ഏഴ്‌

വസന്തകാലം കൊണ്ടുവന്ന ആ കുഴക്കം കുറച്ചുനാൾ നിലനിന്നു. ദിനങ്ങൾ പോകെ കത്തിത്തിളക്കുന്ന സൂര്യൻ താഴേക്കിറങ്ങിക്കൊണ്ടിരുന്നു. പ്രകൃതിയുടെ താളം സാധാരണഗതിയിലേക്കായി തുടങ്ങി. ജീവിതം എപ്പോഴുമെന്നപോലെ സംഘർഷത്താൽ മുറുകി. മൂടി തുറന്ന്‌ പ്രവർത്തിപ്പിച്ചു തുടങ്ങിയ ഒരു യന്ത്രത്തെപ്പോലെ ജീവിതത്തിന്റെ ഗതിവേഗം വർദ്ധമാനമായി. പുൽത്തകിടിയിൽ ഹരിതനിറമാർന്നു വന്നു. അന്തരീക്ഷമാകെ ബർച്ച്‌ മുകുളങ്ങളുടെ സുഗന്ധം പടർന്നു തുടങ്ങി.

അരികിലുളള ഒരു പുഴയുടെ തീരത്തേക്ക്‌ കുഞ്ഞിനെ കൊണ്ടുപോകാമെന്ന്‌ വീട്ടുകാർ തീരുമാനിച്ചു. അമ്മ അവനെ ഒക്കത്തെടുത്തു. പൊയ്‌ക്കാലിലൂന്നി അമ്മാവൻ അമ്മയുടെ പിന്നാലെ നീങ്ങി. പുഴക്കരികിലുളള ഒരു കുന്നിൻമുകളിലൂടെ അവർ സഞ്ചരിച്ചു. ഒടുങ്ങാത്ത കാറ്റിനാലും സൂര്യപകാശത്താലും ആ കുന്നിൻമുകളിലെ പുല്ല്‌ ഉണങ്ങിക്കരിഞ്ഞു കിടന്നിരുന്നു. ആ കുന്നിൻമുകളിൽ നിന്ന്‌ നോക്കിയാൽ അടുത്ത പ്രദേശങ്ങളെല്ലാം വ്യക്തമായി കാണാം.

പുറപ്പെട്ടപ്പോൾ തന്നെ അമ്മയ്‌ക്കും അമ്മാവനും മനസ്സിലായി, ആ ദിവസം വെളിച്ചവും ഉഷ്‌ണവും ഏറിയിരിക്കുമെന്ന്‌. വെളിച്ചം മുഖത്തു വീഴുമ്പോൾ അവർ അസഹിഷ്‌ണുത പ്രകടിപ്പിച്ചു. സൂര്യകിരണങ്ങൾ വീണ്‌ അവരുടെ മുഖം ചൂടുപിടിച്ചുവെങ്കിലും അനവരതം വീശിക്കൊണ്ടിരുന്ന വസന്തവായു അവർക്ക്‌ ആശ്വാസം നൽകി. അന്തരീക്ഷത്തിലാകെ ലഹരി പകരുന്ന എന്തോ പടർന്നിരുന്നു. മധുരതരവും സുഖകരവുമായ എന്തോ ഒന്ന്‌.

അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞ്‌ അസ്വസ്ഥത പ്രകടിപ്പിച്ചു. പക്ഷേ അവന്റെ ചലനങ്ങൾ ആ അമ്മയുടെ സംവേദനക്ഷമതയിൽ സ്പർശിച്ചില്ല. കാരണം ആ കാറ്റടിയും മറ്റും അമ്മയുടെ ശ്രദ്ധയെ ആകെ അപഹരിച്ചിരുന്നുവെന്നതുതന്നെ. അഗാധമായി ശ്വസിച്ചുകൊണ്ട്‌ അവൾ നടന്നു. അവളുടെ ശിരസ്സ്‌ ഉയർത്തിപ്പിടിച്ചിരുന്നു. അവളുടെ തല അൽപ്പമെങ്കിലും ഒരു മാത്ര കുനിച്ചിരുന്നുവെങ്കിൽ കുഞ്ഞിന്റെ അസ്വസ്ഥ ചലനം അവളുടെ ശ്രദ്ധയിൽ പെടുമായിരുന്നു. അവന്റെ വിടർന്ന മിഴികൾ സൂര്യനെ ഉറ്റുനോക്കി. ഏതോ സ്തബ്ധവിസ്‌മയത്താൽ അവന്റെ ചുണ്ടുകൾ പിളർന്നുപോയി. ചെറിയ ഇടവേളകൾ മാത്രം അനുവദിച്ചുകൊണ്ട്‌ അവൻ ഗതിവേഗത്തോടെ ശ്വസിച്ചു, കരയ്‌ക്കെടുത്തിടപ്പെട്ട മത്സ്യത്തെപ്പോലെ. നിസ്സഹായമായ അവന്റെ അമ്പരപ്പിൽ നിന്നും പിഡിതമായ ഒരാനന്ദം പൊട്ടിവിടരുകയായിരുന്നു. ഇടയ്‌ക്കിടെ ചില നിമിഷങ്ങളിൽ മാത്രം ആ കുരുന്നു മുഖത്ത്‌ ആ ഭാവഭേദം ആവർത്തിച്ചു. അല്ലാത്തപ്പോഴൊക്കെ അവിടം ആ പഴയ സ്തബ്ധതയും കുഴക്കത്തിലാഴ്‌ന്ന അന്വേഷണഭാവവും വന്നുമൂടി. അവന്റെ മിഴികൾ മാത്രം അചഞ്ചലങ്ങളും പ്രകടനരഹിതവുമായിരുന്നു. അവയ്‌ക്ക്‌ കാഴ്‌ചശക്തിയുണ്ടായിരുന്നില്ലല്ലോ. അവർ ആ കുന്നിൻചരിവിലൂടെ കയറി. പുൽക്കൂട്ടങ്ങൾ ചിതറിക്കിടന്ന ആ കുന്നിൻമുകളിൽ അവരിരുന്നു. കുഞ്ഞിന്‌ കൂടുതൽ സുഖമേകുന്ന ഒരു നിലയിൽ അവനെ അമ്മ എടുത്തണച്ചു. അവൻ അമ്മയുടെ കൈകളിൽ വീണ്ടും ചുറ്റിപ്പിടിച്ചു. താൻ വീഴുമോ എന്ന്‌ അവൻ ഭയപ്പെട്ടിരുന്നോ? പക്ഷേ വസന്തകാന്തിയാൽ ആകർഷിതയായിരുന്നതിനാൽ കുഞ്ഞിന്റെ ആസ്വാസ്ഥ്യം ആ അമ്മ അപ്പോഴും ശ്രദ്ധിച്ചതേയില്ല.

മദ്ധ്യാഹ്‌നമെത്തി, നീലനിറമാർന്ന, ഉയരങ്ങളിൽ സൂര്യൻ ചലനരഹിതനായി തൂങ്ങിക്കിടന്നു. ആഴമേറിയതും, വിശാലവുമായ നദി താഴെ നിറഞ്ഞുകിടന്നു. വസന്തമായതിനാലാവാം, അതിൽ വെളളമേറിയിരുന്നു. ഇനിയും ഉരുകിത്തീരാത്ത മഞ്ഞുമലകൾ നദിയിൽ അവിടവിടെയായി കാണാമായിരുന്നു. അവയിൽ സൂര്യപ്രകാശമടിച്ച്‌ വെണ്മ ചിതറി. വെളളപ്പൊക്കം കൊണ്ട്‌ കരയിലേക്കും ജലം കയറിക്കിടന്നു. അതിൽ ആകാശം പ്രതിഫലിച്ചിരുന്നു. കാറ്റടിക്കുമ്പോഴൊക്കെ നദിയിൽ അലകളിളകി. നദിക്കപ്പുറം പാടങ്ങളിൽ നനവു പടർന്നിരുന്നു. അവയിൽനിന്നും നീരാവി ഉയർന്നു കൊണ്ടുമിരുന്നു…

ഭൂമി ശ്വസിക്കുന്നതുപോലെ കാണപ്പെട്ടു. നീണ്ട ഇടവേളകൾ എടുത്ത്‌ ദീർഘശ്വാസം ചെയ്യുന്നതുപോലെ ആകാശത്തോടുളള ആരാധനയാൽ സുഗന്ധധൂപം പുകയ്‌ക്കുന്നതുപോലെയായിരുന്നു അത്‌.

