞ്ഞോ, ആവോ? അറിയിക്കുന്നെങ്കിൽ അറിയിക്കട്ടെ.
ഇവിടാണേൽ പരമാനന്ദം. മകൻ തന്നെ മരുമകൻ. മകൾക്കാണേൽ നിധി കിട്ടിയപോലെ. പേരക്കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാനുമില്ല.
അത്താഴംകഴിഞ്ഞ് സിറ്റ്‌ഔട്ടിൽ ഇരിക്കുകയായിരുന്നു.
“അമ്മേ, ഫോൺ” മകൾ വിളിച്ചു പറഞ്ഞു.
മരുമകളാണ്. “എന്താ മോളേ?”
“എന്നാന്നോ? നന്നായിപ്പോയി. നിങ്ങളാ നശിച്ചനായേം കൊണ്ടുപോയി. അതിന് ഇവിടെ തീറ്റകൊടുത്തു. തിന്നു മദിച്ചപ്പം അതുവന്നെന്റെ പപ്പിയെ കടിച്ചുകൊന്നു. അരുമയായ പപ്പി. ലാളിച്ചു കൊതിതീർന്നതുപോലുമില്ല.”
“കഷ്‌ടമായിപ്പോയി.”
“കഷ്‌ടമല്ല. ക്രൂരമായിപ്പോയി. ആ മുടിഞ്ഞതു പട്ടിയല്ല. പുലി. പെമ്പുലി. പപ്പീടലർച്ച കേട്ടു ഞങ്ങൾ വെളീലെ ലൈറ്റിട്ടെറങ്ങിവന്നപ്പം പേടിച്ചരണ്ട് അവൻ ഓടികൂട്ടിൽ കയറി. കാലൻ കൂത്തി പിറകെ. പപ്പി ഒന്നലച്ചു അത്രതന്നെ. നോക്കിനില്‌ക്കെ പപ്പിയെ കടിച്ചെടുത്തുകൊണ്ടുവരുന്നു തളളപ്പൂച്ച കൊച്ചുപൂച്ചയെ കടിച്ചെടുക്കുന്നപോലെ. അവന്റെ കഴുത്താ കൊടിച്ചിപ്പട്ടി കോമ്പല്ലിൽ കോർത്തുകളഞ്ഞു.
”പപ്പിയെ കൊല്ലുന്നേ ഓടിവരിനോ“. ഞങ്ങൾ കൂട്ടത്തോടെ അലമുറയിട്ടു. കുറേ ആളുകൾ ഗേറ്റിനുവെളിയിൽ ഓടിക്കൂടി. ആരും അകത്തേക്കുവന്നില്ല. ”കാലൻപട്ടിയെ തല്ലിക്കൊല്ലോ“ ഞങ്ങൾ താണുകേണപേക്ഷിച്ചു. ആണും പെണ്ണും കെട്ടവർഗ്ഗം! ഒരൊറ്റയൊരുത്തനും അനങ്ങിയില്ല. ശവങ്ങള്!
തുണിനനച്ച് അലക്കുകല്ലേൽ തല്ലുന്നതുപോലെ അക്കൊലയാളിപ്പട്ടി പപ്പിയെ നിലത്തു തിരിച്ചും മറിച്ചും അടിച്ചു. ചത്തെന്നൊറപ്പായപ്പോ, അവനെ കൊണ്ട്വന്നു ഞങ്ങടെ മുന്നിലോട്ടൊരേറ്. എന്നിട്ടു കൂളായിഗേറ്റിനടുത്തേക്ക്. അവിടെനിന്ന ഷണ്ഡൻമാരുവഴീം മാറികൊടുത്തു. മണ്ണിനും പിണ്ണാക്കിനും കൊളളാത്ത കൂട്ടം. ചക്കിക്കൊത്ത ചങ്കരമ്മാര്! വീട്ടുകാരിക്കൊത്ത നാട്ടുകാര്. അവർക്കെന്താ, നിങ്ങൾക്കെന്താ? എന്റേതാപോയതു രൂപ നാലയ്യായിരം.”
“എടീ പെണ്ണേ, ക്ഷമയ്‌ക്കുമൊരതിരൊണ്ട്. നാട്ടുക്കാർക്കൊന്നുമില്ല. എന്നാ എനിക്കൊണ്ട്. മുക്കുപണ്ടോമായി വന്ന കെങ്കേമീ, നെനക്കെവിടുന്നാടീ കാശ്?, എന്റാമ്പ്രന്നോൻ കണ്ടതും, എന്റെ മോൻ കണ്ടതുമല്ലാതെ? എടീ പട്ടിയോടും മര്യാദക്കെ പെരുമാറാവു. അല്ലേൽ പട്ടീം പഠിപ്പിക്കും നല്ല പാഠം.”
ഫോൺ വച്ചിട്ടു സിറ്റൗട്ടിൽ വന്നപ്പോൾ ബ്ലാക്കി ഗേറ്റുകടന്നുവരുന്നു.കണ്ണിൽ തിളക്കം. കാൽചുവട്ടിൽ വന്ന് എന്റെ മുഖത്തു നോക്കിമുരണ്ടു. പടജയിച്ച പടയാളിയുടെ ജയഘോഷംപോലെ.
“ങ്‌ഹ, ങ്‌ഹ, മിടുക്കി. ഇത്രേം വേണ്ടാരുന്നു.”
“അമ്മേ, പിന്നേം ഫോൺ.” എടുത്തു വല്യകൊച്ചുമോൻ.
“എന്നാടാ?” ചെക്കൻ ചിണുങ്ങുന്നതല്ലാതെ മിണ്ടുന്നില്ല.
“ചിണുങ്ങാതെ കാര്യം പറേടാ.”
“ഗ്രാനീ, ഞങ്ങളു മറ്റേന്നാ സ്‌കൂളിപ്പോവാ.”
“അതിന്?”
“മമ്മി ലൊൺലി ആവില്ലേ? ഗ്രാനിവാ ഗ്രാനി. ബ്ലാക്കിയേം കൊണ്ടുപോരു ഗ്രാനീ.”
“നിന്റമ്മയ്‌ക്കിട്ടപ്പെടുമോ?”
“പെടും ഗ്രാനി, മമ്മി പറഞ്ഞിട്ടാ.”
“ഗ്രാനി വരാം മോനേ. ബ്ലാക്കി വരുമെന്നു തോന്നുന്നില്ല. ഗ്രാനി മനുഷ്യത്തിയാ. ബ്ലാക്കി പട്ടിയും.”
രാവിലെ മരുമകന്റെ കാറിൽകയറി. അതുകണ്ട ബ്ലാക്കിയും ഒപ്പം കയറി. കാർ വീടിനോടടുത്തപ്പോൾ ബ്ലാക്കിക്കു ചെവിത്തകേടുത്തുടങ്ങി. ഒട്ടുച്ചത്തിൽ മുരളാൻ ആരംഭിച്ചു.
ഗേറ്റിനു വെളിയിൽ കാറു നിർത്തി. ഡോറുതുറന്നതും ബ്ലാക്കി ചാടിയിറങ്ങി തിരിഞ്ഞ് ഒറ്റ ഓട്ടം. ആരോ തല്ലാൻ പിന്നാലെ ചെല്ലുന്നതുപോലെ.
അരമണിക്കൂർ കഴിഞ്ഞപ്പോൾ മകൾ വിളിച്ചുപറഞ്ഞു.
“അമ്മേ, ബ്ലാക്കി ഇങ്ങുവന്നു.”
Generated from archived content: blacky.html Author: kp_nair(saradhi)