എട്ട്‌

ഈ സംഭവം കാൺകെ മാക്സിം അമ്മാവന്‌ പരിഭ്രാന്തിയുളവായി. ശരീരശാസ്‌ത്രസംബന്ധിയും മനഃശാസ്‌ത്രസംബന്ധിയുമായ പുസ്‌തകങ്ങൾ വാങ്ങി അദ്ദേഹം വായനയിൽ മുഴുകി. ഒരു ശിശുവിന്റെ ആത്മാവിനെക്കുറിച്ച്‌ അതിന്റെ വളർച്ചയേയും വികാസത്തേയും സംബന്ധിച്ച ദുരൂഹതകളെക്കുറിച്ച്‌ പ്രബോധിപ്പിക്കുന്ന ഗ്രന്ഥങ്ങൾ സ്വന്തം അതിരറ്റ ഊർജ്ജം ചെലവാക്കിക്കൊണ്ട്‌ വായിക്കുവാൻ അദ്ദേഹം ആരംഭിച്ചു.

ഇത്തരം വായന അദ്ദേഹത്തിന്‌ ഒരു പുതുജീവനേകി. താൻ ഒരു പാഴ്‌വസ്‌തുവാണെന്ന ധാരണ അദ്ദേഹം ഉപേക്ഷിക്കുന്നിടത്തെത്തി, ജീവിതസംഘർഷത്തിന്‌ താനുപയുക്തനല്ലെന്ന കാഴ്‌ചപ്പാട്‌ മാറിപ്പോയി. അവയ്‌ക്കുപകരം അദ്ദേഹം മഴവിൽക്കിനാക്കളിൽ മുഴുകാൻ തുടങ്ങി. അവ ആ പീഡിതഹൃദയത്തിന്‌ സാന്ത്വനം പകർന്നു. ചൂടുപിടിപ്പിച്ചു. പ്രകൃതിയെക്കുറിച്ച്‌ അദ്ദേഹം കൂടുതൽ കൂടുതൽ വ്യക്തമായ ധാരണകളിലെത്തി. തന്റെ അന്ധനായ മരുമകനോട്‌ കൂടുതൽ കരുണയോടെ പെരുമാറുവാനും തുടങ്ങി. തന്റെ ഇന്ദ്രിയങ്ങൾക്ക്‌ സംവദിക്കാൻ കഴിയുന്ന ബാഹ്യലോകവുമായി നിറഞ്ഞ കരുത്തോടെയും പൂർണ്ണതയോടെയും ആ അന്ധശിശു പ്രതികരിച്ചു തുടങ്ങിയിരുന്നു. അവനിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ ദീപ്തമാക്കിയെടുക്കേണ്ടത്‌ തന്റെ ചുമതലയാണെന്ന്‌ ആ അമ്മാവൻ ധരിച്ചു. വിധി അന്ധമായാണ്‌ ആ കുഞ്ഞിനോട്‌ പെരുമാറിയത്‌. അതിന്‌ ഒരു പ്രതിക്രിയയെന്നോണം എല്ലാറ്റിനും ഒരു സമനില കൈവരുത്തുവാൻ അവനെ പ്രാപ്‌തനാക്കുമാറ്‌ തന്റെ ബുദ്ധിയും സ്വാധീനവും ചെലവഴിക്കേണ്ടതുണ്ടെന്ന്‌ അമ്മാവന്‌ തോന്നി.

ജീവിതായോധത്തിനുളള വക കുന്തവും പരിചയും മാത്രമല്ല, ജീവിതം അനീതി വർഷിച്ച നിർഭാഗ്യവാന്മാരായ ഇത്തരം കുഞ്ഞുങ്ങൾ എന്നെങ്കിലുമൊരിക്കൽ ജീവിതായോധനത്തിനായുളള എന്തെങ്കിലും കണ്ടെത്താതിരിക്കുകയില്ല. അവന്‌ അതിനു സഹായമരുളുക തന്റെ ധർമ്മമാണ്‌. അഥവാ, വികലാംഗനായ തന്റെ ജീവിതം പാഴായിത്തീരുകയാവും ഫലം.

