മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക് കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ കോവിലന്റെ ‘ശാപമോക്ഷം’ എന്ന കഥ വായിക്കുക.
ശാപമോക്ഷം
ഒന്നങ്ങനെ, ഒന്നിങ്ങനെ
ഉത്തരക്കടലാസിൽ തൊടുത്ത തെറ്റടയാളംപോലെ വേലായുധൻ പക്കറെ വാർന്നു. ഒന്നങ്ങനെ ഒന്നിങ്ങനെ. പക്കറെ വാർന്ന കത്തിയും രക്തവും വേലായുധനും പക്കറുടെ തുടിക്കുന്ന ജീവനും അബുഹാജിയെ മുഖം കാണിച്ചു അബുഹാജി ശപിച്ചു.
വേലായുധാ, പക്ഷേങ്കി ഒക്കെ നീ മറന്നള.
ശപിച്ച ഉടനെ അബുഹാജി ശാപമോക്ഷവും നൽകി.
വേലായുധാ, പക്ഷേങ്കി ഇപ്പ നിന്നെ ഇവിടെ കാണാൻ പാങ്ങില്ല. ആകാശത്തിന്റെ ചോട്ടിൽ എവിടെ വേണം. പൊയ്‌ക്കള. പക്ഷേങ്കി, നിനക്കൊരു ‘കസ്‌റ്റം വന്നു പെട്ടാൽ അപ്പ എന്നെ ഓർത്തള. അവിടെ നിനക്ക് ശകലം വിളങ്ങും.
പക്കറെ വാർന്ന കത്തിയും രക്തവും വേലായുധനും പക്കറുടെ ജീവനും ഗേറ്റിൽ തുടിച്ചുനിന്ന കാറിൽ പറന്നു. ഒരു കിളി കൂടുമാറുംപോലെ, ഒരു ദേഹി ദേഹം ത്യജിക്കുംപോലെ ഒരു കാറിൽ നിന്നിറങ്ങി മറ്റൊന്നിൽ കയറി, തുടിച്ചുനിന്ന കാറുകളുടെ റിലേ റേസിൽ വേലായുധൻ ദേശങ്ങൾ പകർന്നു. ട്രാക്കുകൾ തകർത്തു. പിന്നെ അവൻ ആകാശത്തിന്റെ അറ്റം കണ്ടു. അത് ഒരു കൂറ്റൻ കമാനമായിരുന്നു. ഭൂമിയിൽ വളഞ്ഞുകുത്തുന്ന നീല കമാനത്തിന്റെ മുന്നിൽ നാലാമത്തെ കാർ എത്തി നിന്നപ്പോൾ, കാവൽക്കാരൻ ഉറക്കത്തിൽനിന്നെണീറ്റു. കാവൽക്കാരൻ ചോദിച്ചുഃ
കോൻഹോ?
വേലായുധൻ പറഞ്ഞു.
എനിക്കറിയാന്മേല, ഒക്കെ ഞാൻ മറന്നു.
ഒട്ടും കുലുങ്ങാതെ കാവൽക്കാരൻ ചിരിച്ചു. അവന്റെ ജ്ഞാനദൃഷ്‌ടികൾ പെരിയ മേൽമീശയിൽ അരിച്ചിറങ്ങി. കാവൽക്കാരൻ ചോദിച്ചു.
അബുഹാജി വന്നിട്ടില്ലേ?
വേലായുധൻ ആകെ പകച്ചു. അബുഹാജി എങ്ങനെവരും? അബുഹാജി ശപിക്കുമാത്രം ചെയ്യുന്നു. ശാപത്തിൽപെട്ട് അവൻ പറക്കുന്നു. അവൻ ഒരു പക്ഷി, പക്ഷിക്കുഞ്ഞ്. പക്ഷിക്കുഞ്ഞിനെ കാവൽക്കാരൻ പിടിക്കുന്നു. എങ്ങോട്ടു പറക്കാൻ? മുന്നിൽ, കമാനംപോലെ അടഞ്ഞുകിടക്കുന്ന ആനവാതിൽ. പിന്നിൽ….
പിന്നിലേക്കു നോട്ടം പകച്ചപ്പോൾ, കാറ് കാണാൻ ഇല്ല. കാറിന്റെ കറുപ്പ് അവന്റെ ദൃഷ്‌ടിയിൽ മിന്നി, ഇരുട്ടുപോലെ, അന്ധതപോലെ, വഞ്ചനപോലെ.
കാവൽക്കാരൻ അവനെ തസിലിയാക്കി.
വേലായുധാ, പക്ഷേങ്കി ഒട്ടും പരിഭ്രമിക്കാനില്ല. വേലായുധൻ ആയുധം കൊണ്ടുവന്നിട്ടില്ലേ?
സന്തോഷം വേലായുധൻ പറഞ്ഞു. കറപോലും കഴുകിക്കളഞ്ഞിട്ടില്ല.
കാവൽക്കാരൻ ചിരിച്ചുകാണിച്ചു.
