കൈവേലയുടെ നാട്ടറിവുകൾ

നാടോടികലകളും കൈവേലകളും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളാണ്‌. ഒരു കലാകാരന്റെ പാരമ്പര്യമായ അറിവിന്റെയും സ്വന്തം കരവിരുതിന്റെയും ഉൽപ്പന്നമാണ്‌ ഒരു കരകൗശലവസ്‌തു. നൂറ്റാണ്ടുകൾക്കുമുമ്പ്‌ ആരംഭിച്ചതും മുമ്പുണ്ടായിരുന്ന അതേ വൈകാരിക ബന്ധത്തോടും വിശ്വാസത്തോടും കൂടി തുടർന്നുപോരുന്നതുമാണ്‌ നാടോടി കൈവേലകൾ.

നാടൻ കരവിരുതുകളെ പൊതുവെ മൂന്നായി തരംതിരിക്കാം.

1. ആത്മീയ ജീവിതവുമായി ബന്ധപ്പെട്ടവ. അനുഷ്‌ഠാനവും ആരാധനയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ നിർമ്മിക്കുന്നത്‌ ഈ വിഭാഗത്തിൽ പെടുന്നു.

2. ഭൗതികജീവിതവുമായി ബന്ധപ്പെട്ടവ. വീട്ടിലെ ആവശ്യങ്ങൾക്കും മറ്റു നിത്യോപയോഗങ്ങൾക്കും ഉപയോഗിക്കുന്നവ ഇതിൽ പെടുന്നു.

3. വിനോദവുമായി ബന്ധപ്പെട്ടവ.

5,000 ബി.സി.ക്കു മുമ്പ്‌ സിന്ധുനദീതടസംസ്‌കാരം മുതലുളള കൈവേലകളെക്കുറിച്ചുളള വിവരങ്ങൾ നമുക്ക്‌ ലഭ്യമാണ്‌. സൈന്ധവതടങ്ങളിൽനിന്നും കളിമണ്ണുകൊണ്ടു നിർമ്മിച്ച ഒട്ടേറെ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പ്രതിമകൾ എന്നിവ ലഭിക്കുകയുണ്ടായി. ഈജിപ്‌തിലെ ഉൽഖനനങ്ങളിൽനിന്നും ഇത്തരത്തിലുളള വസ്‌തുക്കൾ കണ്ടെടുത്തത്‌, കരകൗശലവസ്‌തുക്കൾ നാം കയറ്റുമതിചെയ്‌തിരുന്നു എന്നതിന്‌ തെളിവാണ്‌. മികച്ച ഗുണനിലവാരമുളളവയായിരുന്നു ഈ വസ്‌തുക്കൾ എന്നത്‌ ശ്രദ്ധേയമാണ്‌. നൂറ്റാണ്ടുകളായി നമ്മുടെ സാമ്പത്തിക വ്യവസ്ഥിതി നിലനിന്നിരുന്നത്‌ ഈ കൈവേലകളിലാണ്‌. സമൂഹത്തിലെ ഓരോ വിഭാഗം ജനങ്ങളും വ്യത്യസ്‌തമായ കൈവേലകളിൽ ഏർപ്പെട്ടിരുന്നതുകൊണ്ട്‌ കാര്യക്ഷമമായ തൊഴിൽ വിഭജനം നിലനിന്നുപോന്നിരുന്നു. ഈ കൈവേലക്കാർക്കു മാന്യതയും അർഹമായ അംഗീകാരവും ലഭിച്ചിരുന്നു.