‘പ്രകൃതിയുടെ ദുരൂഹത’യെ സംബന്ധിച്ച്‌ അദ്ദേഹവും ഒരു അന്ധവിശ്വാസിയായിരുന്നു. വിധിനിയോഗമാണ്‌ ശിശുവിന്റെ അന്ധതയെന്ന്‌ അമ്മാവനും വിശ്വസിച്ചു തുടങ്ങി. പോകെപ്പോകെ ആ വിശ്വാസം ശരിയാണെന്നതിനുളള തെളിവുകളും അദ്ദേഹത്തിന്‌ ലഭിച്ചു തുടങ്ങി.

ആ വസന്തക്കാലത്ത്‌ ആദ്യമായി കുഞ്ഞിനെ പുറത്തേക്ക്‌ കൊണ്ടുപോയ ദിവസം മോഹാലസ്യപ്പെട്ട്‌ അവൻ പുൽത്തകിടിയിൽ വീണതോർമ്മയുണ്ടല്ലോ. ദിവസങ്ങളോളം അവൻ ജ്വരഭ്രാന്തിയിൽ ആ കിടപ്പ്‌ കിടന്നു. ചിലപ്പോൾ എന്തൊക്കെയോ മുറുമുറുക്കും. മിക്കവാറും മൂകനായി കിടക്കും. എന്തിനോ ചെവിയോർക്കുന്നതുപോലെയും കാണപ്പെട്ടു. അമ്പരപ്പിന്റെയും വിസ്‌മയത്തിന്റെയും മുഖഭാവം അവനെ വിട്ടുപിരിഞ്ഞതുമില്ല.

“സത്യത്തിൽ അവൻ എന്തോ തിരിച്ചറിയാൻ ശ്രമിക്കുന്നു. അവനതിനൊട്ട്‌ കഴിയുന്നുമില്ല.” യുവതിയായ മാതാവ്‌ പറഞ്ഞു.

മാക്സിം അമ്മാവൻ ചിന്താധീനനായി തലകുലുക്കി. കുഞ്ഞിന്റെ വിചിത്രമായ അസ്വസ്ഥത അവന്‌ ഉൾക്കൊളളാനാകുന്നതിനുമപ്പുറമുളള പുതുപ്രതീതികൾ അവന്റെ ഭാവനയെ പീഡിപ്പിക്കുകയാലാണുളവായതെന്ന്‌ അമ്മാവന്‌ മനസ്സിലായി. അതിനാലാണ്‌ അവന്‌ പെട്ടെന്ന്‌ മോഹാലസ്യമുണ്ടായത്‌. അവന്റെ മനസ്സ്‌ വല്ലാതെ കലങ്ങി കാണണം. വളരെ സാവധാനം മാത്രമെ പുതിയ പ്രതീതികൾ അവനിൽ വന്നുചേരാനനുവദിക്കാമായിരുന്നുളളു.

അവന്റെ ജനാലകൾ അവർ മുറുകെ ചേർത്തടച്ചു. അവന്‌ കരുത്ത്‌ കൈവരുന്തോറും അവ അൽപ്പനേരം കുറെശ്ശേ തുറക്കുവാനും പിന്നീട്‌ അടക്കുവാനുമവർ തീരുമാനിച്ചു. അവന്‌ നടക്കാമെന്നായപ്പോൾ ആദ്യം അമ്മ അവനെ മുറികൾക്കുളളിലും പിന്നീട്‌ വരാന്തയിലും അതിനുശേഷം താഴെ ഉദ്യാനത്തിലേക്കും എടുത്തുകൊണ്ടുപോയി. എപ്പോഴൊക്കെ അവന്റെ മുഖം പീഡാഭാവം ദ്യോതിപ്പിച്ചുവോ, അപ്പോഴൊക്കെ അമ്മ അവനുവേണ്ടി ഓരോ ശബ്‌ദവിശേഷങ്ങളും വിശദീകരിച്ചു കൊടുത്തു.