ഇവിടെ വേലായുധൻ വരുമ്പോൾ, ആയുധം എടുത്തു കാണിക്കണം. ആളറിയിക്കാൻ മാത്രം! ഗോപാലൻ വരുമ്പോൾ പൈക്കളും പാൽപാട്ടയും കൂടെ വേണം. മുരളീധരൻ ഓടക്കുഴൽ വായിക്കണം. ഞങ്ങൾക്കന്യോന്യം ആൾ മനസ്സിലാകണമല്ലൊ. ഇതൊക്കെ, എവിടെയും കീഴ്‌വഴക്കങ്ങളാകുന്നു. കീഴ്‌വഴക്കങ്ങളെ മാനിക്കണം. എന്നെ നോക്കൂ, പരിഭ്രമം മറന്ന് സ്വസ്‌ഥനായി എന്റെ നേരെ നോക്കൂ. എന്നെ മനസ്സിലായോ? മനസ്സിലായെങ്കിൽ പറയൂ, ഞാൻ ആരാണെന്ന്?
വേലായുധൻ തികച്ചും സ്വസ്‌ഥനായിച്ചമഞ്ഞു. അവൻ കാര്യം ഗ്രഹിച്ചു. വേലായുധൻ പറഞ്ഞു.
ദണ്ഡപാണി.
ആത്മവിസ്‌മൃതിയിൽ മുങ്ങിയ കാവൽക്കാരൻ ചിരിച്ചു.
വേലായുധൻ ചോദിച്ചു.
ഇനി വാതിൽ തുറന്നുകൂടേ? എനിക്കും ഒന്നുറങ്ങണം, കുളിച്ച് ശുദ്ധംമാറുകയും വേണം.
എന്നിട്ടും കാവൽക്കാരൻ തടഞ്ഞു.
വോയുധാ, പക്ഷേങ്കി നീ ആയുധം എടുത്തു കാണിച്ചില്ല.
ലജ്ജയോടെ വേലായുധൻ കത്തി എടുത്തപ്പോൾ കാവൽക്കാരൻ പറഞ്ഞുഃ
വേലായുധാ, പക്ഷേങ്കി നിന്റെ കയ്യിലും കത്തിയിലും രക്തം ഉണങ്ങിയല്ലൊ. ഇതിന്റെ കറ കഴുകിയാലും പോവില്ല.
വേലായുധൻ പെട്ടെന്നു കരഞ്ഞു.
തിരുമേനി, എന്നെ സഹായിക്കണം, സമസ്‌താപരാധങ്ങളും പൊറുത്ത് ഭക്തനെ നടതള്ളണം. വളരെ ദൂരെന്നാണ് വരുന്നത്, കേരളത്തിൽനിന്ന് ആയിരം അട അപ്പം നിവേദിക്കാം, ഉദയാസ്‌തമയം വഴിപാടാക്കാം. കനകത്തിൽ ഒരു ആൾരൂപം തന്നെ തൃപ്പടിയിൽ വെച്ച് ഞാൻ തൊഴുതു പിന്മാറാം. എനിക്കല്‌പം തീർത്ഥജലം തരണം. രക്തത്തിന്റെ എല്ലാകറകളും കഴുകിക്കളഞ്ഞ് പുണ്യാഹം തളിച്ച് എന്റെ കത്തിയെ അനുഗ്രഹിക്കുമാറാകണം. വരും കൊല്ലം ആയുധപൂജയിൽ വെച്ചെടുക്കാനും വേലായുധൻ ഇന്നുതന്നെ ശീട്ടാക്കാം., രക്ഷിക്കുമാറാകണം.
ഭക്തവാത്സല്യത്തിൽ, കാവൽക്കാരന്റെ കണ്ണുകൾ മുഖം നിറയെ വിടർന്നു, അവൻ കുശലം ചോദിച്ചു.
കേരളക്കരയിൽ എന്തു വിശേഷങ്ങൾ? കാലോചിതംപോലെ മഹാബലി വന്നുപോകുന്നില്ലേ? അബുഹാജി ഇക്കൊല്ലവും ഹജ്ജിനു പോകുന്നില്ലേ?
കേട്ട ഉടനെ വേലായുധന് ശാപമോക്ഷം വന്നുകൂടി. അവന്റെ മനസ്സിൽ സർവം വിളങ്ങി, കുന്നത്തുവെച്ച വിളക്കുപോലെ. അവനെല്ലാം ഓർമ്മകിട്ടി. പഴയ കഥകളും പുതിയ കഥകളും തിരക്കിവന്നു.