എന്നാൽ വിദേശികളുടെ വരവോടുകൂടി ഈ സ്ഥിതിക്ക്‌ മാറ്റംവന്നു. ബ്രിട്ടീഷുകാർ അധികാരം കയ്യാളാൻ തുടങ്ങിയപ്പോൾ യൂറോപ്പിൽ ഉൽപ്പാദനവും വിപണനവും ഊർജ്ജിതപ്പെടുത്താനുളള പ്രവർത്തനങ്ങൾക്കാണ്‌ അവർ മുൻതൂക്കം നൽകിയത്‌. ഫാക്‌ടറിയിൽ ഉൽപ്പാദിപ്പിക്കപ്പെട്ട വിലകുറഞ്ഞ വസ്‌തുക്കൾ ഇവിടെ ധാരാളമായി ലഭ്യമാകാൻ തുടങ്ങി. യന്ത്രങ്ങൾ ഉൽപ്പാദിപ്പിക്കുന്ന വസ്‌തുക്കളുമായി മത്സരിച്ച്‌ നിൽക്കുന്നതിനുവേണ്ടി ആഭ്യന്തര ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കുറയ്‌ക്കേണ്ടിവന്നു. കാലക്രമേണ ഇതു കരകൗശല ഉൽപന്നങ്ങളുടെ നാശത്തിലേക്ക്‌ വഴിതെളിച്ചു. കൈവേലക്കാർ പട്ടിണിയിലായി. അവരുടെ ഉൽപന്നങ്ങൾക്ക്‌ ഭാരിച്ച നികുതി ചുമത്തപ്പെട്ടു. ഇറക്കുമതി ചെയ്യപ്പെട്ട, സ്വതവേ വിലകുറഞ്ഞ ഉൽപന്നങ്ങൾ, പ്രത്യേകിച്ചു തുണിത്തരങ്ങൾ, നാട്ടിലെ ഉൽപന്നങ്ങളുടെ മേൽ ശാശ്വത വിജയം കൈവരിച്ചു. ഇത്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥയെയും തൊഴിൽ സംസ്‌കാരത്തെയും തൂത്തെറിഞ്ഞു. തൊഴിലാളികൾ ജീവിത വൃത്തിക്കുവേണ്ടി തങ്ങളുടെ കൈവേലകൾ ഉപേക്ഷിച്ചുകൊണ്ട്‌ പട്ടണത്തിലേക്ക്‌ ചേക്കേറി. അങ്ങനെ ഒട്ടനവധി കൈവേലകളുടെ അന്ത്യം കുറിച്ചു.

ഭാരതത്തിൽ നിലനിന്നിരുന്ന പ്രധാന കൈവേലകൾ എന്തൊക്കെയാണെന്ന്‌ നമുക്ക്‌ പരിശോധിക്കാം.

തുണിത്തരങ്ങൾ

കൈവേലകളിൽ ഏറ്റവുമധികം ഉൽപാദിപ്പിക്കപ്പെട്ടിരുന്നവയും കയറ്റുമതി ചെയ്യപ്പെട്ടിരുന്നവയും തുണിത്തരങ്ങളാണ്‌. തുണികളുടെ നിറങ്ങളിൽ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾ കാണാവുന്നതാണ്‌. ഭൂമിശാസ്‌ത്രപരവും സാമൂഹ്യവുമായി സാമ്യമുളള പ്രദേശങ്ങളിലൊക്കെ ഒരേ മാതൃകയിലുളള രീതികൾ കൈത്തറിരംഗത്തു കണ്ടുവരുന്നു. അതുപോലെ ഈ പ്രദേശങ്ങളിൽ കാണപ്പെടുന്ന മിറർവർക്ക്‌, അവിടത്തെ ജനങ്ങളുടെ വെളളത്തോടുളള ആർത്തിയുടെ ലക്ഷണമാണ്‌. കണ്ണാടിയിൽ നിന്നുളള പ്രതിഫലനം ഒരു ജലധാരയുടെ പ്രതീതി ഉളവാക്കുമത്രെ. മലമ്പ്രദേശങ്ങളിൽ കമ്പിളി ധാരാളമായി ഉപയോഗിക്കുന്നു. കേരളത്തിലെയും ബംഗാളിലെയും സാരികളുടെ പാറ്റേണുകൾക്ക്‌ മറ്റു കാര്യങ്ങളിലെന്നപോലെ സാമ്യമുണ്ടത്രെ.

