ഒൻപത്‌

ആ കുട്ടിയുടെ ലോകം വികസിച്ചു. അവന്റെ സംവേദനക്ഷമമായ ശ്രവണേന്ദ്രിയം അവനോട്‌ ലോകത്തെയും പ്രകൃതിയേയും കുറിച്ച്‌ കൂടുതൽ സംസാരിച്ചു. പക്ഷേ അന്ധകാരം-അഗാധവും തുളച്ചു കയറാനാകാത്തത്ര നിബിഡവുമായ അന്ധകാരം എപ്പോഴും അവനുചുറ്റും തൂങ്ങിക്കിടന്നു. അവന്റെ തലച്ചോറിൽ ഒരു ഇരുണ്ട മേഘം ഭാരിച്ചുകൊണ്ടുമിരുന്നു. അവന്റെ ജന്മദിനം തൊട്ട്‌ അതങ്ങനെയായിരുന്നു. അവൻ അതുമായി ഇടപഴകി പൊരുത്തം വന്നിരിക്കണം. അവന്റെ നിർഭാഗ്യവുമായി അവൻ ഒത്തുതീർപ്പിലെത്തിയിരിക്കണമെന്നനുമാനിക്കാം. പക്ഷേ അവനതിനു കഴിഞ്ഞില്ല. ആ അന്ധകാരത്തിൽനിന്നും പുറത്തുചാടണമെന്ന ഒരു ചോദന ആ ശിശുവിന്റെ സത്തയിൽ തുടക്കം തൊട്ടേ ഉണ്ടായിരുന്നു. വെളിച്ചത്തിനുവേണ്ടിയുളള ഈ അദമ്യദാഹത്തിന്റെ മുദ്ര സദാ അവന്റെ മുഖത്തുളവായിരുന്നു. ഈ പരിശ്രമം വിവരണാതീതമാംവിധം ഒരു പീഡനഭാവം ആ മുഖത്ത്‌ പ്രത്യക്ഷമാക്കിയിരുന്നുതാനും.

ഇങ്ങനെയൊക്കെയാണെങ്കിലും ബാലസഹജമായ ചില ആഹ്ലാദാനുഭവങ്ങൾ അവനുമുണ്ടായിരുന്നു. അദൃശ്യമായ ലോകത്തെക്കുറിച്ച്‌ ചില വെളിവുകൾ വന്നുചേരുന്ന മുഹൂർത്തങ്ങളിലാണ്‌ അവൻ അങ്ങനെ ആഹ്ലാദിക്കുക. അവന്റെ സംവേദനങ്ങളിൽ അത്തരം ശക്തങ്ങളായ പ്രതീതികൾ കടന്നുവരുമ്പോഴൊക്കെ അവൻ സന്തോഷിച്ചു. ആ അന്ധബാലനെ സംബന്ധിച്ചിടത്തോളം പ്രകൃതി ഒരു അടഞ്ഞ പുസ്‌തകമായി അവശേഷിച്ചില്ല; അവൾ എത്രമാത്രം ശക്തയും പ്രഭാവതിയുമാണെന്നിരിക്കിലും.

നദിക്കരയിലുളള പാറപ്പുറത്തേക്ക്‌ ഒരുദിവസം അമ്മ അവനെ കൊണ്ടുപോയി. ആ പാറ നദിയിലേക്ക്‌ മുഖം കുത്തിനിൽക്കുകയായിരുന്നു. താഴെ നദിയിൽ അലകളിളകുന്ന സ്വരം ഒരു സവിശേഷപ്രകടനത്തോടെ അവൻ ശ്രദ്ധിച്ചുകൊണ്ടുനിന്നു. കാലിന്നടിയിൽ നിന്നും താഴേക്ക്‌ വീണ ചരൽക്കല്ലുകൾ, വെളളത്തിലാഴുന്നതിന്റെ ശബ്‌ദം കേട്ട്‌ അവൻ ഭയന്നു. വിറയ്‌ക്കുന്ന ഹൃദയത്തോടെ അവൻ അമ്മയുടെ പാവാടയിൽ ചുറ്റിപ്പിടിച്ചു. മിക്കവാറും ആ സംഭവത്തിനുശേഷം ആഴം എന്ന പ്രതിഭാസവുമായി ബന്ധപ്പെടുത്തിയാണ്‌ അവൻ ജലമർമ്മരത്തെ വിഭാവന ചെയ്‌തിരുന്നത്‌. ഉരുണ്ടുവീഴുന്ന ചരൽക്കല്ലുകളുടെ സ്വരവും അതിന്റെ അനുബന്ധമായുണ്ടാവും.