ഭൂമിയിൽ സർവ സമത്വം – അതാണ് കേരളത്തിൽ പ്രമാണം. ഈ പ്രമാണം പണ്ടേ പയറ്റിത്തോറ്റ് മഹാബലി നാടും കൊട്ടാരവും ഉപേക്ഷിക്കേണ്ടിവന്നു. മാനുഷ്യരെല്ലാരും ഒന്നുപോലെ! എങ്ങനെ ഒന്നുപോലെ വർത്തിക്കും? അങ്ങ് ദണ്ഡപാണിയും ഞാൻ വേലായുധനും പോലെതന്നെ ഈ ഭൂമിയിൽ നിവാസംകൊള്ളുന്ന ഓരോ മനുഷ്യനും മറ്റൊരു മനുഷ്യനാണല്ലോ. മഹാബലി തോറ്റ് തുന്നം പാടുകയേ ഉള്ളു. അബുഹാജി വർഷാ വർഷം ഹജ്ജിന് പോകുന്നുണ്ട്. അശോകചക്രവർത്തിക്ക് സീറ്റ് ബുക്കായിട്ടുണ്ട്. പക്കർ എന്നൊരുത്തൻ കോഴിക്കോട് കടപ്പുറംപോലും കണ്ടിട്ടില്ല. എടക്കഴിയൂർ കടപ്പുറത്ത് നാരൻ പെറുക്കി നടന്ന തെണ്ടിപ്പക്കറാണവൻ. മീൻചാപ്പകളിൽ മത്തി കുടലെടുത്ത് ആത്മാവും പിടിച്ചു കിടന്ന കുഞ്ഞിപ്പാത്തുമ്മാടെ നസീബ് കെട്ട ഈ സന്തതി, ഇരപ്പാളിപ്പക്കൽ ജനാബ് ഹാജി അബൂബക്കർ സാഹേബിനോട് ഒന്നിനൊന്നു സമം മത്സരിക്കാൻ നില്‌ക്കണോ? മാവേലി നാടുവാണിട്ടും പാട്ടുപാടീട്ടും കേരളത്തിൽ ജന്മികളും നാടുവാഴികളും കുടിയാന്മാരും കുടികിടപ്പുകാരും ഉണ്ടായി. കുടികിടപ്പളക്കാനും വളയ്‌ക്കാനും ഈ പക്കർ സർവേ ഗ്രേഡും പഠിച്ചിട്ടില്ല. അബൂഹാജിയുടെ പതിനാറു കുടികിടപ്പുകാർക്കാണെങ്കിൽ, പഴയ പടയോട്ടത്തിന്റെത്ര പഴക്കവും ഉണ്ട്, ഹാജിക്ക് നാട്ടായ്‌മയും ഉണ്ട്. എല്ലാം പാടെ നോക്കുമ്പോൾ എല്ലാറ്റിന്റെ മുന്നിലും പക്കറുണ്ട്. പക്കറിന്റെ കയ്യിൽ കൊടിയും ഉണ്ട്. പക്ഷേങ്കി, പക്കർ ജയിച്ച് കൊടികുത്തും എന്നുവരെ എത്തിയും പോയി. കാര്യങ്ങളുടെ പോക്ക്. കാലോചിതംപോലെ പക്കർ ജയിക്കാനും മതി എന്നായി. അബുഹാജി അങ്കലാപ്പിലും ഇറങ്ങി. അബുഹാജി വേലായുധനെ ആളയച്ചു വരുത്തി. വേലായുധാ, പക്ഷേങ്കി പക്കറെ തട്ടണം.
തഴുതുകൾ നീക്കി ആനവാതിൽ തുറക്കുമ്പോൾ കാവല്‌ക്കരൻ പറഞ്ഞു;
വേലായുധാ, പക്ഷേങ്കി നിനക്ക് സ്വാഗതം. നേരെ പൊയ്‌ക്കൊള്ളു നിന്റെ മുന്നിൽ ഓഫീസ് തുറന്നു കിടക്കുന്നുണ്ടാവും. ഇവിടെ ഇരുപത്തിനാലു മണിക്കൂറും പകലാകുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രയത്‌നം, കഠിനദ്ധ്വാനം, അധ്വാനം ഒരു നിഷ്‌ഠയും വ്രതവും ആകുന്നു. വഴിയിൽ ആരും നിന്നെ തടയില്ല. എല്ലാവർക്കും അവനവന്റെ തൊഴിലുള്ളതുകൊണ്ട് അന്യന്റെ വായിൽ വിരലിട്ടു നോക്കാൻ ഇവിടെ ഒരുത്തനും മിനക്കെടുന്നില്ല. അതൊക്കെ ഞാൻ നിർവ്വഹിച്ചുകഴിഞ്ഞു. എന്റെ തൊഴിലും അതുതന്നെ ഈ കമാനത്തിൽ നിന്റെ എല്ലാ തടസ്സങ്ങളും അവസാനിച്ചു. ആപ്പീസിൽ എസ്‌റ്റേറ്റ് ആപ്പീസർ ഉണ്ടാകും. ആപ്പീസർ ഉറക്കമാണെങ്കിൽ സ്‌റ്റാഫ് മുഴുവൻ കണ്ണിൽ എണ്ണയൊഴിച്ചിരുന്ന് കടലാസുകൾ നോക്കുന്നുണ്ടാവും. വേലായുധാ, പക്ഷേങ്കി നീ പോകുന്നില്ലല്ലോ ആകാശത്തിന്റെ ചോട്ടിൽ എവിടെ വേണം, പൊയ്‌ക്കൊള്ളു. എന്റെ ശബ്‌ദം അവിടെ എത്തിക്കൊള്ളും.