മൂന്ന്‌ നാല്‌ നൂറ്റാണ്ടുകളിൽ ഏറ്റവും കൂടുതൽ സിൽക്ക്‌ കയറ്റുമതി ചെയ്‌തിരുന്നത്‌ ഇന്ത്യയിൽനിന്നുമാണ്‌. തമിഴ്‌നാട്ടിലെ കാഞ്ചീപുരം, കുംഭകോണം, തഞ്ചാവൂർ എന്നീ പ്രദേശങ്ങൾ കല്യാണസാരികൾക്ക്‌ കേളികേട്ടതാണ്‌. ആന്ധ്രപ്രദേശിലെ പോച്ചംപിളളി, പട്ടോല സാരികളുടെ കേന്ദ്രമാണ്‌. പഞ്ചാബ്‌ പ്രദേശത്തെ ഹോഷ്യാരി പണികളും കാഷ്‌മീരിലെ ഷാളുകളും പ്രസിദ്ധമാണ്‌. ഹരിയാനയിലും പഞ്ചാബിലും ഡറിപോലുളള കാർപ്പറ്റുകളും ധാരാളം നിർമ്മിച്ചുവരുന്നു.

മൺപാത്രനിർമ്മാണം

അതിപുരാതനകാലം മുതൽ മണ്ണ്‌ പാകപ്പെടുത്തി തനിക്കാവശ്യമായ രൂപം കൈവരുത്തുന്നതിനുളള കരവിരുത്‌ മനുഷ്യൻ നേടിയിരുന്നു. മൺപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ എന്നുവേണ്ട ദൈനംദിന ആവശ്യങ്ങൾക്കുവേണ്ടിയുളള പല ഉപകരണങ്ങളും മണ്ണുകൊണ്ട്‌ തീർത്തിരുന്നു. കുശവൻ, കുലാലൻ, ഓടൻ തുടങ്ങി പല പേരുകളിലറിയപ്പെടുന്ന സമുദായമാണ്‌ മൺപാത്രങ്ങൾ നിർമ്മിക്കുന്നത്‌. ആദ്യകാലങ്ങളിൽ കൈകൊണ്ടു മാത്രമാണ്‌ മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നത്‌. എന്നാൽ ചക്രത്തിന്റെ ഉപയോഗം കണ്ടെത്തിയതോടെ ഈ തൊഴിൽ വളരെയധികം ലഘുകരിക്കപ്പെട്ടു. ഇപ്പോൾ യന്ത്രവൽക്കരിക്കപ്പെട്ട ചക്രങ്ങളും ഉപയോഗിച്ചുവരുന്നു.

ആദ്യമായി മൺപാത്രനിർമ്മാണത്തിന്‌ ആവശ്യമായ നല്ല കളിമണ്ണ്‌ കൊണ്ടുവന്ന്‌ അതിനെ പാകപ്പെടുത്തിയെടുക്കുന്നു. ഈ മണ്ണ്‌ കിടത്തിവെച്ചിരിക്കുന്ന ചക്രത്തിന്റെ മധ്യത്തിലായി പൊത്തിവെക്കുന്നു. ഒരു വടികൊണ്ട്‌ ഉന്തി ചക്രം ചലിപ്പിക്കുന്നു. ഈ സമയത്ത്‌ കളിമണ്ണ്‌ കൈകൊണ്ടു തുരക്കുകയും സമർത്ഥമായി മുകളിലേക്ക്‌ വലിക്കുകയും ചെയ്യുന്നു. ചക്രത്തിന്റെ ചലനവും കരവിരുതുംകൂടി സമ്മേളിക്കുമ്പോൾ മനോഹരമായ മൺപാത്രം ചക്രത്തിന്റെ മുകളിൽ രൂപപ്പെട്ടുവരുന്നു. പാത്രം രൂപപ്പെട്ടുകഴിഞ്ഞാൽ ഒരു ചരടുകൊണ്ട്‌ അതിവിദഗ്‌ദ്ധമായി മൺകൂനയിൽനിന്നും വേർപെടുത്തുകയും, വളരെ ശ്രദ്ധയോടുകൂടി എടുത്ത്‌ വെക്കുകയും ചെയ്യുന്നു. ഇങ്ങനെ എടുക്കുന്ന പാത്രങ്ങൾക്ക്‌ അടിഭാഗമുണ്ടായിരിക്കുകയില്ല. ആവശ്യമെന്നു തോന്നിയാൽ വീണ്ടും ഡിസൈനുകൾ കൊടുത്ത്‌ അവയ്‌ക്ക്‌ അടിഭാഗം വെച്ച്‌ പിടിപ്പിക്കുകയും ചൂളയിൽവെച്ച്‌ വേവിക്കുകയും ചെയ്യുന്നു.