ഒരു ഗാനം ഒഴുകിയൊഴുകി ശൂന്യതയിൽ വിലയിക്കുന്നില്ലേ? അവനെ സംബന്ധിച്ചിടത്തോളം അതാണ്‌ ദൂരം. അന്തരീക്ഷത്തെ പ്രകമ്പനം കൊളളിച്ചുകൊണ്ട്‌ ആകാശമേഖലയിൽ മിന്നലിനൊപ്പം വർഷവേളകളിൽ വന്നുചേരുന്ന ഇടിമുഴക്കങ്ങൾ ആദരം കലർന്ന ഭയത്തോടെയാവും ആ കുട്ടി ശ്രദ്ധിച്ചുനിൽക്കുക. ഒടുവിലത്തെ അലർച്ചയോടെ അവ പിൻവാങ്ങുന്നതുവരെ അവൻ അങ്ങനെ നിൽക്കും. അവന്റെ ഹൃദയം വിയർക്കും. അവന്റെ അഗാധങ്ങളിൽ ദൈവമഹത്വത്തെക്കുറിച്ച്‌ തീക്ഷ്‌ണമായൊരു സംവേദനമുളവാകും.

ബാഹ്യലോകത്തെക്കുറിച്ച്‌ അറിയുവാനുളള അവന്റെ ഏക മാധ്യമം ശബ്‌ദമായിരുന്നു. ഈ സ്വരപരമായ പ്രതീതികൾക്ക്‌ കൂട്ടുനിൽക്കുന്നവ മാത്രമായിരുന്നു ശേഷിച്ച സംവേദനങ്ങളൊക്കെയും. അവ ലോകത്തെ സംബന്ധിച്ച ചിത്രങ്ങളായി അവനിൽ നിറഞ്ഞു.

ചിലപ്പോഴൊക്കെ, ചില ഉഷ്‌ണദിനങ്ങളിൽ സർവ്വവും കെട്ടടങ്ങുന്ന ഒരവസ്ഥയുണ്ടാകാറുണ്ടല്ലോ. എല്ലാം തളർന്നും നിശ്ചലമായും അമരുന്ന ചില വേളകൾ. പ്രകൃതിയുടേതായി ഒരു ചലനവും അപ്പോൾ ദൃശ്യമാവില്ല. പ്രാണഭൂതമായ ഊർജത്തിന്റെ ഒഴുക്ക്‌ മാത്രമേ അപ്പോൾ ഉണ്ടാകൂ. ഒരു സ്വരംപോലും എങ്ങും കേൾക്കാനുമുണ്ടാവില്ല. അത്തരം സന്ദർഭങ്ങളിൽ ചിലപ്പോൾ ആ അന്ധബാലന്റെ മുഖഭാവം ഒരു പ്രത്യേക രീതിയിലാകുന്നതു കാണപ്പെട്ടിരുന്നു. വളരെ ക്ലേശിച്ചുകൊണ്ട്‌ അവൻ ഏന്തോ ശ്രദ്ധിക്കുകയാണെന്നു തോന്നും. മറ്റാർക്കും കേൾക്കാനാകാത്ത ശബ്‌ദങ്ങളാണവ. അവന്‌ കേൾക്കാനുമാവും. ഉളളിൽനിന്നും വരുന്ന ഏതോ ശബ്‌ദങ്ങൾ. അവന്റെ സത്തയുടെ അഗാധതയിൽനിന്നും ഉളവാകുന്ന ശബ്‌ദങ്ങൾ. പുറമേയുളള ഗംഭീരമായ നിശ്ചലത അവയെ വെളിയിലേക്ക്‌ ക്ഷണിക്കുകയാണ്‌. അത്തരം സമയങ്ങളിൽ അവന്റെ മുഖം ശ്രദ്ധിക്കുമ്പോൾ തോന്നും, അവൻ ഏതോ ചിന്തയുടെ സ്വരധാരയിലമർന്നിരിക്കുകയാണെന്ന്‌. അവ്യക്തമായ ഏതോ ചിന്താതരംഗം-ഇനിയും രൂപം കൊണ്ടിട്ടില്ലാത്തത്‌.

Generated from archived content: anthagayakan9.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here