ആപ്പീസർ വേലായുധനെ വരവേറ്റു.
വെൽക്കം മിസ്‌റ്റർ വേലായുധൻ, പേപ്പേഴ്‌സെല്ലാം നേരത്തേ എത്തിക്കഴിഞ്ഞു. എന്നാലും ഉണ്ടല്ലൊ ഒരു മര്യാദ. ഒരൊറ്റ ചോദ്യം മാത്രം, രണ്ടല്ലേ കുത്തിയുള്ളു?
വേലായുധൻ ചിരിച്ചു. അവൻ ആപ്പീസറെ തിരുത്തി.
കുത്തിയിട്ടേ ഇല്ലല്ലോ!
മിസ്‌റ്റർ വേലായുധൻ, താങ്കളെ ചോദ്യം ചെയ്യുകയല്ല. ഞാൻ ഒരു പോലീസ് ഓഫീസറല്ല. വക്കീൽപോലും അല്ല. എന്റെ പ്രശ്‌നം തൊഴിലും തൊഴിലധിഷ്‌ഠിതവേതനവും ആകുന്നു. സ്‌ഥാപനം താങ്കളുടെ സേവനം സ്വികരിച്ചുകഴിഞ്ഞിട്ടുണ്ട്. തൊഴിലിൽ താങ്കളുടെ സമിപനസ്വഭാവം എന്താണെന്നാണറിയാനുള്ളത്. ഒരൊറ്റ ചോദ്യം മാത്രം, രണ്ടല്ലേ കുത്തിയുള്ളു?
സർ, ക്ഷമിക്കണം. വേലായുധൻ നീട്ടിത്തിരുത്തി. നെഞ്ചിലോ പുറത്തോ ആകുമ്പോൾ കുത്തുകതന്നെ വേണ്ടിവരും. പുറത്താണെങ്കിൽ ഇടത്തെ ക്കൈപ്പലകയുടെ എളിയിൽ കുത്തണം. നാലോ അഞ്ചോ സെന്റീമീറ്റർ താഴെ ഹൃദയം മിടിക്കുന്നുണ്ടാവും, അവിടെ. പക്ഷേ, അതിന്നല്‌പം പാടുണ്ട്, ഒരു കുത്തു വാങ്ങിക്കാൻ ആരും നിന്നുതരുന്നില്ല. എതിർപ്പാണ് എവിടെയും ഒഴിവാക്കേണ്ടത്. പക്കറേ, ഒന്നിബഡംവരെ വന്നേ. പക്കർ വരുന്നു. സലാം പറയാൻ കൈപാക്കുന്നു. അപ്പോൾ ഓർക്കാപ്പുറത്തൊരു മിന്നലായി കത്തി പാളണം. നെഞ്ചിനുതൊട്ടു താഴെ ഡയാഫ്രത്തിനടുത്താവുമ്പോൾ കുത്തുകയേ വേണ്ട, വാർന്നുവിട്ടാൽ മതി. ഒന്നങ്ങനെ ഒന്നിങ്ങനെ, വേലായുധന്റെ ചൂണ്ടുവിരൽ മേലും കീഴും വാർന്നു. വായുവിൽ. അവൻ വരച്ച കുരിശ് ക്രിസ്‌തുവിന്റെ തോളിലായിരുന്നു. കുടലുകൾ നുറുങ്ങും സർ. ആമാശയവും കരളും പ്ലീഹയും പിളരും.
ആപ്പീസർ തെളിഞ്ഞു. പ്രഭാതംപോലെ ആപ്പീസറുടെ മുഖം ചൊകന്നു. വേലായുധൻ കൊതികൊണ്ടു. എത്ര ചെറുപ്പം! പുതിയ കേഡറാവും. മീശ മുഴുക്കെ കറുപ്പുവീണിട്ടില്ല. കവിളിൽ മുടിവളർത്തി മേധാവി ചമയുന്നു..
മിസ്‌റ്റർ വേലായുധൻ പക്ഷേ, താങ്കളൊരു സ്‌പെഷ്യലിസ്‌റ്റാണല്ലോ! ഗ്ലാഡ് ടു മീറ്റ് യു.
വേലായുധൻ കേട്ട ഭാവം നടിച്ചില്ല.
ആപ്പീസർ പറഞ്ഞു.!
സ്‌പെഷ്യലിസ്‌റ്റുകൾ താമസിക്കുന്നത് ടൈപ്‌സിക്‌സിലാകുന്നു. ഹയർഫീൽഡിനടുത്ത്. തൽക്കാലം റിസർവ്വ് സ്‌കൂളിൽ താങ്കൾക്ക് ജോയിൻചെയ്യാം. ആദ്യമൊക്കെ അല്‌പം നീരസമൊക്കെ തോന്നിയേക്കും. ട്വന്റിഫോറവേഴ്‌സ് റെഡിഫോറാക്‌ഷൻ. കാൾ കിട്ടിയാൽ മിനിറ്റിനുമുമ്പെ പ്ലെയിൻ പറക്കും. ആയുധ സമേതം തങ്കൾ തയ്യാറുണ്ടാവണം. എക്കാമ്മഡേഷൻ….