ആനക്കൊമ്പ്‌, പോത്തിൻകൊമ്പ്‌ എന്നിവ ഉപയോഗിച്ചുളള കൈവേലകൾ

ആനക്കൊമ്പ്‌ പുരാതനകാലം മുതൽ കരകൗശലവസ്‌തുക്കൾ നിർമ്മിക്കുന്നതിന്‌ ഉപയോഗിച്ചുപോന്നിരുന്നു. വളരെ വിലകൂടിയതും നിർമ്മിക്കാൻ ബുദ്ധിമുട്ടുളളവയുമാണ്‌ ആനക്കൊമ്പു കൊണ്ടുളള കരകൗശലവസ്‌തുക്കൾ. ആനകളെ കൊന്നൊടുക്കി കൊമ്പെടുക്കുന്നത്‌ സർക്കാർ നിരോധിച്ചിരിക്കയാണ്‌. കേരളത്തിൽ നിർമ്മിച്ച ആനക്കൊമ്പുകൊണ്ടുളള ദേവന്മാരുടേയും ദേവിമാരുടേയും പ്രതിമകൾ പ്രസിദ്ധമായിരുന്നു. ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ പ്രതിമകളും അവ പതിച്ച ഫർണിച്ചറുകളും രാജകുടുംബങ്ങളുടേയും പ്രഭുകുടുംബങ്ങളുടേയും ആഭിജാത്യത്തിന്റെ ചിഹ്നമായിരുന്നു. കൂടാതെ ആഭരണപെട്ടികൾ, ആഭരണങ്ങൾ, ടേബിൾ ലാമ്പുകൾ തുടങ്ങി വിവിധ വസ്‌തുക്കൾ ആനക്കൊമ്പുകൊണ്ട്‌ നിർമ്മിച്ചു വന്നിരുന്നു. ആനവേട്ടമൂലം ആനക്കൊമ്പ്‌ കൊണ്ടുളള കരകൗശല നിർമ്മാണം നിരോധിച്ചിരിക്കയാണ്‌.

ആന തുടങ്ങി പല മൃഗങ്ങളുടേയും എല്ലുകൾ കരകൗശല വസ്‌തുക്കൾ നിർമ്മിക്കാൻ ഉപയോഗിച്ചുവരുന്നു. ആനയുടെ എല്ലും പല്ലും ആനക്കൊമ്പുമായി തിരിച്ചറിയാൻ വളരെ പ്രയാസമാണ്‌.

പക്ഷികൾ, മൃഗങ്ങൾ മുതലായവയുടെ പ്രതിമകൾ, ചീപ്പ്‌, ഫ്ലവർവേസ്‌ മുതലായവ നിർമ്മിക്കുന്നതിന്‌ പോത്തിൻകൊമ്പ്‌ ഉപയോഗിച്ചുവരുന്നു. ആനക്കൊമ്പ്‌ നിരോധിച്ചതുമൂലം ആ മേഖലയിൽ പ്രവർത്തിച്ചിരുന്ന പല കലാകാരന്മാരും പോത്തിൻകൊമ്പ്‌ കൊണ്ടുളള വസ്‌തുക്കൾ നിർമ്മിക്കാൻ തുടങ്ങിയിട്ടുണ്ട്‌. ഇത്‌ ഗുണമേന്മയുളള വസ്‌തുക്കൾ പോത്തിൻകൊമ്പ്‌ കൊണ്ടു നിർമ്മിക്കാൻ ഇടയാക്കിയിരിക്കുന്നു.

കൊട്ട, പായ നെയ്‌ത്ത്‌

ഈറ്റ, മുള,ചൂരൽ,കമ്പുകൾ, കോരപ്പുല്ല്‌, കൈത മുതലായ അസംസ്‌കൃതവസ്‌തുക്കൾ കൊണ്ടാണ്‌ കൊട്ട, പനമ്പ്‌, പായ തുടങ്ങിയവ നെയ്യുന്നത്‌. അടുത്ത കാലത്ത്‌ വാഴനാര്‌ തുടങ്ങിയ പല വസ്‌തുക്കൾകൊണ്ടും കൗതുകകരമായ ബാഗുകളും കൊട്ടയും നെയ്യാൻ തുടങ്ങിയിട്ടുണ്ട്‌. വടക്കേ ഇന്ത്യയിൽ ഈന്തപ്പന, വില്ലോ മരത്തിന്റെ കമ്പുകൾ എന്നിവ കൊണ്ടു വിവിധതരത്തിലുളള കൊട്ടകൾ നെയ്തു വരുന്നു. കേരളത്തിൽ പ്രധാനമായും പറയസമുദായക്കാരാണ്‌ ഈ പ്രവർത്തികൾ ചെയ്യുന്നത്‌. കുട്ടകൾ, മുറങ്ങൾ, പനമ്പ്‌ എന്നുവേണ്ട വിവിധയിനം വസ്‌തുക്കൾ മുള, ഈറ്റ എന്നിവകൊണ്ടു നിർമ്മിക്കുന്നു. കൈവേലകളുടെ രംഗം ഐങ്കുടിക്കമ്മാളരുടെ ഐതിഹ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വബ്രഹ്‌മാവിന്റെ അഞ്ചുമക്കളാണ്‌ ആശാരി, കല്ലാശാരി, മൂശാരി, കരുവാൻ, തട്ടാൻ എന്നിവർ. പാരമ്പര്യമായി തൊഴിൽ വിഭജനത്തിന്റെ ഭാഗമായി ഇവർ അതാതു തൊഴിലുകൾ ചെയ്‌തുപോന്നു. എങ്കിലും ഋഗ്വേദകാലത്ത്‌ ഒരു തൊഴിൽ ഉപേക്ഷിച്ച്‌ മറ്റൊരു തൊഴിൽ സ്വീകരിക്കുന്നതിനും അതനുസരിച്ച്‌ ചാതുർവർണ്ണ്യ വ്യവസ്ഥയിലെ തന്റെ സ്ഥാനത്തിന്‌ മാറ്റം വരുത്താനും സാധിച്ചിരുന്നുവെന്നാണ്‌ പല ചരിത്രകാരന്മാരും അവകാശപ്പെടുന്നത്‌.

ഇന്ന്‌ ഏറ്റവും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്‌ മൂശാരിമാരുടെ തൊഴിലാണ്‌. പഞ്ചലോഹം കൊണ്ടും (പൊന്ന്‌, വെളളി, ചെമ്പ്‌, ഇരുമ്പ്‌, ഈയം) ഓടുകൊണ്ടും (ചെമ്പും ഈയവും ഉരുക്കിയ ലോഹം മനോഹരമായ വിഗ്രഹങ്ങളും പാത്രങ്ങൾ വിളക്കുകൾ എന്നിവയും തീർക്കുന്നു. പാത്രം വാർക്കുന്നതിനുളള കരു തീർക്കലാണ്‌ ശ്രമകരമായ പണി. വാർക്കുന്നതിനുളള വസ്‌തുവിന്റെ വലിപ്പത്തിനും ആകൃതിക്കുമനുസരിച്ച്‌ കളിമണ്ണും മെഴുകും ചേർത്ത്‌ കരുതീർക്കുന്നു. കരു തയ്യാറാക്കിക്കഴിഞ്ഞാൽ മൂശയിൽ ചൂടാക്കിയ ഓട്‌ എടുത്ത്‌ കരുവിൽ ഒഴിക്കുന്നു. പ്രത്യേകം ചൂളയിലാണ്‌ ലോഹം മൂശയിൽവെച്ച്‌ ഉരുക്കുന്നത്‌. കരുവിൽ ലോഹം ഒഴിച്ച്‌ ഒരുദിവസം കഴിഞ്ഞാൽ കരു പൊളിച്ച്‌ പാത്രം എടുക്കാവുന്നതാണ്‌. മൊറാദാബാദിൽ നിന്നും വിലക്കുറവിനുവരുന്ന ഉൽപ്പന്നങ്ങളും, ഓട്ടുപാത്രങ്ങൾ ഉപയോഗത്തിൽ ഇല്ലാതായതും, അദ്ധ്വാനത്തിനനുസരിച്ച്‌ പ്രതിഫലം കിട്ടാത്തതുംമൂലം ഈ തൊഴിൽ നശിച്ചുകൊണ്ടിരിക്കുന്നു.

