സര്‍ക്കസ്

ജീവിതം
ഒരു സര്‍ക്കസാണെന്ന്!
പറഞ്ഞതാരായിരുന്നു?
ഒരു ഞാണിന്മേല്‍ കളി
ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി
ഒരടി തെറ്റിയാല്‍ മതി
കഴിഞ്ഞു എല്ലാം
കുന്ത മുനയില്‍ കിടക്കുന്ന
സര്‍ക്കസ് കലാകാരിക്കറിയാമോ
കുന്തം കാലില്‍ സന്തുലനം ചെയ്യുന്നു
കലാകാരന്റെ ദയാദാക്ഷ്യണ്യമാണ്
തന്റെ ജീവിതമെന്ന്
ജീവിതം
ഒരു നീക്കുപോക്കാണെന്ന്
പറഞ്ഞതാരായിരുന്നു?
മുന്നില്‍ ഇരയെ കണ്ട
സിംഹത്തിന്റെ ശാന്തത
എപ്പോള്‍ ഭുജിക്കപ്പെടുമെന്ന്
ആര്‍ക്കറിയാം?
ശാന്തമായ കടല്‍ പോലെ
തിരമാലകള്‍ ആര്‍ത്തലച്ചു വന്ന്
കരയെടുക്കുന്നതെപ്പോഴാണെന്ന്
ആര്‍ക്കറിയാം?
മരണക്കിണറില്‍
മരണഭയംഇല്ലാതെ
ബൈക്കോടിക്കുന്ന
സര്‍ക്കസ് കലാകാരന്റെ
മനസിലെന്തായിരിക്കുമെന്ന് ആര്‍ക്കറിയാം?
അടുത്തിടെ തനിക്ക് പിറന്ന
ഓമനക്കുഞ്ഞിന്റെ
പാല്‍ പുഞ്ചിരിയോ
പ്രണയിനിയുടെ ചുംബനത്തിന്റെ
ഒടുങ്ങാത്ത നീറ്റലോ
ജീവിതം
ഒരു ഞാണിന്മേല്‍ കളിയാണെന്ന്
നമ്മെ പഠിപ്പിച്ചതാരാണ്
ജീവിതം
അതാരു പറഞ്ഞാലും
അതൊരു സര്‍ക്കസാണ്‌

Generated from archived content: poem2_mar7_14.html Author: kp_ajithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here