മരണത്തെ പ്രസാധനം ചെയ്‌ത മനുഷ്യൻ

റബ്ബർകൃഷിക്കു പോകാതെ പുസ്‌തക പ്രസാധനത്തിലേക്കു കടന്ന ഡിസി കിഴക്കെമുറിയുടെ തീരുമാനത്തെ പലരും പുകഴ്‌ത്തിയിട്ടുണ്ട്‌. പുസ്‌തകത്തിന്‌ കമ്പോളം കണ്ടെത്താനുളള ഡി സിയുടെ ഭാവനയെ സകലരും സ്‌തുതിക്കാറുണ്ട്‌. എന്നാൽ പുസ്‌തകത്തോടുളള അദ്ദേഹത്തിന്റെ താത്‌പര്യത്തെ ഞാൻ മറ്റൊരു രീതിയിലാണ്‌ കാണുന്നത്‌. മതം, ചരിത്രം, രാഷ്‌ട്രീയം എന്നിവയെപ്പോലെ പുസ്‌തകപ്രസാധനവും അദ്ദേഹത്തിന്‌ ലോകത്തെ അറിയുന്നതിനുളള മാർഗ്ഗമായിരുന്നു. ഡി സിയുടെ നിർവ്യാജമായ നിലനില്‌പ്‌ അതിന്റെ അർത്ഥം അന്വേഷിച്ചത്‌ പുസ്‌തകപ്രസാധനകലയിലായിരുന്നു. ബാഹ്യലോകവുമായി പുസ്‌തകത്തിനുളള ബന്ധം മനസ്സിലാക്കിയ ഒരാളുടെ തീരുമാനത്തിന്റെ ഭാഗമായിരുന്നു അത്‌. പുസ്‌തകം അദ്ദേഹത്തിന്‌ ഒരു കലാവസ്‌തുവും വിറ്റഴിക്കേണ്ട ചരക്കുമായിരുന്നു. അതിനാൽ പ്രസാധനകലയിൽ ഡി സിയുടെ ഭാവനയും ബുദ്ധിയും ഒരുപോലെ പ്രകാശിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും ഭാവനയുടെയും പ്രായോഗികബുദ്ധിയുടെയും പ്രധാന പ്രതീകവും പുസ്‌തകമായിരുന്നു. തികവുറ്റ ഈ പ്രായോഗികബുദ്ധി എല്ലാ മായകളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചുനിർത്തി. അതിനാൽ അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും ഒന്നായിത്തീർന്നു. പുസ്‌തകങ്ങൾകൊണ്ട്‌ കേരളത്തിന്റെ ഒഴിഞ്ഞ അലമാരകളെ അദ്ദേഹം നിറയ്‌ക്കുകയായിരുന്നു. പുസ്‌തകങ്ങളുടെ ലോകത്തു നിന്നുകൊണ്ടുളള ഈ സത്‌കാരവ്യഗ്രത നമ്മുടെ നാട്ടിൽ ഒരു സാംസ്‌കാരികനിർമ്മിതിക്കുതന്നെ വഴിതെളിച്ചിട്ടുണ്ട്‌. എപ്പോഴും പുസ്‌തകങ്ങളെ സാക്ഷികളാക്കി സംസാരിച്ച മനുഷ്യനായിരുന്നു ഡി സി. മനുഷ്യൻ മരണവിധേയനാണെന്ന്‌ ഡി സിയുടെ മരണവും പറയുന്നു. മനുഷ്യൻ മരണാതീതനാണെന്ന്‌ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യക്തമാക്കിത്തരുന്നു.

Generated from archived content: essay-sept14.html Author: kp-appan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English