ആപ്പീസർ എക്കാമഡേഷൻ വിഭാഗത്തിലേക്ക് വാചാ ഡയൽ ചെയ്‌തതാണെന്ന് വേലായുധൻ മനസ്സിലാക്കിയില്ല. സ്വരം താനേ മാറിയ ആപ്പീസർ വായുവിൽ ചൊടിച്ചു.
വെഹിക്കിൾ എവിടെ? അതിഥി കാത്തിരിക്കുന്നു. അതെ അതെ. മിസ്‌റ്റർ വേലായുധൻ ഫ്രം കേരള. യൂനിവേയഴ്‌സൽ ഡയലിങ്ങ് തകരാറിലായിരുന്നുവോ? നരകം!
വേലായുധൻ ഞെട്ടി.
ആപ്പീസറുടെ സ്വരം ശാന്തസുന്ദരമായി.
മിസ്‌റ്റർ വേലായുധൻ, ഇവടെ നമ്മുടെ സ്‌ഥാപനത്തിൽ ഹോം സർവ്വീസ് മുഴുക്കെ യൂനിവേഴ്‌സൽ ഡയലിങ്ങ് സിസ്‌റ്റത്തിലാകുന്നു. ഗേറ്റു മുതൽ ധോബിഘട്ടുവരെ. കാവൽക്കാരൻ മുതൽ അലക്കുകാരൻ വരെ ആർ എപ്പോൾ എന്തു പറഞ്ഞാലും ഒന്ന് തുമ്മിയാൽപാലും സർവ്വത്ര കേൾക്കാൻ കഴിയും. ഒരു രഹസ്യവും എവിടെയും ഇല്ല. അതുതന്നെ നമ്മുടെ സ്‌ഥാപനത്തിന്റെ വിജയരഹസ്യവും. സ്വരം മാറി ഭാവം മാറി ചെറുപ്പക്കാരനായ മേധാവി കടലാസുകൾ മറിച്ചു. നമുക്ക് പിന്നെക്കാണാം. കാണാതിരിക്കുമ്പോൾ ഓർമ്മയിൽ ഉണ്ടായിരിക്കുക. ആഹാരം ഗസ്‌റ്റ് ഹൗസിൽ നിന്നും വരും. ആവശ്യം പോലെ ഡയൽ ചെയ്യൂ. വാചാ ഡയലിങ്ങ് അറിയില്ലേ? നമ്മുടെ ചുമരുകൾ കാർബൺ തരികൾ കലർത്തിയിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. കുളിക്കൂ. വിശ്രമിക്കൂ.
വേലായുധനെ ബംഗ്ലാവിലേക്ക് കൊണ്ടുപോകാൻ വാഗൺ കൊണ്ടു വന്ന ഡ്രൈവർ അത്ഭുതപ്പെട്ടു.
അപ്പ സാറേ, സാറിനൊരു ലഗേജും ഇല്ലല്ലൊ. ഞാൻ വിചാരിച്ചു. ഇന്നെന്റെ മുതുകൊടിഞ്ഞതുതന്നെ എന്ന്.
എന്തെങ്കിലും പറയാമല്ലൊ. വേലായുധൻ മേനി പറഞ്ഞു. ഒക്കെ വരുന്നുണ്ട്. വെഹിക്കിൾ ഫ്യൂവലെടുക്കാൻ വഴിയിൽ തങ്ങിയതാണ് പാർത്ഥസാരഥി.
ഡ്രൈവർ മോഹമുഗ്‌ദ്ധനായി. സാറിന്റെ പേരുപോലും അറിയാമല്ലൊ സാറേ. വാസ്‌തവത്തിൽ ഞാനൊരു വെറും ഏഴ, ഏഴാംകൂലി, അലവലാതി, സാറിന് ടൈപ് സിക്‌സല്ലേ? സിക്‌സിൽ താമസിക്കുന്ന ഒരു സാറും ഇന്നേവരെ എന്റെ പേരറിഞ്ഞിട്ടില്ല. പാർത്ഥസാരഥിയെ ഒന്നു തിരിഞ്ഞു നോക്കിയിട്ടും ഇല്ല.
അതെന്തു പാർത്തസാരഥി?