കരിങ്കൽ, സ്ലേറ്റ്‌, കല്ല്‌ മുതലായവയിൽ പണിയുന്നവരെ കല്ലൻ എന്ന്‌ പറയുന്നു. തെക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളിലാണ്‌ ഇത്‌ കൂടുതലുളളത്‌. മറ്റുളള കൈവേലകളെപ്പോലെ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രവർത്തിയാണിത്‌.

വടക്കേ ഇന്ത്യയിൽ ചെങ്കൽ, മാർബിൾ എന്നിവയാണ്‌ കൈവേലകളുടെ മാധ്യമം. മാർബിളിൽ പലനിറത്തിലുളള കല്ലുകൾ പതിച്ചുളള പണി വളരെ ആകർഷകമാണ്‌.

ഇരുമ്പ്‌ തീയിൽ പഴുപ്പിച്ച്‌ അടിച്ചു പരത്തി വിവിധരൂപത്തിലുളള ഉപകരണങ്ങൾ ഉണ്ടാക്കുന്നവർ കരുവാൻ (കൊല്ലൻ) എന്ന പേരിൽ അറിയപ്പെടുന്നു. തീയൂതാൻ ഉപയോഗിക്കുന്ന ഉല, കുടങ്ങൾ, കൊടിലുകൾ എന്നീ ഉപകരണങ്ങൾകൊണ്ട്‌ മാത്രമാണ്‌ ഏറെ ശ്രമകരമായ ഈ പ്രവൃത്തി ചെയ്യുന്നത്‌. ഇരുമ്പ്‌ ചുട്ടുപഴുത്ത്‌ ദ്രാവകരൂപത്തിൽ ആവുന്ന സമയത്ത്‌ പരമാവധി ശക്തിപ്രയോഗിച്ച്‌ ആവശ്യമായ രൂപത്തിൽ മാറ്റിയെടുക്കുന്നു.

ഭാരതീയ ജീവിതത്തിൽ ചെറുതായ പങ്കൊന്നുമല്ല മരാശാരി വഹിച്ചിരുന്നത്‌. ഇന്ന്‌ നിലനിൽക്കുന്ന ക്ഷേത്രങ്ങളും അവയുടെ ദാരുശില്പങ്ങളും ഈ വസ്‌തുത വെളിച്ചത്തുകൊണ്ടുവരുന്നു. ഫ്യൂഡൽ വ്യവസ്ഥയിൽ പ്രഭുക്കൻമാരും ജന്മിമാരും കൊട്ടാരങ്ങൾ നിർമ്മിക്കുന്നതിനും ദാരുശില്പങ്ങൾക്കും വേണ്ടി ആശാരിമാരെ നിർത്തിയിരുന്നു. കേരളത്തിലെ കാലാവസ്ഥക്കനുയോജ്യമായ രീതിയിലുളള ഭവനങ്ങളാണ്‌ ഇവിടെ നിർമ്മിച്ചിരുന്നത്‌. കോൺക്രീറ്റ്‌ ഭവനങ്ങൾ വ്യാപിക്കുകയും മരങ്ങൾ ദുർലഭവസ്‌തുക്കൾ ആകുകയും ചെയ്‌തതോടുകൂടി ശാസ്‌ത്രീയ രീതിയിലുളള വീടുപണി നാമവശേഷമായിക്കൊണ്ടിരിക്കുന്നു. നാലുകെട്ട്‌, എട്ടുകെട്ട്‌ തുടങ്ങിയ കെട്ടിടസമുച്ചയങ്ങളുടെ നിർമ്മാണം ഇന്ന്‌ സ്വപ്‌നം കാണാനേ സാധിക്കൂ. ദാരുശില്പനിർമ്മാണം ഏതാണ്ട്‌ അവസാനിച്ചമട്ടാണ്‌.