പ്രപഞ്ചം ആകപ്പാടെ ഒരു പുണ്യദിനത്തിന്‌ സന്നദ്ധയായ മഹാക്ഷേത്രംപോലെ കാണായി. എന്നാൽ ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം സർവ്വം അന്ധകാരം മാത്രം. വിശാലമായ അന്ധകാരം. അതിരുകളിലും ആ അന്ധകാരം. അത്‌ മൂളി ശബ്‌ദമുണ്ടാക്കി അവന്റെ ചുറ്റും വലയം ചെയ്‌തു. അത്രയും വ്യാപ്തിയിൽ ആദ്യമായാണവൻ അന്ധകാരം അനുഭവിക്കുന്നത്‌. അവന്റെ കുഞ്ഞുഹൃദയം ദ്രുതഗതിയിൽ മിടിച്ചു, വേദനാകരമായി.

വീട്ടിൽനിന്നും പുറത്തു കടന്നയുടനെ അവന്റെ മുഖത്ത്‌ സൂര്യരശ്‌മികൾ പതിച്ചു. അവന്റെ ഇളംതൊലിക്കു ചൂടുതട്ടി. കാഴ്‌ചശക്തിയില്ലെന്നിരിക്കിലും ഏതോ അന്തർപ്രേരണയാൽ അവനുചുറ്റുമുളള ലോകത്തിന്റെ മുഴുവൻ ആകർഷണകേന്ദ്രം മുകളിലുണ്ടെന്ന അറിവോടെയെന്നവണ്ണം ആ കുഞ്ഞ്‌ മുകളിലേക്ക്‌ തന്റെ ദൃഷ്‌ടികൾ ഉറ്റുപതിപ്പിച്ചു. മുകളിലെ നീലമേലാപ്പ്‌, വശങ്ങളിൽ വ്യക്തങ്ങളായ ദിക്കുകൾ-വിദൂരചക്രവാളം-പക്ഷേ അവന്‌ ഒന്നും തന്നെ ദൃശ്യമാകുമായിരുന്നില്ല. എന്നാൽ ലളിതവും അനുഭവവേദ്യവുമായ ഏതോ ഒന്ന്‌ തന്റെ മുഖത്തു തട്ടുന്നുണ്ടെന്നും ചൂടുപിടിപ്പിക്കുന്നുണ്ടെന്നും അവനറിവായി. വീട്ടിലെ മുറികളിൽ ആണെങ്കിൽ അവന്‌ യഥേഷ്‌ടം സഞ്ചരിക്കാനറിയാമായിരുന്നു. അവിടെ മുറികളിലെ ഒഴിവ്‌ അവന്‌ ഹൃദിസ്ഥമായിരുന്നു. എന്നാൽ ഇവിടെ-തിരകളായി വരുന്ന എന്തോ ഒന്ന്‌ തന്നെ തഴുകിക്കടന്നുപോകുന്നതായി അവനനുഭവപ്പെട്ടു. അതവനെ ലഹരി പിടിപ്പിച്ചു. സൂര്യന്റെ സ്പർശം അവന്റെ കവിളുകളിൽ തഴുകുന്നതോടൊപ്പം തന്നെ കാറ്റ്‌ അതിനെ ലയിപ്പിച്ചില്ലാതെയാക്കി. കാറ്റിന്റെ മുഴക്കം അവന്‌ കേൾക്കാമായിരുന്നു. അവന്റെ ശരീരമാസകലം കോരിത്തരിച്ചു. കാറ്റ്‌ തന്നെ അന്തരീക്ഷത്തിലേക്കുയർത്തിക്കൊണ്ട്‌ തനിക്കു കാണാൻ കഴിയാത്ത ലോകത്തേക്കുയർത്തിക്കൊണ്ടു പോകാനാണോ ഭാവമെന്ന്‌ അവനമ്പരന്നു. അവന്റെ കൈകൾ അമ്മയെ ഒന്നുകൂടി സമർത്ഥമായി മുറുകെപ്പിടിച്ചു. അവന്റെ ഹൃദയം വിറച്ച്‌ ഏതാണ്ട്‌ നിശ്ചലമായി.