എന്തു പറയാനക്കൊണ്ട് സാറേ, ആദിയിൽ ദൈവം ഭൂമിയിൽ ഒറ്റയ്‌ക്കായിരുന്നു. ദൈവം തനിയെ ഒറ്റയ്‌ക്ക്! ഭൂമിയേം ഇത്രയ്‌ക്കും പെരിശ്. ഭൂമി ഒരു മത്തങ്ങായൊ മറ്റോ ആണോ സാറേ. അപ്പോൾ ദൈവം വിചാരിച്ചു. എനിക്കൊരു കൂട്ടുവെണം. ഒറ്റയക്കിരുന്ന് എനിക്ക് മടുത്തു. ദൈവം മനുഷ്യനെ സൃഷ്‌ടിച്ചു. അതാണ് സാറേ, ആദ്യത്തെ സൃഷ്‌ടി, സൃഷ്‌ടി നമ്പർ വൺ. അവനുവേണ്ടി ദൈവം ഒരു കെട്ടിടം പണിതു. ടൈപ് വൺ. പക്ഷേങ്കി സാറേ അവൻ വെറും മന്തനായിരുന്നു. കുറെ തിന്നണം കുറെ കുടിക്കണം അത്രയ്‌ക്കും അവനുറങ്ങുകയും വേണം. അവനെ ദൈവം തെളിച്ചുനടത്തേണ്ടിവന്നു. ദൈവത്തിനാണെങ്കിൽ ഈ ഭൂമി മുഴുവൻ പരിപാലിക്കാനും ഉണ്ട്. ദൈവം രണ്ടാമത്തെ മനുഷ്യനെ സൃഷ്‌ടിച്ചു. അവനുവേണ്ടി ഒരു കെട്ടിടം പണിതു. ടൈപ് ടു. രണ്ടാമത്തെ കെട്ടിടം ആദ്യത്തെ കെട്ടിടത്തേക്കാൾ മെച്ചപ്പെട്ടതായിരുന്നു. എങ്ങനെ മെച്ചപ്പെടാതിരിക്കും? രണ്ടാമത്തെ മനുഷ്യൻ ഒന്നാമത്തെ മനുഷ്യനെ തെളിച്ചു നടത്തേണ്ടവനാകുന്നു. യജമാനൻ. യജമാനന്റെ സ്‌ഥാനവും വിലയും അവന്റെ അന്തസ്സും അവന്റേതായ എല്ലാറ്റിലും വേണം എന്ന് ദൈവത്തിനറയാം. പക്ഷേങ്കി ഈ യജമാനന് ആദ്യത്തെ മനുഷ്യനോട് പരമപുച്ഛമായിരുന്നു. അവൻ ആ മന്തൻ മണ്ടൂസിനെ അടിക്കാനും തുടങ്ങി. മന്തൻ ദൈവത്തിന്റെ മുമ്പിൽ കേസുകൊടുത്തു. അവരുടെ കേസ് തീർക്കാനേ ദൈവത്തിന് സമയമുള്ളു എന്നായി. അപ്പോൾ കേസ് കേൾക്കാൻ ദൈവം മൂന്നാത്തെ മനുഷ്യനെ സൃഷ്‌ടിച്ചു. അവനുവേണ്ടി. ടൈപ് ത്രീ കെട്ടിടവും പണിയിച്ചു. മൂന്നാമത്തെ കെട്ടിടം ആദ്യത്തേതിനേക്കാളും രണ്ടാമത്തേതിനേക്കാളും വലുതായിരുന്നു. മൂന്നാമത്തെ മനുഷ്യൻ തന്റെ ടൈപ് ത്രീയിൽ തണ്ടുതപ്പിയായി വളർന്നു. ആദ്യത്തെ രണ്ടുപേർ സർവ്വദാ അവന്റെ ചിറ്റത്തിന് നിൽക്കണം. അവർ രണ്ടുപേരും ദൈവത്തിന്റെ മുമ്പിൽ കേസുകൊടുക്കാൻ ചെന്നു. ദൈവം നാലാമത്തെ മനുഷ്യനേയും ടൈപ് ഫോർ ബംഗ്ലാവും അഞ്ചാമത്തെ മനുഷ്യനേയും ടൈപ് ഫൈവ് ബംഗ്ലാവും ആറാമത്തെ മനുഷ്യനേയും ടൈപ് സിക്‌സ് ബംഗ്ലാവും – സാറേ, സാറെന്താണ് മൂളാത്തത്? അങ്ങനെ ദൈവം ആദ്യത്തെ മനുഷ്യനിൽ നിന്നും മനുഷ്യരിൽ നിന്നും അകന്നുപോയി. ഇനിയെങ്കിലും അല്‌പം വിശ്രമിക്കണം. ഏഴാം ദിവസം ദൈവം തോട്ടത്തിൽ നടക്കുമ്പോൾ ആറാറു മനുഷ്യേരും ഓരോരുത്തരായി ദൈവത്തെ കാണാൻ വന്നു. തുണി നനയ്‌ക്കാൻ, തുണി തയ്‌ക്കാൻ, തുണി നെയ്യാൻ ഒരാൾ വേണം. വെച്ചു വിളമ്പാൻ, എച്ചിലെടുക്കാൻ, വായ കഴുകിക്കാൻ ആൾ വേണം. ഓരോരുത്തർക്കും പരാതി ഉണ്ടായിരുന്നു. പരാതികൾ കേട്ട് പൊറുതിമുട്ടിയ ദൈവം ഒരു പറ്റം അലവലാതികളെ സൃഷ്‌ടിച്ചു. അവരെ പാർപ്പിക്കാൻ ടൈപ് വൺ കെട്ടിടം പരിഷ്‌കരിച്ച് ഒരു ചേരിപ്പുര ഉണ്ടാക്കി. ഇനിയും ഭൂമിയിൽതന്നെ താമസിക്കുകയാണെങ്കിൽ ഇവരുടെ പരാതികൾകൊണ്ട് തനിക്കൊന്ന് മൂത്രമൊഴിക്കാൻ പോലും സൗകര്യപ്പെടുകയില്ലെന്ന് കണ്ടറിഞ്ഞ ദൈവം ആരും അറിയാതെ അന്ന് സ്‌ഥലം വിട്ടു. സ്വർഗ്ഗത്തിലേക്ക്. പിന്നെ ദൈവം ഭൂമിയിലേക്ക് വന്നില്ല. ഒന്ന് തിരിഞ്ഞുനോക്കുകപോലും ചെയ്‌തിട്ടില്ല. ദൈവം സ്‌ഥലം വിട്ടപ്പഴല്ലേ സാറേ, ഭൂമിയിൽ ആദ്യത്തെ ഗുലുമാലുണ്ടായത്? ഒന്നാമൻ മന്തനില്ലേ സാറേ അവൻ ഇപ്പോൾ പാർക്കാൻ കെട്ടിടമില്ല. അവന്റെ കെട്ടിടമല്ലേ ചേരിപ്പുരയായി ടൈപ് വൺ ഏ ആയത്? ഇനി, കേസുകൊടുക്കാനാണേൽ ദൈവം എവിടെ? മന്തൻ ഇന്നും ദൈവത്തെ അന്വേഷിച്ചു നടക്കുകയാണ്. പക്ഷേങ്കി, ദൈവം എവിടെ?
വേലായുധൻ പരിഭ്രമിച്ചു. പക്ഷേങ്കി ദൈവം എവിടെ?
പാർത്ഥസാരഥി പറഞ്ഞു;
ഇനി സാറ് ഇറങ്ങിക്കോ. ഇതാണ് സാറിന്റെ ബംഗ്ലാവ്, ടൈപ് സിക്്സ്.
വേലായുധൻ വാഗണിൽനിന്നിറങ്ങി ബംഗ്ലാവിന്റെ മഹാ വിസ്‌തൃതികളിലേക്ക് നോക്കുമ്പോൾ പാർത്ഥസാരഥി പഞ്ചപുച്ഛമടക്കി യാചിച്ചു.
സാറേ, ബക്‌ശീഷ്!
വേലായുധൻ അവനെ ഒന്നു നോക്കി. വേലായുധന്റെ ചോരക്കണ്ണുകളിൽ കത്തിയുടെ വായ്‌ത്തല മിന്നി. ഏറുപമ്പരം കണക്കെ പാർത്ഥസാരഥി തിരിഞ്ഞു.
ടൈപ് സിക്‌സ് ബംഗ്ലാവിന്റെ വിസ്‌തൃതമായ തെരിശിൽ ആട്ടുകസേരയിൽ കിടന്ന് വേലായുധൻ വിശ്രമിച്ചു.
മുകളിൽ ആകാശം താഴെ.
വേലായുധൻ താഴോട്ടു നോക്കിയില്ല.
ആകാശത്തിൽ ഒരു ഗ്ലൈഡർ. ഗ്ലൈഡർ, ഒരു പക്ഷി. അലുമിനിയപ്പക്ഷി. തൂവെള്ളപ്പക്ഷി. മനസ്സിന്റെ വെണ്മപോലെ മനസ്സാക്ഷിപോലെ. വേലായുധന്റെ തലയ്‌ക്കു മുകളിൽ ഗ്ലൈഡർ വട്ടം വട്ടം ചുറ്റി.
ഒരുപക്ഷേ, ഭൂമിയിൽ ഇപ്പോൾ പ്രളയമാകാം. നോഹയുടെ പെട്ടകം മാത്രം പ്രളയജലത്തിൽ ഒഴുകി നടക്കുന്നുണ്ടാകാം. ഒരു പാപവും ചെയ്യാത്ത വിശുദ്ധ ജീവികൾ പെട്ടകത്തിൽ ജീവിച്ചിരിക്കുന്നുണ്ടാകാം.
കൊലയാളിയുടെ ആദ്യത്തെ നടുക്കത്തിൽ വേലായുധൻ വിയർത്തു. അവന്റെ നെഞ്ചിൽ കോൺക്രീറ്റിന്റെ കൂറ്റൻ കെട്ടിടം ഞെരുങ്ങി നടുങ്ങി. വട്ടം വട്ടം മത്തങ്ങ!
അസമയങ്ങളിൽ വിജ്യംഭിച്ചു വരുന്ന അശ്ലീലംപോലെ പണ്ടെന്നോ കണ്ടും കേട്ടും മറന്ന പുലയാട്ട് അവൻ മനസ്സിലിരുവിട്ടു.
വട്ടം വട്ടം മത്തങ്ങ!
