പുറപ്പെടും മുമ്പ്
കണ്ണാടിയില്‍ നോക്കിയില്ല
ഒരുങ്ങിയില്ല
മുത്തപ്പന്റെ ചിത്രത്തിനു മുന്നില്‍
പ്രാര്‍ത്ഥനാ നിര്‍ഭരനായി
കൈകൂപ്പി നിന്നില്ല
ഇറങ്ങുമ്പോള്‍ ആരോടും
യാത്ര പറഞ്ഞില്ല
അമ്മയുടെ തേങ്ങലിന്
ചെവി കൊടുത്തില്ല
പിന്‍ തിരിഞ്ഞു നോക്കിയില്ല
കല്യാണപന്തലില്‍ വാടി വീണു
ജമന്തിപൂക്കളെ
ചവിട്ടിയരച്ചു നടക്കുന്നതായി
ഭാവിച്ചതേയില്ല
എതിരെ വന്ന പരിചയക്കാരുടെ പുഞ്ചിരിക്ക്
മുഖം കൊടുത്തില്ല
പത്തുവര്‍ഷം പഠിച്ച
സ്കൂളിനു മുന്നിലൂടെ കടന്നു പോയപ്പോള്‍
കണ്ടതായി ഭാവിച്ചതേയില്ല
മുഷിഞ്ഞ തോള്‍സഞ്ചിയില്‍
അമ്മ ഇസ്തിരിയിട്ടുവച്ച ഉടുപുടവകള്‍
ഉള്ളതായി നിനച്ചതേയില്ല
കല്യാണത്തലേന്ന്
കാമുകനോടൊപ്പം ഒളിച്ചോടിപ്പോയ
പ്രതിശ്രുത വധുവിന്റെ മുഖം
മനസിലോര്‍ത്തതേയില്ല
ബസില്‍ കണ്ട്രക്ടറുടെ
പതിവു ചോദ്യം മാത്രം
എവിടേക്കാ?
ഭ്രാന്തമായ ഒരട്ടഹാസം മാത്രം
ഏതെങ്കിലുമൊരു – നരക (നഗര)ത്തിലേക്ക്
Generated from archived content: poem2_june14_14.html Author: kp_ajithan