“അത്‌ കാട്ടിനുളളിൽ നിന്നും ആട്ടിടയന്റെ ശബ്‌ദമാണ്‌.” അവൾ പറയും.

“ആ കുരുവികളുടെ കൂട്ടക്കരച്ചിലിനിടയിൽ നിന്നും നീലക്കുരുവിയായ റോബിന്റെ ശബ്‌ദമാണ്‌ വേറിട്ടു നിൽക്കുന്നത്‌.”

“അത്‌ കാളവണ്ടിച്ചക്രമുരയുന്നതിന്റെ ശബ്‌ദം.” അങ്ങനെയങ്ങനെ അമ്മ ഓരോന്നും മകനുവേണ്ടി വിശദീകരിച്ചുക്കൊണ്ടേയിരുന്നു.

കൃതജ്ഞതകൊണ്ട്‌ അവന്റെ മുഖം അപ്പോഴൊക്കെ തിളങ്ങി. അവൻ അമ്മയുടെ കൈത്തണ്ടയിൽ അമർത്തിപ്പിടിക്കുകയും ചെയ്യും. തനിക്കു ചുറ്റുമുളള ശബ്‌ദങ്ങളിലേക്കുളള അവന്റെ ശ്രദ്ധ ചിന്താപൂർണ്ണവും, തിരിച്ചറിവിന്റെ രസം കലർന്നതുമായിരുന്നു.

തന്റെ ശ്രദ്ധയിൽ വന്നുവീഴുന്ന എന്തിനെക്കുറിച്ചും അവൻ ചോദ്യങ്ങളുയർത്തി തുടങ്ങി. അവൻ കേൾക്കുന്ന ശബ്‌ദങ്ങൾ ഉതിർക്കുന്ന മൃഗങ്ങളെക്കുറിച്ചോ, വസ്‌തുക്കളെക്കുറിച്ചോ അവന്റെ അമ്മയോ, അമ്മാവനോ അവന്‌ വിശദീകരണങ്ങൾ നൽകിക്കൊണ്ടേയിരുന്നു. അമ്മയുടെ വിശദീകരണങ്ങൾ അമ്മാവന്റേതിനേക്കാൾ ജീവസ്സുറ്റവയും വൈവിധ്യപൂർണ്ണങ്ങളുമായിരുന്നു. അവ അവന്റെ ഭാവനയെ കൂടുതൽ ഉത്തേജിപ്പിച്ചു. പക്ഷേ പലപ്പോഴും അവന്‌ മനസ്സിലാക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു ആ വിവരണങ്ങളത്രയും. അമ്മ തന്നെ സ്വയം വിഷമിച്ചു. അവളുടെ മിഴികൾ നിസ്സഹായതയും വേദനയും കൊണ്ട്‌ നിറയും. രൂപത്തേയും നിറത്തേയും സംബന്ധിച്ച്‌ തനിക്കു കഴിയുന്നത്രയും ആ അമ്മ മകന്‌ വേണ്ടി വിശദീകരിക്കും. അഗാധമായി ശ്രദ്ധിച്ചുകൊണ്ട്‌ ആ കുട്ടി ഇരിക്കും. അവന്റെ ചെറുനെറ്റിയിൽ നേർത്ത ചുളിവുകൾ വീഴും. പുരികങ്ങൾക്ക്‌ സ്ഥാനചലനമുണ്ടാകും-അവന്റെ കുഞ്ഞുമനസ്സ്‌ അതിന്റെ പരിധിക്കപ്പുറം സഞ്ചരിക്കുവാൻ സംഘർഷത്തിലാകും, അമ്മ പറഞ്ഞുകൊടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ അവൻ ഓരോന്ന്‌ ഭാവനയിൽ നെയ്തെടുക്കാൻ ശ്രമിച്ച്‌ പരാജയപ്പെടും. ഈ രംഗങ്ങൾ പലപ്പോഴും മാക്ലിം അമ്മാവനെ ക്ലേശിപ്പിച്ചു. ആ കുഞ്ഞ്‌ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ച്‌ പരാജയപ്പെടുന്നതു കാണുമ്പോൾ അമ്മയുടെ മിഴികളിൽ നിന്നും അശ്രുബിന്ദുക്കൾ പൊഴിയും. അതു കാണുന്ന മാക്സിം ആ ജോലി സ്വയം ഏറ്റെടുത്ത്‌ പുതിയ വിശദീകരണങ്ങൾ നൽകിത്തുടങ്ങും. ആകാശത്തെയും ശബ്‌ദത്തെയും കുറിച്ച്‌ തനിക്ക്‌ കഴിയാവുന്ന വിശദീകരണങ്ങളിലേർപ്പെടും. കുഞ്ഞിന്റെ മുഖത്തുനിന്നും സംഘർഷഭാവം അകലുവാനും തുടങ്ങും.