വെട്ടി വെട്ടിത്തിന്നുമ്പൊ
എന്തെടി ചൂലേ മിണ്ടാത്ത്?
ഏതെടി ചൂലേ മിണ്ടാത്ത്?
ഗ്ലൈഡറിനു നേരെ വേലായുധൻ മനസാ ആട്ടി.
പ്‌ഫ, പ്‌ഫ, പ്‌ഫ.
ദൈവം നിയോഗിച്ചയച്ച വെള്ളപ്പിറാവ് എന്നിട്ടും തലയ്‌ക്കു മുകളിൽ ആകാശത്തിൽ വട്ടംവട്ടം ഒഴുകി താഴോട്ടു താഴോട്ടിറങ്ങി വന്നു.
വേലായുധൻ ആട്ടുകസേരയിൽനിന്നെണീറ്റു. അവന്റെ ദേഹം വിറച്ചു.
അവന്റെ മുന്നിൽ, കെട്ടിടത്തിന്റെ തെരിശിൽ ഗ്ലൈഡർ ഇറങ്ങിനിന്നു.
ഇതാര്?
ഗ്ലൈഡറിൽനിന്നിറങ്ങിയ പക്കർ സലാം പറയാൻ കൈപൊക്കി. പക്ഷേ, ആ കൈ പൊങ്ങിയില്ല. പക്കർ നടുങ്ങി. വയറ്റിൽ പൊത്തിപ്പിടിച്ചു.
ഒന്നങ്ങനെ ഒന്നിങ്ങനെ.
വയറു പൊത്തിപ്പിടിച്ച് പക്കർ അവന്റെ മുന്നിൽ വീണു.
അടവു മറന്ന് അഭ്യാസം മറന്ന് സർവം മറന്ന് വേലായുധൻ മിഴിച്ചു നിന്നു. രക്തം വാർന്ന് കുടലുകൾ ചോർന്ന് പക്കർ അവന്റെ കണ്ണുകളിൽ പിടഞ്ഞു.
താഴോട്ടിറങ്ങിയോടാൻ ബംഗ്ലാവിൽ കടന്നൊളിക്കാൻ വേലായുധൻ ചുവടെടുത്തു. പക്ഷേ, അവനനങ്ങാൻ വയ്യ.
ഗതികെട്ട ഉടനെ അവൻ അബുഹാജിയെ സ്‌മരിച്ചു.
അത്ഭുതംതന്നെ. കുന്നത്തുവെച്ച വിളക്കുപോലെ മനം തെളിഞ്ഞു. ഭാവവും പരിഭവവും പകർന്നു.
വേലായുധൻ പക്കറെ വാരിയെടുത്തു. വേലായുധൻ പക്കറെ കോരിയെടുത്തു. പക്കറെ വാരിക്കോരിയെടുത്ത് വേലായുധൻ തന്റെ മുന്നിൽ നിർത്തി. പക്കറോടണഞ്ഞ് പക്കറുടെ പിന്നിൽ വേലായുധൻ പുറം ചാരി നിന്നു. പക്കറുടെ പിന്നിൽ വേലായുധൻ മറഞ്ഞു.
ജീവാജീവിക്കും ഇനി വേലായുധനെ കാണ്മാൻ വയ്യ. ജീവാജീവിയും വേലായുധനെ നോക്കുമ്പോൾ പക്കറെ കാണുന്നു. പക്കറുടെ വയറ്റിൽ കുരിശടയാളം കാണുന്നു.
ചെങ്കുരിശ്, അത് പൊൻകുരിശ്
ഒന്നങ്ങനെ, ഒന്നിങ്ങനെ.
അതേ നില്‌പിൽ വേലായുധൻ തിരിച്ചു നിന്നു. അവന്റെ പുറവടികളും ഞെരിയാണിയും നീർക്കെട്ടി. അവന്റെ കാൽവിരലുകൾ ചീർത്ത് ആസ്‌ഥാനക്കണക്കിൽ കാലടികൾ പരന്നു. അവന്റെ താടിയും മുടിയും വളർന്നു. ജടകെട്ടി സ്വയം സ്‌തൂപമണ്ഡല പരിവേഷം ചമഞ്ഞു. കാറ്റിലും ചുടുകാറ്റിലും കീറിപ്പറിഞ്ഞ വസ്‌ത്രം പതാകയായിപ്പറന്നു. ഇരുപതു നഖങ്ങളും വളർന്ന് ഭൂതലങ്ങൾ തുരന്ന് ആയിരം വേടുകളിറക്കി. അങ്ങനെ വേലായുധൻ ഒരു ജഡമായി, മണ്ഡപമായി, രക്തസാക്ഷിമണ്ഡപമായി കുരിശും ചുമന്ന് നില്‌പായി.
സത്യം ശിവം സുന്ദരം
ശാപമോക്ഷം
ശ്രീ ഗുരുഭ്യാം നമഃ
അബുഹാജീനാം നമഃ
Generated from archived content: story1_mar31_11.html Author: kovilan