സ്വന്തം ശരീരം ഭംഗി പിടിപ്പിക്കാനുളള മനുഷ്യന്റെ സ്വതഃസിദ്ധമായ വാസനയിൽ നിന്നായിരിക്കാം ആഭരണങ്ങൾ രൂപംകൊണ്ടത്‌. പ്രകൃതിയിലുളള പുഷ്‌പങ്ങൾ, ഇലകൾ, തൂവലുകൾ മുതലായവയുടെ രൂപങ്ങൾ ആഭരണങ്ങൾക്ക്‌ മാതൃകയാക്കി. വെളളി, സ്വർണ്ണം വിവിധ രത്നങ്ങൾ എന്നിവ ഉപയോഗിച്ചുളള ആഭരണങ്ങൾ പണ്ടുമുതലേ ഉപയോഗിച്ചുവന്നിരുന്നു. ആഭരണനിർമ്മാണത്തിലെ യന്ത്രവൽക്കരണം ആഭരണനിർമ്മാണമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. മറ്റു മേഖലകളിലേതുപോലെ ആഭരണങ്ങളും വടക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടവ ഇവിടെ വിറ്റഴിക്കുവാൻ തുടങ്ങിയിട്ടുണ്ട്‌.

ഒരുകാലത്ത്‌ സമ്പന്നമായ കരവിരുതുകളുടേയും കൈവേലകളുടെയും സംഗമഭൂമിയായിരുന്നു ഇവിടം. ഇവ അവസാനിക്കുന്നതോടുകൂടി നമ്മുടെ സാമൂഹ്യജീവിതത്തിന്റെ താളവും നിലയ്‌ക്കുകയാണ്‌. നാട്ടുനൈപുണികളുടെ ഇന്ന്‌ നിലനിൽക്കുന്ന അവസാനത്തെ കണ്ണികളെ നിലനിർത്തേണ്ടത്‌ അനിവാര്യമാണ്‌. നാടൻ കൈവേലകളെ കണ്ടെത്തുകയാണ്‌ ആദ്യം വേണ്ടത്‌. കൈവേലകൾ തുടർന്നുപോരുന്നവരെ ഈ മേഖലയിൽ നിലനിർത്താനും പുതിയ തലമുറയെ ആകർഷിക്കാനും നടപടികൾ ഉണ്ടാകണം. അതിലുപരി സമൂഹത്തിൽ വൈദഗ്‌ദ്ധ്യമേറിയ കലാകാരന്മാർക്ക്‌ അർഹമായ അംഗീകാരവും സ്ഥാനവും ലഭിക്കേണ്ടതുണ്ട്‌. കൂടാതെ സാമ്പത്തികമായി ന്യായമായ വില ഉൽപ്പന്നങ്ങൾക്ക്‌ ലഭ്യമാകാനുളള ക്രമീകരണങ്ങൾ ഉണ്ടായാൽ മാത്രമേ കൈവേലകളിൽ ഏർപ്പെട്ടിരിക്കുന്നവരെ മറ്റു ജീവനോപാധികൾ തേടുന്നതിൽനിന്നും പിടിച്ചുനിർത്താൻ സാധിക്കൂ.

Generated from archived content: essay_feb24.html Author: kp_dileepkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here