“അത്‌ വലുതാണോ? എത്രമാത്രം വലുതാണ്‌?”

വസ്‌തുക്കളുടെ വലുപ്പത്തെക്കുറിച്ച്‌ ചോദിക്കുമ്പോഴൊക്കെ അവൻ വശങ്ങളിലേക്ക്‌ കൈകൾ നീട്ടിക്കാണിച്ചു. ആ കൈകൾ പിടിച്ചു ചേർത്തുകൊണ്ട്‌ മാക്ലിം അമ്മാവൻ ‘വലുപ്പം’ നിർദ്ദേശിക്കും. പക്ഷേ ആ കുഞ്ഞുകൈകൾ വശങ്ങളിലേക്ക്‌ വീണ്ടും വീണ്ടും നീളുമ്പോൾ അമ്മാവൻ പറയും.

“പോരാ! അത്‌ അതിലേറെ വലുതാണ്‌. ഇനിയും വലുത്‌. അതെടുത്ത്‌ വീട്ടിനുളളിൽ കൊണ്ടുവന്നിട്ടാൽ കസേരയെക്കാൾ പൊക്കമുണ്ടാവും.”

“അത്ര വലുതോ?” കുട്ടി അത്ഭുതത്തിൽ ചോദിക്കും. “എന്നാൽ… റോബിൻ കുരുവി തീരെ ചെറുതല്ലേ?” അവൻ കുഞ്ഞിക്കൈകൾ അടുപ്പിച്ച്‌ കൈത്തലങ്ങൾ ചേർത്ത്‌ ചോദിക്കും.

“അതെ റോബിൻകുരുവി തീരെച്ചെറുത്‌. പക്ഷേ വലിയ പക്ഷികൾക്കുപോലും റോബിനെപ്പോലെ പാടാനാവില്ല. എല്ലാവരേയും തങ്ങളെപ്പോലെ പാടാനഭ്യസിക്കുവാൻ റോബിൻക്കുരുവി ക്ലേശിക്കുന്നു. കഠിനമായി പരിശ്രമിക്കുന്നു… പക്ഷേ ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കിനെ നോക്കൂ… അവന്റെ സ്വരം എത്ര കഠോരമാണ്‌! അവൻ ആരെയും പരിഗണിക്കുകയില്ല. ആ പരുപരുത്ത സ്വരത്തിൽ ആരെയും കൂസാതെ കൂകിക്കൊണ്ടിരിക്കും.”

ഇങ്ങനെയുളള താരതമ്യങ്ങൾ കേൾക്കുമ്പോൾ ആ കുട്ടി മന്ദഹസിക്കും. അമ്മ പറയുന്ന കഥകൾ മനസ്സിലാക്കുവാനനുഭവിക്കുന്ന ക്ലേശം അവൻ അതോടെ മറക്കും. എന്നാൽ-ആ കഥകളായിരുന്നു അവനെ ആകർഷിച്ചത്‌. അവൻ മിക്കപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കുക അമ്മാവനോടായിരുന്നില്ല, അമ്മയോടുതന്നെയായിരുന്നു.

Generated from archived content: anthagayakan8.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English