അമ്മ പുൽത്തകിടിയിൽ ഇരുന്നപ്പോൾ ആദ്യം അവന്‌ ഒരാശ്വാസമനുഭവപ്പെട്ടു. അപരിചിതത്വത്തിന്റെ അനുഭവം അപ്പോഴുമുണ്ടായിരുന്നു. അവന്റെ സത്തയിലാകെ ആ അപരിചിതത്വം നിറഞ്ഞു. പോകെപ്പോകെ തനിക്കുചുറ്റുമുളള ഓരോരോ സ്വരങ്ങൾ അവൻ തിരിച്ചറിഞ്ഞു തുടങ്ങി. മുൻപത്തെപ്പോലെ തന്നെ കാറ്റലകൾ അവനെത്തഴുകി കടന്നുപോയി. അത്‌ ശരീരത്തിൽ തുളച്ചു കയറുന്നതായിപ്പോലുമനുഭവപ്പെട്ടു. കാറ്റലകൾക്കനുസൃതമായ അവന്റെ ഞരമ്പുകളിലെ രക്തതാളം മാറിമാറിവന്നു. ഇപ്പോൾ കാറ്റിനൊപ്പം ശബ്‌ദങ്ങളും വന്നു. ഒരു വാനമ്പാടി കുരുവിയുടെ ശബ്‌ദം വ്യക്തമായി കേട്ടു. പുതിയ ഇലകൾ മുളച്ച ബർച്ച്‌ മരത്തിന്റെ മർമ്മരം മൃദുവായി കേൾക്കായി. പുഴയിലെ ദുർബ്ബലമായൊരു ക്രീഡാശബ്‌ദം. അടുത്തെവിടെയോ ഒരു കിളി ചുറ്റിപ്പറക്കുന്നുണ്ടായിരുന്നു. അതിന്റെ കനം കുറഞ്ഞ ചിറകടി ശബ്‌ദം കേൾക്കാമായിരുന്നു. വനമക്ഷികകളുടെ മുരൾച്ചയും കേൾക്കാം. ഇടവേളകളിൽ ഇതിനൊക്കെപ്പുറമെ തന്റെ കാളകളെ തുരത്തിക്കൊണ്ട്‌ ഏതോ കർഷകൻ ആക്രന്ദനമുതിർക്കുന്ന ശബ്‌ദവും കേൾക്കാമായിരുന്നു.

ആ തുറന്ന അന്തരീക്ഷത്തിലെ ശബ്‌ദങ്ങൾ തിരിച്ചറിയുവാൻ ആ കുഞ്ഞിന്‌ കഴിഞ്ഞില്ല. എല്ലാം കൂടി ഒന്നായി വരികയായിരുന്നുവല്ലോ. അവന്‌ അവയെ വിവേചിക്കാനായില്ല. അവ ഓരോന്നോരോന്നായി ആ അന്ധശിശുവിന്റെ തലച്ചോറിലേക്കൊഴുകിയെത്തുകയായിരുന്നു. ചിലത്‌ മൃദുലവും അവ്യക്തവുമെങ്കിൽ ചിലത്‌ ഉച്ചസ്ഥായിയിൽ സുവ്യക്തവും ചെകിടടപ്പിക്കുന്നതുമായിരുന്നു. ചിലപ്പോൾ പൊടുന്നനെ എല്ലാ ശബ്‌ദങ്ങളും ഒരുമിച്ചുണ്ടായിക്കൊണ്ടുമിരുന്നു. ഒന്ന്‌ ഒന്നിനുമേലെയായി അസന്തുഷ്‌ടികരങ്ങളായ ശബ്‌ദങ്ങൾ. വിവരണാതീതമാംവിധം സ്വരൈക്യമില്ലാതെയായിരുന്നു ആ ശബ്‌ദങ്ങളുടെ പിറവി. പാടശേഖരങ്ങളിൽ നിന്നലച്ചെത്തിയ കാറ്റ്‌ അവന്റെ ശ്രവണേന്ദ്രിയങ്ങൾക്കരികിലപ്പോഴും മുരണ്ടുക്കൊണ്ടിരുന്നു. അതിന്റെ ഇരമ്പം ഏറിയേറി വന്ന്‌ ശേഷിച്ച എല്ലാ സ്വരങ്ങളേയും മൂടുമെന്നും വന്നു. ഈ ലോകത്തുനിന്നല്ല ആ ശബ്‌ദങ്ങൾ ഉറവെടുക്കുന്നതെന്ന ഒരു തോന്നലുളവാക്കത്തക്കവണ്ണം കാറ്റിന്റെ ശബ്‌ദം അവയെ പൊതിഞ്ഞു. പൊയ്‌പ്പോയ ഓർമ്മകളെപ്പോലെ ആ ശബ്‌ദങ്ങൾ നേർത്തു മങ്ങി. ആ ശബ്‌ദങ്ങളെല്ലാം ഇല്ലാതായിക്കഴിഞ്ഞപ്പോൾ, അവന്റെ നെഞ്ചിലേക്ക്‌ ംലാനത ഇഴഞ്ഞിറങ്ങി ആ ക്ഷീണത്തിന്റെ തിരകൾക്കനുസൃതമായി അവന്റെ മുഖം ഓരോ ഭാവഭേദങ്ങൾ പ്രകടിപ്പിച്ചു. അവന്റെ കണ്ണുകളടയുകയും തുറക്കുകയും ചെയ്‌തു. അവ വീണ്ടും അടഞ്ഞു. അവന്റെ പുരികങ്ങൾ അസ്വസ്ഥമായി ഇളകി, അവന്റെ ഓരോ മുഖചലനവും തലച്ചോറിന്റെ ഉത്തരം തേടലിനെയും ഭാവനയെയും വ്യഞ്ജിപ്പിച്ചു. പുതുതായനുഭവപ്പെട്ട പ്രതീതികളുടെ ഭാരത്താൽ അവന്റെ ബോധം ക്ഷീണിതമായിക്കഴിഞ്ഞിരുന്നു. നാനാവശങ്ങളിൽനിന്നും അപ്പോഴും അനുഭവപ്പെട്ടു കൊണ്ടിരുന്ന സംവേദനങ്ങളുമായി സഹകരിക്കുവാൻ അവൻ അപ്പോഴും സംഘർഷമനുഭവിച്ചുകൊണ്ടുമിരുന്നു. അവയ്‌ക്കിടയിൽ ഒരു സമനില കൊളളുവാനും, ഒരുതരം ഏകരസത്തോടെ അവയിൽ മുഴുകുവാനും അവയെ കീഴ്‌പ്പെടുത്തുവാനും അവൻ മോഹിച്ചു. എന്നാൽ അവന്റെ കുരുന്നു പ്രജ്ഞയെ സംബന്ധിച്ചിടത്തോളം ആ ഭാരം ദുർവ്വഹമായിരുന്നു. ദൃശ്യശക്തിയുടെ അഭാവമായിരുന്നു അതിനു പ്രധാന കാരണമെന്നു പറയാം.

ശബ്‌ദങ്ങൾ- അവ ഓരോന്നോരോന്നായി അപ്പോഴും പറന്നുവന്നു പതിച്ചുകൊണ്ടേയിരുന്നു. ഓരോന്നും വിവിധങ്ങളായിരുന്നു താനും. വളരെയേറെ സംഘർഷം പകർന്നുകൊണ്ടായിരുന്നു കാറ്റിന്റെ തിരകളുടെ വരവ്‌. ശബ്‌ദമുഖരിതമായ ഏതോ അന്ധകാരത്തിൽ നിന്നാണവ ആവിർഭവിക്കുന്നതെന്നു തോന്നിച്ചു. ആ കുഞ്ഞിനെ ചുറ്റിത്തഴുകിയശേഷം അതേ അന്ധകാരത്തിലേക്ക്‌ തിരിച്ചുപോയി. അവയെ പിൻതുടർന്ന്‌ പുതിയ ശബ്‌ദങ്ങൾ, പുതിയ തിരകൾ വന്നെത്തിക്കൊണ്ടിരുന്നു. കൂടുതൽ ഗതിവേഗവും പീഡാജനകവുമായവ. കാറ്റിന്റെ തൊട്ടിലിൽ അവൻ ആടി. ഇങ്ങനെ തളർച്ചയേകി കൊണ്ടിരുന്ന കുഴക്കത്തിനിടവിൽ തന്നെയായിരുന്നു ഏതോ കർഷകന്റെ ഉച്ചസ്ഥായിയിലുളള ആക്രന്ദനം. പിന്നീട്‌ എല്ലാം നിശ്ചലമായി.

മൃദുവായി മുരണ്ടിക്കൊണ്ട്‌ അമ്മയുടെ കൈകളിൽ നിന്നും ശിശു പുല്ലിലേക്ക്‌ വീണു. അമ്മ തിരിഞ്ഞു നോക്കി അലറിക്കരഞ്ഞു. വിളറിയ മുഖവുമായി അവൻ പുല്ലിൽ കിടന്നു. കുഞ്ഞിന്‌ മോഹാലസ്യമുണ്ടായി കഴിഞ്ഞിരുന്നു.

Generated from archived content: anthagayakan7.html Author: korolenkov

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English